Thursday, November 15, 2018 Last Updated 39 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 10 Feb 2018 04.01 PM

പ്രസവശേഷം വയര്‍ കുറയ്ക്കാം ഫിസിയോതെറാപ്പിയിലൂടെ

''വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിക്കുന്നതിലൂടെയും പ്രസവശേഷമുള്ള അമിത വയര്‍ ഒരു പരിധി വരെ നിയന്ത്രിക്കാനാകും. ശരീര ഭംഗി കെടുത്തുന്ന ഡയസ്റ്റാസിസ് റെക്റ്റി എന്ന ഈ ശാരീരികാവസ്ഥയ്ക്ക് ഫിസിയോതെറാപ്പിയിലൂടെ പരിഹാരം കാണാവുന്നതാണ്''
uploads/news/2018/02/191208/pregncyfatphyciyo100218.jpg

പ്രസവശേഷവും ചില സ്ത്രീകള്‍ കാഴ്ചയില്‍ ഗര്‍ഭിണികളെ പോലെ തോന്നാറുണ്ട്. പ്രസവശുശ്രൂഷയും വിശ്രമവും ശരിയാകാത്തതാണ് ഈ അവസ്ഥക്ക് കാരണമെന്ന് തെറ്റിധരിക്കുന്നവരാണധികവും.

എന്തുകൊണ്ടാണ് ചില സ്ത്രീകള്‍ പ്രസവം കഴിഞ്ഞിട്ടും ഗര്‍ഭിണികള്‍ക്ക് സമാനമായി കാണപ്പെടുന്നത്? ഡയസ്റ്റാസിസ് റെക്റ്റി എന്ന അവസ്ഥയാണ് ഇതിന് ഒരു പ്രധാന കാരണം.

ഉദരപേശികളുടെ നടുവില്‍ ഒരു വിടവ് വരുന്നതു കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈയൊരു അവസ്ഥ ഗര്‍ഭിണികളിലാണ് കൂടുതലായും കാണപ്പെടുന്നത്. മൂന്നില്‍ രണ്ടു ഗര്‍ഭിണികളില്‍ ഇതു കാണപ്പെടാറുണ്ട്.

അതുകൊണ്ടുതന്നെ ഈ അവസ്ഥ അത്ര അസാധാരണവുമല്ല. വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിക്കുന്നതിലൂടെയും ഡയസ്റ്റാസിസ് ഒരു പരിധി വരെ നിയന്ത്രിക്കാനാകും. ശരീര ഭംഗി കെടുത്തുന്ന ഈ ശാരീരികാവസ്ഥയ്ക്ക് ഫിസിയോതെറാപ്പിയിലൂടെ പരിഹാരം കാണാവുന്നതാണ്.

എന്തുകൊണ്ട് ഡയസ്റ്റാസിസ് റെക്റ്റി


ഗര്‍ഭകാലത്ത് വളരുന്ന ഗര്‍ഭാശയം ഉദരപേശികളുടെ മേലില്‍ സമ്മര്‍ദമുണ്ടാക്കുന്നു. ഇതിന്റെഫലമായി ഈ പേശികള്‍ക്കിടയില്‍ വിടവ് ഉണ്ടാകും. ഗര്‍ഭകാലത്ത് സ്ത്രീകളുടെ ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണുകള്‍ വഴി കണക്ടീവ് ടിഷ്യൂസ് വികസിക്കും.

ഈ പേശികള്‍ പ്രസവശേഷം പഴയതുപോലെ കൂടിച്ചേരും. ഇങ്ങനെ കൂടിച്ചേരാതെ വരുമ്പോള്‍ ഡയസ്റ്റാസിസ് റെക്റ്റി ഉണ്ടാവാം. ഇതു റെക്റ്റസ് അബ്‌ഡോമിനിസ് എന്ന പേശിയെയാണ് ബാധിക്കുന്നത്.

എങ്ങനെ തിരിച്ചറിയാം


ഇതിനായി നേരെ മലര്‍ന്നു കിടക്കുക. അതിനു ശേഷം രണ്ട് കാല്‍മുട്ടുകളും മടക്കി പാദം നിലത്ത് അമര്‍ത്തി വയ്ക്കുക. ഇതിനോടൊപ്പം കൈകള്‍ രണ്ടും വയറിനുമുകളില്‍ പതിയെ അമര്‍ത്തുക. അതിനോടൊപ്പം തന്നെ തല മാത്രം മുകളിലേക്ക് ഉയര്‍ത്തുക. അപ്പോള്‍ ഉദരപേശികള്‍ വലിയും.

ഈ വലിയുന്ന സമയം പേശികളുടെ ഇടയില്‍ രണ്ടുവിരല്‍ അകലം അനുഭവിക്കുന്നുണ്ടെങ്കില്‍ ഡയസ്റ്റാസിസ് റെക്റ്റി ആണെന്ന് പറയാം. നാലോ അഞ്ചോ വിരലുകളുടെ അകലമാണെങ്കില്‍ ഈ അവസ്ഥ ഗുരുതരമാണെന്ന് പറയാം.

uploads/news/2018/02/191208/pregncyfatphyciyo100218a.jpg

പരിഹരിക്കാന്‍ മാര്‍ഗങ്ങള്‍


ഡയസ്റ്റാസിസ് റെക്റ്റിക്ക് പ്രധാനമായ പരിഹാരം വ്യായാമമാണ്. ചിട്ടയായ വ്യായാമമുറകള്‍കൊണ്ട് ഈ അവസ്ഥയില്‍ നിന്നും രക്ഷനേടാം.

ഒന്ന്: മുട്ടുകള്‍ മടക്കി കൈകള്‍ നിലത്തു കുത്തി നട്ടെല്ല് നേരെ നിവര്‍ത്തി വയ്ക്കുക. വയറിലെ പേശികളെ അകത്തേക്ക് വലിക്കുക. ഇതു അഞ്ച് സെക്കന്‍ഡുകളോളം പിടിച്ചു നിര്‍ത്തണം. തിരിച്ചു പഴയതു പോലെ ആവുക. ഇതു ചെയ്യുമ്പോള്‍ ശ്വാസോച്ഛ്വാസം സാധാരണ രീതിയിലായിരിക്കും.

രണ്ട്: നേരെ കിടന്ന് രണ്ടു കാല്‍മുട്ടുകളും മടക്കി വയ്ക്കുക. വയറിലെ പേശികളെ ഉള്ളിലോട്ട് വലിച്ചുകൊണ്ട് ഒരു കാല്‍ പതിയെ നിവര്‍ത്തുക. തിരിച്ച് കാല്‍ യഥാസ്ഥാനത്ത് കൊണ്ടുവരിക. ഇതുപോലെ രണ്ടാമത്തെ കാലും ചെയ്യുക. ഓരോ കാലും പത്ത് പ്രാവശ്യം വീതം ചെയ്യണം.

മൂന്ന്: നിവര്‍ന്നു കിടക്കുക. രണ്ടു കാല്‍മുട്ടുകളും മടക്കി വയ്ക്കുക. ഒരു തോര്‍ത്ത് എടുത്ത് വയറിനു ചുറ്റും കെട്ടി അതിന്റെ അറ്റം രണ്ടു കൈകളിലും പിടിക്കുക. നന്നായി ശ്വാസം ഉള്ളിലേക്ക് വലിക്കുക. ശ്വാസം വിടുമ്പോള്‍ തല പതിയെ മുകളിലേക്ക് ഉയര്‍ത്തുക. അതിനോടൊപ്പം തന്നെ തോര്‍ത്തിന്റെ രണ്ടറ്റം അഞ്ച് സെക്കന്‍ഡ് സമയം മുറുകെ പിടിക്കണം. ഇതു പത്തു പ്രാവശ്യം ദിവസം മൂന്ന് നേരം വീതം ചെയ്യണം.

നാല്: ചുവരില്‍ ഒരു 'സ്വിസ് ബോള്‍' വെച്ച് അതിന്മേല്‍ ചാരി നിന്നുകൊണ്ട് പതിയെ താഴോട്ടും മേലോട്ടും താഴുകയും ഉയരുകയും ചെയ്യുക. ഡയസ്റ്റാസിസ് റെക്റ്റിപരിഹരിക്കുന്നതിലെ പ്രധാന ഘടകമാണ് ശരീരഭാരം കുറയ്ക്കുക എന്നത്.

എയറോബിക്‌സ് വ്യായാമം ചെറിയ തോതില്‍ ചെയ്യുന്നത് വളരെ നല്ലതാണ്. ഉദാഹരണത്തിന് നടക്കുന്നത്, നീന്തല്‍ മുതലായവ. എയറോബിക്‌സ് ചെയ്യുന്നവര്‍ നന്നായി വെള്ളം കുടിക്കേണ്ടതാണ്. വയറിനു മീതെ 'ബൈന്‍ഡര്‍' പോലുള്ള കോര്‍സെറ്റുകള്‍ കെട്ടുന്നത് വയര്‍ ചാടാതിരിക്കാന്‍ ഉപകരിക്കും.

മുന്‍കരുതലുകള്‍


ഉദരപേശികളുടെ മേലില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താത്ത രീതിയില്‍ അധികം കുനിഞ്ഞ് ഭാരം ഉള്ളത് പൊന്തിക്കാതിരിക്കുക, ക്രെഞ്ച്‌സ് പോലുള്ള വ്യായാമങ്ങള്‍ ചെയ്യാതിരിക്കുക. കിടക്കുന്നതും എഴുന്നേല്‍ക്കുന്നതും ശരിയായ രീതിയിലാവാന്‍ ശ്രദ്ധിക്കുക.

സ്വാതി വി.
ഫിസിയോതെറാപ്പിസ്റ്റ്
ബി.സി.എഫ് കോളജ് ഓഫ് ഫിസിയോതെറാപ്പി,
വൈക്കം

Ads by Google
Ads by Google
Loading...
TRENDING NOW