Tuesday, February 19, 2019 Last Updated 15 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 02.17 AM

പരസ്‌പരം 'ശരിയാക്കി' കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍

uploads/news/2018/02/191892/bft3.jpg

സി.പി.എം- സി.പി.ഐ. സമ്മേളന വേദികളിലെ ചര്‍ച്ചകളില്‍ നിറയുന്നതു പരസ്‌പരമുള്ള വിഴുപ്പലക്കല്‍. ഇരുപാര്‍ട്ടികളുടെയും ജില്ലാ സമ്മേളനങ്ങളിലാണു മുന്നണി രാഷ്‌ട്രീയത്തിലെ പ്രശ്‌നങ്ങളെച്ചൊല്ലിയുള്ള ഏറ്റുമുട്ടല്‍ കൊഴുക്കുന്നത്‌. സ്വരച്ചേര്‍ച്ചയില്ലായ്‌മ ഭരണതലത്തില്‍പ്പോലും പ്രതിഫലിക്കുന്നതിനിടെയാണ്‌ പാര്‍ട്ടിസമ്മേളനങ്ങളിലെയും കൊമ്പുകോര്‍ക്കല്‍.
മുന്‍കാലങ്ങളിലേതിനു സമാനമായി സി.പി.എമ്മിന്റെ വല്യേട്ടന്‍ മനോഭാവമാണ്‌ സി.പി.ഐയെ നോവിക്കുന്നത്‌. മുന്നണിമര്യാദയുടെ ലംഘനത്തിന്റെ പേരിലാണു സി.പി.എം. വിമര്‍ശനം. ജില്ലാ സമ്മേളനങ്ങളിലെല്ലാം മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ഇക്കാര്യം സൂചിപ്പിച്ചു. മുന്നണിമര്യാദ ഒരു പാര്‍ട്ടിയുടെ മാത്രം ബാധ്യതയല്ലെന്നായിരുന്നു സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ തിരിച്ചടി.
തങ്ങളുടെകൂടി വോട്ട്‌ നേടി വിജയിച്ചെത്തിയവര്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതിനെതിരേ സി.പി.എം. സമ്മേളനങ്ങളില്‍ അംഗങ്ങള്‍ രോഷം പ്രകടിപ്പിച്ചു. സി.പി.ഐ. ആളില്ലാപ്പാര്‍ട്ടിയാണെന്നും മനഃപൂര്‍വം വിവാദമുണ്ടാക്കി ഊര്‍ജം കണ്ടെത്താനാണു ശ്രമിക്കുന്നതെന്നുമായിരുന്നു തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സി.പി.എം. കുറ്റപ്പെടുത്തല്‍. തീരുമാനമെടുക്കുന്നതിലെ സി.പി.എമ്മിന്റെ ഏകാധിപത്യപ്രവണത ചൂണ്ടിക്കാട്ടിയായിരുന്നു തിരുവനന്തപുരത്ത്‌ സി.പി.ഐ. പ്രതിരോധം തീര്‍ത്തത്‌. കേരളാ കോണ്‍ഗ്രസി (എ) നെ ഇടതുമുന്നണിയിലെടുക്കാനുള്ള ശ്രമങ്ങളോടും രൂക്ഷഭാഷയിലായിരുന്നു സി.പി.ഐയുടെ പ്രതികരണം. സി.പി.എമ്മിനെതിരേ നിലപാട്‌ സ്വീകരിച്ച വിഷയങ്ങളില്‍ പൊതു സമൂഹത്തിന്റെ അംഗീകാരം ലഭിക്കുന്നത്‌ നിലപാടുകള്‍ ശരിയായതുകൊണ്ടാണെന്നു സമ്മേളനങ്ങളില്‍ സി.പി.ഐ. നേതൃത്വം വിശദീകരിച്ചു.
തോമസ്‌ ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍നിന്നു വിട്ടുനിന്ന സി.പി.ഐ. നിലപാടിനെതിരേ സി.പി.എം. സമ്മേളനവേദികളില്‍ കടുത്ത വിമര്‍ശനമാണ്‌ ഉയര്‍ന്നത്‌. അസാധാരണ നടപടി എന്ന മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിനോട്‌ അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടി എന്നു സി.പി.ഐയുടെ മറുപടി മുന്നണിയില്‍ സൃഷ്‌ടിച്ച കോലാഹലത്തെച്ചൊല്ലിയായിരുന്നു വിമര്‍ശനം.
മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം പോലും ചോദ്യംചെയ്പ്പെട്ട സാഹയചര്യത്തില്‍ സി.പി.ഐയെ ചുമക്കേണ്ടതില്ലെന്ന രീതിയില്‍ പ്രതിനിധികള്‍ രോഷം കൊണ്ടു. കാനം രാജേന്ദ്രനു കണ്ണ്‌ മുഖ്യമന്ത്രിപദത്തിലാണെന്നായിരുന്നു പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികളില്‍ ചിലരുടെ നിരീക്ഷണം. പ്രതിപക്ഷ ധര്‍മം നിറവേറ്റുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന സി.പി.ഐക്കാരെ ഭാവിയില്‍ ജയിപ്പിക്കണോ എന്ന വിഷയത്തിലും പത്തനംതിട്ടയില്‍ ചര്‍ച്ചയുണ്ടായി. ഒറ്റക്കെട്ടായി സി.പി.ഐ.യെ താക്കീതു ചെയ്യുന്ന രീതിയിലായിരുന്നു കൊല്ലം ജില്ലാ സമ്മേളനം. സി.പി.ഐ. ഇടുക്കി ജില്ലാ സമ്മേളനത്തില്‍ വൈദ്യുതിമന്ത്രി എം.എം. മണിയെ ലക്ഷ്യമിട്ടായിരുന്നു രൂക്ഷ വിമര്‍ശനം.
കണ്ണൂരില്‍ സി.പി.എം. പ്രതിസ്‌ഥാനത്ത്‌ നില്‍ക്കുന്ന അക്രമ രാഷ്‌ട്രീയത്തിന്‌ അറുതി വരുത്തണമെന്നായിരുന്നു സി.പി.ഐ. ആഹ്വാനം. ജില്ലയിലെ സായുധ സംഘട്ടനങ്ങളും കൊലപാതകങ്ങളും രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണെന്നു സി.പി.ഐ. കരുതുന്നില്ല. മുന്നണിയുടെ പ്രഖ്യാപിത നയത്തെ വെല്ലുവിളിക്കുന്നതാണ്‌ അക്രമങ്ങളെന്നു വ്യക്‌തമാക്കിയ സമ്മേളനം അംഗീകരിച്ച രാഷ്‌ട്രീയ പ്രമേയത്തിലും സി.പി.എമ്മിനെ പേരെടുത്തു വിമര്‍ശിച്ചു. പാര്‍ട്ടി ഗ്രാമങ്ങളിലൂടെ കണ്ണൂരിന്റെ ചില പ്രദേശങ്ങളെ ഉത്തരേന്ത്യയെ അനുസ്‌മരിപ്പിക്കുകയാണു സി.പി.എം. ചെയ്യുന്നതെന്നും വിമര്‍ശനമുണ്ടായി.
"വയല്‍ക്കിളികള്‍" നടത്തിയ സമരത്തിന്‌ പ്രത്യക്ഷ പിന്തുണ നല്‍കിയ സി.പി.ഐ. നിലപാടിനെ കടന്നാക്രമിച്ചാണ്‌ സി.പി.എം. കണ്ണൂര്‍ ജില്ലാ സമ്മേളനം സമാപിച്ചത്‌. ഇതിനു മറുപടിയായി നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമത്തെ ദുര്‍ബലമാക്കാന്‍ അനുവദിക്കില്ലെന്ന്‌ സി.പി.ഐ. ജില്ലാ സമ്മേളനം നിലപാട്‌ ആവര്‍ത്തിച്ചു.
ആളില്ലാ പാര്‍ട്ടിയെന്ന കോട്ടയത്തെ സി.പി.എം. വിമര്‍ശനത്തിന്‌ സി.പി.ഐയുടെ വളര്‍ച്ച കാണാത്തവര്‍ നല്ല നേത്രരോഗ വിദഗ്‌ധനെ കാണണമെന്നാണ്‌ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തിരിച്ചടിച്ചത്‌. ജില്ലയില്‍ സി.പി.ഐയെക്കാള്‍ ബി.ജെ.പി വളര്‍ന്നതായാണ്‌ സി.പി.എം ജില്ലാ സമ്മേളനം വിലയിരുത്തിയത്‌. ശരീരഭാഷയും ധാര്‍ഷ്‌ട്യവും ചൂണ്ടിക്കാട്ടി എറണാകുളത്ത്‌ എം. സ്വരാജ്‌ എം.എല്‍.എയെ സി.പി.ഐ. കടന്നാക്രമിച്ചു. സി.പി.എം. വിട്ടുവരുന്നവരെ സി.പി.ഐ സ്വീകരിക്കുന്നതു സംബന്ധിച്ചാണ്‌ കാസര്‍ഗോട്ട്‌ പ്രധാന അഭിപ്രായ ഭിന്നത. വെടിയേറ്റുമരിച്ച മാവോയിസ്‌റ്റ്‌ നേതാക്കള്‍ക്ക്‌ അനുശോചനം അറിയിച്ച്‌ എല്ലാ ജില്ലാ സമ്മേളനങ്ങളിലും ഈ വിഷയത്തില്‍ സര്‍ക്കാരിനോടുള്ള പരസ്യമായ നിലപാട്‌ സി.പി.ഐ. പ്രകടിപ്പിക്കുകയും ചെയ്‌തു.

Ads by Google
Tuesday 13 Feb 2018 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW