Tuesday, December 18, 2018 Last Updated 14 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 10 Feb 2018 03.21 PM

മഹാ ശിവരാത്രി മഹാത്മ്യം

'' ശിവ എന്നാല്‍ മംഗളകാരി എന്നും, ലിംഗമെന്നാല്‍ അടയാളമെന്നുമാണ് അര്‍ത്ഥമാക്കേണ്ടത്. ഭഗവത്ഗീതയില്‍ ഈശ്വരന്‍ ജ്യോതിസ്വരൂപനും അണുവുമാണെന്ന് പറയുന്നു. ആത്മാവിനെപ്പോലെ പരമാത്മാവും ജ്യോതിരൂപമാണ്. ശിവപരമാത്മാവ് എല്ലാ ആത്മാക്കളുടേയും പിതാവാണ്. ''
uploads/news/2018/02/191202/joythi100218a.jpg

ഭാരതമെമ്പാടും ഒരുപോലെ ആഘോഷിക്കുന്ന മഹത്വമേറിയ ഒരു പുണ്യമഹോത്സവമാണ് മഹാശിവരാത്രി. ആചാരങ്ങളുടെ വ്യത്യസ്തതയാലും ഭക്തിഭാവത്തിന്റെ ഉല്‍കൃഷ്ടതയാലും ഈ ഉത്സവം മറ്റെല്ലാ വിശേഷദിനങ്ങളേക്കാള്‍ അതിശ്രേഷ്ഠസ്ഥാനമലങ്കരിക്കുന്നു; ശിവഭഗവാന്റെ മഹിമയെ സൂചിപ്പിക്കുന്നു.

ശിവരാത്രിയിലെ 'രാത്രി' സൂചിപ്പിക്കുന്നത് 'അജ്ഞാന അന്ധകാര'ത്തെയാണ്; മനുഷ്യ മനസ്സുകളിലെ അജ്ഞാനത്തിന്റെ അന്ധകാരം നിറയുന്ന സമയത്തെയാണ്. ഈ അജ്ഞാനമാകുന്ന നിദ്രയില്‍നിന്നും ഉണരുന്നവരാണ് സ്വയം ആത്മാവാണെന്ന സത്യത്തിലേക്ക് ബുദ്ധിയെ ഉണര്‍ത്തുന്നവര്‍. ആരാണ് ഉണര്‍ന്നിരിക്കുന്നത് അവരുടെ പാപമാണ് നശിക്കുന്നത്.

ദിവസം മുഴുവന്‍ സര്‍വ്വേശ്വരനായ ശ്രീ പരമേശ്വരന്റെ സ്മരണയില്‍ വ്രതമനുഷ്ഠിക്കുകയും രാത്രി മുഴുവന്‍ ഉറങ്ങാതെ ഈശ്വര സ്മരണയില്‍ അഖണ്ഡനാമവും ഉപവാസവുമായി കഴിയുകയും ചെയ്താല്‍ പാപങ്ങള്‍ നശിച്ച് പുണ്യ ലോകപ്രാപ്തി ലഭിക്കുമെന്ന് വിശ്വസിച്ചുപോരുന്നു.

ഈശ്വരനെ സത്യം- ശിവം-സുന്ദരം എന്നാണ് വേദങ്ങള്‍ വാഴ്ത്തിയിരിക്കുന്നത്. സദാ സര്‍വ്വര്‍ക്കും മംഗളം ചെയ്യുന്നതിനാല്‍ ഈ പരമാത്മാവിനെ സദാശിവനെന്നും വിളിക്കുന്നു. ഭാരത
ത്തില്‍ എവിടെയും കാണുന്ന ഓവല്‍ ആകൃതിയിലുള്ള ശിവലിംഗങ്ങള്‍ ശിവപരമാത്മാവിന്റെ പ്രതിബിംബങ്ങളാണ്.

മറ്റു ദേവന്മാരില്‍നിന്നും വിഭിന്നമാണ് ശിവഭഗവാന്‍. മറ്റു ദേവതകള്‍ക്ക് ഗുണങ്ങളും, സുഗന്ധവുമുള്ള പുഷ്പങ്ങളും അര്‍പ്പിക്കുമ്പോള്‍ ശിവഭഗവാനുമാത്രം ഗുണവും മണവുമില്ലാത്ത എരിക്കിന്‍പൂവും ഉമ്മത്തിന്‍പൂവും കൂവളത്തിലയും അര്‍പ്പിക്കുന്നത് എന്തുകൊണ്ടാണ്?

മനുഷ്യര്‍ കലിയുഗാന്ത്യത്തില്‍ പരമാത്മാവായ ശിവഭഗവാനെ മറന്ന് മോഹമായയ്ക്ക് അധീനമായി അശാന്തിയിലേക്ക് വീഴുമ്പോള്‍ അവരെ വീണ്ടും ദേവീ ദേവന്മാരാക്കുന്നതിന് ഭഗവാന്‍ ആവശ്യപ്പെടുന്നത് ദുര്‍വിധിക്ക് കാരണമാകുന്ന ദുര്‍വികാരങ്ങളാകുന്ന കാളകൂട വിഷത്തെ അകറ്റുക എന്നതാണ്.

ഈ വിഷയ വികാരങ്ങളെ ഭഗവാന്‍ തരുന്ന ജ്ഞാനയോഗത്തിലൂടെ ഭഗവാനില്‍ അര്‍പ്പിക്കുന്നതിന്റെ പ്രതീകമാണ് എരിക്കിന്‍ പൂവും മറ്റും അര്‍പ്പിക്കുന്നത്.ആരാണോ ദുര്‍വികാരങ്ങളേയും ദുര്‍വാസനകളേയും ത്യജിച്ച് ഭഗവാന്റെ ജ്ഞാനാമൃതം കഴിക്കുന്നത് അവര്‍ വീണ്ടും അമരത്വം (ദേവത്വം) പ്രാപിക്കുന്നു.

ശിവലിംഗം എങ്ങനെയുണ്ടായി?


മനുഷ്യര്‍ സൃഷ്ടിയുടെ ആദിയില്‍ സത്യയുഗത്തില്‍ ആത്മ സ്മൃതിയില്‍ തികഞ്ഞ സുഖശാന്തി അനുഭവിച്ചിരുന്നു. ദ്വാപരയുഗത്തില്‍ ശരീരബോധം (സ്മൃതി) കൂടിയപ്പോള്‍ മനസ്സ് ശരീ
രത്തിന്റെ വികാരങ്ങള്‍ക്ക് അടിമയായി. അതുവഴി ദുഃഖവും, അശാന്തിയും ആരംഭിച്ചു. ഭക്തിയും വര്‍ദ്ധിച്ചു.

ഇതിന് പരിഹാരമന്വേഷിച്ച വിക്രമാദിത്യ മഹാരാജാവിന് ഭഗവാന്‍ പ്രകാശരൂപത്തില്‍ സാക്ഷാത്ക്കാരം നല്‍കി. അതുമൂലം അഗാധമായ സുഖവും ശാന്തിയും അനുഭവപ്പെട്ടു. ആ പ്രകാശത്തെ ഓര്‍മ്മിക്കാന്‍ പ്രകാശത്തിന്റെ രൂപമായ 'ഓവല്‍' ആകൃതിയില്‍ വജ്രംകൊണ്ട് ഒരു രൂപമുണ്ടാക്കി.

പ്രതിഷ്ഠിക്കുന്നതിനും, ആരാധിക്കുന്നതിനും സൗകര്യാര്‍ത്ഥം ഒരു ബെയ്‌സ് ഉണ്ടാക്കി. അതിനെ 'ശിവജ്യോതിസ്വരൂപം' എന്നു വിളിച്ചു. കാരണം മംഗളകാരിയായ ഭഗവാന്റെ രൂപം പ്രകാശം അഥവാ ജ്യോതിയാകുന്നു. ശിവജ്യോതിര്‍ലിംഗം ലോപിച്ച് പിന്നീട് ശിവലിംഗം എന്നായി.

കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ആത്മജ്യോതിയെ ജനങ്ങള്‍ വിസ്മരിച്ചു. ഒപ്പം ശിവജ്യോതിയെ ഓര്‍മ്മിക്കാനും കഴിയാതെ പോയി.
പിന്നീട് ശരീരബോധത്തില്‍ നിന്നും ജന്മംകൊണ്ട തപസ്വിയായ 'ശങ്കരനെ' ശിവനെന്ന് വിളിക്കാന്‍ തുടങ്ങി. എപ്പോള്‍ ആത്മദീപത്തെ വിസ്മരിക്കാന്‍ തുടങ്ങിയോ അപ്പോള്‍ മുതല്‍ പുറമേ ദീപം കൊളുത്തിത്തുടങ്ങി.

