Sunday, February 10, 2019 Last Updated 7 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 02.35 PM

ഋതുമതിയായിട്ടും ശാരീരിക മാറ്റങ്ങളില്ല ; പ്രായത്തിന്റേതായ മാറ്റങ്ങള്‍ ശരീരത്തില്‍ സംഭവിക്കാത്തതിന് കാരണം എന്താണ്? ഇതു പരിഹരിക്കാന്‍ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്?

ഗൈനക്കോളജി
uploads/news/2018/02/191957/askdrgalacolgy130218a.jpg

വലതു സ്തനത്തില്‍ പാല്‍ കുറവ്


മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ് ഞാന്‍. 25 വയസ്. 157 സെന്റീമീറ്റര്‍ ഉയരവും 55 കിലോഗ്രാം ഭാരവുമുണ്ട്. സിസേറിയനായിരുന്നു. ഡോക്ടര്‍ പറഞ്ഞിരുന്നതിനേക്കാള്‍ പതിനഞ്ച് ദിവസം മുമ്പായിരുന്നു പ്രസവം. ഇപ്പോള്‍ മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ ഒന്നുമില്ല. എന്നാല്‍ എന്റെ വലതു സ്തനത്തില്‍ പാല്‍ നന്നേ കുറവാണ്. പിഴിയുമ്പോള്‍ പോലും ഏതാനും തുള്ളികള്‍ മാത്രമാണ് ലഭിക്കുന്നത്. അതേസമയം ഇടതു സ്തനത്തില്‍ നിന്ന് പാല്‍ ലഭിക്കുന്നുമുണ്ട്. വലതു സ്തനത്തിന് ആകൃതിയിലോ വലുപ്പത്തിലോ വ്യത്യാസമൊന്നുമില്ല. എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നത്? ഈ പ്രശ്‌നം പരിഹരിക്കാനാകുമോ? ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ?
----- ആര്‍. വി , ഗുരുവായൂര്‍

സാധാരണരീതിയില്‍ സ്ത്രീകളില്‍ സ്തനങ്ങള്‍ തമ്മില്‍ വലുപ്പവ്യത്യാസം സ്വാഭാവികമാണ്. അതുപോലെ മുലയൂട്ടുമ്പോള്‍ കുഞ്ഞ് തനിക്ക് സൗകര്യപ്രദമായ രീതിയിലാണ് പാല്‍ കുടിക്കുക. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഒരു സ്തനത്തില്‍ പാല്‍കുറയുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. എന്തുതന്നെയായാലും ഇതുകൊണ്ട് കുഞ്ഞിന് പാല്‍ ലഭിക്കാതെ വരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കുന്നില്ല.

ഋതുമതിയായിട്ടും ശാരീരിക മാറ്റങ്ങളില്ല


എന്റെ മകള്‍ക്ക് 13 വയസ്. കഴിഞ്ഞ വര്‍ഷം കുട്ടിക്ക് ആര്‍ത്തവം സംഭവിച്ചു. എന്നാല്‍ ഗുഹ്യഭാഗത്ത് രോമവളര്‍ച്ചയോ, സ്തനവര്‍ച്ചയോ ആരംഭിച്ചിട്ടില്ല. ആണ്‍കുട്ടികളുടേതിനു സമാനമായ മാറിടമാണ് മകള്‍ക്ക് ഇപ്പോഴും. സഹപാഠികളായ കുട്ടികള്‍ മകളെ ഇക്കാരണത്താല്‍ കളിയാക്കുക പതിവാണ്. പ്രായത്തിന്റേതായ മാറ്റങ്ങള്‍ മകളുടെ ശരീരത്തില്‍ സംഭവിക്കാത്തതിന് കാരണം എന്താണ്? ഇതു പരിഹരിക്കാന്‍ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്?
--------- ശ്യാമ പി.വി , നെടുമങ്ങാട്

പതിനൊന്നു വയസുമുതലാണ് സാധാരണ പെണ്‍കുട്ടികളില്‍ ശാരീരിക വളര്‍ച്ച പ്രകടമായിത്തുടങ്ങുന്നത്. ആദ്യം സ്തനവളര്‍ച്ച. പിന്നെ ഗുഹ്യഭാഗത്തും കക്ഷത്തിലും രോമവളര്‍ച്ച. തുടര്‍ന്ന് ആര്‍ത്തവം എന്ന രീതിയിലാണ് ശാരീരിക മാറ്റങ്ങള്‍ കണ്ടുവരുന്നത്. സ്തനവളര്‍ച്ച വന്നതിനു ശേഷം ഏകദേശം ഒന്നരവര്‍ഷത്തിനു ശേഷമാണ് ആര്‍ത്തവം ഉണ്ടാകുന്നത്.

താങ്കളുടെ മകള്‍ക്ക് ഇത്തരം മാറ്റങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍ എത്രയും വേഗം ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് വിശദമായ പരിശോധനയും ഹോര്‍മോണ്‍ ടെസ്റ്റുകളും നടത്തേണ്ടതായി വരും.

ആര്‍ത്തവ തകരാര്‍ പരിഹരിക്കാം


ഞാനൊരു വീട്ടമ്മയാണ്. എട്ടു വയസുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്. എനിക്ക് ആര്‍ത്തവം ക്രമമല്ല. ഒരു വര്‍ഷത്തിലേറെയായി ഇങ്ങനെ കണ്ടുതുടങ്ങിയിട്ട്. പത്ത് ദിവസം വരെ വൈകിയാണ് പലപ്പോഴും ആര്‍ത്തവം സംഭവിക്കുന്നത്. ഈ സമയത്ത് അടിവയറ്റില്‍ അതിയായ വേദനയും അനുഭവപ്പെടുന്നു. ആര്‍ത്തവ രക്തവും കുറവാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ആര്‍ത്തവം ക്രമമാകാനും ആര്‍ത്തവരക്തം ഉണ്ടാകാനും എന്താണ് ചെയ്യേണ്ടത്?
----- നിത തോമസ് , ആലുവ

സാധാരണ രീതിയില്‍ ആര്‍ത്തവ ചക്രത്തിന്റെ ദൈര്‍ഘ്യം 21 മുതല്‍ 35 വരെ ദിവസങ്ങളാണ്. എന്നാല്‍ എല്ലാമാസവും 40 ദിവസത്തിനു ശേഷമാണ് ആര്‍ത്തവമുണ്ടാകുന്നതെങ്കില്‍ ആശങ്കപ്പെടേണ്ടതില്ല. ഇതും സാധാരണമായിത്തന്നെ കണക്കാക്കാം. ഓവുലേഷനും ആര്‍ത്തവവും കൃത്യമായി വരുന്നവര്‍ക്ക് ആര്‍ത്തവത്തിന്റെ ആദ്യദിനത്തില്‍ വേദനയുണ്ടാകാം.

വേദന ചിലപ്പോള്‍ അടിവയറ്റിലോ, കാലിലോ, നടുവിനോ ആകാം. എന്നാല്‍ ദീര്‍ഘനേരം നീണ്ടു നില്‍ക്കുന്ന അതികഠിനമായ വയറുവേദനയാണെങ്കില്‍ നിര്‍ബന്ധമായും ഗൈനക്കോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്. കൃത്യമായി വരുന്ന ആര്‍ത്തവത്തില്‍ ആര്‍ത്തവരക്തം കുറവാണെങ്കിലും ആശങ്കപ്പെടേണ്ടതില്ല.

അതേസമയം പിസിഡി, തൈറോയ്ഡ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് കൃത്യമല്ലാത്ത ആര്‍ത്തവം, രക്തം പോകുന്നത് കുറയുക തുടങ്ങിയ ആര്‍ത്തവതകരാറുകളുണ്ടാകാം. അതിനാല്‍ ഇത്തരം ലക്ഷണങ്ങളുണ്ടെങ്കില്‍ നിര്‍ബന്ധമായും ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തണം.

ലൈംഗികബന്ധത്തിനു ശേഷം യോനിയില്‍ രക്്തസ്രാവം


എനിക്ക് 26 വയസ്. വിവാഹം കഴിഞ്ഞിട്ട് 4 വര്‍ഷമായി. ഒരു കുട്ടിയുണ്ട്. അടുത്തിടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനുശേഷം യോനിയില്‍നിന്നും രക്തസ്രാവമുണ്ടായി. എന്നാല്‍ മുറിവുകളോ, നീറ്റലോ ഉണ്ടായിരുന്നില്ല. ഏതാനും തുള്ളി രക്തം പുറത്തുപോയി. പിന്നീട് ഇങ്ങനെ കണ്ടതുമില്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാണോ? ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതുണ്ടോ?
------- ശില്പ , പാലച്ചുവട്

ലൈംഗികബന്ധത്തിനു ശേഷം യോനിയില്‍നിന്നോ, ഗര്‍ഭാശയമുഖത്തുനിന്നോ, ഗര്‍ഭപാത്രത്തില്‍ നിന്നോ രക്തം വരുന്നതിന് പല കാരണങ്ങളുണ്ട്. യൂട്രസിനകത്തോ, സെര്‍വിക്‌സിലോ ചെറിയ മുഴകളോ തടിപ്പുകളോ ഉള്ളവരിലും യോനിയില്‍ അണുബാധയുള്ളവരിലും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനു ശേഷം രക്തസ്രാവത്തിന് സാധ്യതയുണ്ട്.

സെര്‍വിക്കല്‍ കാന്‍സറോ അതിന് മുന്നോടിയായുള്ള മാറ്റങ്ങളോ ഉള്ളവര്‍ക്കും ബന്ധപ്പെട്ടതിന് ശേഷം രക്തസ്രാവം കാണാറുണ്ട്. അതിനാല്‍ ഗൈനക്കോളജിസ്റ്റിനെ കണ്ട് വിശദമായ ചെക്കപ്പും പാപ്‌സ്മിയര്‍ ടെസ്റ്റും നടത്തുന്നതും നല്ലതാണ്.

ആവര്‍ത്തിച്ചുള്ള അബോര്‍ഷന്‍


എന്റെ ഭാര്യയ്ക്കു വേണ്ടിയാണ് ഈ കത്ത്. 30 വയസ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 5 വര്‍ഷമായി. ഞങ്ങള്‍ക്ക് ഇതുവരെ കുട്ടികള്‍ ഉണ്ടായില്ല. 5 വര്‍ഷത്തിനിടെ മൂന്നു തവണ അബോര്‍ഷന്‍ സംഭവിച്ചു. ആദ്യം രണ്ടാം മാസത്തിലും തുടര്‍ന്ന് രണ്ടു തവണ മൂന്നാം മാസവും അബോര്‍ഷനായി. ഡോക്ടര്‍ പ്രത്യേക കാരണമൊന്നും പറഞ്ഞില്ല. ഓരോ തവണ അബോര്‍ഷന്‍ സംഭവിക്കുന്നതുകൊണ്ട് ഇനി തല്‍ക്കാലം ഗര്‍ഭധാരണം വേണ്ട എന്ന തീരുമാനത്തിലാണ് ഞങ്ങള്‍. എന്തുകൊണ്ടാണ് ആവര്‍ത്തിച്ച് അബോര്‍ഷന്‍ സംഭവിക്കുന്നത്? ഞങ്ങള്‍ക്ക് ഒരു കുഞ്ഞിനെ ലഭിക്കാന്‍ സാധ്യതയില്ലേ?
----- അരുണ്‍ നായര്‍ , ബഹറിന്‍

ഗര്‍ഭിണിയായി ആദ്യ മൂന്നു മാസങ്ങളില്‍ അബോര്‍ഷന്‍ സംഭവിക്കാനുള്ള സാധ്യത 10 മുതല്‍ 15 ശതമാനം വരെയാണ്. ഇതില്‍ ഏറിയ പങ്കും ഗര്‍ഭസ്ഥശിശുവിനുള്ള ജനിതക വൈകല്യങ്ങള്‍ കാരണമാണ്. നിയന്ത്രണത്തില്‍ അല്ലാത്ത പ്രമേഹം, തൈറോയ്ഡ് പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍, അമ്മയുടെ ശരീരത്തിലുണ്ടാകുന്ന ചില ആന്റിബോഡികള്‍, ഗര്‍ഭപാത്രത്തിലുണ്ടാകുന്ന മുഴകളോ, പാടകളോ (സെപ്റ്റം) ഇവയെല്ലാം ആവര്‍ത്തിച്ചുള്ള അബോര്‍ഷനുണ്ടാകാനുള്ള കാരണങ്ങളാണ്.

നിങ്ങള്‍ വിശദമായ പരിശോധനകള്‍ നടത്തേണ്ടതാണ്. നിങ്ങള്‍ക്ക് ഇതിലേതെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതിനുള്ള പ്രതിവിധി ചെയ്താല്‍ സുരക്ഷിതമായ ഗര്‍ഭകാലമുണ്ടാകേണ്ടതാണ്.

ഡോ. ദിവ്യ ജോസ്
കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്
സൈമര്‍ ഹോസ്പിറ്റല്‍, കൊച്ചി

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW