Thursday, March 07, 2019 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
ഡോ. നെല്‍സണ്‍ ജോസഫ്
Tuesday 13 Feb 2018 12.57 PM

തട്ടിപ്പ് തട്ടിപ്പാണെന്ന് അറിയാൻ വണ്ടിക്കൂലി മുടക്കി അത്രടം വരെ പോകേണ്ടതില്ല: ഷിമോഗയിലെ കാന്‍സര്‍ ചികിത്സ; ഈ ഡോക്ടര്‍ക്ക് പറയാനുള്ളത്

ഇത് ബിസിനസ് അല്ലായിരുന്നെങ്കിൽ തന്റെ കയ്യിലുള്ള അദ്ഭുത മരുന്നുകൂട്ട് എന്താണെന്ന് അദ്ദേഹം ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയേനെ. പേറ്റന്റ് സ്വന്തമാക്കാമായിരുന്നു താനും. പെനിസിലിൻ കണ്ടെത്തിയപ്പൊഴോ വസൂരിയുടെ വാക്സിൻ കണ്ടെത്തിയപ്പൊഴോ അവർ അവിടെച്ചെന്ന് അവരുടെ മുന്നിൽ ക്യൂ നിൽക്കുന്ന രോഗികളെ മാത്രം ചികിൽസിക്കുകയായിരുന്നെങ്കിൽ ഇന്ന് ഈ പോസ്റ്റിടാൻ ഞാനോ വായിക്കാൻ നിങ്ങളോ ഒരുപക്ഷേ ഉണ്ടാകില്ലായിരുന്നു
Cancer treatment in Shimoga

കര്‍ണാടകത്തിലെ ഷിമോഗ ജില്ലയിലെ അനന്തപുര എന്ന സ്ഥലവും അവിടുത്തെ നര്‍സിപുര നാരായണ മൂര്‍ത്തി എന്ന വൈദ്യനും ഇന്ന് സോഷ്യല്‍മീഡിയയിലെ ഏറ്റവും പ്രചാരമുള്ള പേരുകളാണ്. കാന്‍സര്‍മാന്‍ എന്ന വിളിപ്പേരുള്ള ഈ വൈദ്യന്‍ വെറും 400 രൂപയ്ക്ക് കാന്‍സര്‍രോഗത്തെ ചികിത്സിച്ചു മാറ്റും എന്നാണ് പറയുന്നത്. ഇതിനെക്കുറിച്ച് ധാരാളം അനുഭവ സാക്ഷ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഈ ചികിത്സയെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പോസ്റ്റുകള്‍ സോഷ്യല്‍ മീഡയകളില്‍ പ്രചരിക്കുന്നുമുണ്ട്. രോഗിയെ കാണാതെപോലുമുള്ള ഈ ചികിത്സ ശാസ്ത്രീയമാണോ? അതോ വെറും തട്ടിപ്പ് ബിസിനിസ് മാത്രമാണോ? സമൂഹമാദ്ധ്യമങ്ങളിലൂടെ ശ്രദ്ധേയനായ

ഡോ. നെല്‍സണ്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കൂ

ഷിമോഗയിലെ കാൻസർ ചികിൽസയെക്കുറിച്ച് മുൻപ് എഴുതിയിട്ടുണ്ട്. ഇപ്പൊ വീണ്ടും എഴുതാനുള്ള കാരണം ഇന്നലെ കണ്ട ഒരു പോസ്റ്റാണ്.

ഇന്നലെ കിടക്കാൻ നേരം നോക്കുമ്പോൾ ആ പോസ്റ്റിന്ന് 81,000ൽ പരം ഷെയറുകളുണ്ട്. എന്നാൽ ഇപ്പോൾ , ഏതാനും മണിക്കൂറുകൾക്ക് ശേഷം പോസ്റ്റിൻ്റെ ഷെയറുകളുടെ എണ്ണം 82,582 ആണ്. അത്രയധികം പേർ മണിക്കൂറുകൾ കൊണ്ട് വഞ്ചിക്കപ്പെടുമ്പൊ എഴുതാതിരിക്കാൻ പറ്റില്ല..

പോസ്റ്റ് എഴുതിത്തീരുമ്പൊ ഷെയർ 82,692. ഇതുതന്നെയാണ് കുഴപ്പവും. ഈ പോസ്റ്റ് മുഴുവൻ വായിക്കുന്നവർ ഈ പോസ്റ്റ് എഴുതുന്ന സമയം കൊണ്ട് വന്ന ഷെയറിൻ്റെ അത്ര പോലും കാണില്ല..വായിക്കുന്നവരിൽ മിക്കവരും വായിക്കുക മാത്രമായിരിക്കും ചെയ്യുന്നതും .അതുകൊണ്ടുതന്നെ ഇത് എത്തുന്നത് വളരെ ചുരുക്കം പേരിലാകും...മറ്റേത് ദശലക്ഷങ്ങളിലും

ആ പോസ്റ്റിൽത്തന്നെ കാണാം അവിടെപ്പോയി മരുന്നുകഴിച്ച് ആയുസെത്തുന്നതിനു മുൻപേ മരിച്ചുപോയ നൂറുകണക്കിനാൾക്കാരുടെ അനുഭവങ്ങൾ. എന്നിട്ടും ആൾക്കാർ ഇപ്പൊഴും ചെന്ന് വീണുകൊണ്ടിരിക്കുകയാണ് തട്ടിപ്പിൽ.

കാൻസർ ഒരൊറ്റ രോഗമല്ല എന്നതാണ് ആദ്യമായി തിരിച്ചറിയേണ്ട കാര്യം. വിവിധ ശരീരഭാഗങ്ങളിൽ വരുന്നതനുസരിച്ച് ചികിൽസയും സർവൈവൽ റേറ്റുമടക്കം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. അങ്ങനെയുള്ളപ്പോഴാണ് ഷിമോഗയിൽ നിന്ന് കാൻസർ രോഗിയെയോ അയാളുടെ പരിശോധനാഫലമോ കാണാതെ തന്നെ ഒരു പൊടി കൊടുത്ത് ചികിൽസിക്കാമെന്ന് പറഞ്ഞ് ഇറങ്ങുന്നത്.

അതായത് ഏത് പൂട്ടും തുറക്കാൻ ഒരു താക്കോല് മതീന്ന്..ആ താക്കോൽ ഉണ്ടാക്കിക്കൊടുക്കുന്നതോ, പൂട്ട് പോലും കാണാതെ.. ആ ഒരൊറ്റക്കാരണം കൊണ്ട് തന്നെ ഇത് തട്ടിപ്പാണെന്ന് ഉറപ്പിക്കാം..

പോസ്റ്റിൽ ഒട്ടനവധി പ്രശ്നങ്ങളുണ്ട് : ഓരോന്നായി പരിശോധിക്കുകയാണിവിടെ

1. ആദ്യം പണത്തിനുവേണ്ടിയല്ല ചികിൽസിക്കുന്നത്‌ എന്ന വാദം നമുക്ക്‌ നോക്കാം. അദ്ദേഹം തന്നെ പറഞ്ഞത്‌ 800 പേർ അവിടെയുണ്ടായിരുന്നെന്നാണ്. ഒരാൾ നൽകുന്നത്‌ 400രൂപ. അപ്പൊ ഒരു ദിവസത്തെ വരുമാനം 3,20,000. മൂന്ന് ലക്ഷം രൂപ. അതും പ്രത്യേകിച്ച്‌ ഫലമൊന്നും തെളിയിക്കാത്ത, രോഗിയെ കാണുകപോലും ചെയ്യാത്ത ചികിൽസ. അല്ല. . .തട്ടിപ്പ്‌. ആഴ്ചയിൽ രണ്ട്‌ ദിവസമാണു ചികിൽസയെങ്കിൽ ഒരാഴ്ച 6.4 ലക്ഷം.വർഷം 3.3 കോടി. രസീതും കൃത്യമായ കണക്കുമൊന്നുമില്ലാത്ത പണമാണെന്നും ഓർക്കണം.

2. രോഗം പൂർണ്ണമായും മാറിയവരെയാരെയും അവിടെ കണ്ടില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്‌. (രോഗം മാറിയവർക്ക്‌ ക്യൂവിൽ നിൽക്കേണ്ടല്ലോയെന്ന് മറുവാദവും). മരിച്ചവരെയും കണ്ടുകാണാൻ വഴിയില്ല. അവരും ക്യൂവിൽ നിൽക്കില്ലല്ലോ. അതായത് അദ്ദേഹത്തിനു പോലും രോഗം പൂർണമായി സുഖപ്പെട്ടുവെന്നോ ആ ചികിൽസ കൊണ്ട് ആർക്കും ഒരു പാർശ്വഫലവും ഉണ്ടാകുന്നില്ലെന്നും പറയാൻ കഴിയുകയില്ല.

3. രോഗത്തിന് പ്രകടമായ ശമനം നൽകുന്നവർക്കൊപ്പമാണ് ജനം നിൽക്കേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ വാദം. അത്തരത്തിൽ തെളിയിക്കപ്പെട്ട ഒരേയൊരു ചികിൽസാരീതിയേ ഉള്ളൂ ഇന്ന്. അത് മോഡേൺ മെഡിസിനാണ്. ഷിമോഗയിലെ വിൽപ്പനക്കാരൻ രോഗത്തിന് പ്രകടമായ ശമനം നൽകി എന്ന് അദ്ദേഹം വാദിക്കുന്നു. പക്ഷേ അത് അയാളുടെ പൊടികൊണ്ടാണെന്ന് എന്താണുറപ്പ്?

കാൻസറാണെന്ന് ഡയഗ്നോസ് ചെയ്തത് അയാളായിരിക്കില്ല എന്ന് ഞാൻ കരുതുന്നു. കാൻസറാണെന്ന് കണ്ടെത്താൻ രോഗിയെയുമായല്ല ഇപ്പറഞ്ഞിടത്തേക്ക് ആരെങ്കിലും പോകുന്നതും.മെഡിക്കൽ റിപ്പോർട്ടുമാെക്കെയായിട്ടാണ് മിക്ക ആളുകളും അവിടെ എത്തിയത്. എന്നാൽ അതൊന്നും നോക്കിയിരുന്നില്ല...ആളിന്റെ പ്രായം, രോഗത്തിന്റെ അവസ്ഥ... ഇവയൊക്കെയാണ് ചോദിച്ചത് എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.

അപ്പോൾ മറ്റെവിടെയോ കാൻസർ കണ്ടെത്തിയിരിക്കുന്നു. അവിടെ ചികിൽസയും നടത്തിയിട്ടുണ്ടാവണം, നടത്തുന്നുണ്ടാവണം. ആ ചികിൽസയുടെ ഫലമല്ല താൻ കണ്ടതെന്ന് എങ്ങനെ ഉറപ്പിച്ച് പറയാനാകും?

ഇനി വാർത്തയ്ക്കെതിരെ പ്രതിഷേധിച്ചവർ ഉയർത്തിയ ചോദ്യങ്ങളെന്ന് അദ്ദേഹം പറയുന്നവയിലേക്ക്.

1. ആയുർവേദ മരുന്ന് കൊണ്ട് എങ്ങനെ കാൻസർ പോലെ ഒരു രോഗം ഭേദമാകും?

ആയുർവേദ മരുന്നാണ് അയാൾ കൊടുക്കുന്നതെന്ന് സുഹൃത്ത് എങ്ങനെ ഉറപ്പിച്ചു? പ്രമുഖ കല്ല് ചികിൽസകൻ നൽകുന്ന "ആയുർവേദ മരുന്ന്" എപ്സം സാൾട്ടും എണ്ണയും നാരങ്ങാനീരുമാണെന്ന് ഇപ്പൊ അങ്ങാടിപ്പാട്ടാണ്.

പിന്നെ, ആയുർവേദം കൊണ്ട് കാൻസർ ഭേദമാകില്ല എന്നല്ല പറഞ്ഞത്. ആയുർവേദം കൊണ്ട് കാൻസർ ഭേദമാക്കാമെന്ന് ( ഏത് കാൻസർ, ഏത് സ്റ്റേജ്, എന്ത് ചികിൽസ എന്നിങ്ങനെ ) അവർ തെളിയിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ എന്നേ പറഞ്ഞുള്ളു.

2. രോഗിയെ കാണാതെയും രോഗം സ്ഥിരീകരിക്കാതെയും എങ്ങനെ ചികിൽസ നടത്തും.

വളരെ വാലിഡായ ഒരു ചോദ്യമാണിത്. കാൻസറിന്റെ രോഗലക്ഷണങ്ങൾ കാൻസറിനു മാത്രമായിട്ടുള്ളവ ആയിരിക്കണമെന്നില്ല. ഓരോ സ്റ്റേജനുസരിച്ചും വിവിധ ഇടങ്ങളിലെ കാൻസറുകളനുസരിച്ചും ചികിൽസകൾ മാറാം.ആ ഒരൊറ്റക്കാരണത്താൽ തന്നെ ഷിമോഗ ഒരു വൻ തട്ടിപ്പാണ്.

എല്ലാവരെയും രോഗികളാക്കിയ ശേഷം ചികിൽസിക്കുകയാണെന്ന് അവകാശപ്പെടുന്ന അദ്ദേഹം തന്നെ അത് ചെയ്യുന്നത് ആരാണെന്ന് വ്യക്തമാക്കണമെന്നേ എനിക്ക് പറയാനുള്ളൂ. ഇത് ബിസിനസായിരുന്നെങ്കിൽ നാട് നീളെ ബ്രാഞ്ചുകളുണ്ടാകുമായിരുന്നേനെ അല്ലാത്തത് കൊണ്ട് ഇത് ബിസിനസ് അല്ല എന്ന് അദ്ദേഹം വാദിക്കുന്നു. ഇതും മറ്റൊരുതരം ബിസിനസാണ്.

ഇത് ബിസിനസ് അല്ലായിരുന്നെങ്കിൽ തന്റെ കയ്യിലുള്ള അദ്ഭുത മരുന്നുകൂട്ട് എന്താണെന്ന് അദ്ദേഹം ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയേനെ. പേറ്റന്റ് സ്വന്തമാക്കാമായിരുന്നു താനും. പെനിസിലിൻ കണ്ടെത്തിയപ്പൊഴോ വസൂരിയുടെ വാക്സിൻ കണ്ടെത്തിയപ്പൊഴോ അവർ അവിടെച്ചെന്ന് അവരുടെ മുന്നിൽ ക്യൂ നിൽക്കുന്ന രോഗികളെ മാത്രം ചികിൽസിക്കുകയായിരുന്നെങ്കിൽ ഇന്ന് ഈ പോസ്റ്റിടാൻ ഞാനോ വായിക്കാൻ നിങ്ങളോ ഒരുപക്ഷേ ഉണ്ടാകില്ലായിരുന്നു.

കർണാടകയിലെ ഒരു കുഗ്രാമത്തിൽ ഒരു സാധാരണക്കാരന് ഉണ്ടാക്കാൻ പറ്റുന്ന മരുന്ന് കേരളത്തിലും തമിഴ്നാട്ടിലും ലോകത്തെവിടെയും ഉണ്ടാക്കാം. അങ്ങനെ കാൻസർ ഇല്ലാത്ത ലോകവും സൃഷ്ടിക്കാമായിരുന്നല്ലോ.

പക്ഷേ അതിനു വെറുതെ കഴിയില്ല. പഠനങ്ങൾ നടത്തേണ്ടിവരും. മരുന്ന് എന്താണെന്ന് വെളിപ്പെടുത്തേണ്ടിവരും. അപ്പൊ മാജിക് ട്രിക്കിന്റെ ആയുസും തീരും. ബിസിനസ് അവസാനിക്കും

തട്ടിപ്പ് തട്ടിപ്പാണെന്ന് അറിയാൻ വണ്ടിക്കൂലി മുടക്കി അത്രടം വരെ പോകേണ്ടതില്ല.

Ads by Google
ഡോ. നെല്‍സണ്‍ ജോസഫ്
Tuesday 13 Feb 2018 12.57 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW