Tuesday, February 19, 2019 Last Updated 31 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 11 Feb 2018 01.30 AM

ഷഡ്‌പദം-സജില്‍ ശ്രീധറിന്റെ നോവല്‍ തുടര്‍ച്ച

uploads/news/2018/02/191325/sun2.jpg

ജിജ്‌ഞാസുമായ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഗുരുജിയുടെ നേര്‍ക്ക്‌ ഒരു ചോദ്യശരം തൊടുത്തുവിട്ടു.
''സംപൂജ്യനായ ഗുരുജി ക്ഷമിക്കണം.ഇത്‌ ഒരു ചോദ്യം ചെയ്യലല്ല. സംശയമാണ്‌.''
''ചോദിക്കൂ...''
ആശങ്ക മറച്ചുപിടിച്ച്‌ ഗുരുജി നിസംഗത പാലിച്ചു.
''ഈശ്വര്‍ജി സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നത്‌ അങ്ങ്‌ നേരില്‍ കണ്ടുവോ? അഥവാ അങ്ങയുടെ കണ്‍മുന്നില്‍ വച്ച്‌ അങ്ങയുടെ സാന്നിദ്ധ്യത്തിലായിരുന്നുവോ അത്‌ സംഭവിച്ചത്‌?''
ഗുരുജി ഒന്ന്‌ പതറി. തത്‌ക്ഷണം അത്‌ മറികടന്ന്‌ അദ്ദേഹം വായുവില്‍ ചില വൃത്തങ്ങള്‍ വരച്ചു. അതിന്റെ അര്‍ത്ഥം തിരിച്ചറിയാനാവാതെ പത്രപ്രവര്‍ത്തകര്‍ കൂഴങ്ങി. ഉത്തരം കണ്ടെത്താനുളള ഇടവേളയാണ്‌ അതെന്ന്‌ ചിരപരിചയം മൂലം രാമുണ്ണി ഗ്രഹിച്ചു.
ആലോചനാഭാവം പുറത്ത്‌ കാണിക്കാതെ ഗുരുജി തത്‌ക്ഷണം പ്രതികരിച്ചു.
''പുര്‍ണ്ണചന്ദ്ര സാന്നിദ്ധ്യമുളള ചില രാത്രികളില്‍ തെങ്ങിന്‍ ചുവട്ടിലെ പഞ്ചസാരമണലില്‍ ഇരുന്നുളള നിശ്ശബ്‌ദപ്രാര്‍ത്ഥന പതിവാണ്‌. അത്‌ കണ്ടിട്ടാണ്‌ ഞാന്‍ അകത്തേക്ക്‌ പോയത്‌. ആ സമയത്ത്‌ പരിപുര്‍ണ്ണ ഏകാന്തത നിര്‍ബന്ധമാണ്‌. മറ്റാരുടെയും സാന്നിദ്ധ്യം അദ്ദേഹം ഇഷ്‌ടപ്പെടുന്നില്ല. ഒരു മണിക്കൂറിലധികം അങ്ങനെ ധ്യാനിച്ച്‌ ഇരിക്കും. ആ സമയം കണക്കാക്കി ഞാന്‍ മടങ്ങി വരുമ്പോള്‍ അദ്ദേഹം ഇരുന്ന സ്‌ഥലത്ത്‌ ആ രൂപത്തിലും ആകൃതിയിലും പുകപടലമാണ്‌ ഞാന്‍ കണ്ടത്‌. ക്രമേണ ആ ധൂമരൂപം അന്തരീക്ഷത്തിലേക്ക്‌ ഉയര്‍ന്നു പൊങ്ങുന്നതും അത്‌ പുര്‍ണ്ണചന്ദ്രനോളം ഉയരത്തിലെത്തി ചന്ദ്രബിംബത്തില്‍ വിലയം പ്രാപിക്കുന്നതും ഞാന്‍ കണ്ടു...''
പത്രലേഖകന്‍ വീണ്ടും എന്തോ ചോദിക്കാന്‍ ഒരുങ്ങിയതും ഗുരുജി വലതുകരം ഉയര്‍ത്തി തടഞ്ഞു.
''അരുത്‌. പൂജ തുടങ്ങാന്‍ സമയമായി. അവിടെത്ത ദിവ്യ സാന്നിദ്ധ്യത്തെ സംശയിക്കുന്ന ഒരു വാക്കോ ചിന്തയോ ഈ സമയത്ത്‌ ഉണ്ടാവാന്‍ പാടില്ല''
ഗുരുജി പുറത്തേക്ക്‌ ഇറങ്ങി നടന്നു. ഒരു പറ്റം ബ്രഹ്‌മചാരികള്‍ അദ്ദേഹത്തെ അനുധാവനം ചെയ്‌തു. അവര്‍ തെങ്ങിന്‍ചുവട്ടിലേക്ക്‌ നീങ്ങുന്നതും അവിടെ ഒരുക്കിവച്ചിരിക്കുന്ന പുജാദ്രവ്യങ്ങളും വിശിഷ്‌ടവസ്‌തുക്കളും എടുത്ത്‌ കൈക്രിയകള്‍ നടത്തുന്നതും കണ്ടു.
പൂജാകര്‍മ്മങ്ങളും മന്ത്രോച്ചാരങ്ങളും ഒരു വണ്ടിന്റെ മൂളല്‍ പോലെ ശബ്‌ദതരംഗങ്ങളായി രാമുവിന്റെ പ്രജ്‌ഞയെ പൊതിഞ്ഞു.
എല്‍.സി.ഡി. ടിവിയിലുടെ അയാള്‍ അതൊക്കെയും കാണാതെ കണ്ടു. അഭിശപ്‌തമായ ആ നിമിഷം സ്വര്‍ഗ്ഗത്തിലേക്ക്‌ നേരിട്ട്‌ ഉയര്‍ന്നുപൊന്തി ഈശ്വരസന്നിധിയില്‍ വിലയം പ്രാപിച്ചിരുന്നെങ്കില്‍ എന്ന്‌ അയാള്‍ വൃഥാ മോഹിച്ചു.
ആത്മവഞ്ചനയുടെ ആദ്ധ്യാത്മികസാധ്യതകള്‍ എത്രത്തോളം ഭീതിദവും ക്രൂരവുമാണെന്ന്‌ അയാള്‍ക്ക്‌ തോന്നി. പക്ഷെ പ്രതികരിക്കാന്‍ കഴിയില്ല. തന്റെ രൂപം പര്‍ദ്ദക്കുളളിലാണ്‌. അത്‌ പുറംലോകം അറിഞ്ഞാല്‍ തന്നെ എങ്ങനെ സ്വീകരിക്കപ്പെടുമെന്ന്‌ ഉറപ്പില്ല.
രാത്രി ഏറെ വൈകിയാണ്‌ പൂജാകര്‍മ്മങ്ങള്‍ അവസാനിച്ചത്‌.
കവാടത്തിനരികിലെ ഓഫീസില്‍ നിരന്തരപ്രേരണ ചെലുത്തിയിട്ടാണ്‌ രാമുവിന്‌ ഈശ്വര്‍ജിയുമായി കൂടിക്കാഴ്‌ചയ്‌ക്ക് അനുവാദം ലഭിച്ചത്‌. തങ്ങള്‍ മാത്രമായുളള ഒരു മുഖാമുഖം എന്ന്‌ പ്രത്യേകം നിഷ്‌കര്‍ഷിച്ചിരുന്നു. ഈശ്വര്‍ജിയുടെ മുല്ലപ്പൂമാല ചാര്‍ത്തിയ എണ്ണച്‌ഛായാ ചിത്രം സാക്ഷ്യം വഹിക്കുന്ന രഹസ്യമുറിയില്‍ ഗുരുജിക്ക്‌ അഭിമുഖമായി രാമു ഇരുന്നു. അദ്ദേഹം അയാളെ ആപാദചൂഢം ഒന്ന്‌ നോക്കിയിട്ട്‌ പറഞ്ഞു.
''പര്‍ദ്ദാധാരികള്‍ ഈ ആശ്രമം സന്ദര്‍ശിക്കുക അപുര്‍വമാണ്‌. ഞങ്ങള്‍ ആര്‍ക്കും ഇവിടെ വിലക്ക്‌ കല്‍പ്പിച്ചിട്ടില്ല. ഞങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ അംഗീകരിക്കുന്ന ആര്‍ക്കും ഈ അന്തരീക്ഷത്തിലേക്ക്‌ സ്വാഗതം''
അതിന്‌ മറുപടിയായി രാമു പര്‍ദ്ദ അഴിച്ച്‌ ഇരിപ്പിടത്തിന്റെ കൈപ്പിടിലില്‍ തൂക്കി.
ഗുരുജി ഒരു വല്ലാത്ത ഭാവത്തില്‍ അയാളുടെ മുഖത്തേക്ക്‌ സൂക്ഷിച്ചു നോക്കി.
അസാധാരണമായ ഭാവപകര്‍ച്ചകള്‍ ആ മുഖത്ത്‌ മിന്നിമറയുന്നത്‌ രാമു ശ്രദ്ധിച്ചു.
''തിരിച്ചറിയാന്‍ എളുപ്പമല്ലെന്ന്‌ അറിയാം. പക്ഷെ ഈ ശബ്‌ദം ഗുരുജിക്ക്‌ പരിചതമാണല്ലോ. അല്ലേ?''
നടുക്കത്തിന്റെ ദ്വീപില്‍ ഒറ്റപ്പെട്ട ഗുരുജിയുടെ ഭയവിഹ്വലത ആ മുഖത്തു നിന്നും രാമു വായിച്ചു.
''എന്താണിതൊക്കെ? എനിക്ക്‌ ഒന്നും മനസിലാകുന്നില്ല''
രാമു നടന്നതൊക്കെയും വളളിപുള്ളി വിടാതെ സംഗ്രഹിച്ചു. സൂചനകളില്‍ നിന്നു തന്നെ സംഭവ്യമായ യാഥാര്‍ത്ഥ്യങ്ങളുടെ ആഴവും പരപ്പും ഗുരുജി ഉള്‍ക്കൊണ്ടു.
മ്ലാനമായ ഒരു മൗനമായിരുന്നു മറുപടി. ഏറെനേരം അത്‌ നീണ്ടു നിന്നു. ഗുരുജി എന്തെങ്കിലുമൊന്ന്‌ ഉരിയാടിയിരുന്നെങ്കില്‍ എന്ന്‌ രാമു വ്യാമോഹിച്ചു. മരണത്തോളം ഭീതിദമായ മൗനം അതിന്റെ എല്ലാ സീമകളും ലംഘിച്ചു. ത്വരിതമായ ഉത്തരങ്ങള്‍ നല്‍കി ശീലിച്ച ഗുരുജി എന്തിനാണ്‌ ഇത്രയും വൈകുന്നതെന്ന്‌ രാമു ചിന്തിച്ചു. അയാളുടെ മനസ്‌ വായിച്ചിട്ടെന്ന പോലെ ഗുരുജി പറഞ്ഞു.
''ഒരു മറുപടിക്ക്‌ എനിക്ക്‌ അധികം ആലോചിക്കാനില്ല. അനന്തരകാര്യങ്ങള്‍ വളരെ എളുപ്പമാണ്‌. പക്ഷെ ഞാന്‍ ആലോചിക്കുകയായിരുന്നു. രാമുണ്ണിയുടെ അവസ്‌ഥാന്തരങ്ങള്‍. ഒരു കാര്യം ഞാന്‍ പറയാം. ലോകത്തിന്‌ മുന്നില്‍ ഒരു അവതാരപുരുഷനായി ജ്വലിച്ചു നില്‍ക്കെ കേവലം നൈമിഷികമായ ലൗകികജീവിതത്തിന്റെ സുഖങ്ങള്‍ തേടി നീ ഒളിച്ചോടിയത്‌ തെറ്റ്‌. ഇക്കണ്ട ദുരന്തങ്ങളെല്ലാം വരുത്തി വച്ചത്‌ ആ തെറ്റായ തീരുമാനമാണ്‌''
രാമുണ്ണി അസഹ്യത മറച്ചു വച്ച്‌ ദൈന്യതയുടെ അപാരതയില്‍ നിന്നെന്ന പോലെ ഒരു കൊച്ചുകുട്ടിയുടെ നിഷ്‌കളങ്കതയോടെ ചോദിച്ചു.
''ഇത്‌ എന്റെ വിധിയായിരുന്നോ ഗുരുജി''
'നിന്റെ വിധി നീ തന്നെ വരുത്തി വച്ചതാണെന്ന്‌ വേണമെങ്കില്‍ പറയാം. അഥവാ നിന്നെക്കൊണ്ട്‌ അങ്ങനെയൊക്കെ തോന്നിപ്പിച്ച നിമിഷത്തിലെ മാനസികാവസ്‌ഥയെ വേണമെങ്കിലും വിധി എന്ന്‌ വിളിക്കാം. എന്തായാലും സംഭവിക്കേണ്ടത്‌ സംഭവിച്ചേ തീരു. ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും നിനക്ക്‌ ആശ്രമം വിട്ട്‌ പോകാന്‍ തോന്നുമായിരുന്നില്ല. മദ്യലഹരിയില്‍ വഴിയില്‍ കിടക്കേണ്ടിയും വരുമായിരുന്നില്ല''
''ഞാന്‍ തിരിച്ചറിയുന്നു ഗുരുജി. എനിക്കറിയേണ്ടത്‌ ഒന്ന്‌ മാത്രമേയുളളു. ഇനിയുളള എന്റെ ജീവിതം എന്താണ്‌?''
ഗുരുജി ഏറെ നേരം ചിന്താമഗ്നനായി. ആ മൗനം രാമുവിന്‌ അങ്ങേയറ്റം അസഹ്യമായി. അയാള്‍ തുടര്‍ന്നു.
''ഞാന്‍ തീരുമാനിച്ചു ഗുരുജി. ഇനി ഈ ആശ്രമത്തിന്റെ അതിരുകള്‍ക്കപ്പുറം എനിക്ക്‌ ഒരു ലോകമില്ല. ജീവിതമില്ല. ഇനി മരണം വരെ ഞാന്‍ അവതാരപുരുഷനായ ഈശ്വര്‍ജിയായിരിക്കും. മുന്‍പെന്ന പോലെ അങ്ങയുടെ ഉപദേശനിര്‍ദ്ദേശങ്ങള്‍ക്കൊത്ത്‌ എന്റെ ജീവിതം നയിക്കും''
ഗുരുജിയുടെ മുഖം കൂടുതല്‍ ഗൗരവതരമായി. ''അത്‌ ഇനി സാധിതമാകുമെന്ന്‌ തോന്നുന്നില്ല''
ദൃഢതരമായിരുന്നു അദ്ദേഹത്തിന്റെ ശബ്‌ദം. രാമുണ്ണി വല്ലാത്ത ഒരു ആഘാതമേറ്റിട്ടെന്നോണം ആ മുഖത്തേക്ക്‌ തോന്നി. ഗുരു തുടര്‍ന്നു.
''ലോകത്തിന്‌ മുന്നില്‍ മാത്രമല്ല ഞങ്ങളുടെയൊക്കെ മനസുകളില്‍ പോലും ഈശ്വര്‍ജി കാലം ചെയ്‌തു കഴിഞ്ഞു. സ്വര്‍ഗ്ഗാരോഹണം നടന്ന സ്‌ഥലത്ത്‌ മരണാനന്തര കര്‍മ്മങ്ങളും അനുഷ്‌ഠിച്ചു കഴിഞ്ഞു. ഇനി ഈശ്വര്‍ജിയുടെ ജീവിതത്തിന്‌ പ്രസക്‌തിയില്ല. ഈശ്വര്‍ജിയൂടെ നൂറുകണക്കിന്‌ പഞ്ചലോഹവിഗ്രഹങ്ങള്‍ നിര്‍മ്മിക്കാന്‍ ആശ്രമം ഏര്‍പ്പാട്‌ ചെയ്‌തു കഴിഞ്ഞു. ലോകമെമ്പാടും നിന്റെ പേരിലും രൂപത്തിലും ക്ഷേത്രങ്ങള്‍ സ്‌ഥാപിക്കപ്പെടും. ആളുകള്‍ നിന്നെ ആരാധിക്കും അതുവഴി ഭൂമിയും മനുഷ്യരുമുള്ള കാലത്തോളം നീ അമരത്വം നേടി അനശ്വരനായി നിലനില്‍ക്കും. എല്ലാറ്റിനും നിമിത്തമായ എനിക്ക്‌ പോലും അതിനുള്ള ഭാഗ്യം സിദ്ധിച്ചില്ല.''
''പക്ഷെ..ഇവിടെയല്ലാതെ എനിക്കൊരു ജീവിതമില്ല...''
നിസഹായതയുടെ അങ്ങേയറ്റത്തുളള ബിന്ദുവില്‍ നിന്ന്‌ രാമുണ്ണി കേണപേക്ഷിച്ചു.
''ഞാന്‍ അതിലേറെ നിസഹായനാണ്‌ കുട്ടീ...നീ ഈശ്വര്‍ജിയാണെന്ന്‌ പറഞ്ഞാല്‍ ഇനി ആരും വിശ്വസിക്കില്ല. അത്രമേല്‍ വലിയ രൂപപരിണാമം നിന്റെ ബാഹ്യതലത്തില്‍ സംഭവിച്ചു കഴിഞ്ഞു. ബാഹ്യരൂപത്തിലൂടെയാണ്‌ ആളുകള്‍ നിന്നെ അറിഞ്ഞത്‌. വേറിട്ട ഒരു രൂപത്തില്‍ അവര്‍ക്ക്‌ നിന്നെ ഉള്‍ക്കൊളളാന്‍ കഴിയില്ല. നിന്റെ ദൗത്യം അവസാനിച്ചു. ദൈവം നിന്നെക്കൊണ്ട്‌ ഉദ്ദേശിച്ച കാര്യങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. ഇനി നിന്റെ ജീവിതത്തിന്‌ തന്നെ പ്രസക്‌തിയില്ല എന്ന്‌ തുറന്നു പറയേണ്ടി വരുന്നതില്‍ എനിക്ക്‌ വിഷമമുണ്ട്‌..''
ഭൂമി പിളര്‍ന്ന്‌ താന്‍ അഗാധതയുടെ അനന്തതയിലേക്ക്‌ താഴ്‌ന്നു പോവുന്നതായി രാമുണ്ണിക്ക്‌ തോന്നി.
''യഥാര്‍ത്ഥത്തില്‍ നീ ആരാണെന്ന്‌ എത്ര പറഞ്ഞാലും ആളുകള്‍ വിശ്വസിക്കാന്‍ പോകുന്നില്ല. കാരണം അവരുടെ മനസിലെ നിന്റെ ചിത്രം ദാ ആ ഫോട്ടോയില്‍ കാണുന്നതാണ്‌. അത്‌ നഷ്‌ടപ്പെട്ടു കഴിഞ്ഞു. ഞങ്ങള്‍ക്കും ഇനി നിന്നെ ആവശ്യമില്ല. ഞങ്ങള്‍ക്ക്‌ വേണ്ടത്‌ ഒരു വിഗ്രഹമായിരുന്നു. രൂപമായിരുന്നു. ആ കാണുന്ന മണ്ഡപത്തില്‍ അതുണ്ട്‌. തലമുറകളോളം അത്‌ നിലനില്‍ക്കും. ഇനി അങ്ങേയ്‌ക്ക് സാംഗത്യമില്ല. ജീവന്‍ വേണമെന്നുണ്ടെങ്കില്‍ പൊയ്‌ക്കോളു. എവിടെയെങ്കിലും പോയി ജീവിച്ചോളു... ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട ഒരു ഉന്നതതലയോഗമുണ്ട്‌. എനിക്ക്‌ തിരക്കുണ്ട്‌. ഇനിയും സംസാരിച്ച്‌ സമയം പാഴാക്കുന്നതില്‍ അര്‍ത്ഥമില്ല''
രാമു എല്ലാ പ്രതീക്ഷകളും നഷ്‌ടമായതിന്റെ മരവിപ്പോടെ നിന്നു. ജനലക്ഷങ്ങള്‍ക്ക്‌ മാര്‍ഗനിര്‍ദ്ദേശിയായി ഇക്കാലമത്രയും വര്‍ത്തിച്ച മഹാപുരുഷന്‍ ദിശാബോധം നഷ്‌ടപ്പെട്ട്‌ അസ്‌തപ്രജ്‌ഞനായി നിന്നു.
''വിശക്കുന്നുണ്ടെങ്കില്‍ പ്രസാദമൂട്ട്‌ പുരയില്‍ നിന്നും അത്താഴം വാങ്ങിക്കഴിച്ചോളു''
അവസാന ഔദാര്യം പോലെ അതുമാത്രം പറഞ്ഞ്‌ ഗുരുജി പുറത്തേക്ക്‌ ഇറങ്ങി. പിന്നാലെ അദ്ദേഹത്തിന്റെ സന്തതസഹചാരി ഉളളിലേക്ക്‌ വന്ന്‌ പറഞ്ഞു.
''ഗുരുജിയുടെ മുറി പൂട്ടി താക്കോല്‍ തിരികെയേല്‍പ്പിക്കാന്‍ നിര്‍ദ്ദേശമുണ്ട്‌''
ഇറങ്ങിപ്പോകൂ എന്ന മലയാളപദം എത്ര ധ്വനിസാന്ദ്രമായും അന്തസായും പറയാന്‍ കഴിയുന്നു എന്നാണ്‌ അപമാനിതമായ ആ അവസ്‌ഥയിലും രാമുണ്ണി ചിന്തിച്ചത്‌.
സഹചാരി അപരിചിതനായ ഒരാളെ എന്ന പോലെ രാമുണ്ണിയെ നോക്കി. ആരാലും തിരിച്ചറിയപ്പെടുന്നില്ല എന്ന അറിവ്‌ അയാളെ കൂടുതല്‍ സംഭീതനും നിസഹായനുമാക്കി.

Ads by Google
Sunday 11 Feb 2018 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW