Thursday, February 14, 2019 Last Updated 10 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 12 Feb 2018 03.52 PM

ടെന്നിസ് എല്‍ബോ കാരണങ്ങളും പരിഹാരങ്ങളും

''കൈമുട്ടിന് ഉണ്ടാകുന്ന വേദനയാണ് ടെന്നിസ് എല്‍ബോ എന്ന് ലളിതമായി പറയാം. കൈകള്‍കൊണ്ട് നിരന്തരം ആയാസപ്പെട്ട ജോലി ചെയ്യുന്ന ആര്‍ക്കും ടെന്നിസ് എല്‍ബോ ഉണ്ടാകാം. ബാറ്റ്‌വീശീ അടിക്കുന്നതുകൊണ്ട് ടെന്നിസ് കളിക്കാരില്‍ കൈമുട്ട് വേദന സാധാരണമായിരുന്നു''
uploads/news/2018/02/191692/tenesslebo120218.jpg

സ് പോര്‍ട്‌സ് ഇന്‍ജുറി വിഭാഗത്തിലാണ് ടെന്നിസ് എല്‍ബോ ഉള്‍പ്പെടുന്നതെങ്കിലും കായിക താരങ്ങള്‍ക്കു മാത്രം വരുന്ന ആരോഗ്യപ്രശ്‌നമാണിന് ഇതെന്ന് കരുതണ്ട. കൈമുട്ടിന് ഉണ്ടാകുന്ന വേദനയാണ് ടെന്നിസ് എല്‍ബോ എന്ന് ലളിതമായി പറയാം. കൈകള്‍കൊണ്ട് നിരന്തരം ആയാസപ്പെട്ട ജോലി ചെയ്യുന്ന ആര്‍ക്കും ടെന്നിസ് എല്‍ബോ ഉണ്ടാകാം.

ബാറ്റ്‌വീശീ അടിക്കുന്നതുകൊണ്ട് ടെന്നിസ് കളിക്കാരില്‍ കൈമുട്ട് വേദന സാധാരണമായിരുന്നു. അങ്ങനെ അവര്‍ക്ക് അനുഭവപ്പെട്ട കൈമുട്ടു വേദനയ്ക്ക് ടെന്നിസ് എല്‍ബോ എന്ന് വിളിപ്പേരുണ്ടായി എന്നുമാത്രം. ഇന്ന് ഈ കൈമുട്ടുവേദന സര്‍വസാധാരണമാണ്. 30 നും 50 നും ഇടയില്‍ പ്രായമുള്ളവരിലാണ് ഈ ബുദ്ധിമുട്ട് കൂടുതലായും കണ്ടുവരുന്നത്.

സച്ചിന്റെ പരിക്ക്


ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ഈ ആരോഗ്യപ്രശ്‌നം ഉണ്ടായതോടെയാണ് കൊച്ചു കുട്ടികള്‍ പോലും ടെന്നിസ് എല്‍ബോയെക്കുറിച്ച് അറിയാനും ചര്‍ച്ച ചെയ്യാനും തുടങ്ങിയത്.

സ്‌പോ ര്‍ട്‌സ് മെഡിസിന്‍ വിദഗ്ധരുടെയും ഒരു കൂട്ടം ഫിസിയോതെറാപ്പിസ്റ്റുകളുടെയും ചികിത്സയും പരിചരണവുമാണ് സച്ചിനെ ടെന്നിസ് എല്‍ബോയുടെ പിടിയില്‍ നിന്നും മോചിപ്പിച്ചതും വീണ്ടും കളിക്കളത്തില്‍ സജീവമാക്കിയതും. ഇതേക്കുറിച്ച് പിന്നീട് സച്ചിന്‍ മാധ്യമങ്ങളോട് മനസു തുറന്നു: ''ഞാന്‍ ഈ ചികിത്സാ രീതി സ്വീകരിച്ചിരുന്നുവെങ്കില്‍ എന്റെ ജീവിതത്തില്‍ വലിയ പരാജയങ്ങള്‍ ഉണ്ടായേനെ.

എന്നെ വീണ്ടും കളിക്കളത്തിലെത്തിക്കാനായി പരിശ്രമിച്ച ഡോക്ടര്‍മാര്‍ക്കും ഫിസിയോകള്‍ക്കും മറ്റ് പരിശീലകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. എനിക്ക് സംഭവിച്ച പരിക്കുകള്‍വച്ചു നോക്കുമ്പോള്‍ എന്നെ പൂര്‍ണ ആരോഗ്യവാനായി തിരികെ കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിഞ്ഞു എന്നത് എനിക്ക് ഇന്നും അത്ഭുതമാണ്.

നിങ്ങളുടെ പ്രത്യേക ശ്രദ്ധയും പരിചരണവും ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും ഒരിക്കലും സാധ്യമാകുമായിരുന്നില്ല. എന്റെ ആരോഗ്യം തിരിച്ചു തന്നതിന് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ല...''

എന്താണ് ടെന്നിസ് എല്‍ബോ


കൈമുട്ടിന്റെ പുറംഭാഗത്തുള്ള പേശീ - സ്‌നായുക്കള്‍ക്ക് അമിതമായ പ്രവര്‍ത്തനം മൂലം കൈമുട്ടില്‍ നീര്‍ക്കെട്ടും അസഹ്യമായ വേദനയും അനുഭവപ്പെടുന്നു. ഇതിനെ ടെന്നിസ് എല്‍ബോ എന്നുപറയുന്നു.

പ്രധാനമായും കായികതാരങ്ങള്‍, പ്ലംബിംഗ്, പെയിന്റിംഗ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, കാര്‍പെന്റര്‍മാര്‍, ഇലക്ട്രീഷന്മാര്‍, വീട്ടമ്മമാര്‍ എന്നിവരാണ് പ്രധാനമായും ഈ ആരോഗ്യപ്രശ്‌നം കണ്ടുവരുന്നത്. ഇരുചക്രവാഹനം ഓടിക്കുന്നവര്‍ ആക്‌സിലേറ്റര്‍ കൂട്ടുമ്പോഴും ചെറിയ ഭാരം എടുക്കുമ്പോഴും ഷേയ്ക്ക് ഹാന്‍ഡ് നല്‍കുമ്പോഴും കൈമുട്ടുവേദന രൂക്ഷമാകാറുണ്ട്.

കൈമുട്ടിനു വേദന തുടങ്ങി ക്രമേണ കൈകളുടെ പുറംഭാഗത്തേക്കുള്ള പേശികളിലേക്ക് വേദന പടര്‍ന്ന് കൈക്കുഴവരെ എത്തുന്നു. അസുഖം മൂര്‍ച്ഛിക്കുന്നതിനനുസരിച്ച് ചെറിയ സാധനങ്ങള്‍ വിരല്‍കൊണ്ടു എടുക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ എത്തിച്ചേരുന്നു. കൈമുട്ടുഭാഗം മൃദുവാകുകയും കൈമുട്ടില്‍ നിന്ന് കൈപ്പത്തിയിലേക്ക് തരിപ്പ് അല്ലെങ്കില്‍ മരവിപ്പ് വ്യാപിക്കുന്നു.

uploads/news/2018/02/191692/tenesslebo120218a.jpg

ടെന്നിസ് എല്‍ബോ തിരിച്ചറിയാം

1. രോഗിയുടെ കൈക്കുഴ താഴേക്ക് താഴ്ത്തി മെല്ലെ കൈപ്പത്തി നിവര്‍ത്തുന്നതിനെതിരായി ഫിസിയോതെറാപ്പിസ്റ്റ് ചെറിയ ബലം കൊടുക്കുമ്പോള്‍ കൈമുട്ടിനു അസഹ്യമായ വേദന അനുഭവപ്പെടുകയാണെങ്കില്‍ ടെന്നിസ് എല്‍ബോ ആണെന്ന് അനുമാനിക്കാം.

2. രക്തപരിശോധന

3. എല്ലിന് തേയ്മാനം ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ എക്‌സ് റേ പരിശോധന

4. കയ്യിലേക്കുള്ള ഞരമ്പിന് പരിക്കുപറ്റിയിട്ടുണ്ടോ എന്നറിയാന്‍ ഇഎംജി (ഇലക്‌ട്രോ മയോഗ്രാം) പരിശോധന.

5. കഴുത്തുവേദനയുണ്ടെങ്കില്‍, അതിന്റെ ഭാഗമായാണോ കൈമുട്ടു വേദന എന്നറിയാന്‍ എംആര്‍ഐ പരിശോധന.

ചികിത്സ


കൈയ്ക്ക് കൊടുക്കുന്ന വിശ്രമംതന്നെയാണ് ഏറ്റവും നല്ല ചികിത്സ. ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്ന് കഴിക്കുന്നതോടൊപ്പം ഫിസിയോതെറാപ്പിയും അത്യന്താപേക്ഷിതമാണ്. ഫിസിയോതെറാപ്പിസ്റ്റ് നിര്‍ദേശിക്കുന്ന രീതിയില്‍ ചെറിയ തോതിലുള്ള ഐസ് മസാജ് വീട്ടില്‍ ചെയ്യാവുന്നതാണ്.

ഫിസിയോതെറാപ്പി

1. അള്‍ട്രാസൗണ്ട് തെറാപ്പി:


0.5 മുതല്‍ 3.5 വരെ മെഗാവാര്‍ട്‌സ് അള്‍ട്രാ സൗണ്ട് തരംഗങ്ങളാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഈ തരംഗങ്ങള്‍ക്ക് അസ്ഥിയുടെ പ്രതലം വരെ ആഴ്ന്നിറങ്ങാന്‍ കഴിവുണ്ട്. സന്ധികളുടെയും പേശികളുടെയും മുറുക്കം കുറയ്ക്കുന്നു.

2. ടെന്‍സ്


ട്രാന്‍സ് ക്യൂട്ടേനിയസ് ഇലക്ട്രിക്കല്‍ നെര്‍വ് സ്റ്റിമുലേറ്റര്‍ എന്ന പൂര്‍ണ നാമത്തില്‍ അറിയപ്പെടുന്ന ഈ ഉപകരണത്തിലൂടെ ചെറിയ വൈദ്യുതി പ്രവഹിച്ച് ഞരമ്പിനെ ഉത്തേജിപ്പിച്ച് വേദന കുറയ്ക്കുന്നു. കൈപ്പത്തിയിലേക്കുള്ള പെരുപ്പും വേദനയും കുറയ്ക്കുന്നു.

3. ടെന്നിസ് എല്‍ബോ ബാന്‍ഡ്


സന്ധിയുടെയും പേശീ - സ്‌നായുക്കളുടെയും അമിതമായ ചലനം നിയന്ത്രിച്ച് നിര്‍ത്തുന്നതിന് ടെന്നിസ് എല്‍ബോബാന്‍ഡ് കെട്ടുവാന്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ രാത്രിയില്‍ അഴിച്ചുമാറ്റി വയ്‌ക്കേണ്ടതാണ്. രോഗത്തിന്റെ തീവ്രതയും വേദനയുടെ കാഠിന്യവും വിലയിരുത്തി രോഗിക്കുള്ള മറ്റ് അസുഖങ്ങളായ പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, മാനസിക സമ്മര്‍ദം എന്നിവയൊക്കെ പരിഗണിച്ചാണ് ഏതുതരം ചികിത്സാ ഉപകരണം വേണമെന്ന് ഫിസിയോതെറാപ്പിസ്റ്റ് തീരുമാനിക്കുന്നത്. മുകളില്‍ പറഞ്ഞ ചികിത്സയോടൊപ്പം വേദനകുറയുന്നതിന് അനുസരിച്ച് ഫിസിയോതെറാപ്പിസ്റ്റിന്റെ നിര്‍ദേശപ്രകാരം കൈമുട്ടിനും കൈക്കുഴയ്ക്കുമുള്ള ലഘു വ്യായാമങ്ങള്‍ ആരംഭിക്കാവുന്നതാണ്.

4. ടേപ്പിംഗ്


കൈമുട്ടിന്റെ പേശീ സ്‌നായ്ക്കളുടെ ചലനം വേണ്ടവിധത്തില്‍ ക്രമീകരിക്കുവാനും അത് നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് ടേപ്പിംഗ് ചെയ്യുന്നത്. ഇലാസ്റ്റിക് അഡ്‌ഹെസീവ് ബാന്‍ഡേജ്, കൊഹസീവ് ഇലാസ്റ്റിക് ബാന്‍ഡേജ് എന്നിവ വച്ചാണ് ടേപ്പിംഗ് ചെയ്യുന്നത്.

5. മാനുവല്‍ തെറാപ്പി


കൈമുട്ട്, പേശികളുടെ സോഫ്ട് ടിഷ്യൂസ് എന്നിവയുടെ ശരിയായ ചലനം ക്രമീകരിക്കുന്നതിനും വേദന, നീര്‍ക്കെട്ട് എന്നിവ കുറയ്ക്കുന്നതിനും വേണ്ടി പ്രായോഗിക പരിജ്ഞാനത്തോടു കൂടി കൈകള്‍ കൊണ്ടും വിരലുകള്‍ കൊണ്ടും ചെയ്യുന്ന ചികിത്സയാണിത്.
uploads/news/2018/02/191692/tenesslebo120218a1.jpg

1. സോഫ്ട് ടിഷ്യു മൊബിലൈസേഷന്‍
2. കണക്ടീവ് ടിഷ്യു ടെക്‌നിക്
3. മയോഫേഷല്‍ റിലീസ്
4. മൊബിലൈസേഷന്‍ ഒഫ് മ്യൂറല്‍ ടിഷ്യൂസ്
5. ട്രിഗര്‍ പോയിന്റ് റിലീസ്
6. ഫംങ്ഷണല്‍ ഇലക്ട്രിക് സ്റ്റിമുലേഷന്‍
7. ഇഷ്മീകിക് കംപ്രഷന്‍ ടെക്‌നിക്
8. സ്‌ട്രെയിന്‍ കൗണ്ടര്‍ സ്‌ട്രെയിന്‍
തുടങ്ങിയവയില്‍ ഏതു രീതിയാണ് രോഗിക്ക് ഫലപ്രദമെന്ന് തീരുമാനിക്കുന്നത് ഫിസിയോതെറാപ്പിസ്റ്റാണ്.

എക്‌സ്ട്രാ കോര്‍പ്പോറല്‍ ഷോക്‌വേവ് തെറാപ്പി


ഒസാട്രോണ്‍ ട്രീറ്റ്‌മെന്റ് എന്ന പേരിലും അറിയപ്പെടുന്ന ഈ നൂതന ചികിത്സാ സമ്പ്രദായം വിദേശരാജ്യങ്ങളില്‍ വളരെയേറെ പ്രചാരം ലഭിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് മുമ്പ് പരീക്ഷണാര്‍ഥം ചികിത്സ നടത്തിയവരില്‍ 85 ശതമാനം പേര്‍ക്കും വേദന കുറഞ്ഞതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പാര്‍ശ്വഫലങ്ങള്‍ താരതമ്യേന കുറവായ ഈ ചികിത്സയ്ക്ക് ഭീമമായ ചെലവ് വേണ്ടിവരും.

ഓട്ടോലോഗസ് ബ്ലഡ് ഇന്‍ജക്ഷന്‍


രോഗിയുടെ തന്നെ രക്തം വളരെ കുറച്ച് കൈമുട്ടിന്റെ ഭാഗത്തേക്ക് ഇന്‍ജക്ട് ചെയ്യുന്നു. പുറംരാജ്യങ്ങളിലാണ് ഈ ചികിത്സ കൂടുതലും ചെയ്യുന്നത്.

ശസ്ത്രക്രിയ


ചുരുക്കം ചിലര്‍ക്ക് വേദനയ്ക്ക് ഒരു ശമനവും കിട്ടാതെ വരുമ്പോള്‍ ഓപ്പണ്‍ ഓര്‍ ആര്‍ത്രോസ്‌കോപിക് സര്‍ജറിക്ക് വിധേയരാകേണ്ടി വരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷവും കൈയ്ക്കും കൈമുട്ടിനും പേശികള്‍ക്കും പഴയരീതിയിലുള്ള ചലനം കിട്ടുവാന്‍ ഫിസിയോതെറാപ്പി വളരെ അത്യാവശ്യമാണ്.

വീട്ടില്‍ ചെയ്യേണ്ട ചില വ്യായാമങ്ങള്‍


1. കൈയുടെ പേശികള്‍ക്ക് ബലം കൂട്ടുവാനായി മഞ്ഞനിറത്തിലുള് ഫിംഗര്‍ എക്‌സര്‍സൈസ് ബോള്‍ ഉപയാഗിക്കുക.
2. വേദനയുള്ള കൈ മുന്നോട്ട് നീക്കി കൈകുഴ താഴേക്ക് ചിത്രത്തില്‍ കാണുന്നതുപോലെ ആവുന്ന കൈകൊണ്ട് പരമാവധി മടക്കുക. നിവര്‍ത്തുക.
3. നല്ല കട്ടിയുള്ള ഒരു റബര്‍ ബാന്‍ഡ് എടുത്ത് ചിത്രത്തില്‍ കാണുന്നതുപോലെ
4. രണ്ട് വിരലുകള്‍കൊണ്ട് ഇരുവശങ്ങളിലേക്കും വലിക്കുക. അത്തരത്തില്‍ 5 വിരലുകളും ചെയ്യുക
5. നഖങ്ങള്‍ക്കരുകിലായി 5 വിരലുകള്‍ക്കും പുറത്തുകൂടി റബര്‍ ബാന്‍ഡ് വച്ച് വിരലുകള്‍ നിവര്‍ത്തുക.
6. വേദനയുള്ള കൈ മലര്‍ത്തിവച്ച് റബര്‍ബാന്റിന്റെ ഒരറ്റം ഓരോ വിരലുകള്‍ക്കിടയില്‍ വച്ച് മറ്റേ ഭാഗം വേദനയില്ലാത്ത കൈവിരലുകള്‍ കൊണ്ട് വലിച്ചു പിടിച്ച് മടക്കിയ ഓരോ വിരലുകളും താഴേക്ക് നിവര്‍ത്താന്‍ ശ്രമിക്കുക.

ഡംബല്‍ വ്യായാമങ്ങള്‍


ഡംബല്‍ വ്യായാമത്തിനായി അര കിലോ ഡംബല്‍ മുതല്‍ ഒരു കിലോ വരെ ഉപയോഗിക്കാം. ചിത്രത്തില്‍ കാണുന്നതുപോലെ:-
1. കൈ കമിഴ്ത്തി ഡംബല്‍ പിടിച്ച് കൈക്കുഴ മുകളിലേക്ക് നിവര്‍ത്തുക.
2. കൈ മലര്‍ത്തി ഡംബല്‍ പിടിച്ച് കൈക്കുഴ മുകളിലേക്ക് മടക്കുക.
3. ഡംബല്‍ നിവര്‍ത്തി കൈയ്യില്‍ പിടിച്ച് കൈ കമിഴ്ത്തുകയും നിവര്‍ത്തുകയും ചെയ്യുക.

എസ്. രാജന്‍ ബാബു
ഫിസിയോതെറാപ്പി വിഭാഗം മേധാവി
ശ്രീ ഗോകുലം മെഡിക്കല്‍ കോളജ്
വെഞ്ഞാറമ്മൂട്, തിരുവനന്തപുരം

Ads by Google
Ads by Google
Loading...
TRENDING NOW