Saturday, March 16, 2019 Last Updated 7 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 10 Feb 2018 03.07 PM

പ്ലാറ്റ്‌ഫോമുകളില്ലാത്ത ഗുരുശിഷ്യബന്ധം

uploads/news/2018/02/191194/Weeklyanubhavpacha100218.jpg

ജീവിതത്തിലെ ഏറ്റവും പുഷ്‌കലമായ വര്‍ഷങ്ങളാണ് അദ്ധ്യാപനത്തിനായി ചിലവഴിച്ചത്. മാന്നാനം കെ.ഇ.കോളജിലായിരുന്നു മലയാളം അദ്ധ്യാപകനായി ജോലി ചെയ്തിരുന്നത്. അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തിലെ മൂല്യങ്ങള്‍ കൈമോശം വരാത്ത ഒരു കാലത്ത് കുട്ടികള്‍ക്ക് നാലക്ഷരം പറഞ്ഞുകൊടുക്കാന്‍ സാധിച്ചതും പ്രധാനമായി കാണുന്നു.

അന്ന് (ഇന്നും) പ്ലാറ്റ്‌ഫോമില്‍ നിന്നാണ് അദ്ധ്യാപകന്‍ ക്ലാസ് എടുക്കുക. എനിക്കത് എന്നും അരോചകമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അസ്പൃശ്യമായ തലത്തില്‍ ഒരു ഉപരിപീഠത്തില്‍ നില്‍ക്കേണ്ട ആളാണോ അദ്ധ്യാപകന്‍? അയാള്‍ അവരിലൊരാളായി നിന്ന്, അവരിലേക്കിറങ്ങിച്ചെന്ന് പാഠങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടതല്ലേ? പാഠ്യവിഷയങ്ങള്‍ക്കൊപ്പം വൈകാരികമായ ഒരു അടുപ്പവും സ്‌നേഹവും ചേര്‍ത്ത് വച്ച് പഠിപ്പിക്കുമ്പോള്‍ അത് കൂടുതല്‍ ഫലപ്രദമാവുമെന്ന് എനിക്ക് തോന്നി. അതുകൊണ്ട് ഞാന്‍ പ്ലാറ്റ്‌ഫോം ഉപേക്ഷിച്ച് കുട്ടികള്‍ക്കിടയിലുടെ നടന്ന് പഠിപ്പിക്കാന്‍ തുടങ്ങി.

വിശിഷ്ടപദവിയുടെ ഭാരമില്ലാതെ തോളൊപ്പം നിന്ന് പാഠ്യഭാഗങ്ങള്‍ ചൊല്ലിത്തരുന്ന മാഷിനോട് കുട്ടികള്‍ക്ക് മാനസികമായ അടുപ്പം ഉണ്ടാവുക സ്വാഭാവികം. അതുകൊണ്ട് തന്നെ എന്റെ ക്ലാസില്‍ വികൃതി കാണിക്കുന്ന കുട്ടികള്‍ കുറവായിരുന്നു. എന്നാല്‍ പ്രസീന അവരില്‍ നിന്നും വിഭിന്നയായിരുന്നു. ഒരു ബിരുദവിദ്യാര്‍ത്ഥിനിക്ക് സ്വാഭാവികമായി ഉണ്ടാവേണ്ട പക്വത അവളെ തൊട്ടുതീണ്ടിയിരുന്നില്ല.

ക്ലാസില്‍ ഒച്ചവച്ച് ബഹളം കൂട്ടുകയും ആവശ്യത്തിനും അനാവശ്യത്തിനും കുസൃതികള്‍ കാട്ടുകയും ചെയ്യുന്ന ഒരു കുട്ടിയായിരുന്നു അവള്‍. സ്വാഭാവികമായും എന്റെ ശാസനകള്‍ മൊത്തമായി ഏറ്റുവാങ്ങാനുളള ദുര്യോഗവും അവള്‍ക്ക് സിദ്ധിച്ചു.

ഒന്നാം വര്‍ഷ ബിരുദക്ലാസില്‍ തുടങ്ങിയ അലംഭാവം അവസാന വര്‍ഷത്തിലെത്തിയിട്ടും മാറിയില്ല. നൂറോളം കുട്ടികളുള്ള ക്ലാസിന്റെ ജനാലയ്ക്കരികില്‍ പോയി പുറത്തേക്ക് അലക്ഷ്യമായി നോക്കിയിരിക്കുക. ക്ലാസില്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാത്ത മട്ട് നടിക്കുക, മറ്റ് കുട്ടികളോട് ക്ലാസിനിടയില്‍ വര്‍ത്തമാനം പറയുക എന്നു വേണ്ട കുസൃതിത്തരങ്ങളുടെ പര്യായമായിരുന്നു പ്രസീന.

എന്താണ് അവളുടെ പ്രശ്‌നമെന്ന് എനിക്ക് വ്യക്തമായില്ല. എന്നാല്‍ ഗുരുനിന്ദയും ഉദാസീനതയുമായി കരുതി ഞാന്‍ വഴക്ക് പറഞ്ഞുകൊണ്ടേയിരുന്നു. എന്റെ അദ്ധ്യാപനജീവിതത്തില്‍ ഏറ്റവും കുടുതല്‍ വഴക്ക് കേട്ടതും ആ കുട്ടിയാവാം.

ഇതിനിടയില്‍ മലയാളം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരു നേച്ചര്‍ ക്യാമ്പിന് ഞങ്ങള്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് യാത്ര പോയി.
പകല്‍ വനത്തിലുടെയുളള യാത്ര, വൈകുന്നേരങ്ങളില്‍ ക്ലാസ്, ആണ്‍കുട്ടികളും പെണ്‍കുട്ടികളും കന്യാസ്ത്രീകളുമൊക്കെയുളള ഒരു സംഘം. വളരെ നല്ല കൂട്ടായ്മയും അച്ചടക്കവുമുള്ള ക്യാമ്പായിരുന്നു അത്. ഒരു ദിവസം രാവിലെ ഞാന്‍ നോക്കുമ്പോള്‍ പ്രസീന കുശിനിക്കകത്ത് കയറിയിരുന്ന് പഴങ്കഞ്ഞി കുടിക്കുന്നു.

''നീയെന്താ ഈ കാണിക്കുന്നത്?''
ആകാംക്ഷ അടക്കവയ്യാതെ ഞാന്‍ ചോദിച്ചു.
''അത് ഞാന്‍ ഇവരോട് പറഞ്ഞു. എനിക്ക് രാവിലെ ഇത്തിരി കഞ്ഞി തരണമെന്ന്..''
എനിക്ക് ചിരി വന്നു.
''അതെന്താ കഞ്ഞി?''
ആകാംക്ഷ അപ്പോഴും വിട്ടൊഴിഞ്ഞില്ല.
''എനിക്ക് ഭയങ്കര അസിഡിറ്റിയാ സാറേ...''
''അതെന്താ നിനക്ക് ഇത്ര അസിഡിറ്റി?'
''എനിക്ക് അപ്പടി ടെന്‍ഷനാ സാറേ...''
''ഈ ചെറുപ്രായത്തില്‍ ടെന്‍ഷനോ?''

അങ്ങനെ ആദ്യമായി പ്രസീന സവിസ്തരം അവളുടെ കഥ പറഞ്ഞു.
അച്ഛന് ക്യാന്‍സറായിരുന്നു. സഹിക്കാനാവാത്ത വേദന. ചികിത്‌സിക്കാന്‍ പണമില്ല. ഒരു ദിവസം വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അച്ഛന്‍ കഴുക്കോലില്‍ തൂങ്ങിമരിച്ചു. അമ്മ പാടത്ത് പണിക്ക് പോകുന്ന കാശ്‌കൊണ്ടാണ് കഷ്ടിച്ച് കുടുംബം കഴിയുന്നത്. ഒരു അനുജന്‍ പഠിക്കുന്നു.

ഒരു ചിറയുടെ വക്കിലുളള കൊച്ചുകുടിലിലാണ് താമസം. ഒരു വശത്ത് പാടം, മറുവശത്ത് തോട്. നടുവില്‍ വീട്. നല്ലൊരു കാറ്റ് വീശിയാല്‍ തകരാവുന്ന സുരക്ഷിതത്വത്തിന്റെ മേല്‍ക്കൂരയേ തലയ്ക്ക് മുകളിലുളളു. തന്റെ ദുഖങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാനുളള വൃഥാശ്രമമായിരുന്നു അക്കാലമത്രയൂം അവളുടെ കുസൃതികളെന്ന് വേദന കലര്‍ന്ന ഒരു നടുക്കത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു.

ആ രാത്രി ഞാന്‍ ഉറങ്ങിയില്ല. മനസില്‍ വല്ലാത്ത വിഷമം തോന്നി.
ക്യാമ്പിനിടയിലെ വൈകുന്നേരങ്ങളില്‍ കുട്ടികളും അദ്ധ്യാപകരും തമ്മില്‍ സംവാദമുണ്ട്. ആരോ അവളോട് ചോദിച്ചു.
''നിനക്ക് ഭാവിയില്‍ ആരാകാനാണ് ആഗ്രഹം?''
''എനിക്ക് കാക്കിയിടുന്ന എന്തെങ്കിലും ഒരു ജോലി കിട്ടണം''
''അതെന്താ അങ്ങനെ?'' കുട്ടികള്‍ക്ക് ഉദ്വേഗമായി

''കാക്കിക്ക് ഈ സമൂഹത്തില്‍ ഒരു ബഹുമാനമുണ്ട് സാറേ..''
ഞാന്‍ ചോദിച്ചു
''കണ്ടക്ടറായാലോ?''
''ഏത് വേഷമായാലും തെറ്റില്ല. കാക്കി വേണം. ഫോറസ്റ്റ് ഗാര്‍ഡാണ് എന്റെ സ്വപ്നം''
അവള്‍ പറഞ്ഞു. അന്ന് രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥിനിയാണ് പ്രസീന.
ഒരിക്കല്‍ ഞാന്‍ സ്വകാര്യമായി ചോദിച്ചു.

ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ഏതാണ്? അവള്‍ പറഞ്ഞു.
''വീട്ടില്‍ ആദ്യമായി ഒരു ബള്‍ബ് തെളിഞ്ഞ നിമിഷം..''
അതിന്റെ കാരണം തിരക്കിയപ്പോള്‍ പറഞ്ഞു.

''ഒരു കറണ്ട് കണക്ഷന് വേണ്ടി പഞ്ചായത്തിലും വില്ലേജാഫീസിലും ഇലക്ട്രിസിറ്റി ഓഫീസിലും പല കുറി ഞാന്‍ കയറിയിറങ്ങി. പല വിധ കാരണങ്ങള്‍ പറഞ്ഞ് അവര്‍ അപേക്ഷ നിരസിച്ചു. അവസാനം ഞാന്‍ ആ ആപ്പീസുകളുടെ മുന്നില്‍ കുത്തിയിരുന്നു. ഇതു കിട്ടാതെ ഞാനിവിടുന്ന് പോകുന്ന പ്രശ്‌നമില്ല''
കുത്തിയിരുന്ന് സമരം ചെയ്ത് അവള്‍ നേടിയതാണ് ഓരോന്നും.

പിന്നിടൊരിക്കലും ഞാനവളെ വഴക്ക് പറഞ്ഞില്ല. അവള്‍ കുസൃതികള്‍ കാട്ടിയതുമില്ല.
അന്ന് വരെ മനസില്‍ തങ്ങിനിന്ന ദേഷ്യത്തിന്റെ മഞ്ഞുരുകി സഹതാപത്തിന്റെയും സ്‌നേഹത്തിന്റെയും ആര്‍ദ്രതയായി പരിണമിച്ചു. വ്യക്തിജീവിതത്തില്‍ രണ്ട് പെണ്‍മക്കളുടെ പിതാവായിരുന്നിട്ടും മൂന്നാമതൊരു മകളുടെ സ്ഥാനത്ത് ഞാനവളെ മനസില്‍ കൊണ്ടു നടന്നു.

ഡിഗ്രി മൂന്നാം വര്‍ഷം പുര്‍ത്തിയാക്കി എല്ലാ കുട്ടികളെയും പോലെ യാത്ര പറയാനായി വന്നപ്പോള്‍ പിതൃനിര്‍വിശേഷമായ സ്‌നേഹത്തോടെ ഞാന്‍ ചോദിച്ചു.
''നിനക്ക് പൈസ വല്ലതും വേണോ?''
അവള്‍ ഒന്നും വാങ്ങിയില്ല.

പൊയ്ക്കഴിഞ്ഞും അവള്‍ എനിക്കൊരു അത്ഭുതമായിരുന്നു. ക്ലാസില്‍ സാധാരണ കാണുന്ന സുരക്ഷിതകവചങ്ങളില്‍ ജീവിക്കുന്ന കുട്ടികളില്‍ നിന്ന് എത്രയോ അകലെയാണ് ഇവള്‍. നിരന്തരമായ പരീക്ഷണങ്ങളും തിരിച്ചടികളും ക്ലേശങ്ങളും പോരാട്ടങ്ങളും നിറഞ്ഞ ജീവിതം.
മാസങ്ങള്‍ക്ക് ശേഷം ഒരു മഴക്കാലത്ത് പതിവ് പോലെ പത്രം നിവര്‍ത്തിയ ഞാന്‍ ഒരു വാര്‍ത്ത കണ്ടു.

കാണാതായ ബാലനെ മൂന്നാംപക്കം മരിച്ച നിലയില്‍ കണ്ടെത്തി. ഹൈസ്‌കുള്‍ വിദ്യാര്‍ത്ഥിയാണ്. പതിവ് പോലെ പല്ല് തേയ്ക്കാനായി പുറത്തേക്ക് ഇറങ്ങിയതാണ്. മറുകര കാണാനാവാത്ത വിധം വിശാലമായ പാടമാണ് വീടിന് ചുറ്റും. അവിടെ മൂഴുവന്‍ വെളളം കയറിക്കിടക്കുകയാണ്.

വീടിന്റെ മുറ്റത്തിരുന്നു കൊണ്ട് പല്ല്‌തേച്ച് കഴുകാനായി പാടത്തു നിന്നും കയ്യില്‍ വെളളം കോരിയെടുത്തതാണ്. ഒരു ഇലവന്‍ കെ.വി ലൈന്‍ അപ്പുറത്ത് പൊട്ടിക്കിടന്നത് അവനറിഞ്ഞില്ല.

ആ പ്രദേശം മുഴുവന്‍ കറണ്ടായിരുന്നു. അത് അവനെ വലിച്ച് വെളളത്തിലേക്ക് കൊണ്ടുപോയി. ചെക്കനെ കാണാനില്ലെന്ന് പറഞ്ഞ് എല്ലാവരും അന്വേഷണമായി. പുറപ്പെട്ട് പോയോ എന്നു വരെ ആളുകള്‍ സംശയിച്ചു.

എന്നാല്‍ വളരെ നല്ല ശീലങ്ങളുളള ആ കുട്ടി അങ്ങനെയൊന്നും ചെയ്യാന്‍ സാദ്ധ്യതയില്ലെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. ഇതിനിടയില്‍ ലൈന്‍ പൊട്ടിക്കിടക്കുന്നത് ആരുടെയോ ശ്രദ്ധയില്‍ പെട്ട് അത് ഓഫാക്കി. അപ്പോഴും ആരും ഇങ്ങനെയൊരു അപകടസാദ്ധ്യതയെക്കുറിച്ച് ചിന്തിച്ചില്ല. മൂന്നാം ദിവസം വെളളത്തില്‍ ശവം പൊന്തി. ഇതാണ് പത്രങ്ങളില്‍ വാര്‍ത്തയായി വന്നത്.

ഞാന്‍ കോളജില്‍ വന്നപ്പോള്‍ സഹപ്രവര്‍ത്തകര്‍ ചോദിച്ചു.

''പ്രസീനയുടെ ആങ്ങള മരിച്ചത് സാര്‍ അറിഞ്ഞില്ലേ?''
ഞാനാകെ തളര്‍ന്നു പോയി. പാവം ആ കുട്ടി വീണ്ടും തിരിച്ചടികളുടെ മുള്‍മുനയില്‍ പിടയുന്നു. അവളുടെ വീട്ടിലേക്കുളള വഴി അറിയില്ല. മരണവീട്ടില്‍ പോയ ചില കുട്ടികളെ കണ്ടുപിടിച്ച് അവരെയും കൂട്ടി ഞങ്ങള്‍ കുറച്ച് അദ്ധ്യാപകര്‍ പുറപ്പെട്ടു.

ഒരുപാട് ദുര്‍ഘടമായ വഴികള്‍ പിന്നിട്ട് മരപ്പാലങ്ങളും മറ്റും കയറിയാണ് ആ ചിറയിലെത്തിയത്. ഞങ്ങള്‍ ചെല്ലുമ്പോള്‍ ശവസംസ്‌കാരം കഴിഞ്ഞ് ബന്ധുക്കളും നാട്ടുകാരും പിരിഞ്ഞു പോയ ഘട്ടത്തിലായിരുന്നു.

സഹപ്രവര്‍ത്തകരേക്കാള്‍ വേഗത്തിലാണ് ഞാന്‍ നടന്നത്. ഞാനും അവരും തമ്മില്‍ ഏതാണ്ട് 20 അടി വ്യത്യാസമുണ്ടായിരുന്നു. ആ കുട്ടിയുടെ വിഷമത്തില്‍ ആശ്വസിപ്പിക്കാനുളള ആവേഗമായിരുന്നു എനിക്ക്്. ദൂരെ നിന്നേ അവള്‍ എന്നെ കണ്ടു. ഒരു കൊടുങ്കാറ്റുപോലെ ഓടിപ്പാഞ്ഞു വന്ന് എന്നെ കെട്ടിപ്പിടിച്ച് ഒറ്റ കരച്ചിലായിരുന്നു. കണ്ണീരുകൊണ്ട് എന്റെ ഷര്‍ട്ട് മൂഴുവന്‍ നനഞ്ഞു. സ്‌നേഹവും വാത്സല്യവും സങ്കടവും സാന്ത്വനവും എല്ലാം നിറഞ്ഞ സ്വരത്തില്‍ ഞാന്‍ ചോദിച്ചു.

''എന്നതാടീ മോളെ ഇത്..?''
പെട്ടെന്ന് കരച്ചിലിനിടയില്‍ അവള്‍ വിളിച്ചു.
''എന്റെ അച്ഛാ...''

ഞാനൊന്ന് നടുങ്ങിയുലഞ്ഞു. അറിയാതെ കണ്ണുകള്‍ നിറഞ്ഞുപോയി.
പിറക്കാതെ പോയ ഒരു മകളുടെ വിളിക്ക് ജനിച്ച കുഞ്ഞുങ്ങളുടെ വിളിയേക്കാള്‍ തീക്ഷ്ണതയും ചൂടുമുണ്ടായിരുന്നു. അവളെ അടര്‍ത്തി മാറ്റി വാ..മോളെ എന്നു പറഞ്ഞ് ഞാനവളെയും കൂട്ടി വീട്ടിലേക്ക് പോയി.

അല്‍പ്പനേരം കഴിഞ്ഞ് ഞങ്ങള്‍ മടങ്ങി. പില്‍ക്കാലത്ത് അവള്‍ വിവാഹിതയായി. രണ്ട് കുട്ടികളൂടെ അമ്മയായി ഞാനറിയാത്ത ഏതോ സ്ഥലത്ത് ജീവിക്കുന്നു. ആ സംഭവം കഴിഞ്ഞിട്ട് രണ്ട് ദശകം പിന്നിട്ടു. പിന്നീട് ഞാനവളെ കണ്ടിട്ടില്ല.

പക്ഷെ മനസിന്റെ അടിത്തട്ടില്‍ നിന്നെന്നോണം അവള്‍ വിളിച്ച ആ വിളിയാണ് എന്നിലെ പിതൃത്വം അതിന്റെ സമഗ്രതയിലും ആഴത്തിലും ഉണര്‍ത്തിയത്. അച്ഛനാവുക എന്ന പുണ്യം രണ്ട് തവണ അനുഭവിച്ചിട്ടും ലഭിക്കാത്ത നിര്‍വൃതി ആ നിമിഷങ്ങളില്‍ ഞാനറിഞ്ഞു. അതിനപ്പുറം ചില ജീവിതസത്യങ്ങളിലേക്കുളള വെളിപാട് പുസ്തകം കൂടിയായിരുന്നു ആ അനുഭവം.

നമ്മള്‍ തെറ്റിദ്ധരിക്കുന്ന പല വികൃതിക്കുട്ടികളും എത്രയോ തീക്ഷ്ണവും വേദനാ നിര്‍ഭരവുമായ അനുഭവങ്ങളുടെ ആഴക്കടല്‍ നീന്തിക്കടന്നാണ് നമുക്ക് മുന്നിലെത്തുന്നത്. ശാസിക്കുകയും വെറുക്കുകയും ചെയ്യും മുന്‍പ് ഒരു നല്ല അദ്ധ്യാപകന്‍ ശിഷ്യരുടെ വ്യക്തിജീവിതം കൂടി അറിയണം. അവരുടെ പ്രശ്‌നങ്ങളില്‍ പങ്കാളിയാവണം. അപ്പോള്‍ അവര്‍ക്ക് പാഠ്യഭാഗങ്ങള്‍ കൂടുതല്‍ ആഴത്തില്‍ മനസിലാവും. പഠനം എന്ന പ്രക്രിയയെ അവര്‍ സ്‌നേഹിച്ച് തുടങ്ങും.

അദ്ധ്യാപകന്‍ ആ ജോലി ചെയ്യുന്ന ഒരു ജീവനക്കാരന്‍ എന്ന നിലയില്‍ നിന്നും പിതൃതുല്യമായ ഒരു അവസ്ഥയുടെ മഹത്ത്വത്തിലേക്ക് ഉയരും. കുട്ടികളുടെ മനസില്‍ അവര്‍ക്ക് ഓര്‍മ്മയുളള കാലത്തോളം ഗിരിശൃംഗങ്ങളേക്കാള്‍ ഉയരത്തില്‍ ആ ഗുരുമുഖം നിറഞ്ഞു നില്‍ക്കും.

പ്ലാറ്റ്‌ഫോമുകള്‍ ഉപേക്ഷിച്ചതു കൊണ്ടാവാം എനിക്ക് ഒരു പക്ഷെ അവിചാരിതമായി ഒരു പിതൃഭാവം സ്വന്തമായത്.

തയ്യാറാക്കിയത്:
ഡോ. അബേഷ് രഘുവരന്‍

Ads by Google
Ads by Google
Loading...
TRENDING NOW