Tuesday, February 19, 2019 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 11 Feb 2018 01.30 AM

കരാട്ടെയിലെ പ്രഭ

uploads/news/2018/02/191321/sun3.jpg

മട്ടാഞ്ചേരി പാണ്ടിക്കുടി റോഡിലെ ആലിങ്കല്‍ വീട്ടില്‍ സമീപവാസികള്‍ക്കു സുരക്ഷയൊരുക്കി ഒരു രക്ഷാകവചം ഉണ്ട്‌. സാമൂഹികവിരുദ്ധരില്‍നിന്നും കള്ളന്‍മാരില്‍നിന്നുമൊക്കെ സംരക്ഷണം നല്‍കുന്നൊരു രക്ഷാകവചം. സ്വയരക്ഷ ആഗ്രഹിച്ചുവരുന്നവര്‍ക്കൊക്കെ ഇവിടെ അഭയമുണ്ട്‌. മെയ്‌ക്കരുത്തും ആത്മധൈര്യവും മാത്രം ആയുധമാക്കി എങ്ങനെ സ്വയരക്ഷ നേടാം എന്ന്‌ അഭ്യസിപ്പിക്കാന്‍ ഇവിടെയൊരാളുണ്ട്‌.
കളരിപ്പയറ്റില്‍ തുടങ്ങി കരാട്ടെയില്‍ കേരളത്തില്‍ അധികമാര്‍ക്കും അവകാശപ്പെടാനില്ലാത്ത വിജയങ്ങള്‍ സ്വന്തമാക്കിയ പി. വിജയരാമപ്രഭു. നാട്ടുകാര്‍ക്ക്‌ വിജയരാമപ്രഭു പ്രഭുമാസ്‌റ്ററാണ്‌. വിജയരാമപ്രഭുവിന്‌ കരാട്ടെ ഒരു വരുമാനമാര്‍ഗമല്ല. അച്ചടക്കമുള്ള, ആരോഗ്യമുള്ള ഒരു യുവതലമുറ വളരണമെന്ന്‌ അദ്ദേഹം ആഗ്രഹിക്കുന്നു. ശത്രുക്കളെ എതിര്‍ത്തു തോല്‍പിക്കാനല്ല, മറിച്ച്‌ സ്വയരക്ഷയ്‌ക്കും ആരോഗ്യമുള്ള ശരീരത്തിനും കരാട്ടെ അഭ്യസിക്കണമെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം.
കളരിപ്പയറ്റില്‍നിന്നു കരാട്ടെയിലേക്ക്‌
ജേഷ്‌ഠന്‍ ശ്രീനിവാസപ്രഭുവിന്റെ പ്രേരണയിലാണ്‌ പത്താംക്ലാസിനു ശേഷം കളരിപ്പയറ്റിലേക്കെത്തിയത്‌. ചിട്ടയായ പരിശീലനത്തിലൂടെ അടവുകളോരോന്നും സ്വായത്തമാക്കി, പരീക്ഷണനിരീക്ഷണങ്ങളിലൂടെ മര്‍മശാസ്‌ത്രത്തിലും ശാസ്‌ത്രീയമായ അറിവു നേടി. 20-ാം വയസില്‍ ഗുസ്‌തി മത്സരത്തില്‍ ബാന്‍ഡം വെയ്‌്റ്റ്‌ വിഭാഗത്തില്‍ ജില്ലാ ചാമ്പ്യനായി. അക്കാലത്താണ്‌ ബ്രൂസ്‌ ലീയുടെ സിനിമകള്‍ കാണുന്നത്‌. ബ്രൂസ്‌ ലീയുടെ അസാമാന്യമായ മെയ്‌വഴക്കവും വേഗവും കരുത്തുമൊക്കെ വിജയരാമപ്രഭുവിനെ കരാട്ടെയിലേക്ക്‌ ആകര്‍ഷിച്ചു.
ഇന്ത്യയിലെ പ്രശസ്‌ത കരാട്ടെ പരിശീലകനായിരുന്ന തമിഴ്‌നാട്‌ സ്വദേശി സെന്‍സായ്‌ മോസസ്‌ തിലകിന്റെ കീഴിലാണ്‌ കരാട്ടെ അഭ്യസിച്ചത്‌. കേരളത്തിലെതന്നെ ആദ്യ കരാട്ടെ ബാച്ചിലെ വിദ്യാര്‍ഥിയായിരുന്നു വിജയരാമപ്രഭു. 28-ാം വയസില്‍ ബ്ലാക്ക്‌ ബെല്‍റ്റ്‌ സ്വന്തമാക്കി.
അറിയപ്പെടാതെ പോയ നേട്ടങ്ങള്‍
ഗോവയിലെ പനാജിയില്‍ 86-ല്‍ നടന്ന ഏഴാം ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീം ക്യാപ്‌റ്റനായിരുന്നത്‌ വിജയരാമപ്രഭുവായിരുന്നു. ഓപ്പണ്‍ ബ്ലാക്ക്‌ ബെല്‍റ്റ്‌ വ്യക്‌തിഗത വിഭാഗത്തില്‍ ദേശീയ ചാമ്പ്യനായതോടെ വിജയരാമപ്രഭുവിന്റെ സുവര്‍ണകാലഘട്ടം തുടങ്ങി.
ആദ്യമായാണ്‌ കേരളത്തില്‍നിന്നൊരാള്‍ കരാട്ടെയില്‍ ദേശീയ ചാമ്പ്യനാകുന്നത്‌. തുടര്‍ന്ന്‌ ആ വര്‍ഷംതന്നെ സിഡ്‌നിയില്‍ നടന്ന ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്‌തു. 95-ല്‍ അഞ്ചാമത്തെ ഡിഗ്രി നേടിയപ്പോള്‍ മാസ്‌റ്റര്‍ എന്നര്‍ഥമുള്ള സെന്‍സായ്‌ പട്ടം ലഭിച്ചു. തുടര്‍ന്ന്‌ അടുത്ത ഘട്ടത്തില്‍ റെന്‍ഷി പട്ടം. ഈ കാലയളവില്‍ ദേശീയ തലത്തില്‍ റഫറിയാകാനുള്ള യോഗ്യതയും നേടി.
ബ്ലാക്ക്‌ ബെല്‍റ്റിലെ ഉയര്‍ന്ന സ്‌ഥാനമായ എട്ടാം ഡിഗ്രി (ഡാന്‍) വരെ സ്വന്തമാക്കി. കേരളത്തില്‍ ഈ ഡിഗ്രി സ്വന്തമാക്കിയ അപൂര്‍വം പേരിലൊരാള്‍. കരാട്ടെ പരിശീലകരുടെ വലിയ പദവിയായ ക്യോഷിയാണിദ്ദേഹം. രാജ്യാന്തരതലത്തില്‍ പരീക്ഷകള്‍ നടത്താനും ഡിഗ്രികള്‍ നല്‍കാനും മത്സരങ്ങളില്‍ റഫറിയാകാനുമുള്ള യോഗ്യത വിജയരാമപ്രഭു നേടിക്കഴിഞ്ഞു. ജില്ലാ കരാട്ടെ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായും കേരള കരാട്ടെ അസോസിയേഷന്റെ വൈസ്‌ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
കരാട്ടെ ജീവിതത്തില്‍
അച്ചടക്കവും ആരോഗ്യവുമാണ്‌ കരാട്ടെ നല്‍കിയ ഏറ്റവും വലിയ സമ്പത്തെന്ന്‌ വിജയരാമപ്രഭു പറയും. കളരിപ്പയറ്റിലെ മെയ്‌പ്പയറ്റാണ്‌ കരാട്ടെ. കരാട്ടെയെന്നാല്‍ വെറും കൈ എന്നാണ്‌ അര്‍ഥം. ശരീരത്തിലെ അവയവങ്ങളെ ആയുധങ്ങളാക്കുകയാണ്‌ ചെയ്യുന്നത്‌. ശരീരത്തെയും മനസിനെയും ശക്‌തിപ്പെടുത്തുക എന്നതാണ്‌ കരാട്ടെ ഉദ്ദേശിക്കുന്നത്‌.
ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ അഭിമുഖീകരിക്കാന്‍ ഈ ആയോധനകല അഭ്യസിച്ചവര്‍ക്ക്‌ എളുപ്പം കഴിയും. മറ്റുള്ളവരെ ആക്രമിക്കുക കരാട്ടെയുടെ ലക്ഷ്യമല്ല. സ്വയം പ്രതിരോധിക്കാന്‍ പ്രാപ്‌തി നേടുകയെന്നതാണ്‌.
എതിരാളി വടിയെടുത്ത്‌ വീശുമ്പോള്‍ ദൂരെ മാറി പോകുന്നതിനു പകരം അയാളുടെ കൈയ്‌ക്കകത്തേക്കു കയറി പ്രതിരോഗിക്കുകയാണു വേണ്ടത്‌. അതേസമയം ചെറിയ ആയുധമാണെങ്കില്‍ ദൂരെ മാറി പോകണം. ഇങ്ങനെ സാഹചര്യത്തിനനുസരിച്ച്‌ വേഗത്തില്‍ തീരുമാനം എടുക്കാനും അതു നടപ്പില്‍ വരുത്താനും കരാട്ടെ പഠിച്ചവര്‍ക്കു സാധിക്കും. ജീവിതത്തില്‍ കരാട്ടെ പ്രയോഗിക്കേണ്ടി വന്ന അവസരങ്ങളും പ്രഭുവിനുണ്ടായിട്ടുണ്ട്‌.
ഒരിക്കല്‍ വീടിനു സമീപം പൈപ്പിന്‍ചുവട്ടില്‍ വെള്ളമെടുക്കാന്‍ വരുന്ന സ്‌ത്രീകളെ നഗ്നതാ പ്രദര്‍ശനം കാട്ടിയിരുന്ന ഒരാളെ ശരിക്കു പെരുമാറിവിട്ടിട്ടുണ്ട്‌. സമീപത്തെവിടെയെങ്കിലും മോഷ്‌ടാക്കളെത്തിയാല്‍ നാട്ടുകാര്‍ ആദ്യം വിളിക്കുന്നത്‌ വിജയരാമപ്രഭുവിനെയാണ്‌.
പതിനായിരത്തിലധികം ശിഷ്യസമ്പത്ത്‌
നാലു വയസുകാരി മുതല്‍ നൂറ്റന്‍പതോളം പേര്‍ വിജയരാമപ്രഭുവിന്റെ കരാട്ടെ സ്‌കൂളായ ഇന്ത്യന്‍ അക്കാദമി ഓഫ്‌ ഷിറ്റോ റിയൂ കരാട്ടെ-ഡോ (ഇസ്‌കാഡോ) യില്‍ ഇപ്പോള്‍ പഠിക്കുന്നുണ്ട്‌. ഇതുകൂടാതെ 25 സെന്ററുകള്‍ കേരളത്തില്‍ വിജയരാമപ്രഭുവിനു കീഴിലുണ്ട്‌.
ഇതുവരെ പന്തീരായിരത്തില്‍പരം ശിഷ്യരെ അഭ്യസിപ്പിച്ചു. ഇന്ത്യയിലുടനീളമുള്ള സ്‌കൂളുകളിലും കോളജുകളിലും ക്ലാസുകള്‍ എടുക്കാന്‍ പോകുന്നുണ്ട്‌. കരാട്ടെ ചാമ്പ്യന്‍ഷിപ്പുകളില്‍ വിജയിക്കുന്നവര്‍ ഭൂരിഭാഗവും വിജയരാമപ്രഭുവിന്റെ ശിഷ്യരാണ്‌.
കരാട്ടെ വിദ്യാഭ്യാസത്തില്‍ നിരവധി തട്ടിപ്പുകള്‍ നടക്കുന്നതായി വിജയരാമപ്രഭു അഭിപ്രായപ്പെടുന്നു. ഒരു ഡിഗ്രി മാത്രം സ്വന്തമാക്കി കരാട്ടെ പഠിപ്പിക്കാനിറങ്ങുന്നവരുണ്ട്‌. സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കു നല്‍കുന്ന സ്വയരക്ഷാ പഠനവും വേണ്ടത്ര പ്രയോജനപ്പെടുന്നില്ല.
നിരന്തരമായ പരിശീലനത്തിലൂടെ മാത്രമേ പ്രതിയോഗിയെ പെട്ടെന്നു നേരിടാനാകൂ. നിര്‍ഭാഗ്യവശാല്‍ ചില അഭ്യാസമുറകള്‍ കാണിച്ചുകൊടുക്കുക മാത്രമാണു സ്‌കൂളുകളില്‍ ചെയ്ുന്നത്‌. സായഹചര്യത്തിനനുസരിച്ച്‌ പ്രയോഗിക്കാന്‍ ഇത്‌ ഉപകരിക്കില്ല.
പിന്തുണയായി കുടുംബം
നാല്‍പതു വര്‍ഷത്തിലധിമായി കരാട്ടെയാണ്‌ വിജയരാമപ്രഭുവിന്റെ ജീവിതം. പുഷ്‌പയാണു ഭാര്യ. മക്കള്‍ രണ്ടു പേരും കരാട്ടെയില്‍ പ്രാഗത്ഭ്യം തെളിയിച്ചവരാണ്‌.
മൂത്തമകള്‍ ലീന വി. പ്രഭു ദേശീയ ചാമ്പ്യനായിരുന്നു. ഇളയമകള്‍ ദിവ്യ വി. പ്രഭു. സഹോദന്‍മാരടക്കം എട്ടുപേര്‍ കരാട്ടെ അഭ്യാസികളാണ്‌. വര്‍ഷങ്ങളായി വില്ലിങ്‌ടണ്‍ ഐലന്റിലെ ഒരു സ്വകാര്യ കമ്പനിയില്‍ ടീ ടേസ്‌റ്ററാണ്‌ വിജയരാമപ്രഭു.

അനിത മേരി ഐപ്പ്‌

Ads by Google
Sunday 11 Feb 2018 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW