Monday, February 12, 2018 Last Updated 9 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 12 Feb 2018 01.56 AM

ആകാശത്ത്‌ പണം കായ്‌ക്കും; തന്ത്രങ്ങളുമായി കോടീശ്വരന്മാര്‍

uploads/news/2018/02/191626/bft1.jpg

രണ്ട്‌ ലക്ഷം ഡോളറോളമാണു ടെസ്‌ലയുടെ റോഡ്‌ സ്‌റ്റാര്‍ കാറിനു വില. റോക്കറ്റിലേറി ബഹിരാകാശത്തെത്തിയതോടെ റോഡ്‌ സ്‌റ്റാര്‍ ശരിക്കും ഒരു "താര"മായി. ലോകമാധ്യമങ്ങളില്‍ റോഡ്‌ സ്‌റ്റാര്‍ വിശേഷങ്ങള്‍ നിറഞ്ഞു. ബഹിരാകാശത്ത്‌ ഈ കാര്‍ എവിടെപ്പോയി മറയും? ആശങ്ക സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞു. ശാസ്‌ത്രസത്യങ്ങളെ പരസ്യവാചകങ്ങളുടെ ബലത്തില്‍ സ്‌പേസ്‌എക്‌സ്‌ സ്‌ഥാപകന്‍ എലോണ്‍ മസ്‌ക്‌ മറികടന്നു. കാര്‍ ചൊവ്വയിലെത്തുംമുമ്പ്‌ പൊടിയായി മാറുമെന്നു ശാസ്‌ത്രജ്‌ഞര്‍ പറഞ്ഞതൊന്നും ശ്രദ്ധിക്കാനുള്ള മനസ്‌ പലര്‍ക്കുമുണ്ടായിരുന്നില്ല. ഇതു ബഹിരാകാശത്തെ പുതിയ തരംഗത്തിന്റെ തുടക്കമാണ്‌.
ആകാശത്താണ്‌ ഇനി പണം കായ്‌ക്കുക... അതിനായി ലോകത്തിലെ ശതകോടീശ്വരന്‍മാര്‍ ഒരുങ്ങി. എലോണ്‍ മസ്‌കിന്റെ സ്‌പേസ്‌എക്‌സ്‌ ഒരു തുടക്കം മാത്രം. ബഹിരാകാശ ഗവേഷണങ്ങളും ഒരു വഴിത്തിരിവിലാണ്‌.
പ്രപഞ്ചത്തെ അടുത്തറിയാനാണു നാസ, യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സി, ഐ.എസ്‌.ആര്‍.ഒ. തുടങ്ങിയവ ലക്ഷ്യമിട്ടത്‌. സ്വന്തം രാജ്യത്തിന്റെ പ്രതിരോധവും അവ ലക്ഷ്യമിട്ടു. സ്വകാര്യ ബഹിരാകാശ സംരംഭങ്ങള്‍ ലക്ഷ്യമിടുന്നത്‌ പണം മാത്രം.
ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിലൂടെയാണു മസ്‌ക്‌ പുതിയ തരംഗം സൃഷ്‌ടിച്ചത്‌. റോക്കറ്റ്‌ വിക്ഷേപണം ടിക്കറ്റ്‌വച്ചാണ്‌ അദ്ദേഹം കാട്ടിക്കൊടുത്തത്‌. അതും ഒരു തുടക്കം...
ബഹിരാകാശ പേടകങ്ങള്‍ക്ക്‌ ഒട്ടേറെ തടസങ്ങളെ അതിജീവിക്കേണ്ടതുണ്ട്‌. റേഡിയേഷന്‍, പ്രതികൂല കാലാവസ്‌ഥ, അതിവേഗം പാഞ്ഞടുക്കുന്ന ചെറുതും വലുതുമായ പാറക്കൂട്ടങ്ങള്‍... ഭൂമിയിലുള്ള ജീവജാലങ്ങളെ ഇതില്‍നിന്നു രക്ഷിക്കുന്നത്‌ കാന്തിക മണ്ഡലവും അന്തരീക്ഷവുമാണ്‌. ബഹിരാകാശത്ത്‌ ഇതൊന്നും പ്രതീക്ഷിക്കേണ്ട.
റോഡ്‌ സ്‌റ്റാറില്‍നിന്നു ലഭിക്കുന്ന ചിത്രങ്ങള്‍ ആരും വിശ്വസിക്കണമെന്നില്ലെന്നു സമ്മതിക്കുന്നവരില്‍ മസ്‌കുമുണ്ട്‌. ബഹിരാകാശ പേടകം എന്ന പരിഗണന ലഭിച്ച കാറില്‍ നിയന്ത്രിക്കാന്‍ സംവിധാനങ്ങളുണ്ടായിരുന്നില്ല. ആകാശ കാഴ്‌ചയൊരുക്കാന്‍ ഏതാനും ക്യാമറകള്‍ മാത്രം. 12 മണിക്കൂറിനുശേഷം അവ നിലച്ചു. ബാറ്ററി തീര്‍ന്നതാണു കാരണം. കാറില്‍ സോളാര്‍ പാനല്‍ സ്‌ഥാപിച്ചു വൈദ്യുതി ഉല്‍പാദിപ്പിക്കാനൊന്നും സ്‌പേസ്‌എക്‌സ്‌ ശ്രമിച്ചില്ല. വേഗത നിയന്ത്രിക്കാനും സംവിധാനമൊന്നും റോഡ്‌ സ്‌റ്റാറില്‍ ഒരുക്കിയില്ല. ഗ്രാമീണ ഭാഷയില്‍ പറഞ്ഞാല്‍ "മാവില്‍ കല്ലെറിയുന്നതുപോലെ" ഒരു യാത്ര.
ഭൂമിയില്‍നിന്ന്‌ ചൊവ്വയിലേക്കുള്ള കുറഞ്ഞ ദൂരം 5.4 കോടി കിലോമീറ്റര്‍ ആണ്‌. ഇതു കണക്കിലെടുത്താണ്‌ നാസയും ഐ.എസ്‌.ആര്‍.ഒയും പേടകങ്ങള്‍ അയയ്‌ക്കുക. കാരണം കൂടുതല്‍ അകലം വരുന്നത്‌ 40.1 കോടി കിലോമീറ്റര്‍ ആണ്‌. ഭൂമിയില്‍ സഞ്ചരിക്കുന്നതുപോലെ നേര്‍രേഖയിലുള്ള യാത്ര ബഹിരാകാശത്ത്‌ പ്രതീക്ഷിക്കേണ്ട. ദീര്‍ഘവൃത്താകൃതിയിലുള്ള ചുറ്റലാണ്‌ അവിടെയുള്ളത്‌. ഒരു പേടകം ഗ്രഹത്തിന്റെ ഗുരുത്വാകര്‍ഷണത്തില്‍പ്പെട്ട്‌ അതിന്റെ ഭ്രമണപഥ പ്രവേശനത്തിനും കടമ്പകളേറെയുണ്ട്‌. അല്‍പം പാളിയാല്‍ ഗ്രഹത്തില്‍ പേടകം ഇടിച്ചുതകരും. വേഗതകൂടിയാല്‍ ലക്ഷ്യം തെറ്റും. ചൊവ്വയിലേക്കുള്ള ആദ്യ ദൗത്യം തന്നെ വിജയിപ്പിക്കാന്‍ കഴിഞ്ഞത്‌ ഐ.എസ്‌.ആര്‍.ഒയ്‌ക്കു മാത്രമാണ്‌.
ഇന്നലെയാണു റോഡ്‌സ്‌റ്റാര്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണബലം മറികടന്നത്‌. സെക്കന്‍ഡില്‍ 11 കിലോമീറ്റര്‍ വേഗത്തിലാണു സഞ്ചാരം. ഈ വേഗത്തില്‍ തുടര്‍ന്നാല്‍ സ്‌പേസ്‌എക്‌സ്‌ പ്രഖ്യാപിച്ചിരുന്നതുപോലെ ചൊവ്വയുടെ സമീപമെത്തണമെങ്കില്‍ കുറഞ്ഞത്‌ 420 ദിവസം വേണ്ടിവരും.
റോഡ്‌ സ്‌റ്റാറിലെ ചില ഘടകങ്ങള്‍ പ്ലാസ്‌റ്റിക്കിലാണു തീര്‍ത്തിരിക്കുന്നത്‌. ഇരിപ്പിടം തയാറാക്കിയത്‌ തുകലിലും. അലുമിനിയമാണു മറ്റൊരു പ്രധാന ഘടകം. ഇവയ്‌ക്കും ബഹിരാകാശത്തെ പ്രതികൂല കാലാവസ്‌ഥയെ അതിജീവിക്കാന്‍ കഴിയില്ല. ബഹിരാകാശത്തെ അവശിഷ്‌ടങ്ങളില്‍ തട്ടിയാല്‍ തീരാനെയുള്ളൂ ആ കാര്‍. അല്ലെങ്കില്‍തന്നെ സൗരക്കാറ്റില്‍ തവിടുപൊടിയാകും. ഭൂമിക്കു പുറത്ത്‌ ഒരു രാജ്യത്തിനും അവകാശമില്ലെന്നാണു യു.എന്നിലെ കരാര്‍. ഇതാണു കോടീശ്വരന്‍മാര്‍ക്കുള്ള വലിയ പ്രതീക്ഷ. ആദ്യം കീഴടക്കുക. എല്ലാം സ്വന്തമാക്കുക.

രംഗത്തുള്ളവര്‍

സ്‌പേസ്‌എക്‌സ്‌, ബ്ലൂ ഒറിജിന്‍, ഓര്‍ബിറ്റല്‍ സയന്‍സ്‌, ബിഗ്ലൈവ്‌ ഏറോസ്‌പേസ്‌, സ്‌പേസ്‌ഡെവ്‌, വിര്‍ജിന്‍ ഗാലറ്റിക്‌ തുടങ്ങിയവയാണു ബഹിരാകാശ ബിസിനസില്‍ സജീവമായുള്ളത്‌. വിമാന നിര്‍മാണ കമ്പനിയായ ബോയിങ്ങിനും എയര്‍ബസിനും ആകാശത്ത്‌ താല്‍പര്യങ്ങളുണ്ട്‌. 2,000 കോടി ഡോളറിന്റെ ആസ്‌തിയാണ്‌ എലോണ്‍ മസ്‌കിനുള്ളത്‌. 10 കോടി ഡോളറാണ്‌ അദ്ദേഹം സ്‌പെയ്‌സ്‌എക്‌സില്‍ മുടക്കിയിരിക്കുന്നത്‌. രണ്ട്‌ കോടി ഡോളര്‍ മറ്റ്‌ നിക്ഷേപകരും. 2010ലായിരുന്നു ആദ്യ വിജയം.
1982 ല്‍ ബഹിരാകാശ ബിസിനസിലെത്തിയ കമ്പനിയാണു ഓര്‍ബിറ്റല്‍ സയന്‍സ്‌. ഡേവിഡ്‌ ഡബ്ല്യു. തോംസണാണു നേതൃത്വം നല്‍കുന്നത്‌. ആമസോണ്‍ മേധാവി ജെഫ്‌ ബെസോസാണു ബ്ലൂ ഒറിജിന്റെ നേതൃത്വം. ബ്രിട്ടീഷുകാരനായ ശതകോടീശ്വരന്‍ സര്‍ റിച്ചാഡ്‌ ബ്രാന്‍സണാണു വിര്‍ജിന്‍ ഗാലറ്റിക്കിന്റെ നേതൃത്വം. ഇനിയുമുണ്ട്‌. ഛിന്നഗ്രഹങ്ങളെ പിടിച്ചു പണമുണ്ടാക്കാന്‍ ഡീപ്പ്‌ സ്‌പേസ്‌ ഇന്‍ഡസ്‌ട്രീസും പ്ലാനറ്ററി റിസോഴ്‌സസും രംഗത്തുണ്ട്‌. ചന്ദ്രനില്‍നിന്നു പണം വാരാനാണു മൂണ്‍ എക്‌സ്‌പ്രസിന്റെയും ഷാകിള്‍ടണ്‍ എനര്‍ജിയുടെയും ശ്രമം.
ചൊവ്വയിലേക്ക്‌ ആളുകളെ എത്തിക്കാമെന്നു വാഗ്‌ദാനമാണു ഇന്റര്‍പ്ലാനെറ്ററി ട്രാന്‍സ്‌പോര്‍ട്ട്‌ സിസ്‌റ്റത്തിന്റെ വാഗ്‌ദാനം. മാര്‍സ്‌ വണ്‍ എന്ന കമ്പനിയും ഇതേ ലക്ഷ്യം പറഞ്ഞു പണം പിരിക്കുന്നു. ചന്ദ്രനിലേക്കു വിനോദ സഞ്ചാരികള്‍, ചൊവ്വയില്‍ കോളനി എന്നതാണു മസ്‌കിന്റെ ലക്ഷ്യം.

കോടീശ്വരന്മാരെ ആകര്‍ഷിക്കുന്നത്‌

ബഹിരാകാശ വിനോദ സഞ്ചാരം: ഗുരുത്വാകര്‍ഷണമില്ലായ്‌മ ആസ്വദിക്കുക, ആകാശത്തുനിന്നും ഭൂമിയെ നോക്കിക്കാണുക. ഇതിന്‌ അവസരംകാത്ത്‌ കോടികള്‍ ചെലവഴിക്കാന്‍ തയാറായി നിരവധിപ്പേരുണ്ട്‌. സ്‌പേസ്‌എക്‌സും ബ്ലൂ ഒറിജിനുമൊക്കെ ഈ ലക്ഷ്യവുമായി രംഗത്തുണ്ട്‌. ചൊവ്വയില്‍ മനുഷ്യക്കോളനി സ്‌ഥാപിക്കാനും വിവിധ സ്വകാര്യ സ്‌ഥാപനങ്ങള്‍ക്കു പദ്ധതിയുണ്ട്‌.
ബഹിരാകാശത്തെ "സമ്പത്ത്‌": ഏറെ വൈകാതെ ഇന്ധനത്തിനും അമൂല്യ മൂലകങ്ങള്‍ക്കുമായി ചന്ദ്രനെയും ഗ്രഹങ്ങളെയും ഛിന്നഗ്രഹങ്ങളെയുമൊക്കെ ആശ്രയിക്കേണ്ടിവരുമെന്നാണു ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌. ചന്ദ്രനിലെ ഹീലിയം 3 നിക്ഷേപത്തിലാണു പലരുടെയും കണ്ണ്‌. ബഹിരാകാശത്തെ ചെറുഗ്രഹങ്ങളിലും പാറക്കൂട്ടങ്ങളിലും അമൂല്യലോഹങ്ങളുടെ വന്‍ നിക്ഷേപമുണ്ട്‌.
പുതുമയുള്ള ആഗ്രഹങ്ങള്‍: മൃതദേഹ സംസ്‌കാരം ബഹിരാകാശത്ത്‌ ആക്കിയാലോ? പണം മുടക്കിയാല്‍ പദ്ധതി തയാര്‍. സെലസ്‌റ്റിക്‌ മെമ്മോറിയല്‍ സ്‌പേസ്‌ ഫ്‌ളൈറ്റ്‌സ്‌ ഇതിന്‌ അവസരം നല്‍കാമെന്നു വാഗ്‌ദാനം ചെയ്യുന്നു. മരിച്ചുകഴിഞ്ഞാല്‍ ശരീരാവശിഷ്‌ടം ആകാശത്തെത്തിക്കാന്‍ ആഗ്രഹിക്കുന്നവരേറെ.
ചന്ദ്രനടക്കം ഭൂമിക്കു പുറത്തുള്ള ഗ്രഹ- ഉപഗ്രഹങ്ങളില്‍ ലോകരാജ്യങ്ങള്‍ക്കൊന്നും അവകാശമോ നിയന്ത്രണമോയില്ല. ഈ സ്വാതന്ത്ര്യം ചൂഷണം ചെയ്യാന്‍ സ്വകാര്യ കമ്പനികള്‍ കാത്തിരിക്കുന്നു.

മാത്യൂസ്‌ എം. ജോര്‍ജ്‌

Ads by Google
Monday 12 Feb 2018 01.56 AM
YOU MAY BE INTERESTED
TRENDING NOW