Tuesday, February 19, 2019 Last Updated 21 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 12 Feb 2018 01.56 AM

റബറിന്റെ രാഷ്‌ട്രീയം വലിച്ചു നീട്ടുമ്പോള്‍

uploads/news/2018/02/191627/editorial.jpg

ന്യായവില എന്നാല്‍ ന്യായമായും കിട്ടേണ്ട വിലയാണ്‌. ആ പേരില്‍തന്നെ അത്‌ വ്യക്‌തവുമാണ്‌. വ്യവസായികമാണെങ്കിലും ബൗദ്ധികമാണെങ്കിലും കാര്‍ഷികമാണെങ്കിലും ഉല്‍പ്പന്നങ്ങള്‍ ന്യായവില അര്‍ഹിക്കുന്നു. പലപ്പോഴും ന്യായവില ഇക്കാര്യങ്ങളില്‍ സ്വപ്‌നമായി മാറുകയാണ്‌ ചെയ്യുന്നത്‌. ഇടനിലക്കാരുടെ ചൂഷണവും വിപണിയിലെ ആശാസ്യമല്ലാത്ത പ്രവണതകളും സംഘടിതരല്ലാത്ത ജനങ്ങള്‍ക്ക്‌ ന്യായമായതു നിഷേധിക്കപ്പെടുന്ന അവസ്‌ഥയാണിന്ന്‌.

രാജ്യത്തെ ഭൂരിപക്ഷം വരുന്ന കര്‍ഷകര്‍ അസംഘടിതരും നിരന്തരം ചൂഷണങ്ങള്‍ക്കു വിധേയരാകുന്നവരുമാണ്‌. അതുകൊണ്ടുതന്നെ ന്യായവില കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക്‌ അന്യമാണ്‌. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ കര്‍ഷകരെ സംരക്ഷിക്കാന്‍ പദ്ധതികള്‍ ഏര്‍പ്പെടുത്താറുണ്ട്‌. ഉല്‍പ്പന്നങ്ങള്‍ ഭൂരിപക്ഷവും അധികകാലം സംഭരിച്ചുവയ്‌ക്കാനുള്ള സംവിധാനങ്ങള്‍ കര്‍ഷകര്‍ക്കില്ലാത്തതിനാല്‍ രാജ്യം തന്നെയിടപെട്ട്‌ വില നല്‍കി സംഭരിക്കുകയും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കുകയോ കയറ്റുമതി ചെയ്യുകയോ ചെയ്യും. അതിലൂടെ കര്‍ഷകര്‍ നഷ്‌ടം സഹിക്കുന്ന അവസ്‌ഥ ഒഴിവാക്കുന്നു.

റബറിന്‌ കേരളത്തിന്റെ സാമ്പത്തികസ്‌ഥിതിയില്‍ പ്രധാനപ്പെട്ട സ്‌ഥാനമാണുള്ളത്‌. പ്രത്യേകിച്ച്‌ മധ്യതിരുവിതാംകൂറിന്റെ സാമ്പത്തിക സ്‌ഥിതിയുടെ നട്ടെല്ലാണ്‌ റബര്‍. ആ റബര്‍വില നിലം തൊട്ടിട്ട്‌ വര്‍ഷങ്ങളായി. ഉല്‍പ്പാദനച്ചെലവു പോലും കിട്ടാത്ത അവസ്‌ഥയിലേക്ക്‌ കര്‍ഷകനെ തള്ളിവിട്ട്‌ സര്‍ക്കാരുകള്‍ കാഴ്‌ചക്കാരാകുകയാണ്‌. നാലുവര്‍ഷം പൂര്‍ത്തിയാക്കുന്ന കേന്ദ്രസര്‍ക്കാരിനു മുന്നില്‍ കേരളത്തിലെ റബര്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നിവേദനങ്ങളായും പരാതികളായും എത്തിച്ചതിന്‌ ആ നാലുവര്‍ഷക്കാലത്തിന്റെ പഴക്കവുമുണ്ട്‌. മുന്‍ സര്‍ക്കാരുകള്‍ക്കു മുന്നില്‍ നല്‍കിയ പരാതികളുടെ പഴക്കം പഴങ്കഥയായി നില്‍ക്കട്ടെ.

കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക്‌ പ്രശ്‌നങ്ങളുണ്ടെന്നും റബറിന്‌ ന്യായവിലകിട്ടുന്നിലെന്നും ബോധ്യമാകാന്‍ കേന്ദ്രമെടുത്ത നാലുവര്‍ഷം കര്‍ഷകനോടു കാട്ടിയ അനീതിതന്നെയാണ്‌. ഈ അനീതിക്കു പ്രായശ്‌ചിത്തമെന്ന വിധം അനുഭാവം കാട്ടി നേതാക്കളെത്തുമ്പോള്‍ കര്‍ഷകര്‍ മുഖംതിരിഞ്ഞു നില്‍ക്കുന്നെങ്കില്‍ അത്‌ അവരുടെ അനുഭവത്തില്‍നിന്നു തന്നെയാണ്‌.

റബര്‍ കര്‍ഷക രക്ഷയ്‌ക്കെന്ന പേരില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം വിളിച്ചുചേര്‍ത്ത യോഗത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന്‌ ആരും പ്രതീക്ഷിച്ചിരുന്നില്ല. റബറിനു ന്യായവില ഉറപ്പാക്കുമെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചപ്പോള്‍ റബറിന്റെ കാര്യത്തില്‍ അന്യായം നടക്കുന്നുവെന്നെങ്കിലും പരോക്ഷമായി സമ്മതിച്ചിരിക്കുന്നുവെന്ന ആശ്വാസംമാത്രമാണ്‌ കര്‍ഷകനു ലഭിച്ചത്‌. ന്യായവില ഉറപ്പാക്കാന്‍ അദ്ദേഹം കണ്ടെത്തിയ മാര്‍ഗമാകട്ടെ റബര്‍നയം നടപ്പാക്കലും. റബറുപോലെ യഥേഷ്‌ടം വലിക്കാനും നീട്ടാനും കഴിയുന്ന റബര്‍നയം കര്‍ഷകനെ രക്ഷിക്കില്ലെന്ന്‌ കര്‍ഷകര്‍ക്കറിയാം, മന്ത്രിക്കറിയില്ലെങ്കിലും. അദ്ദേഹം മന്ത്രിയായപ്പോള്‍ കുറേ ചര്‍ച്ചകള്‍ നടത്തി കെട്ടുകണക്കിനു റിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തിലേക്കു കൊണ്ടുപോയിരുന്നു. അന്ന്‌ ഏറെ പ്രതീക്ഷിച്ച കേരളത്തിലെ റബര്‍കര്‍ഷകര്‍ ഈ രണ്ടാം വരവിന്റെ ഉദ്ദേശശുദ്ധിയെ സംശയത്തോടെയാണു കാണുന്നത്‌.

കര്‍ഷകനെ രക്ഷിക്കാനാണെങ്കില്‍ വിലയിടിഞ്ഞ വിളകള്‍ സര്‍ക്കാര്‍ രംഗത്തിറങ്ങി സംഭരിക്കുകയും മെച്ചപ്പെട്ട വില കര്‍ഷകന്‌ ഉറപ്പാക്കുകയുമാണ്‌ വേണ്ടതെന്ന തിരിച്ചറിവ്‌ കേരളത്തിലെ കര്‍ഷകനുണ്ട്‌. റബറിന്റെ കാര്യത്തിലും അതിനു വ്യത്യാസമില്ല. ന്യായവില പ്രഖ്യാപിക്കുവാന്‍ റബര്‍വില കൂപ്പുകുത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാരിനായിട്ടില്ല.

രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോള്‍ കര്‍ഷകര്‍ നിര്‍ണായക ശക്‌തിയാണെന്ന്‌ രാഷ്‌ട്രീയ കക്ഷികള്‍ക്ക്‌ അറിയാം. സാന്ത്വനവാക്കുകള്‍ക്ക്‌ ഇനി പഞ്ഞമുണ്ടാകില്ല. വാഗ്‌ദാനങ്ങള്‍ക്ക്‌ കുറവുണ്ടാകില്ല. പാക്കേജുകളും പ്രഖ്യാപനങ്ങളും മുറതെറ്റാതെയെത്തും. വിവിധ കൊടികളുടെ കീഴില്‍ ചിതറിത്തെറിച്ചു കിടക്കുന്ന കര്‍ഷകര്‍ ജീവിക്കാനായി സംഘടിച്ചാല്‍ ഇവിടുത്തെ രാഷ്‌ട്രീയകക്ഷികള്‍ക്ക്‌ തെരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശുപോലും കിട്ടില്ലെന്ന യാഥാര്‍ഥ്യം കര്‍ഷകര്‍ക്കു മാത്രമാണ്‌ അറിയാത്തത്‌. നല്ലതുപോലെയറിയുന്നത്‌ രാഷ്‌ട്രീയക്കാര്‍ക്കും.

Ads by Google
Monday 12 Feb 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW