Saturday, July 20, 2019 Last Updated 3 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Feb 2018 10.48 AM

അന്നും ഇന്നും പ്രണയകാലം

'' ടെലിവിഷന്‍ ഷോ അവതാരകനായ മിഥുന്‍ രമേശിന്റെയും ഭാര്യ ലക്ഷ്മിയുടെയും പ്രണയാനുഭവങ്ങള്‍...''
uploads/news/2018/02/192184/Weeklymidhunramesh140218.jpg

ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ നന്നേ കുറവാണ്. ലോകത്തെത്തന്നെ മറന്ന് പ്രണയം പങ്കിട്ടവര്‍, തുറന്നുപറയാന്‍ കഴിയാതെ പ്രണയം മനസിന്റെ വിങ്ങലായി സൂക്ഷിച്ചവര്‍, നഷ്ടപ്രണയത്തിന്റെ ഓര്‍മ്മകള്‍ ജന്മാന്തരങ്ങളോളം മനസില്‍ കൊണ്ടുനടക്കുന്നവര്‍...അങ്ങനെ പ്രണയത്തിന് എത്രയെത്ര മുഖങ്ങള്‍! എന്നാല്‍ പറയാന്‍ കഴിയാതെപോയ ഒരിറ്റു കണ്ണുനീര്‍ ആകരുത് പ്രണയം. അത് ഒരുമിച്ചുള്ള ജീവിതയാത്ര തന്നെ ആയിത്തീരണം.

'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തി, പിന്നീട് അഭിനയരംഗത്തുനിന്ന് അവതാരകനിലേക്കു ചുവടുമാറ്റിയ മലയാളത്തിന്റെ പ്രിയതാരം മിഥുന്‍ രമേശിന്റെ പ്രണയാനുഭവങ്ങള്‍...

പരിചയപ്പെട്ടതും പ്രണയിച്ചതും?


മിഥുന്‍: തൃശൂര്‍ സബ്ജില്ലയില്‍ കലാതിലകമായിരുന്നു ലക്ഷ്മി. ദുബായില്‍ ഒരു പ്രോഗ്രാം അവതരിപ്പിക്കാന്‍ വന്നപ്പോഴാണ് ഞാനാദ്യമായി അവളെ കാണുന്നത്. എന്നാല്‍ കണ്ടമാത്രയിലേ ഉടലെടുത്ത പ്രണയമല്ല ഞങ്ങളുടേത്. പിന്നീടൊരു ഫങ്ഷനില്‍ വച്ച് സിത്താര്‍ എന്ന കോമണ്‍ ഫ്രണ്ട് വഴിയാണ് ഞങ്ങള്‍ പരിചയപ്പെട്ടതും സുഹൃത്തുക്കളായതും.

ലക്ഷ്മി: പരിചയപ്പെടുന്നതിനു മുമ്പും മിഥുനേട്ടന്റെ പല പ്രോഗ്രാമുകളും ഞാന്‍ കണ്ടിട്ടുണ്ട്.

സൗഹൃദം പ്രണയമാണെന്ന തിരിച്ചറിവ് എപ്പോഴാണുണ്ടായത്?


മിഥുന്‍: ആദ്യകാഴ്ചയില്‍ നമുക്കൊരാളോട് ഇഷ്ടം തോന്നുന്നത് ആത്മാര്‍ത്ഥ പ്രണയമായിരിക്കില്ല. ശാശ്വതമാകാതെ പോകുന്ന മിക്ക പ്രണയങ്ങളും ആദ്യകാഴ്ചയില്‍ അവളുടെ അല്ലെങ്കില്‍ അവന്റെ ബാഹ്യസൗന്ദര്യം കണ്ട് ആകൃഷ്ടരായവരുടേതാണ്. ലക്ഷ്മിയെ അടുത്തറിഞ്ഞതിനു ശേഷമാണ് ഞാനവളെ കൂടുതല്‍ ഇഷ്ടപ്പെട്ടത്. അവളുടെ സംസാരവും പെരുമാറ്റവും അവളിലേക്ക് എന്നെ അടുപ്പിച്ചു കൊണ്ടിരുന്നു. ആ സൗഹൃദം എന്നും കൂടെയുണ്ടാവണമെന്ന ആഗ്രഹത്തിലേക്ക് അതെത്തി. അങ്ങനെയാണ് സൗഹൃദത്തിനപ്പുറം ഞാനവളെ സ്‌നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവ് എനിക്കുണ്ടായത്. കാലത്തിന്റെ പ്രത്യേകതകൊണ്ട് പ്രണയം നേരില്‍ പറഞ്ഞ് ചമ്മേണ്ടി വന്നില്ല. ഒരു മെസേജ് മതിയായിരുന്നു എന്റെ പ്രണയം ലക്ഷ്മിയെ അറിയിക്കാന്‍. മറുപടിക്കായി കാത്തിരുന്ന ഏതാനും നിമിഷങ്ങള്‍ ആധിയുടേതായിരുന്നു. ദൈവമേ, പറയേണ്ടായിരുന്നു, ലക്ഷ്മി എന്തു വിചാരിച്ചു കാണും, നോ ആണെങ്കില്‍ പഴയതുപോലെ എനിക്കവളെ ഫെയിസ് ചെയ്യാന്‍ പറ്റില്ലല്ലോ... അത്തരം ചിന്തകള്‍ എന്നെ വല്ലാതെ അലട്ടി.

ലക്ഷ്മി: സുഹൃത്തുക്കളായി കുറച്ചുനാള്‍ കഴിഞ്ഞപ്പോഴേ രണ്ടുപേര്‍ക്കും പരസ്പരം ഇഷ്ടമായിത്തുടങ്ങി. പക്ഷേ ആരാദ്യം പറയും എന്ന കാത്തിരിപ്പായിരുന്നു. മിഥുനേട്ടനെ ടെന്‍ഷനാക്കാന്‍ വേണ്ടി ഞാന്‍ മറുപടി അല്‍പ്പം ലേറ്റാക്കി. അല്‍പ്പമെന്നു പറഞ്ഞാല്‍ ഒരഞ്ചു മിനിറ്റ് മാത്രമാണു കേട്ടോ... അതിനുളളില്‍ ഞാന്‍ യെസ് പറഞ്ഞു. അതില്‍ കൂടുതല്‍ അദ്ദേഹത്തെ വിഷമിപ്പിക്കാന്‍ എനിക്കായില്ല. പിന്നീടുളള ഓരോ നിമിഷവും ഭാവിയെപ്പറ്റിയുളള ചിന്തയായിരുന്നു.

വീട്ടുകാരുടെ പിന്തുണ കിട്ടിയോ രണ്ടുപേര്‍ക്കും?


ലക്ഷ്മി: എനിക്ക് മിഥുനേട്ടനയച്ച ഒരു മെസേജ് അമ്മ കാണാനിടയായി. അതോടെ അമ്മയോട് എല്ലാകാര്യവും തുറന്നുപറഞ്ഞു. കാര്യമായ എതിര്‍പ്പൊന്നും അമ്മ പ്രകടിപ്പിച്ചില്ല. ഉടന്‍തന്നെ ഞാന്‍ മിഥുനേട്ടനെ വിളിച്ച് ഈ വിവരമറിയിച്ചു. അമ്മയെ വിളിച്ചു സംസാരിക്കണമെന്നും പറഞ്ഞു.

മിഥുന്‍: അപ്പോള്‍ത്തന്നെ ഞാന്‍ അമ്മയെ വിളിച്ച് സംസാരിച്ചു. അമ്മയ്ക്ക് എന്നെ അറിയാമായിരുന്നു. പല പ്രോഗ്രാമുകളിലും കണ്ടിട്ടുണ്ട്. അതുകൊണ്ട് പ്രണയം പിടിക്കപ്പെടുമ്പോള്‍ സാധാരണ ഉണ്ടാകാറുള്ള പ്രശ്‌നങ്ങളൊന്നും ഞങ്ങളുടെ കാര്യത്തില്‍ സംഭവിച്ചില്ല. എന്റെ വീട്ടിലും കാര്യങ്ങള്‍ തുറന്നു സംസാരിച്ചു. പിന്നീട് ഞങ്ങള്‍ക്ക് ഒരു റോളുമില്ലായിരുന്നു. അമ്മമാരാണു കാര്യങ്ങള്‍ തീരുമാനിച്ചത്.

uploads/news/2018/02/192184/Weeklymidhunramesh140218a.jpg

ലക്ഷ്മി: വിവാഹത്തിനു മുമ്പ് ശരിക്കു പ്രണയിക്കാന്‍ സാധിച്ചില്ല. അതിനുമുമ്പേ വീട്ടുകാര്‍ എന്‍ഗേജ്‌മെന്റും വിവാഹവും നടത്തി. എല്ലാം വളരെ പെട്ടെന്നായിരുന്നു. വാലന്റൈന്‍സ് ഡേ ആഘോഷിക്കാ** റുണ്ടോ?

മിഥുന്‍: ദുബായില്‍ ഞാന്‍ റേഡിയോ ജോക്കിയാണല്ലോ. അവിടെ റെഡ് ആന്‍ഡ് വൈറ്റ് വേഷം ധരിച്ച് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ആഘോഷം. ഫ്രെബുവരി 10 നാണ് ലക്ഷ്മിയുടെ ബര്‍ത്ത്‌ഡേ. അതുകൊണ്ട് വാലന്റൈന്‍സ് ഡേയും ബര്‍ത്ത്‌ഡേയും ഒന്നിച്ചാഘോഷിക്കും. എല്ലാവര്‍ഷവും ഒരു സര്‍പ്രൈസ് ഗിഫ്റ്റ് ഞാന്‍ കൊടുക്കാറുണ്ട്. ഇതുവരെ അതിനൊരു മുടക്കവും സംഭവിച്ചിട്ടില്ല. ഒരുദിവസം അവള്‍ എന്നോടു പറഞ്ഞു: 'എനിക്ക് സര്‍പ്രൈസ് ഇഷ്ടമല്ല. അതുകൊണ്ട് ഇത്തവണ ഗിഫ്‌റ്റൊന്നും വേണ്ട.' എന്നിട്ടും ഞാന്‍ എല്ലാപ്രാവശ്യത്തെയും പോലെ ഗിഫ്റ്റ് വാങ്ങി കാറില്‍ സൂക്ഷിച്ചു. സാധാരണ കൊടുക്കാറുള്ള സമയം കഴിഞ്ഞിട്ടും ഗിഫ്റ്റ് കൊടുക്കാതെ വന്നപ്പോള്‍ ലക്ഷ്മി തന്നെ എന്നോടത് ചോദിച്ചു. നീ തന്നെയല്ലേ വേണ്ടെന്നു പറഞ്ഞതെന്നു ചോദിച്ച് ഞാന്‍ ചിരിച്ചു. അപ്പോള്‍ എന്നോടു സ്‌നേഹമില്ലെന്നു പറഞ്ഞ് ലക്ഷ്മി കരച്ചിലോടു കരച്ചില്‍. പിന്നെ കാറില്‍നിന്ന് ഗിഫ്റ്റ് എടുത്തു കൊടുത്തപ്പോഴാണ് പിണക്കം മാറിയത്. സര്‍പ്രൈസ് വേണ്ടെന്നു പറഞ്ഞാലും എല്ലാ പ്രാവശ്യവും അവളത് പ്രതീക്ഷിക്കും. ഞാനാദ്യം കൊടുത്ത പൂവ് മുതല്‍ വാലന്റൈന്‍സ് ഡേ കാര്‍ഡ് വരെയുള്ള എല്ലാ ഗിഫ്റ്റുകളും മിഥുനത്തിലെ ഉര്‍വ്വശിച്ചേച്ചിയെപ്പോലെ അവള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്.

ലക്ഷ്മി: (ചെറിയൊരു പരിഭവത്തോടെ) ഞാനെല്ലാം സൂക്ഷിച്ചുവച്ചിട്ടുണ്ട്. പക്ഷേ ചേട്ടനൊന്നും സുക്ഷിച്ചിട്ടില്ല. വിവാഹശേഷം റൂം വൃത്തിയാക്കിയപ്പോള്‍ ഞാന്‍ കൊടുത്ത കാര്‍ഡ് എനിക്കു കിട്ടി. എനിക്കപ്പോള്‍ വല്ലാത്ത വിഷമം തോന്നി. പിന്നെ എന്റെ ഗിഫ്റ്റുകളോടൊപ്പം ഞാന്‍തന്നെ അത് സൂക്ഷിച്ചുവച്ചു.

മിഥുന്‍: (കളളച്ചിരിയോടെ) ചിഞ്ചൂ... നീ തന്ന കാര്‍ഡ് ഞാന്‍ കളയാതിരുന്നതു കൊണ്ടല്ലേ നിനക്കത് മുറിയില്‍ നിന്നു കിട്ടിയത്? (ലക്ഷ്മിയെ ചിഞ്ചുവെന്നാണ് മിഥുന്‍ വിളിക്കുന്നത്)

വിവാഹശേഷമുളള പ്രണയവും കുറുമ്പുകളും?


മിഥുന്‍: വിവാഹശേഷമാണ് ഞങ്ങള്‍ ശരിക്കും പ്രണയിച്ചു തുടങ്ങിയത്. ഹണിമൂണ്‍ പാരീസിലായിരുന്നു. അത് ഞങ്ങള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. അത്രയ്ക്കു രസകരമായിരുന്നു. അവിടെയെത്തിയതിന്റെ പിറ്റേദിവസമാണ് പുറത്തുപോയത്. ആദ്യത്തെ യാത്ര മെട്രോയിലാകട്ടെ എന്നു ഞങ്ങള്‍ തീരുമാനിച്ചു. സ്‌റ്റേഷനിലെത്തി ടിക്കറ്റെടുത്തിട്ട് ഞങ്ങള്‍ക്കു പോകേണ്ട ട്രെയിന്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടി. പ്ലാറ്റ്‌ഫോമിലുള്ള വണ്ടി എങ്ങോട്ടുള്ളതാണെന്നു ചോദിക്കാന്‍ ഞാന്‍ അതിനുള്ളിലേക്കു കയറി. എന്നാല്‍ ചിഞ്ചുവിനെ വിളിക്കും മുമ്പ് വണ്ടിവിട്ടു.
എന്തു ചെയ്യണമെന്നറിയില്ല. ചിഞ്ചുവിന്റെ ഫോണും എന്റെ കൈയിലായിരുന്നു. പിന്നെ അടുത്ത സ്‌റ്റേഷനിലിറങ്ങി പെട്ടെന്ന് തിരിച്ചുവന്നു. അവിടെയെങ്ങും ലക്ഷ്മിയെ കാണാനില്ല. എനിക്കാകെ ടെന്‍ഷനായി. അപ്പോഴാണ് കുറച്ചുമാറി ഒരാള്‍ക്കൂട്ടം ശ്രദ്ധയില്‍പ്പെട്ടത്. ഞാന്‍ ഓടിച്ചെല്ലുമ്പോള്‍ ആള്‍ക്കൂട്ടത്തിനു നടുവിലിരുന്ന് ചിഞ്ചു കരയുന്നു! ചുറ്റും കൂടിനിന്നവര്‍ അവളെ സമാധാനിപ്പിക്കുകയായിരുന്നു.

ലക്ഷ്മി: അന്യനാട്ടില്‍ ഒറ്റയ്ക്കായിപ്പോയാല്‍ ആരാണെങ്കിലും കരഞ്ഞുപോകും. അങ്ങനെ അന്നത്തെ ദിവസം പോയിക്കിട്ടി. പിറ്റേദിവസം സൈക്കളില്‍ പാരീസ് കാണാമെന്ന് പ്ലാന്‍ ചെയ്തു. അതനുസരിച്ച് സൈക്കിളെടുത്തു യാത്ര ആരംഭിച്ചത് വളരെ സന്തോഷത്തോടെയാണ്. എന്നാല്‍ മ്യൂസിയം കണ്ട് തിരിച്ചിറങ്ങിയപ്പോള്‍ സൈക്കിള്‍ കാണാനില്ല. മോഷണ വിവരമറിയിക്കാനായി ആ ദിവസംമുഴുവന്‍ പോലീസ്‌സ്‌റ്റേഷനില്‍ കയറിയിറങ്ങി.

മിഥുന്‍: രണ്ടുദിവസവും അബദ്ധം പറ്റിയതുകൊണ്ട് പിറ്റേന്ന് ഭക്ഷണമൊക്കെ ഉണ്ടാക്കി റൂമില്‍ത്തന്നെ കൂടാന്‍ തീരുമാനിച്ചു. രാവിലെ റെഡിയായി സൂപ്പര്‍മാര്‍ക്കറ്റില്‍ ചെന്ന് വീട്ടുസാധനങ്ങളെല്ലാം വാങ്ങി. റൂമിലേക്കു തിരിച്ചുവരുമ്പോള്‍ എന്റെ കൈയില്‍നിന്ന് എന്തോ താഴെവീണു പൊട്ടിപ്പോയി. അതുകണ്ട് ചിഞ്ചു പൊട്ടിച്ചിരിച്ചു. ഞാന്‍ പെട്ടെന്നു ദേഷ്യപ്പെട്ടു. അതവള്‍ക്കു വിഷമമായി. അന്നുമുഴുവന്‍ അതിന്റെ പേരില്‍ പിണങ്ങിയിരുന്നു. (പറയാനാണെങ്കില്‍ ഇനിയും ഒരുപാടുണ്ടെന്നു പറഞ്ഞ് രണ്ടുപേരും ചിരിക്കുന്നു)

ലക്ഷ്മി: മോള്‍ ജനിച്ചതിനുശേഷവും ഞങ്ങളുടെ യാത്രകള്‍ക്ക് ഒരു കുറവുമുണ്ടായിട്ടില്ല. തന്‍വി രണ്ടാം ക്ലാസിലാണിപ്പോള്‍. മോളെ കൊണ്ടുപോകാന്‍ സാധിക്കുന്ന സ്ഥലമാണെങ്കില്‍ അവളെയും കൂടെക്കൂട്ടും.

uploads/news/2018/02/192184/Weeklymidhunramesh140218c.jpg

വല്യ ദേഷ്യക്കാരനാണോ മിഥുന്‍?


മിഥുന്‍: നിസാരകാര്യങ്ങള്‍ക്കാണ് പലപ്പോഴും ഞങ്ങള്‍ വഴക്കുണ്ടാക്കുക. എനിക്കിഷ്ടമില്ലാത്ത എന്തെങ്കിലും ലക്ഷ്മി ചെയ്താല്‍ ഞാന്‍ പെട്ടെന്നു ദേഷ്യപ്പെടും. അതിന്റെ പേരില്‍ അവള്‍ പിണങ്ങിയിരിക്കും. പിന്നെ ആദ്യം കോംപ്രമൈസ് ചെയ്യുന്നതും ഞാനായിരിക്കും. ഏതെങ്കിലും കാരണത്താല്‍ ഞാന്‍ പിണങ്ങിയാല്‍ ലക്ഷ്മി എനിക്ക് ഇഷ്ടമുളള ഫുഡ് ഉണ്ടാക്കിത്തരും.

ഫുഡ് നമ്മുടെ വീക്ക്‌നെസ് ആയതുകൊണ്ട് എന്റെ പിണക്കമൊക്കെ അതോടെ കഴിയും. അങ്ങനെയാണു ഞാന്‍ തടിവയ്ക്കുന്നതും.
ഹണിമൂണ്‍ കാലത്ത് അഡ്വഞ്ചര്‍ പാര്‍ക്കില്‍ പോയി. അപ്പോള്‍ എനിക്ക് ഷോള്‍ഡറിനു ചെറിയ പ്രശ്‌നമുണ്ടായിരുന്നു. വെളളത്തിലേക്കു തെന്നുന്ന സ്ലൈഡില്‍ കയറി താഴെയെത്തിയപ്പോള്‍ ഷോള്‍ഡര്‍ താഴോട്ടിറങ്ങിപ്പോയതുപോലെ. സഹിയ്ക്കാനാവാത്ത വേദനയും.

എഴുന്നേല്‍ക്കാന്‍പോലും പറ്റാതെ ഞാന്‍ വെളളത്തില്‍ മുങ്ങിക്കൊണ്ടിരുന്നു. അപ്പോള്‍ ലക്ഷ്മി മുകളില്‍ നിന്ന് ചിരിയോ ചിരി! ഞാനെന്തോ തമാശ കാണിക്കുകയാണെന്നാണ് അവള്‍ കരുതിയത്. അവളുടെ കൈകൊട്ടിയുള്ള ചിരികണ്ട് ഞാന്‍ പൊട്ടിത്തെറിച്ചു. എല്ലാവരുടെയും മുന്നില്‍വച്ച് വഴക്കുപറഞ്ഞത് അവള്‍ക്കു വിഷമമായി. ആ പിണക്കം മാറ്റാന്‍ ഞാന്‍ ഒരുപാട് പണിപ്പെട്ടു.

സ്‌നേഹവും കൊച്ചുകൊച്ചു പരിഭവങ്ങളുംകൊണ്ട് ജീവിതത്തെ ഭാവദീപ്തമാക്കാന്‍ ശ്രമിക്കുകയാണ് മിഥുനും ലക്ഷ്മിയും. ഇവരുടെ പ്രണയസ്മൃതികള്‍ക്കിടയില്‍ തന്‍വിയുടെ കുട്ടിക്കുറുമ്പുകള്‍ കൂടി ചേരുന്നതോടെ ഈ വീട്ടില്‍ എപ്പോഴും വസന്തം.

അഞ്ജു രവി

Ads by Google
Ads by Google
Loading...
TRENDING NOW