വീടുകളിലും ക്ഷേത്രങ്ങളിലും പള്ളികളിലും ജ്യോതിസ്സിന് പ്രാമുഖ്യം വരാന്‍ കാരണം ആത്മപരമാത്മാ ജ്യോതി സങ്കല്പമാണ്.
ഗീതയില്‍ ശ്രീകൃഷ്ണന്‍ പറയുന്നു: 'ഹേ! അര്‍ജ്ജുനാ നിന്റെ ഈ കണ്ണുകൊണ്ട് എന്നെ കാണുവാന്‍ കഴിയില്ല. അതിനാല്‍ ഞാന്‍ നിനക്ക് 'ജ്ഞാനചക്ഷുസ്സ്' നല്‍കുന്നു. അതില്‍ക്കൂടി നീ എന്നെ കാണൂ.'

ശിവനെ ത്രിമൂര്‍ത്തി ശിവനെന്നും വിളിക്കുന്നു. മൂന്നു കര്‍ത്തവ്യങ്ങള്‍- സൃഷ്ടി, സ്ഥിതി, സംഹാരം എന്നതിനാധാരമാക്കിയാണിത്.
'ശിവ' എന്നാല്‍ മംഗളകാരി എന്നും, 'ലിംഗ'മെന്നാല്‍ അടയാളമെന്നുമാണ് അര്‍ത്ഥമാക്കേണ്ടത്.

ഭഗവത്ഗീതയില്‍ ഈശ്വരന്‍ ജ്യോതിസ്വരൂപനും അണുവുമാണെന്ന് പറയുന്നു. ആത്മാവിനെപ്പോലെ പരമാത്മാവും ജ്യോതിരൂപമാണ്. ശിവപരമാത്മാവ് എല്ലാ ആത്മാക്കളുടേയും പിതാവാണ്. ഈശ്വരന്‍ ഒന്നേയുള്ളൂ.

12 ജ്യോതിര്‍ലിംഗക്ഷേത്രങ്ങള്‍


ഭാരതത്തില്‍ പ്രധാനമായി '12' ജ്യോതിര്‍ലിംഗക്ഷേത്രങ്ങളുണ്ട്.
1. സോമനാഥന്‍ (ഗുജറാത്ത്): ജീവാത്മാക്കള്‍ക്ക് ആത്മീയ ജ്ഞാനം എന്ന സോമരസം കൊടുക്കുന്നുവെന്നര്‍ത്ഥത്തില്‍.
2. മല്ലികാര്‍ജ്ജുനന്‍ (ആന്ധ്രയില്‍): ഇത് ശ്രീശൈലം എന്നറിയപ്പെടുന്നു. മായയെ ജയിച്ച അര്‍ജ്ജുനന്മാരാക്കപ്പെടുന്ന സങ്കല്പത്തിലാണ് ഈ പേര്‍.
3. മഹാകാലേശ്വരന്‍- (മദ്ധ്യപ്രദേശ്): കലിയുഗാന്ത്യത്തില്‍ ആത്മാക്കള്‍ക്ക് മുക്തികൊടുത്ത് തന്റെ കൂടെ ശാന്തിധാമിലേക്ക് കൊണ്ടുപോകുന്ന കാലന്റെ സങ്കല്പത്തിലാണിത്.
4. ഓംങ്കാരേശ്വരന്‍ (മദ്ധ്യപ്രദേശ്): 'ഓം' എന്നാല്‍ 'ആത്മ' എന്ന ആത്മീയ മന്ത്രത്തിനെ അര്‍ത്ഥമാക്കുന്നു.
5. ഭീമാശങ്കരന്‍ (മഹാരാഷ്ട്ര): പൂനയില്‍ സ്ഥിതി ചെയ്യുന്നു. വികാരങ്ങളായ 'രാക്ഷസന്' അടിമപ്പെടുമ്പോള്‍ ആ വികാരങ്ങളായ ഭീമനെ സംഹരിച്ച് ആത്മാക്കള്‍ക്ക് മുക്തികൊടുക്കുന്നുവെന്ന സങ്കല്പം.
6. നാഗേശ്വരന്‍ (ഗുജറാത്ത്): ശില്പകലകള്‍ക്ക് പ്രസിദ്ധിയാര്‍ജ്ജിച്ച ഈ ക്ഷേത്രം ഗുജറാത്തിലാണ്. കലിയുഗത്തില്‍ മനുഷ്യാത്മക്കളില്‍ വികാരങ്ങളാകുന്ന സര്‍പ്പങ്ങളെ ജ്ഞാനയോഗശക്തികൊണ്ട് ഭസ്മമാക്കുന്നുവെന്ന സങ്കല്പം.
7. ഘൃഷ്‌ണേശ്വരന്‍: മഹാരാഷ്ട്രയില്‍ ഔറംഗബാദില്‍ ജ്ഞാനത്തിന്റെ അഭാവത്താല്‍ ശോച്യാവസ്ഥയില്‍ കഴിയുന്ന ആത്മാക്കള്‍ക്ക് ജ്ഞാനംകൊടുത്ത് അമരത്വത്തിലേക്ക് യോഗ്യരാക്കി മാറ്റുന്നുവെന്ന തത്വം.
8. കേദാരനാഥന്‍: ഹിമാലയത്തിലെ പ്രകൃതിരമണീയമായ 'കേദാരനാഥി'ലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മനസ്സും, ബുദ്ധിയും ഈശ്വരനില്‍ അര്‍പ്പിതമാക്കി ഈശ്വര ആജ്ഞയനുസരിച്ച് നടക്കുന്നവര്‍ക്ക് അവരുടെ എല്ലാ ദുഃഖങ്ങളും നീയാണ് എന്നതിന്റെ അടയാളമായാണ് ഈ പേര്‍.
9. ത്ര്യംബകേശ്വരന്‍ (മഹാരാഷ്ട്രയിലെ നാസിക്കില്‍): ബ്രഹ്മഗിരിയില്‍ ഗോദാവരി നദിയുടെ ഉത്ഭവസ്ഥലത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. മനുഷ്യാത്മാക്കള്‍ക്ക് ഈശ്വരന്‍ നല്‍കുന്ന ജ്ഞാനമാകുന്ന ഗംഗയില്‍ മുങ്ങുന്നതിലൂടെ പവിത്രമാകാന്‍ കഴിയുമെന്ന ആത്മീയരഹസ്യം മനസ്സിലാക്കിക്കൊടുക്കുന്നു.
10 വിശ്വനാഥന്‍: 'കാശിവിശ്വനാഥന്‍' എന്നറിയുന്ന പേരുകേട്ട ഈ ക്ഷേത്രം ഉത്തരപ്രദേശിലാണ്. ഗംഗാതീരത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഈ ക്ഷേത്രത്തെക്കുറിച്ചറിയാത്തവര്‍ വിരളമായിരിക്കും. ഇവിടെ 'സ്വര്‍ഗ്ഗം' എന്ന പുതിയ ലോകത്തിന്റെ സൃഷ്ടി 'ശിവന്‍' നിര്‍വ്വഹിക്കുന്നതിനാല്‍ ഇവിടെയുള്ള ശിവലിംഗത്തിന് വിശ്വനാഥന്‍ (വിശ്വത്തിന്റെ നാഥന്‍) എന്ന പേരുവന്നു.
11. രാമേശ്വര്‍: തമിഴ്‌നാട്ടില്‍ തെക്കുഭാഗത്ത് കടലോരത്ത് സ്ഥിതി ചെയ്യുന്ന ശ്രീരാമേശ്വരം എന്ന ക്ഷേത്രത്തില്‍ 24 വിശേഷ തീര്‍ത്ഥങ്ങളുണ്ട്. ശ്രീരാമന് ശക്തിപ്രദാനം ചെയ്തവന്‍ എന്ന അര്‍ത്ഥത്തില്‍ രാമേശ്വരന്‍ എന്ന പേര് കൈവന്നു.
12. വൈദ്യനാഥന്‍ (ജാര്‍ഖണ്ഡില്‍): കാമ, ക്രോധ വികാരങ്ങള്‍ക്ക് അടിമയായി ദുഃഖത്തിലും, അശാന്തിയിലും കഴിയുന്നവര്‍ക്ക് ജ്ഞാനാമൃതം കൊടുത്ത് അവരെ രോഗമുക്തരാക്കി, അമരത്വം നല്‍കുന്നുവെന്ന അര്‍ത്ഥത്തിലാണ് ഈ പേര്‍.

കെ.വി. ശ്രീനിവാസന്‍
(ജ്യോതിഷാചാര്യ രത്‌നം)
(റിട്ട: എഞ്ചിനീയര്‍ ഐ.എസ്.ആര്‍.ഒ)
മൊ: 9447343273

Ads by Google
Ads by Google
Loading...
TRENDING NOW