Sunday, August 19, 2018 Last Updated 11 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 11 Feb 2018 12.30 PM

സുഞ്ജ്വാന്‍ ഏറ്റുമുട്ടല്‍; അഞ്ച് സൈനികര്‍ക്ക് വീരമൃത്യൂ; നാല് ഭീകരരേയും വധിച്ചു; ആക്രമണം അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ അഞ്ചാം വാര്‍ഷികത്തില്‍

പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതിയായിരുന്ന അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ അഞ്ചാം വാര്‍ഷികം ആയതിനാല്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് ഉണ്ടായിരുന്നു. 2013 ഫെബ്രുവരി ഒമ്പതിനായിരുന്നു അഫ്‌സല്‍ ഗുരുവിനെ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയത്.
 Sunjuwan base

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സുഞ്ജ്വാന്‍ സൈനിക ക്യാംപിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യൂ വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ഒരു സൈനികന്റെ പിതാവും കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിലെ നാലു പേരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ഇന്നലെ ആരംഭിച്ച ഏറ്റുമുട്ടല്‍ 30 മണിക്കൂര്‍ പിന്നിടുകയാണ്. മേഖലയില്‍ സ്ഥിതിഗതികള്‍ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്. സൈനിക മേധാവി ജനറല്‍ വിപിന്‍ റാവത്ത് അടക്കമുള്ള ഉന്നതര്‍ കശ്മീരില്‍ എത്തി.

ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് സൈനികരും ഒരു തദ്ദേശവാസിയുമാണ് ഇന്ന് മരിച്ചത്. ഒരു ഭീകരനെ ഇന്നാണ് വധിച്ചത്. മൂന്നു പേരെ ഇന്നലെ വകവരുത്തിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സൈനിക വേഷത്തിലെത്തിയ ഒരു സംഘം ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ സൈനിക ക്യാംപിലേക്ക് ിരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. ഗ്രനേഡുകള്‍ എറിഞ്ഞും വെടിവയ്പ് നടത്തിയുമായിരുന്നു ആക്രമണം. സൈനികരുടെ കുടുംബങ്ങളുടെ ക്വാര്‍ട്ടേഴ്‌സ് ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. പുലര്‍ച്ചെ ആയതിനാല്‍ കുടുംബങ്ങള്‍ നല്ല ഉറക്കത്തിലായിരുന്നു. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

നാല് ഭീകരരെ വകവരുത്തിയെങ്കിലും രണ്ടോ മൂന്നോ ഭീകരര്‍ കൂടി ക്യാംപിനുള്ളില്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് സൈന്യത്തിന്റെ നിഗമനം. ഇവരെ കൂടി ഇല്ലാതാക്കാനുള്ള ശ്രമത്തിനാണ് സൈന്യം. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങളും സ്‌ഫോടന വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ട്. നാല് യുദ്ധ ടാങ്കുകളും എത്തിച്ചു. ക്യാംപിലുള്ള കുടുംബങ്ങളുടെ സുരക്ഷയ്ക്കാണ് സേന മുന്‍തൂക്കം നല്‍കുന്നത്. കുടുംബങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ആര്‍മി വക്താവ് ലഫ്.കേണല്‍ ദേവേന്ദര്‍ ആനന്ദ് അറിയിച്ചു.

പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതിയായിരുന്ന അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ അഞ്ചാം വാര്‍ഷികം ആയതിനാല്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് ഉണ്ടായിരുന്നു. 2013 ഫെബ്രുവരി ഒമ്പതിനായിരുന്നു അഫ്‌സല്‍ ഗുരുവിനെ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയത്.

ഇത് രണ്ടാം തവണയാണ് സുഞ്ജ്വാന്‍ ക്യാംപില്‍ ഭീകരാക്രമണം നടക്കുന്നത്. 2003 ല്‍ രണ്ട് ലഷ്‌കറെ തോയിബ തീവ്രവാദികള്‍ ക്യാംപിനുള്ളില്‍ നുഴഞ്ഞുകയറി നടത്തിയ ആക്രമണത്തില്‍ 12 സൈനികള്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അഞ്ച് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.

2016 നവംബര്‍ 29ന് ജമ്മു കശ്മീരിലെ നഗ്രോട്ട സൈനിക ക്യാംപില്‍ പാകിസ്താന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഓഫീസര്‍മാര്‍ അടക്കം ഏഴ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നു ഭീകരരെയും അന്ന് വധിച്ചിരുന്നു.

Ads by Google
Sunday 11 Feb 2018 12.30 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW