Tuesday, February 19, 2019 Last Updated 17 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 02.19 AM

അഗസ്‌ത്യമുനിയെ ആദിവാസികള്‍ പൂജിക്കട്ടെ

uploads/news/2018/02/191895/editorial.jpg

സഹ്യപര്‍വത നിരകളിലെ അഗസ്‌ത്യവനം ബയോസ്‌ഫിയര്‍ റിസര്‍വിലെ പാരിസ്‌ഥിതികമായി ഏറെ പ്രാധാന്യമുള്ള മലനിരയാണ്‌ അഗസ്‌ത്യാര്‍കൂടം. പ്രകൃതിയുടെ അതിവിശിഷ്‌ടമായ അനുഗ്രഹം ഏറെ കിട്ടിയ പ്രദേശമാണിത്‌. ചോലവനങ്ങളും പുല്‍മേടുകളും നിബിഢവനങ്ങളും മൊട്ടക്കുന്നുക്കളും വിളിച്ചുപറയുന്നത്‌ ഇന്ത്യയിലെ തന്നെ ഏറ്റവും സുപ്രധാനമായ വനമേഖലയാണ്‌ ഇതെന്നാണ്‌. അപൂര്‍വ പക്ഷികളും ചിത്രശലഭങ്ങളും ഔഷധസസ്യങ്ങളും ഈ പ്രാധാന്യത്തിന്‌ മൂല്യം വര്‍ധിപ്പിക്കുന്നു. സിംഹവാലന്‍ കുരങ്ങുകളും ആനയുമടക്കം വിവിധതരം മൃഗങ്ങള്‍ ഈ വനമേഖലയിലുണ്ട്‌. പാരിസ്‌ഥിതികമായി നോക്കിയാല്‍ ഈ കാരണങ്ങളെല്ലാംകൊണ്ട്‌ സമ്പല്‍സമൃദ്ധമാണ്‌ അഗസ്‌ത്യാര്‍കൂട പ്രദേശം.

സമുദ്രനിരപ്പില്‍നിന്ന്‌ 1,860 മീറ്റര്‍ ഉയരത്തില്‍ സദാസമയവും കുളിരിലും കോടമഞ്ഞിലും മുങ്ങിക്കഴിയുന്ന അഗസ്‌ത്യാര്‍കൂടപര്‍വതത്തിന്റെ മുകളില്‍ അഗസ്‌ത്യമുനിയുടെ പ്രതിഷ്‌ഠയുണ്ട്‌. ഇവിടെ അഗസ്‌ത്യമുനി തപസ്സനുഷ്‌ഠിച്ചു എന്നു വിശ്വസിക്കപ്പെടുന്നതിനാലാണ്‌ ഈ പ്രതിഷ്‌ഠ. ഈ വനമേഖലയിലെ ആദിവാസികള്‍ ഇവിടെ പൂജ നടത്താറുണ്ട്‌.വര്‍ഷത്തില്‍ ഒരു തവണയാണ്‌ അഗസ്‌ത്യാര്‍കൂടത്തിലേക്ക്‌ വനംവകുപ്പ്‌ പ്രവേശനം അനുവദിക്കുക. ഒരു മാസത്തെ പ്രവേശനസമയത്ത്‌ ദിവസം നൂറുപേര്‍ക്കാണു പ്രവേശനം. ഒരുദിവസം കയറുന്നവരും ഇറങ്ങുന്നവരുമായി ഇരുന്നൂറോളം പേര്‍ 28 കിലോമീറ്ററോളം നീളുന്ന ഈ ട്രക്കിങ്‌ പാതയില്‍ ഉണ്ടാവും. അഗസ്‌ത്യാര്‍കൂടത്തിന്റെ തൊട്ടുതാഴെയുള്ള വിശ്രമകേന്ദ്രമായ അതിരുമലയില്‍ നൂറുപേര്‍ക്ക്‌ കഷ്‌ടിച്ച്‌ കഴിച്ചുകൂട്ടാനുള്ള സൗകര്യമേയുള്ളു. ഒരു വര്‍ഷത്തോളം സ്വച്‌ഛമായി ജീവിക്കുന്ന മൃഗങ്ങളുടെ സൈ്വര്യതയ്‌ക്ക്‌ ഭംഗം വരുന്ന സമയമാണിത്‌. സാധാരണ ശിവരാത്രി ദിനത്തിലാണ്‌ അഗസ്‌ത്യാര്‍കൂട പ്രവേശനം അവസാനിക്കുക.

ഇത്തവണത്തെ അഗസ്‌ത്യാര്‍കൂട പ്രവേശനത്തോടനുബന്ധിച്ച്‌ ഉയര്‍ന്നുവന്നത്‌ പുതിയൊരു വിവാദമാണ്‌. ശിവരാത്രിയോടനുബന്ധിച്ച്‌ അഗസ്‌ത്യാര്‍കൂടത്തിലേക്ക്‌ രണ്ടായിരം സന്യാസിമാരെ കൊണ്ടുപോകാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്‌ ഒരു വ്യക്‌തി രംഗത്തെത്തി. വനംവകുപ്പ്‌ അതിനെ എതിര്‍ക്കുകയും ചെയ്‌തു. ഹൈക്കോടതി വരെയെത്തിയ തര്‍ക്കം ഒടുവില്‍ വനംവകുപ്പിന്‌ അനുകൂലമായി തീര്‍ന്നിരിക്കുകയാണ്‌.

വനത്തിലേക്കും പാരിസ്‌ഥിതിക പ്രാധാന്യമുള്ള സ്‌ഥലങ്ങളിലേക്കും വിശ്വാസത്തിന്റെ പേരില്‍ കടന്നുകയറ്റം നടത്തുന്നത്‌ ഒരുകാരണവശാലും അനുവദിച്ചുകൂടാ. അഗസ്‌ത്യാര്‍കൂടത്തിന്‌ ഏറെ അകലെയല്ലാതെ ബോണക്കാട്ട്‌ കൊടുംവനത്തില്‍ കുരിശു സ്‌ഥാപിച്ചതിന്റെ വിവാദ അലയൊലികള്‍ അടുത്തിടെ ക്രമസമാധാനത്തെ തന്നെ തകര്‍ക്കും വിധം രൂക്ഷമായത്‌ കേരളം കണ്ടതാണ്‌. അതിനു പിന്നാലെയാണ്‌ അഗസ്‌ത്യാര്‍കൂടത്തില്‍ സമാനതന്ത്രം നടപ്പാക്കാനുള്ള ശ്രമം നടന്നത്‌ എന്നതു ശ്രദ്ധേയം. ഇതുവരെയില്ലാത്ത ഒരു കാര്യം അനുവദിക്കപ്പെട്ടാല്‍ അത്‌ കീഴ്‌വഴക്കമായിത്തീരും. പാരിസ്‌ഥിതികമായി പ്രാധാന്യമുള്ള ഒരു സ്‌ഥലത്തും വിശ്വാസത്തിന്റെ പേരിലുള്ള പുതിയ കടന്നുകയറ്റങ്ങള്‍ അനുവദിക്കാനേ പാടില്ല. അത്തരം ശ്രമങ്ങളെ കര്‍ശനമായി തടഞ്ഞില്ലെങ്കില്‍ കേരളത്തില്‍ അവശേഷിക്കുന്ന, നാടിന്‌ അഭിമാനമായ പല പച്ചത്തുരുത്തുകളും അന്യാധീനപ്പെട്ടു പോകും. ഇത്തരം കന്യാവനങ്ങളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ആരാധനാലയങ്ങളെ വിശ്വാസതീവ്രത കത്തിച്ചു പടര്‍ത്തി ആ പ്രദേശം മുഴുവന്‍ സ്‌ഥാപിത താല്‍പര്യക്കാര്‍ വളഞ്ഞെടുത്തിട്ടുള്ള അനേകം ഉദാഹരണങ്ങള്‍ കേരളത്തില്‍ കാണാന്‍കഴിയും. അവയുടെ പട്ടികയിലേക്ക്‌ ബോണക്കാടും അഗസ്‌ത്യാര്‍കൂടവുമൊന്നും ഇടം പിടിച്ചുകൂടാ.

നിയമപരമായി തടസ്സങ്ങള്‍ വന്നാല്‍ അതിനെ നേരിടാന്‍ പ്രവണതയുണ്ടാവുക സ്വാഭാവികമാണ്‌. വിശ്വാസത്തിന്റെ പുകമറയുണ്ടെങ്കില്‍ പ്രത്യേകിച്ചും. അതിനാല്‍ അഗസ്‌ത്യാര്‍കൂടത്തിന്റെ കാര്യത്തില്‍ അധികൃതര്‍ കര്‍ശന മുന്നൊരുക്കവും സുരക്ഷയും ഏര്‍പെടുത്തിയേ മതിയാവൂ. അഗസ്‌ത്യാര്‍കൂടത്തിലേക്ക്‌ ബോണക്കാട്ടുനിന്നു മാത്രമല്ല, വേറെ കാട്ടുവഴികളിലൂടെയും കടന്നു വരാന്‍ സാധിക്കും. നേരേ അതിരുമലയിലേക്കു വരാനും കാട്ടുപാതകളുണ്ട്‌. അവിടെയൊക്കെ കാവല്‍ ഏര്‍പ്പെടുത്താനും ശ്രദ്ധിക്കണം. പതിറ്റാണ്ടുകളായി അഗസ്‌ത്യമലയിലെ ആദിവാസികള്‍ അഗസ്‌ത്യാര്‍കൂടത്തില്‍ പൂജയും പ്രാര്‍ഥനയും നടത്തുന്നുണ്ട്‌. അത്‌ ഇനിയും അഭംഗുരം തുടരട്ടെ. പുറത്തുനിന്നുള്ള കടന്നുകയറ്റങ്ങള്‍ ആ വനകോവിലിന്റെ പവിത്രത നശിപ്പിക്കാതിരിക്കട്ടെ.

Ads by Google
Tuesday 13 Feb 2018 02.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW