തിരുവനന്തപുരം : സംസ്ഥാന വിജിലന്‍സിനു സ്വതന്ത്ര ഡയറക്ടറില്ലെന്ന വിമര്‍ശനങ്ങള്‍ക്കു വിരാമം. ഉയര്‍ന്നുകേട്ട പേരുകളെല്ലാം അവസാനനിമിഷം വെട്ടി, ഡി.ജി.പി: ഡോ. നിര്‍മല്‍ ചന്ദ്ര അസ്താനയെ വിജിലന്‍സ് ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ ഡല്‍ഹിയിലെ കേരളാഹൗസില്‍ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയാണ് അസ്താന.
മന്ത്രിസഭായോഗത്തിനു തൊട്ടുമുമ്പാണ് അസ്താനയുടെ നിയമനകാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ജയില്‍മേധാവി ആര്. ശ്രീലേഖ, ദക്ഷിണമേഖലാ എ.ഡി.ജി.പി: അനില്‍കാന്ത് എന്നിവരില്‍ ഒരാളെ വിജിലന്‍സ് തലവനായി നിയമിക്കാനായിരുന്നു ആദ്യആലോചന.
മുതിര്‍ന്ന ഡി.ജി.പിയെത്തന്നെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കുന്നതാകും ഉചിതമെന്നു ചീഫ് സെക്രട്ടറി പോള്‍ ആന്റണി നല്കിയ ഉപദേശം മുഖ്യമന്ത്രി പിണറായി വിജയന് ശരിവയ്ക്കുകയായിരുന്നു. തുടര്‍ന്ന്, ഡല്‍ഹിയിലുള്ള അസ്താനയുമായി ചീഫ് സെക്രട്ടറി ഫോണില്‍ സംസാരിച്ചശേഷമാണ് അന്തിമതീരുമാനത്തിലെത്തിയത്. എന്നാല്‍, കേരളാഹൗസ് ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയുടെ അധികച്ചുമതല അദ്ദേഹം തുടര്‍ന്നും വഹിക്കും. ഫലത്തില്‍ പുതിയ വിജിലന്‍സ് ഡയറക്ടറുടെ ആസ്ഥാനം ഡല്‍ഹിയായിരിക്കും. അദ്ദേഹത്തിന്റെ ഉറ്റബന്ധുവിന്റെ രോഗം കണക്കിലെടുത്താണ് ഈ തീരുമാനം.
അസ്താനയെ സഹായിക്കാന്‍ വിജിലന്‍സ് അഡീഷണല്‍ ഡയറക്ടറായി ദക്ഷിണമേഖലാ എ.ഡി.ജി.പി: അനില്‍കാന്തിനെ നിയമിക്കും. ദക്ഷിണമേഖലയുടെ ചുമതല എ.ഡി.ജി.പി: ഷേക്ക് ദര്‍വേഷ് സാഹിബിനു നല്‍കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇതുവരെ വിജിലന്‍സ് മേധാവിയായും പ്രവര്‍ത്തിച്ചിരുന്നത്. വിജിലന്‍സിനു സ്വതന്ത്രചുമതലയുള്ള ഡയറക്ടറെ നിയമിക്കാത്തതു സര്‍ക്കാരിനെതിരേ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
മികച്ച പ്രതിഛായയുള്ള അസ്താനയെ വിജിലന്‍സ് തലപ്പത്തേക്കു മുമ്പും സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. എന്നാല്‍, വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹം ഒഴിഞ്ഞുമാറി. അടുത്തബന്ധുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടു ഡല്‍ഹിയില്‍ തങ്ങണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
ബെഹ്റയുടെ ഇരട്ടപ്പദവി ചട്ടവിരുദ്ധമാണെന്നു കേന്ദ്ര പഴ്സണല്‍ മന്ത്രാലയം വ്യക്തമാക്കുകയും സ്ഥിരം വിജിലന്‍സ് ഡയറക്ടറെ നിയമിക്കണമെന്നു ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു. 15-നകം പുതിയ വിജിലന്‍സ് ഡയറക്ടറെ നിയമിക്കുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. ജൂനിയര്‍ ഡി.ജി.പിമാരെ നിയോഗിക്കുന്നതു വീണ്ടും വിമര്‍ശനം ക്ഷണിച്ചുവരുത്തുമെന്നു സര്‍ക്കാരിനു റിപ്പോര്‍ട്ട് ലഭിച്ചതും അസ്താനയ്ക്ക് അനുകൂലഘടകമായി.
മതതീവ്രവാദികളുടെ ഹിറ്റ്ലിസ്റ്റില്; ആണവോര്‍ജത്തില്‍ ഡോക്ടറേറ്റ്
തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സ് ഡയറക്ടറായി നിയമിക്കപ്പെട്ട ഡി.ജി.പി: ഡോ. നിര്‍മല്‍ ചന്ദ്ര അസ്താന മതതീവ്രവാദ സംഘടനകളുടെ നോട്ടപ്പുള്ളി. സെഡ്പ്ലസ് വിഭാഗത്തിലുള്ള സുരക്ഷയാണു കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ആണവോര്‍ജത്തില്‍ ഡോക്ടറേറ്റ് നേടിയ അസ്താന കൗണ്ടര്‍ ഇന്റലിജന്‍സിന്റെ ഉപജ്ഞാതാവ് കൂടിയാണ്. 1986 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് 2019 നവംബര്‍ 30 വരെ സേവനകാലാവധിയുണ്ട്. സി.ആര്.പി.എഫില്‍ ഐ.ജിയായും എ.ഡി.ജിയായും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ സ്പെഷല്‍ അസിസ്റ്റന്റ് സെക്രട്ടറിയായും ജോലിചെയ്തു. കശ്മീരിലെ രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശം വിവാദമാവുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതേക്കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
കേരളത്തില്‍ ഡി.ജി.പിമാരുടെ രണ്ടു കേഡര്‍ തസ്തികകളും രണ്ട് എക്സ്കേഡര്‍ തസ്തികകളുമാണു കേന്ദ്രം അംഗീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ സസ്പെന്‍ഷനിലുള്ള വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസാണു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു പുറമേ കേഡര്‍ തസ്തികയിലുള്ള മറ്റൊരാള്‍. ഋഷിരാജ് സിങ്ങും അസ്താനയുമാണ് എക്സ്കേഡര്‍ ഡി.ജി.പിമാര്‍. ഇവര്‍ക്കു പുറമേ ആറ് എ.ഡി.ജി.പിമാരെക്കൂടി ഡി.ജി.പി. പദവിയിലേക്ക് ഉയര്‍ത്തിയെങ്കിലും കേന്ദ്രം അംഗീകരിച്ചിട്ടില്ല.
കഴിഞ്ഞ ഏപ്രിലില്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ടി.പി. സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിയായപ്പോഴാണു ബെഹ്റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത്. സെന്‍കുമാര്‍ വിരമിച്ചശേഷം ബെഹ്റയെ വീണ്ടും പോലീസ് മേധാവിയാക്കി. ഒപ്പം വിജിലന്‍സ് ഡയറക്ടറുടെ അധികച്ചുമതലയും നല്കി. പിന്നീട് പൂര്‍ണചുമതല നല്കി.
വിജിലന്‍സ് ഡയറക്ടര്‍ തസ്തിക എ.ഡി.ജി.പി. റാങ്കിലേക്കു താഴ്ത്തണമെന്നാവശ്യപ്പെട്ടു സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിനു കത്തയച്ചിട്ടുണ്ട്. കേന്ദ്രമാതൃകയില്‍ സംസ്ഥാന വിജിലന്‍സ് കമ്മിഷന് രൂപീകരിക്കാനുള്ള നീക്കവും സജീവമാണ്. ഉത്തരമേഖലാ ഡി.ജി.പി: രാജേഷ് ദിവാനെ വിജിലന്‍സ് കമ്മിഷണറായി നിയമിക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്.