Tuesday, May 22, 2018 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
വി.എ. ഗിരീഷ്‌
Tuesday 13 Feb 2018 02.17 AM

കെ.എസ്‌.ഇ.ബിയിലും പെന്‍ഷന്‍ ചോദ്യചിഹ്നം

uploads/news/2018/02/191893/kseb0130218.jpg

പെന്‍ഷന്‍ വിതരണം നിലച്ചതോടെ പ്രതിസന്ധിയിലായ കെ.എസ്‌.ആര്‍.ടി.സിയുടെ അവസ്‌ഥയിലേക്ക്‌ സംസ്‌ഥാന വൈദ്യുതി ബോര്‍ഡും വഴുതിവീഴാന്‍ അധികനാള്‍ വേണ്ടിവരില്ല. സംസ്‌ഥാനത്തെ വൈദ്യുതി ഉല്‍പ്പാദനം, പ്രസരണം, വിതരണം എന്നിവയ്‌ക്കായി 1948 ലെ ഇലക്‌ട്രിസിറ്റി ആക്‌ട്‌ സെക്ഷന്‍ 5 അനുസരിച്ച്‌ 1957 ഏപ്രില്‍ ഒന്നിനാണ്‌ കെ.എസ്‌.ഇ.ബി. സ്‌ഥാപിക്കപ്പെട്ടത്‌. വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യതകളെല്ലാം ദൈനംദിന വരുമാനത്തില്‍നിന്നാണ്‌ ബോര്‍ഡ്‌ നല്‍കിയിരുന്നത്‌. എന്നാല്‍ 2013 ഒക്‌ടോബര്‍ 31 നു സംസ്‌ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്‌ഞാപനം അനുസരിച്ച്‌ വൈദ്യുത ബോര്‍ഡ്‌ കെ.എസ്‌.ഇ.ബി. ലിമിറ്റഡ്‌ എന്ന പുതിയ കമ്പനിയായി മാറി. ഇതേ വിജ്‌ഞാപനം അനുസരിച്ച്‌ പെന്‍ഷന്‍ നല്‍കുന്നതിനായി ഒരു പുതിയ പദ്ധതിയും കൊണ്ടുവന്നു.

ഇതനുസരിച്ച്‌ ഭാവിയിലെ പെന്‍ഷന്‍ ബാധ്യതകള്‍ കൂടി ഏറ്റെടുക്കാനായി ഒരു മാസ്‌റ്റര്‍ ട്രസ്‌റ്റ്‌ രൂപീകരിക്കാന്‍ തീരുമാനിച്ചു. ജീവനക്കാരുടെ സംഘടനകളും സര്‍ക്കാരും കെ.എസ്‌.ഇ.ബിയും ഒപ്പിട്ട ത്രികക്ഷി കരാറിലും ഇക്കാര്യം വ്യക്‌തമാക്കിയിരുന്നു. 2013 ഏപ്രില്‍ ഒന്നിന്‌ ശേഷം നിയമനം ലഭിച്ചവരെ ഈ പെന്‍ഷന്‍ പദ്ധതിയിലേക്കു മാറ്റി. ഇത്തരത്തില്‍ നിയമനം ലഭിച്ചവര്‍ ഏകദേശം 5,000 പേരുണ്ട്‌. പഴയ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ 31,000പേര്‍ വരും. ഇവരുടെ മുഴുവന്‍ പെന്‍ഷന്‍ ബാധ്യത മാസ്‌റ്റര്‍ ട്രസ്‌റ്റിനു കീഴിലാക്കി.

സ്‌ഥാപനത്തിന്റെ ചെലവു കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണു പെന്‍ഷന്‍ ട്രസ്‌റ്റിനു കീഴിലാക്കിയത്‌. 2013 ല്‍ പെന്‍ഷന്‍ ബാധ്യത 12,418 കോടി രൂപയായിട്ടാണ്‌ നിശ്‌ചയിച്ചിരുന്നത്‌. എന്നാല്‍ 2008 മുതല്‍ 2013 വരെ വിരമിച്ച ജീവനക്കാെരക്കൂടി കണക്കിലെടുത്താല്‍ ഇത്‌ 16,150 കോടിയായി വര്‍ധിക്കും. പെന്‍ഷന്‍ ഫണ്ടില്‍ സംസ്‌ഥാന സര്‍ക്കാരിന്റെ വിഹിതം 5,861 കോടി രൂപയാണ്‌. ബോര്‍ഡ്‌ സര്‍ക്കാരിന്‌ നികുതി ഇനത്തില്‍ വര്‍ഷം തോറും നല്‍കേണ്ട തുക സര്‍ക്കാര്‍ വിഹിതമായി പെന്‍ഷന്‍ ഫണ്ടിലേക്കു നല്‍കാനാണ്‌ തീരുമാനിച്ചിരുന്നത്‌. ട്രസ്‌റ്റിനു വേണ്ടി രണ്ടു ബോണ്ടുകള്‍ കെ.എസ്‌.ഇ.ബി. ലിമിറ്റഡ്‌ പുറത്തിറക്കും.

20 വര്‍ഷത്തെ ഒരു ബോണ്ടും 10 വര്‍ഷത്തെ മറ്റൊരു ബോണ്ടുമാണ്‌ പുറത്തിറക്കുക. 2012-13 മുതല്‍ സംസ്‌ഥാന ബജറ്റുകളില്‍ 52.4 കോടി രൂപ സര്‍ക്കാര്‍ നീക്കിവയ്‌ക്കുന്നുണ്ട്‌. വാട്ടര്‍ അതോറിറ്റി നല്‍കേണ്ട കുടിശികയായിട്ടായിരിക്കും ബജറ്റ്‌ വിഹിതമായി നല്‍കുക. എന്നാല്‍ 2017 ഏപ്രില്‍ ഒന്നു വരെ പെന്‍ഷന്‍ ഫണ്ടിലേക്ക്‌ ഒരു രൂപ പോലും സര്‍ക്കാരോ കെ.എസ്‌.ഇ.ബിയോ നല്‍കിയിട്ടില്ല. മാസ്‌റ്റര്‍ ട്രസ്‌റ്റിന്റെ ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം ഒരിക്കല്‍ പോലും ചേര്‍ന്നിട്ടില്ല.

ബോര്‍ഡിന്റെ ദൈനംദിന വരുമാനത്തില്‍നിന്നുതന്നെയാണു തുടര്‍ന്നും പെന്‍ഷന്‍ നല്‍കിയിരുന്നത്‌. എന്നാല്‍, ഇങ്ങനെ പെന്‍ഷന്‍ നല്‍കുന്നതിനെതിരേ2017 ഏപ്രില്‍ 17ന്‌ റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവ്‌ പുറപ്പെടുവിച്ചു. പെന്‍ഷന്‍ നല്‍കാനായി രൂപീകരിച്ച മാസ്‌റ്റര്‍ ഫണ്ടില്‍നിന്നും മാത്രമേ പെന്‍ഷന്‍ നല്‍കാവൂ എന്നായിരുന്നു കമ്മിഷന്റെ ഉത്തരവ്‌. ദൈനംദിന വരുമാനത്തില്‍നിന്നും പെന്‍ഷന്‍ നല്‍കിയാല്‍ അതു ചെലവായി അംഗീകരിക്കില്ലെന്നും കമ്മിഷന്‍ വ്യക്‌തമാക്കി. 2003 കേന്ദ്ര വൈദ്യുതി നിയമപ്രകാരം സംസ്‌ഥാന റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിക്കുന്ന കണക്കുകള്‍ക്ക്‌ മാത്രമാണ്‌ നിയമപ്രബാല്യമുള്ളത്‌. അതിനാല്‍ ദൈനംദിന വരവില്‍നിന്ന്‌ പെന്‍ഷന്‍ നല്‍കുന്നത്‌ കമ്മിഷന്‍ വിലക്കിയിട്ടുള്ളതിനാല്‍ മാസ്‌റ്റര്‍ ട്രസ്‌റ്റ്‌ മാത്രമാണ്‌ ബോര്‍ഡിന്‌ ആശ്രയം. ഇതില്‍ പണമില്ലാതെ വന്നതോടെ പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലായി.

2013ല്‍ പെന്‍ഷന്‍ പദ്ധതി ആരംഭിക്കുമ്പോള്‍ 2014-15 ല്‍ ചെലവാകുന്നത്‌ 963.77 കോടിയും 2015-16 ല്‍ 1004.05 കോടിയുമായാണ്‌ കണക്കാക്കിയിരുന്നത്‌. ഓരോ വര്‍ഷവും പെന്‍ഷന്‍ നല്‍കേണ്ട തുക വര്‍ധിക്കും. 2016-17 വര്‍ഷത്തേക്കുള്ള ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ പ്രകാരം സംസ്‌ഥാന വൈദ്യുതി ബോര്‍ഡിന്റെ സഞ്ചിത നഷ്‌ടം 1,877 കോടി രൂപയാണ്‌. പെന്‍ഷന്‍ ഫണ്ടിലേക്ക്‌ കെ.എസ്‌.ഇ.ബി. തുക മാറ്റിവെച്ചില്ലെങ്കില്‍ കെ.എസ്‌.ആര്‍.ടി.സിയുടെ അവസ്‌ഥയാവും കെ.എസ്‌.ഇ.ബിയുടേത്‌. വര്‍ഷം തോറും പെന്‍ഷന്‍ തുകയ്‌ക്കായി 840 കോടിയിലധികം തുകയാണ്‌ കെ.എസ്‌.ഇ.ബിക്ക്‌ ചെലവിടേണ്ടി വരുന്നത്‌. 2015-16 പെന്‍ഷന്‍ ബാധ്യത 1207 കോടിയായി ഉയരുകയും ചെയ്‌തിട്ടുണ്ട്‌.

ഇതിനെ മറികടക്കാന്‍ ബോണ്ട്‌ പുറപ്പെടുവിക്കുക മാത്രമാണ്‌ പോംവഴി. ഇതിന്റെ പലിശ മാസ്‌റ്റര്‍ ട്രസ്‌റ്റിലേക്ക്‌ മാറ്റും. ഇതിനുള്ള നീക്കങ്ങള്‍ വൈദ്യുതി ബോര്‍ഡ്‌ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ മാസ്‌റ്റര്‍ ട്രസ്‌റ്റ്‌ നിലവില്‍ വന്നുവെന്ന്‌ വ്യക്‌തമാക്കിയ 2103 മുതല്‍ 2017 വരെ നാലു വര്‍ഷക്കാലം പെന്‍ഷന്‍ നല്‍കിയത്‌ ദൈനംദിന വരവില്‍ നിന്നാണ്‌. ഇതു കമ്മിഷന്‍ അംഗീകരിച്ചില്ലെങ്കില്‍ പെന്‍ഷനായി ചെലവാക്കിയ 3,000 കോടി രൂപ ബോര്‍ഡിന്റെ നഷ്‌ടമായി കണക്കാക്കേണ്ടി വരും. ഇത്‌ എങ്ങനെ പരിഹരിക്കുമെന്നതാണ്‌ ബോര്‍ഡിന്റെ മുന്നിലുള്ള ഏറ്റവും വലിയ ചോദ്യം.

Ads by Google
വി.എ. ഗിരീഷ്‌
Tuesday 13 Feb 2018 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW