Thursday, January 24, 2019 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 12 Feb 2018 06.44 PM

ചെന്നൈയുടെ ദാവൂദ് ഇബ്രാഹിം, ക്വട്ടേഷന്‍ ഏറ്റെടുത്താല്‍ തലയുമായി മാത്രമേ ബിനു മടങ്ങൂ, തമിഴ്‌നാട്ടിലുള്ളത് 28 കേസുകള്‍, രണ്ട് വര്‍ഷമായി ഒളിവു ജീവിതത്തില്‍: ഗുണ്ടാ ബിനുവിനെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

uploads/news/2018/02/191710/binu.jpg

നാലു കൊലപാതകങ്ങളുള്‍പ്പെടെ ഒട്ടേറെ കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ് ഗുണ്ടാ ബിനു. തലവെട്ടി' എന്നാണ് ഗുണ്ടാ ബിനു അറിയപ്പെടുന്നത്. ക്വട്ടേഷന്‍ ഏറ്റെടുത്താല്‍ തലയുമായി മാത്രമേ ബിനു മടങ്ങൂ. റിയല്‍ എസ്റ്റേറ്റ് രംഗത്തടക്കം അടക്കിവാഴുന്ന ബിനു കോടികള്‍ സമ്പാദിച്ചിരുന്നു. ദാവൂദ് ഇബ്രാഹിം എന്നാണ് ചെന്നൈയില്‍ ബിനു അറിയപ്പെടുന്നത്. 28 കേസുകളാണ് തമിഴ്‌നാട്ടിലുള്ളത്. രണ്ട് വര്‍ഷമായി ഒളിവിലായിരുന്നു ജീവിതം. ചായക്കട ജോലിയായിരുന്നെങ്കിലും ബിനുവിന്റെ ചിന്ത എന്നും എപ്പോഴും കാശിനു പിന്നാലെയായിരുന്നു. ചൂളൈമേട്ടിലെ പ്രാദേശിക നേതാവിന്റെ ബോഡി ഗാര്‍ഡുകളില്‍ ഒരാളായി മാറി. തല്ലുകൊടുത്തും തിരിച്ചുവാങ്ങിയും വളരെപ്പെട്ടന്നു തന്നെ ഗുണ്ടാനേതാവായി മാറി. ഗുണ്ടകളെ വിളിച്ചുകൂട്ടി കൊടുവാളില്‍ കേക്കു മുറിച്ച് പിറന്നാള്‍ ആഘോഷിച്ച ബിനുവിന്റെ കഥയും ജീവിതവും സിനിമാക്കഥകളെപ്പോലും വെല്ലുന്നതാണ്.

തൃശൂര്‍ സ്വദേശിയായ ബിനുവിന്റെ കുടുംബം ജോലി തേടിയാണ് 1994ല്‍ ചെന്നൈയിലെത്തിയത്. അവിടെ നിന്നാണ് ബിനു ചൂളൈമേട്ടിലെ ചായക്കടയില്‍ സഹായിയാകുന്നത്. ഇപ്പോള്‍ ചെന്നൈ ചൂളൈമേട് വിനായകപുരം മൂര്‍ത്തി നഗറിലായിരുന്നു താമസം. അവിടെ നിന്നാണ് കേരളത്തിലേക്ക് മുങ്ങിയത്. രജനീകാന്ത് നായകനായ കബാലി സിനിമയുടെ ചുവടുപിടിച്ചാണ് ബിനു പിറന്നാള്‍ പാര്‍ട്ടി ഒരുക്കിയത്. അതിലേക്ക് എതിരാളി മണിക്കും പഴയ ചങ്ങാതി രാധാകൃഷ്ണനും ക്ഷണമുണ്ടായിരുന്നു. ഇരുവരെയും പാര്‍ട്ടിക്കിടയില്‍ വകവരുത്തുകയായിരുന്നു ബിനുവിന്റെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, ഇരുവരും പാര്‍ട്ടിയില്‍ പങ്കെടുത്തില്ല. പങ്കെടുത്ത ഗുണ്ടകളില്‍ പലര്‍ക്കും ബിനുവിനെ അറിയുകയുമില്ല. പിറന്നാള്‍ പാര്‍ട്ടിക്കു പണം ഒഴുക്കിയത് ഒരു പ്രാദേശിക നേതാവാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. ബിനുവിന് തമിഴ്‌നാട്ടില്‍ എത്താനുള്ള വാഹനസൗകര്യം ഉള്‍പ്പെടെയുള്ള സൗകര്യം ഈ നേതാവ് ഒരുക്കിയതായും അറിയുന്നു.

പൊലീസുകാര്‍ ബിനുവിനായി തമിഴ്‌നാട്ടില്‍ തിരച്ചില്‍ നടത്തുമ്പോള്‍ ബിനു മലയാള മണ്ണില്‍ വിലസി നടക്കുകയായിരുന്നു. ഇതിനിടെയാണ് തിരിച്ചുവരാനായി മോഹമുദിച്ചത്. തന്റെ സ്ഥാനം മറ്റു പലരും കൈയടക്കിയതറിഞ്ഞ് അവരെ ഒതുക്കാനുള്ള വിളംബരം കൂടിയായിരുന്നു പിറന്നാള്‍ ആഘോഷം. ബിനുവിന്റെ വലംകൈ ആയിരുന്ന രാധാകൃഷ്ണന്‍ എതിരാളിയായ മണിയുടെ സംഘത്തിലെത്തിയതും ഇരുവരും ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റിലൂടെ കോടികള്‍ സമ്പാദിച്ചതും ബിനു അറിഞ്ഞു. ഇതോടെയാണ് തിരിച്ചുവരവ് പ്രഖ്യാപിക്കാനും ആഘോഷിക്കാനും തീരുമാനിച്ചത്. ബിനുവിന്റെ 47-ാം പിറന്നാളാണ് ഗുണ്ടാ സംഗമ വേദിയായി മാറിയത്. ഇരുന്നൂറോളം ഗുണ്ടകളാണ് ഒത്തുകൂടിയത്. ബിരിയാണിയും കേക്കും ബിയറുമായി പൊടിപൊടിക്കുന്ന ആഘോഷമാണ് പദ്ധതിയിട്ടത്. വെടിക്കെട്ടിനും തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. രാത്രി ഒന്‍പത് മണിയോടെ ബൈക്കിലും കാറിലും എത്തിയ സംഘം ഒരു വര്‍ക്ക്‌ഷോപ്പ് കൈയടക്കി അതിനുള്ളിലാണ് പാര്‍ട്ടിക്ക് സൗകര്യം ഒരുക്കിയത്. വേദി അവര്‍ നേരത്തേ സ്വയം നിശ്ചയിച്ചിരുന്നു. ബൈക്കിലും കാറിലുമായെത്തിയ ഗുണ്ടകളെ കണ്ട് വര്‍ക്ക്‌ഷോപ്പ് ഉടമയും ജീവനക്കാരനും ഭയന്നു. ചോദ്യം ചെയ്യാനോ എതിര്‍ക്കാനോ കഴിയാതെ വിറച്ചു നിന്ന ഇവരെ പിന്നീട് പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.

റോസാപ്പൂവിന്റെ വലിയ ഹാരമണിയിച്ചാണ് ബിനുവിനെ സ്വീകരിച്ചത്. ബിയര്‍ കുപ്പികള്‍ പൊട്ടിച്ച് ഒഴിച്ച് വരവേറ്റു. കൂക്കുവിളിയും ബഹളവും കാരണം പരിസരവാസികള്‍ കതകടച്ച് വീട്ടിനുള്ളിലിരുപ്പായിരുന്നു. സഹായി കൈമാറിയ വടിവാളുകൊണ്ട് കേക്ക് മുറിച്ചു. ആഘോഷം മൂത്തതോടെയാണ് അപ്രതീക്ഷിതമായി പൊലീസ് രംഗത്തെത്തിയത്. വൈകിട്ട് ഏഴു മണി മുതല്‍ പൊലീസുകാര്‍ ഗുണ്ടാ സംഗമത്തിനായി കാത്തിരിക്കുകയായിരുന്നു. പിറന്നാളാഘോഷത്തിന് ഒരാഴ്ച മുന്‍പ് പൊലീസ് പട്രോളിംഗിനിടെ പിടിയിലായ ഗുണ്ട മദനാണ് ഗുണ്ടാസംഗമത്തെക്കുറിച്ച് പൊലീസിന് സൂചന നല്‍കിയത്. ബിനുവിന് വേണ്ടി നഗരത്തിലെ മുഴുവന്‍ ഗുണ്ടകളും ഒത്തുകൂടുമെന്നായിരുന്നു ഇയാള്‍ നല്‍കിയ വിവരം.

തൊട്ടടുത്ത സ്റ്റേഷനുകളിലേതുള്‍പ്പെടെ 50 പൊലീസുകാരാണ് ഓപ്പറേഷന്‍ ബര്‍ത്ത്‌ഡേയില്‍ പങ്കെടുത്തത്. ജനവാസ കേന്ദ്രങ്ങളില്‍ ഒളിച്ചിരുന്ന പലരെയും നാട്ടുകാരാണ് പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. അങ്ങനെയാണ് 73 പേര്‍ പിടിയിലായത്. അവരില്‍ ഭൂരിപക്ഷവും പല കേസുകളില്‍ പിടികിട്ടാപ്പുള്ളികളായിരുന്നു. ചൊവ്വാഴ്ച രാത്രിയില്‍ തുടങ്ങിയ റെയ്ഡ് ബുധനാഴ്ച രാവിലെ 9 മണി വരെ നീണ്ടു. പൊലീസ് ഇത്രയും ശക്തമായ വല വിരിച്ചിട്ടും തലവെട്ടി ബിനു കടന്നു കളഞ്ഞു. അടുത്ത അനുയായികളായ വിക്കിയും കനകരാജും ബിനുവിനൊപ്പം മുങ്ങി. ഇവരെ പിടികൂടാനായി ആന്ധ്രയിലും തെരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍, ബിനു ഒരു രാഷ്ട്രീയ നേതാവിന്റെ വീട്ടില്‍ അഭയം പ്രാപിച്ചിരിക്കുകയാണെന്നും അറിഞ്ഞിട്ടും പൊലീസ് മൗനം പാലിക്കുകയാണെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ഗുണ്ടകള്‍ പാര്‍ട്ടി നടത്തിയ പന്തലില്‍ നിന്നും പിടിച്ചെടുത്ത 60 മൊബൈല്‍ ഫോണുകളും പന്തലിന് അടുത്തുനിന്ന് 400 കിലോ രക്തചന്ദനവും പിടിച്ചെടുത്തിരുന്നു. എട്ടു കാറുകള്‍. 45 ബൈക്കുകള്‍, നിരവധി വടിവാളുകള്‍, കത്തികള്‍ എന്നിവയെല്ലാം പൊലീസ് പിടികൂടി. വര്‍ക്ക്‌ഷോപ്പിനു സമീപം സിനിമാസ്‌റ്റൈല്‍ ആക്ഷനായിരുന്നു പൊലീസും ഗുണ്ടകളും തമ്മിലുണ്ടായത്. ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ എ.കെ. വിശ്വനാഥനും ഡെപ്യൂട്ടി എസ്. സര്‍വേശുമായിരുന്നു ഓപ്പറേഷന്‍ ആസൂത്രണം ചെയ്തത്.

Ads by Google
Monday 12 Feb 2018 06.44 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW