Wednesday, March 06, 2019 Last Updated 17 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 02.08 PM

സന്തോഷമെന്തെന്ന് രേവതി അറിഞ്ഞത് വിവാഹശേഷമായിരുന്നു; എന്നാല്‍ ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല; വിധി അവളോട് കാണിച്ചതിലും വലുതായിരുന്നു പിന്നീട് ഭര്‍തൃവീട്ടുകാരുടെ ക്രൂരത

uploads/news/2018/02/191952/Weeklyfmlycourt1360218.jpg

രണ്ടുവയസ്സുളള പെണ്‍കുഞ്ഞുമായി രേവതി എന്ന പെണ്‍കുട്ടി എന്നെ കാണാന്‍ വന്നു. കണ്ണീരില്‍ കുതിര്‍ന്ന അവളുടെ മുഖം ഇന്നലെ എന്ന പോലെ എന്റെ ഓര്‍മ്മയിലുണ്ട്. കുട്ടിക്കാലം മുതലുളള അവളുടെ അനുഭവങ്ങള്‍ ഒരു കഥ പോലെ എന്നോട് പറഞ്ഞു.

''ഓര്‍മ്മവച്ച കാലംമുതല്‍ അച്ഛനും അമ്മയും സ്‌നേഹത്തോടെ ഒരുവാക്ക് സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അവര്‍ തമ്മില്‍ എപ്പോഴും വഴക്കായിരുന്നു. സുഹൃത്തുക്കള്‍ അവരുടെ അച്ഛന്റെ ബൈക്കിന് പിറകിലിരുന്നു സ്‌കൂളില്‍ വരുന്നത് കാണുമ്പോള്‍ അതുപോലെ ഒരിക്കലെങ്കിലും സാധിച്ചിരുന്നെങ്കില്‍ എന്ന് ഒരുപാട് കൊതിച്ച ബാല്യമായിരുന്നു എന്റേത്.

അച്ഛന്റെ സ്ഥാനത്ത് എനിക്ക് എല്ലാം ചേട്ടനായിരുന്നു. എന്നെക്കാള്‍ രണ്ട് വയസ്സ് വ്യത്യാസമുളള ചേട്ടന്റെ കൈ പിടിച്ചാണ് ഞാന്‍ സ്‌കൂളില്‍ പോയത്. ഒരു ദിവസം അമ്മയോട് വഴക്കിട്ട് ഇറങ്ങി പോയ അച്ഛനെ പിന്നീട് കണ്ടിട്ടില്ല.

അവര്‍ക്കിടയിലെ പ്രശ്‌നം എന്തെന്ന് ഇന്നും എനിക്കറിയില്ല. അച്ഛന്‍ പോയതിനുശേഷം അടുത്തുളള സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്താണ് അമ്മ ഞങ്ങളെ വളര്‍ത്തിയത്. പഠിക്കാന്‍ മിടുക്കനായിട്ടും അമ്മയുടെ കഷ്ടപ്പാട് കണ്ട് ചേട്ടന്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ജോലിയ്ക്ക് പോയിതുടങ്ങി.

പിന്നീട് എന്നെ പഠിപ്പിച്ചത് ചേട്ടനായിരുന്നു. എന്നെ സുരക്ഷിതമായ കൈകളില്‍ ഏല്‍പ്പിക്കണമെന്നത് അമ്മയുടെയും ചേട്ടന്റെയും ആഗ്രഹമായിരുന്നു. വീട്ടില്‍ എനിക്ക് വിവാഹാലോചന നടക്കുമ്പോഴാണ് കണ്ണേട്ടന്റെ ആലോചന വന്നത്. ഡിഗ്രിയ്ക്ക് ശേഷം വിവാഹം നടത്താമെന്ന് ഇരു വീട്ടുകാരും തീരുമാനിച്ചു. പിന്നീടുളള ആറുമാസക്കാലം ഞങ്ങള്‍ ഫോണിലൂടെ പരസ്പരം മനസ്സിലാക്കി.

ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തും സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയും ചേട്ടന്‍ എന്റെ വിവാഹം നടത്തി. വിവാഹത്തിനുശേഷമാണ് സ്‌നേഹവും സന്തോഷവും എന്തെന്ന് ഞാനറിഞ്ഞത്. വീട്ടിലെ സാഹചര്യമോ എന്റെ കുറ്റങ്ങളോ കുറവുകളോ കണ്ണേട്ടന്‍ ശ്രദ്ധിച്ചില്ല.

അദ്ദേഹത്തിന് എന്നെ ജീവനായിരുന്നു. മകളുടെ ജനനത്തോടെ ഞങ്ങളുടെ ജീവിതം കൂടുതല്‍ സന്തോഷകരമായി. അതിനിടെയാണ് വിധിയുടെ കരിനിഴല്‍ ഞങ്ങളുടെ കുടുംബത്തിന് മേല്‍വീണത്.

ഒരുദിവസം ഓഫീസിലേക്ക് പോയ കണ്ണേട്ടന്റെ ജീവനറ്റ ശരീരമാണ് പിന്നീട് ഞാന്‍ കണ്ടത്. ഓഫീസില്‍ നിന്ന് വീട്ടിലേക്ക് വരും വഴി ബൈക്ക് ലോറിയുമായി ഇടിച്ചു. സംഭവ സ്ഥലത്ത്‌വച്ചു തന്നെ അദ്ദേഹം മരിച്ചു. പിന്നീട് കുറ്റപ്പെടുത്തലുകളുടെ കാലമായിരുന്നു. കണ്ണേട്ടന്‍ മരിച്ച് പതിനൊന്നാം പക്കം എനിക്ക് ആ വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നു.

ചേട്ടന്റെ വിവാഹം കഴിഞ്ഞിരുന്നു. സ്വന്തം വീട്ടിലേക്ക് കയറി ചെല്ലാന്‍ പണ്ടത്തെപ്പോലെ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. എങ്കിലും പോകാന്‍ മറ്റൊരിടം ഇല്ലാത്തതുകൊണ്ട് കൈകുഞ്ഞുമായി വീട്ടിലേക്ക് തന്നെ ചെന്നു. സഹതാപത്തിന്റെ പേരില്‍ സ്വീകരിച്ചെങ്കിലും ഞാനും മോളും ഒരു ബാധ്യതയാകുമെന്ന ഭയം നാത്തൂന് ഉണ്ടായിരുന്നു.

കുറച്ചുനാള്‍ കഴിഞ്ഞ് അവള്‍ ചേട്ടനെയും കൂട്ടി മറ്റൊരു ഇടത്തേക്ക് താമസം മാറി. കുഞ്ഞിനെ അമ്മയെ ഏല്‍പ്പിച്ച് ഞാന്‍ അടുത്തുളള സ്വകാര്യ സ്ഥാപനത്തില്‍ ജോലി കണ്ടെത്തി. കണ്ണേട്ടന്റെ മരണശേഷം അദ്ദേഹത്തിന്റെ വീട്ടുകാര്‍ എന്റെയോ കുഞ്ഞിന്റെയോ കാര്യം അന്വേഷിച്ചിട്ടില്ല.

വിവാഹസമയത്ത് ചേട്ടന്‍ എനിക്ക് തന്ന പതിനഞ്ച് പവന്‍ സ്വര്‍ണ്ണാഭരണം തിരിച്ച് ആവശ്യപ്പെട്ടെങ്കിലും അവര്‍ തന്നില്ല. ഒന്നുമില്ലാതെയാണ് ഞാന്‍ ചെന്നതെന്ന് അവര്‍ പറഞ്ഞു.

ഞാനും മോളും എന്തെങ്കിലും അവകാശം പറഞ്ഞ് കയറി ചെല്ലുമെന്ന് അവര്‍ക്ക് പേടിയാണ്. ഞങ്ങള്‍ക്ക് അവരുടെ സ്വത്തില്‍ നിന്ന് അല്പം പോലും വേണ്ട. എന്റെ അമ്മയും ചേട്ടനും കഷ്ടപ്പെട്ട് വാങ്ങി തന്ന സ്വര്‍ണ്ണം എനിക്ക് തിരിച്ച് വേണം.'' ആ യുവതി പറഞ്ഞവസാനിപ്പിച്ചു.

കേസ് കോടതിയില്‍ എത്തും മുന്‍പ് കണ്ണന്റെ വീട്ടുകാര്‍ ഒത്തുതീര്‍പ്പിന് രേവതിയെ സമീപിച്ചു. എന്റെ സാന്നിധ്യത്തില്‍ തന്നെ അവള്‍ക്ക് അവകാശപ്പെട്ട സ്വര്‍ണ്ണം അവര്‍ തിരിച്ചുനല്‍കി.

Ads by Google
Tuesday 13 Feb 2018 02.08 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW