Thursday, March 07, 2019 Last Updated 1 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 04.20 PM

ശ്രുതിയിലലിഞ്ഞൊരു പ്രണയഗാഥ

'' പ്രേതം, സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങളിലൂടെ മലയാളസിനിമയില്‍ നിറസാന്നിദ്ധ്യമായി മാറിയ ശ്രുതി രാമചന്ദ്രനും ഭര്‍ത്താവ് ഫ്രാന്‍സിസും ഈ വാലന്റൈന്‍സ് ഡേയില്‍ തങ്ങളുടെ പ്രണയനിമിഷങ്ങളും വിവാഹവിശേഷങ്ങളും പങ്കുവയ്ക്കുന്നു.''
uploads/news/2018/02/191976/ShruthifrncesINW130218.jpg

മുന്‍പേ വാ..എന്‍ അന്‍പേ വാ...
ഊനേ വാ...ഉയിരേ വാ...
നാന്‍...നാനാ..കേട്ടേന്‍ എന്നൈ നാനേ...

പ്രണയാതുരമായൊരു ഗാനം
മൂളിയാണ് ശ്രുതി ഫോട്ടോഷൂട്ടിന് തയ്യാറായത്. കരിമഷിയെഴുതിയ ശ്രുതിയുടെ കണ്ണുകളില്‍ അപ്പോള്‍ ഫ്രാന്‍സിസിനോടുള്ള പ്രണയമായിരുന്നു.
പഠനവും മനസ്സുനിറയെ സ്വപ്‌നങ്ങളുമായി ചെന്നൈയിലേക്ക് ചേക്കേറിയ ശ്രുതിയുടെ ഹൃദയത്തിലേക്ക് പ്രണയത്തിന്റെ പനിനീര്‍പ്പൂക്കളുമായെത്തിയത് ഫ്രാന്‍സിസ് എന്ന തമിഴ് പയ്യനാണ്. 10 വര്‍ഷത്തെ പ്രണയസാഫല്യത്തിനൊടുവില്‍ രണ്ടുകുടുംബങ്ങളുടേയും സമ്മതത്തോടെ ഫ്രാന്‍സിസും ശ്രുതിയും വിവാഹിതരായി. പ്രണയനിമിഷങ്ങളും ഓര്‍മ്മകളും പങ്കുവച്ച് ശ്രുതി രാമചന്ദ്രനും ഫ്രാന്‍സിസും...

പ്രണയകാലത്തെക്കുറിച്ച് ?


ഫ്രാന്‍സിസ്: സൗഹൃദത്തില്‍ നിന്നാണ് തുടക്കം. പിന്നീട് അവിചാരിതമായി ശ്രുതിയോട് ഒരിഷ്ടം തോന്നി. ആ ഇഷ്ടം വളര്‍ന്ന് പ്രണയമായി മാറുകയായിരുന്നു.

ശ്രുതി : സ്‌കൂള്‍ പഠന ശേഷം ചെന്നൈയിലെ സോളമന്‍ വേദമുത്തു കോച്ചിങ് സെന്ററിലെത്തിയത് സെന്ററിലേക്ക് ഞാനെത്തിയത് ആര്‍ക്കിട്ടെക്ച്ചര്‍ പഠിക്കാനാണ്. അന്ന് ഫ്രാന്‍സിസ് വിഷ്വല്‍ കമ്മ്യൂണിക്കേഷന് പഠിക്കുകയാണ്. ആര്‍ക്കിട്ടെക്ച്ചറിനും വിഷ്വല്‍ കമ്മ്യൂണിക്കേഷനുമുള്ള കോച്ചിംഗ് ക്ലാസായിരുന്നു അവിടെയുണ്ടായിരുന്നത്. ഞങ്ങള്‍ രണ്ട് ക്ലാസുകളിലായിരുന്നെങ്കിലും മിക്കവാറും കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അങ്ങയൊരിക്കലാണ് ഫ്രാന്‍സിസ് എന്നോടുള്ള പ്രണയം തുറന്നു പറഞ്ഞത്.

രണ്ടുപേരിലുമുള്ള പോസിറ്റീവ്‌സ് ?


ഫ്രാന്‍സിസ്: ശ്രുതി നല്ല തമാശക്കാരിയാണ്. ശ്രുതി ഒപ്പമുണ്ടെങ്കില്‍ പിന്നൊന്നും നോക്കണ്ട. വളരെ പോസിറ്റീവാണ് ശ്രുതി. അതാണ് എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചതും.

ശ്രുതി : എന്നെ ഇങ്ങനെ പൊക്കല്ലേ... ( ചിരിക്കുന്നു). ഫ്രാന്‍സിസിന് നല്ല ഹ്യൂമര്‍സെന്‍സാണ്. ഞാന്‍ ഒരുപാട് വിഷമിച്ചിരിക്കുമ്പോഴെല്ലാം അത് മാറ്റിയെടുക്കാന്‍ ഫ്രാന്‍സിസിന് സാധിക്കാറുണ്ട്. അതുമാത്രമല്ല, ഫ്രാന്‍സിസ് ഭക്ഷണപ്രിയനാണ്. ഞാനാണെങ്കില്‍ പാചകം ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്നയാളും. ഒരുപക്ഷേ ഫ്രാന്‍സിസിന് ഭക്ഷണത്തോട് പ്രിയമില്ലായിരുന്നെങ്കില്‍ ഞാന്‍ പെട്ടുപോയേനെ.

ഫ്രാന്‍സിസ്: അത് ഞാന്‍ പറയാന്‍ വിട്ടുപോയി. ശ്രുതി നന്നായി പാചകം ചെയ്യും. ഇവളുണ്ടാക്കുന്ന ബിരിയാണിയാണ് എന്റെ ഇഷ്ടഭക്ഷണം. കൂടാതെ ദോശ, ചട്ണി, കേരളത്തിലെ നാടന്‍ വിഭവങ്ങള്‍ എല്ലാം നന്നായി തയ്യാറാക്കും. ഞാനത് ആസ്വദിച്ച് കഴിക്കുകയും ചെയ്യും.
ഞാന്‍ ചെന്നൈയില്‍ ജനിച്ചുവളര്‍ന്നതുകൊണ്ട് കേരളത്തിലെ ഭക്ഷണത്തെക്കുറിച്ച് വലിയ ഐഡിയയൊന്നും ഉണ്ടായിരുന്നില്ല. ഇവള്‍ക്കൊപ്പം കൂടിയപ്പോഴാണ് അതിന്റെയെല്ലാം രുചി അറിഞ്ഞുതുടങ്ങിയത്.

uploads/news/2018/02/191976/ShruthifrncesINW130218b.jpg

വാലന്റൈന്‍സ് ഡേ ആഘോഷിക്കാറുണ്ടോ?


ശ്രുതി : പൊതുവേ ഞങ്ങളങ്ങനെ ആഘോഷിക്കാറില്ല.

ഫ്രാന്‍സിസ്: ഞങ്ങള്‍ക്കെല്ലാ ദിവസവും വാലന്റൈന്‍സ് ഡേയാണ്. ( ചിരിക്കുന്നു )

ശ്രുതി : ദാ, ഫ്രാന്‍സിസിന്റെ തമാശ തുടങ്ങി. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ ഒരു വര്‍ഷവും മൂന്നു മാസവുമായി. പക്ഷേ പ്രണയദിനമൊന്നും ആഘോഷിച്ചിട്ടില്ല. പരസ്പരമുള്ള സ്‌നേഹവും വിശ്വാസവുമല്ലേ ഏറ്റവും വലുത്.

പ്രണയം തുറന്നു പറഞ്ഞതിന് ശേഷം ആദ്യം ആരാണ് ഗിഫ്റ്റ് നല്‍കിയത് ?


ശ്രുതി : അതൊരു രസമാണ്. പ്രണയം തുറന്നു പറഞ്ഞതിന് ശേഷം ഫ്രാന്‍സിസാണെനിക്ക് ഗിഫ്റ്റ് തന്നത്. എന്താണെന്നറിയാമോ? ഒരു പേനാ കത്തി. അക്കാലത്ത് ഞാന്‍ മൈസൂരില്‍ പഠിക്കുകയാണ്. ഒറ്റയ്ക്കാണ് ക്ലാസിലേക്കു ള്ള പോക്കും വരവും. അപ്പോള്‍ ഫ്രാന്‍സിസ് വിചാരിച്ചു, ഒരു പേനാക്കത്തിയുണ്ടെങ്കില്‍ ഞാനവിടെ സുരക്ഷിതയാണെന്ന്.

ഫ്രാന്‍സിസ്: അതുകൊണ്ടൊന്നുമല്ല, എ ല്ലാവരും പൂവും ഹാര്‍ട്ടുമെല്ലാം കൊടുക്കുമ്പോള്‍ എനിക്കല്പം വ്യത്യസ്തത വേണ്ടേ. അതിനുവേണ്ടിയായിരുന്നു.

ശ്രുതി : പക്ഷേ ആ ഗിഫ്റ്റാണെനിക്കേറ്റവുമിഷ്ടം. അതെനിക്ക് വളരെ സ്‌പെഷ്യലാണ്.

ഫ്രാന്‍സിസ് ക്രിസ്ത്യനും ശ്രുതി ഹിന്ദുവും. കുടുംബത്തില്‍ നിന്ന് എതിര്‍പ്പുകളെന്തെങ്കിലും ?


ഫ്രാന്‍സിസ്: ഇല്ല, അവര്‍ക്കെല്ലാം പൂര്‍ണ്ണസമ്മതമായിരുന്നു.

ശ്രുതി : പ്രണയം തുടങ്ങി രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴേക്കും ഞങ്ങളിരുവരും കാര്യങ്ങളെല്ലാം വീട്ടുകാരെ അറിയിച്ചിരുന്നു.

ഒരുമിച്ചുള്ള യാത്രകള്‍ ?


ശ്രുതി : അത് സത്യമാണ്. ഞങ്ങള്‍ ബീച്ചിലും പാര്‍ക്കിലുമൊക്കെയാണ് അധികവും പോകാറുള്ളത്. അവിടെയെത്തികപ്പലണ്ടിയും മറ്റു ഭക്ഷണസാധനങ്ങളും കഴിക്കുന്നതാണ് ഞങ്ങളുടെ ഇഷ്ടവിനോദം.

ഫ്രാന്‍സിസ് : ഒരുമിച്ചിരുന്ന് ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നതാണ് ഞങ്ങള്‍ക്കിടയിലുള്ള കോമണ്‍ ഫാക്ടര്‍.

ശ്രുതി : അത് പറഞ്ഞപ്പോഴാ ഓര്‍ത്തത്, വിവാഹം കഴിഞ്ഞ് തായ്‌ലാന്‍ഡിലേക്ക് യാത്ര പോയി. തായ്‌ലാന്‍ഡിലൊരുപാട് കാഴ്ചകളുണ്ടല്ലോ. പക്ഷേ ഞങ്ങള്‍ കാഴ്ചകളൊന്നും കണ്ടില്ല. പകരം അവിടെയുള്ള ഭക്ഷണങ്ങളൊക്കെ രുചിച്ചു. കേരളത്തിലെ വിഭവങ്ങള്‍ പോലെ തന്നെയാണ് എല്ലാം. പക്ഷേ തായ് ഭക്ഷണത്തില്‍ മസാല കുറവാണെന്ന് മാത്രം.

ഫ്രാന്‍സിസ്: ഇനിയും തായ്‌ലന്‍ഡിലേക്ക് പോകണമെന്നൊരു പ്ലാനുണ്ട്.

uploads/news/2018/02/191976/ShruthifrncesINW130218a.jpg

മറക്കാനാവാത്തൊരു പ്രണയനിമിഷം ?


ശ്രുതി: വിവാഹദിനമാണ് ഒരിക്കലും മറക്കാനാവാത്തത്. ഇരുവരുടേയും കുടുംബവും സുഹൃത്തുക്കളുമെല്ലാം വിവാഹത്തിനുണ്ടായിരുന്നു. പാട്ടും ഡാന്‍സുമായി ഒരു ഉത്സവമായിരുന്നു ഞങ്ങളുടെ വിവാഹം. അതൊരിക്കലും മറക്കാനാവില്ല.

ഫ്രാന്‍സിസ്: ശ്രുതി ആര്‍ക്കിട്ടെക്ച്ചര്‍ പൂര്‍ത്തിയാക്കാനായി ഒരു കൊല്ലം ബാഴ്‌സിലോണിയയിലേക്ക് പോയി. അക്കാലത്ത് ഞാന്‍ മുംബൈയിലാണ്. അതിനിടയ്ക്ക് ബാഴ്‌സിലോണിയയില്‍ വച്ച് ശ്രുതി പങ്കെടുക്കുന്നൊരു അവാര്‍ഡ് ഫങ്ഷനുണ്ടായിരുന്നു. അന്ന് ശ്രുതിയെക്കാണാന്‍ ഞാന്‍ പോയി. അതൊരു നല്ല നിമിഷമായിരുന്നു. എന്നും മനസില്‍ സൂക്ഷിക്കുന്നൊരു യാത്രയാണത്.

സിനിമയിലെത്തിയിട്ട് രണ്ടുവര്‍ഷത്തോളമായല്ലോ. വേദനിപ്പിക്കുന്ന അനുഭവങ്ങളെന്തെങ്കിലും ?


ശ്രുതി : എനിക്ക് എന്റേതായ ഐഡിയോളജിയും അഭിപ്രായങ്ങളുമുണ്ട്. അത് ഞാന്‍ എവിടേയും പ്രകടിപ്പിക്കാറുമുണ്ട്. സിനിമയില്‍ വന്നിട്ടിത്ര നാളായിട്ടും വേദനിപ്പിക്കുന്ന അനുഭവങ്ങെളാന്നും ഉണ്ടായിട്ടില്ല.

അഭിനയത്തില്‍ ഫ്രാന്‍സിസിന്റെ പിന്തുണ?


ശ്രുതി : അഭിനയത്തില്‍ എനിക്കേറ്റവുമധികം പിന്തുണ തരുന്നത് ഫ്രാന്‍സിസും കുടുംബവുമാണ്.

ഫ്രാന്‍സിസ്: പ്രേതമെന്ന ചിത്രത്തില്‍ ശ്രുതി ചെയ്ത കഥാപാത്രം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. സിനിമയുമായി മുമ്പോട്ട് പോകുന്നത് എന്തുകൊണ്ടും നല്ലതാണെന്ന അഭിപ്രായമാണ് എന്റേത്.

ശ്രുതി : വിവാഹശേഷം മുംബൈയില്‍ താമസമാക്കാനായിരുന്നു ഞങ്ങളുടെ പ്ലാന്‍. കാരണം ഫ്രാന്‍സിസിന് മുംബൈയിലായിരുന്നു ജോലി. കൊച്ചിയിലേക്ക് മാറാമെന്ന അഭിപ്രായം പറഞ്ഞത് ഫ്രാന്‍സിസാണ്. ഫ്രാന്‍സിസിപ്പോള്‍ കൊച്ചിയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ കൊച്ചിയിലെ മൈത്രി അഡ്വര്‍ട്ടൈസിംഗിലാണ് ഫ്രാന്‍സിസ് ജോലി ചെയ്യുന്നത്.

ഫ്രാന്‍സിസ്: ഏതു സിനിമയുടെ സ്‌ക്രിപ്റ്റ് കേട്ടാലും ശ്രുതി അതെക്കുറിച്ചെന്നോട് അഭിപ്രായം ചോദിക്കാറുണ്ട്.

ശ്രുതി : അതിനൊരു കാരണമുണ്ട്. ഫ്രാന്‍സിസ് നല്ലൊരു എഴുത്തുകാരനാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ ആ അഭിപ്രായത്തിനും വലിയ പ്രാധാന്യമുണ്ട്.

സിനിമല്ലാതെയുള്ള പ്രൊഫഷന്‍ ?


ശ്രുതി : ഞാന്‍ അദ്ധ്യാപികയായിരുന്നു. ഇപ്പോള്‍ ദൈവം സഹായിച്ച് നല്ല സിനിമകളും കഥാപാത്രങ്ങളുമൊക്കെ വരുന്നുണ്ട്. അതുകൊണ്ട് അല്പനാളത്തേക്ക് അദ്ധ്യാപക ജോലിക്കൊരു ഇടവേള കൊടുത്തു. അത്രമാത്രം.
uploads/news/2018/02/191976/ShruthifrncesINW130218c.jpg

പുതിയ സിനിമയെക്കുറിച്ച് ?


ശ്രുതി : കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചാണക്യതന്ത്രം വിഷുവിനാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് എന്റെ നായകന്‍. കാക്കനാട്, വൈക്കം, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.

ഭാവി പദ്ധതികളെന്തെങ്കിലും ?


ഫ്രാന്‍സിസ്: ഓസ്്കാറാണ് ശ്രുതിയുടെ ലക്ഷ്യം. (ചിരിക്കുന്നു)

ശ്രുതി : ഓസ്‌കറോ, ദൈവമേ...ഇല്ല. എനിക്ക് അതിമോഹമൊന്നുമില്ല. മലയാളസിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ ചെയ്യണം. അത്രയേ ഉള്ളൂ.

അഭിമുഖം കഴിഞ്ഞ് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കന്യകയുടെ എല്ലാ വായനക്കാര്‍ക്കും വാലന്റൈന്‍സ് ഡേ വിഷ് ചെയ്യാനും ഇരുവരും മറന്നില്ല.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Ads by Google
Loading...
TRENDING NOW