30 വര്‍ഷമായി മോഹന്‍ലാല്‍-സുചിത്ര വിവാഹം കഴിഞ്ഞിട്ട്. 'മോഹന്‍ലാലിന്റെയും സുചിത്രയുടേതും പ്രണയ വിവാഹമായിരുന്നുവെന്ന കാര്യം ബാലാജി സ്റ്റുഡിയോയിലെ ഒരു ജീവനക്കാരനാണത്രേ പുറത്തുവിട്ടത്.
സിനിമാ മംഗളത്തില്‍ പല്ലിശേരി എഴുതുന്ന 'അഭ്രലോകം' എന്ന കോളത്തിലാണ് ഈ വെളിപ്പെടുത്തല്‍. പല്ലിശേരി തുടരുന്നു.
പ്രിയന്റെ മിക്ക സിനിമകളുടെയും വര്‍ക്കുകള്‍ ബാലാജി സ്റ്റുഡിയോയില്‍ ആയിരുന്നു. പ്രശസ്ത നിര്‍മ്മാതാവെന്ന നിലയില്‍ കെ. ബാലാജി കഴിയുന്ന രീതിയില്‍ പലരെയും സഹായിച്ചിരുന്നു. ഡബ്ബിംഗ് നടക്കുമ്പോഴും റിക്കാര്‍ഡിംഗ് നടക്കുമ്പോഴും ഒരാള്‍ അറിയാതെ അവിടെ വരുമായിരുന്നു; ബാലാജിയുടെ മകള്‍ സുചിത്ര. അങ്ങനെയാണ് മോഹന്‍ലാലിന്റെ അഭിനയരീതി ഇഷ്ടപ്പെട്ടത്. ഇതൊന്നും ലാല്‍ അറിഞ്ഞിരുന്നില്ല. സിനിമയില്‍ ലാല്‍ അഭിനയിച്ച പാട്ടുസീന്‍ ഉണ്ടെങ്കില്‍ അത് പ്രത്യേകം കാണുമായിരുന്നു. അങ്ങനെ ഒരിഷ്ടം വളര്‍ന്നു എന്നാണ് സ്റ്റുഡിയോ വാര്‍ത്തകള്‍. ഒരുദിവസം ഞാന്‍ പ്രിയദര്‍ശനോടും സുരേഷ് കുമാറിനോടും ഇക്കാര്യം ചോദിച്ചു. രണ്ടുപേരും ശബ്ദമുണ്ടാക്കി ചിരിച്ചു.
'പ്രിയന് പറയും. വ്യക്തമായി അറിയുന്നത് പ്രിയനാണ്. സുരേഷ്കുമാര്‍ ഒഴിഞ്ഞുമാറി.
അതിനു പറ്റിയ ഒരാളുടെ പേരു പറയാം. തിക്കുറിശ്ശി ചേട്ടന്. അദ്ദേഹമാണ് ബ്രോക്കര്‍.'
പ്രിയദര്ശന് ഇരട്ട ശബ്ദത്തില്‍ ചിരിച്ചു.
'അങ്ങോട്ടു പോണ്ട. അങ്ങേരുടെ വായില്‍ മുഴുത്ത സാധനം കേള്‍ക്കേണ്ടിവരും.'
സുരേഷ്കുമാര്‍ എന്നെ പിന്തിരിപ്പിച്ചു. എന്നിട്ടും ഞാന്‍ തിക്കുറിശ്ശിയെ കണ്ടു. ലാലിനെ അത്രയ്ക്കും സ്നേഹമായിരുന്നു തിക്കുറിശ്ശിക്ക്.
'തിക്കുറിശ്ശി ചേട്ടന് കല്യാണ ബ്രോക്കറാണല്ലെ.'
'ആരാ ഈ രഹസ്യം പറഞ്ഞത്.'
'പ്രിയദര്ശന്.'
'അവന്‍തന്നെ എനിക്കു പാരയാകണം, ലാലിന്റെ കാര്യത്തിലാണല്ലോ ഞാന്‍ ബ്രോക്കറാണെന്നു പറയാന്‍ കാരണം.'
'എനിക്കതില്‍ സന്തോഷമേയുള്ളൂ. ലാലും സുചിത്രയും ഇഷ്ടത്തിലാണ്. ഞാനിക്കാര്യം ബാലാജിയുമായി സംസാരിച്ചു. ലാലിനെ ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്..' അങ്ങനെയാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചതും കഴിഞ്ഞതും.