Saturday, May 19, 2018 Last Updated 5 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 09 Feb 2018 04.39 PM

നാടകലോകത്തു നിന്നും ശക്തനായ മറ്റൊരു ചലച്ചിത്ര നടന്‍ രാജേഷ് ശര്‍മ്മ

uploads/news/2018/02/190916/CiniINWRajeshsharma090218.jpg

മലയാളസിനിമയില്‍ ഇന്ന് തിരക്കുള്ള താരങ്ങളിലൊരാളാണ് രാജേഷ് ശര്‍മ്മ. തിയേറ്ററിന്റെ ഊര്‍ജമാണ് രാജേഷിന്റെ സിരകളില്‍ അഭിനയത്തിന്റെ ലഹരി പടര്‍ത്തിയത്. രാജേഷ് ശര്‍മ്മ അഭിനയിച്ച പത്തിലധികം സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്.

ഓരോ സിനിമകളിലും വൈവിധ്യമാര്‍ന്ന സ്വഭാവ സവിശേഷതകളുള്ള കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ കഴിയുന്നുവെന്നത് രാജേഷ് ശര്‍മ്മയെന്ന നടന്റെ പ്രത്യേകത കൂടിയാണ്.അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് രാജേഷ് ശര്‍മ്മയെ ഇന്നും മുന്നോട്ടു നയിക്കുന്നത്.

പത്താംക്ലാസ് വരെ ആര്‍.എസ്.എസിന്റെ അനുഭാവിയായിരുന്ന രാജേഷ് ശര്‍മ്മ വായിക്കാന്‍ തുടങ്ങിതോടെയാണ് കമ്മ്യൂണിസത്തിന്റെ ചുവന്ന ചിന്തകളിലേക്ക് കടന്നുവന്നത്. പിന്നെ ഡി.വൈ.എഫ്.ഐ.യിലൂടെ നാടകരംഗത്ത് സജീവമാവുകയും ഇന്ത്യന്‍ പീപ്പിള്‍ തിയേറ്റര്‍ അസോസിയേഷന്‍ സാംസ്‌കാരിക സംഘടനയുടെ സംസ്ഥാന കമ്മിറ്റിയിലെത്തുകയും ചെയ്തു.

ഇടതുപക്ഷ മനസ്സുള്ള രാജേഷ് ശര്‍മ്മ മലയാളസിനിമയില്‍ ഏതു റോളും അനായാസം തനിക്കു വഴങ്ങുമെന്ന് ഓരോ സിനിമകളിലൂടെയും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.തൃശൂരില്‍ ചിത്രീകരണം നടന്ന കോണ്ടസ്സയുടെ സെറ്റിലാണ് രാജേഷ് ശര്‍മ്മയെ കണ്ടത്. ഇതിനകം മുപ്പതിലധികം സിനിമകളില്‍ അഭിനയിച്ച രാജേഷ് ശര്‍മ്മ സിനിമാമംഗളത്തിന്റെ വായനക്കാരുമായി സംസാരിക്കുകയാണ്.

? കോണ്ടസ്സയിലെ കഥാപാത്രത്തെക്കുറിച്ച്...


ഠ വളരെയധികം അഭിനയസാധ്യതയുള്ള പപ്പേട്ടന്‍ എന്ന കഥാപാത്രമായാണ് ഞാന്‍ അഭിനയിക്കുന്നത്. ഇതേവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍നിന്നും വ്യത്യസ്തമാണ് പപ്പേട്ടന്‍.

? പുതിയ ചിത്രങ്ങളെക്കുറിച്ച്...


ഠ പൃഥ്വിരാജ് നായകനായ വിമാനത്തിലെ ബാലാജിയും ഈടയിലെ ഉണ്ണിയും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളായിരുന്നു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, തീവണ്ടി, ബോണ്‍സായ്, മമ്മാലി എന്ന ഇന്ത്യാക്കാരന്‍ വാടകവണ്ടി ഉള്‍പ്പെടെ പത്തോളം സിനിമകളാണ് ഇനി റിലീസ് ചെയ്യാനുള്ളത്. എല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങളാണ്.

? നാടകങ്ങളിലൂടെയാണല്ലോ സിനിമയിലേക്ക് കടന്നുവന്നത്. നാടക പശ്ചാത്തലത്തെക്കുറിച്ച് സൂചിപ്പിക്കാമോ...


ഠ കൊല്ലം ഗവ. മോഡല്‍ ബോയ്‌സ് ഹൈസ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. പത്താംക്ലാസ് വരെ സംഘപരിവാറിന്റെ ചിന്തകളാണ് എന്നെ നയിച്ച്. ആര്‍.എസ്.എസിന്റെ നല്ലൊരു അനുഭാവിയായിരുന്നു. നാടകങ്ങളില്‍ അഭിനയിക്കാനുള്ള മോഹമുണ്ടായപ്പോള്‍ അതിനുള്ള ശ്രമം തുടങ്ങി. വായനാ ശീലമുള്ള ചങ്ങാതിമാരെ കിട്ടിയപ്പോള്‍ ഞാനും വായിക്കാന്‍ തുടങ്ങി.

സത്യം പറഞ്ഞാല്‍ വായിക്കാന്‍ തുടങ്ങിയതോടെയാണ് ആശയപരമായ പ്രശ്‌നങ്ങള്‍ മനസ്സില്‍ ഉടലെടുത്തത്. പിന്നെ വായനയോടൊപ്പം നാടകത്തിലേക്കും കടന്നു. അപ്പോഴേയ്ക്കും കമ്മ്യൂണിസത്തിലേക്ക് എന്റെ മനസ്സ് പൂര്‍ണമായും അടുത്തിരുന്നു. തിയേറ്റര്‍ പ്രവര്‍ത്തനവും എന്റെ ചിന്തകളെ കൂടുതല്‍ കരുത്തുറ്റതാക്കി.

യൂറി വിനീസിന്റെ മീഡിയ, സി.ജെ.യുടെ ക്രൈ1126, ഭഗവത് ഭുജം, ടെണ്ടുല്‍ക്കറുടെ കമല, നാഗമണ്ഡല, ഈഡിപ്പസ്, സാകേതം, ആന്തോന്‍ ചെക്കോവിന്റെ ബെറ്റ് എന്ന ചെറുകഥയെ ആധാരമാക്കിയുള്ള സോളോ ഈ നാടകങ്ങളിലെ അഭിനയം ചിന്താപരമായും രാഷ്ട്രീയപരമായും എന്നെ ശരിക്കും മാറ്റിമറിച്ചു. മനുഷ്യസ്‌നേഹത്തിന്റെ ആശയം കമ്മ്യൂണിസമാണെന്ന് തിരിച്ചറിഞ്ഞു.

uploads/news/2018/02/190916/CiniINWRajeshsharma090218a.jpg

? നാടകാഭിനയത്തോടൊപ്പം രാഷ്ട്രീയപ്രവര്‍ത്തനത്തിലും സജീവമായിരുന്നോ...


ഠ ഇടതുപക്ഷത്തിന്റെ ഭാഗംതന്നെയായിരുന്നു ഞാന്‍. ഞങ്ങളുടെ ഓലയില്‍ എന്ന സ്ഥലത്ത് ഡി.വൈ.എഫ്.ഐ.യുടെ യൂണിറ്റ് സെക്രട്ടറിയായി ഞാന്‍ പ്രവര്‍ത്തിച്ചു. സമ്മേളനത്തില്‍ ഡി.വൈ.എഫ്.ഐ. വില്ലേജ് കമ്മിറ്റി വരെയെത്തി.

വലിയൊരു പ്രസ്ഥാനത്തിന്റെ നേതൃത്വവുമായി ചേര്‍ന്ന് നില്‍ക്കുന്നതില്‍ പരിമിതികളുണ്ടായിരുന്നു. ഞാന്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്ക് വന്നിരുന്നില്ല. എന്റെ മനസില്‍ നാടകം നിറഞ്ഞുനിന്നിരുന്നതിനാല്‍ നാടകം പഠിക്കാന്‍ ഞാന്‍ തിരുവനന്തപുരത്തേക്കു പോയി. നാലുവര്‍ഷം പല ജോലികളും ചെയ്തു.

? ഡി.വൈ.എഫ്.ഐ.യില്‍നിന്നും ഇപ്റ്റയിലേക്കുള്ള കടന്നുവരവ്...


ഠ കൊല്ലത്ത് കാനായി കുഞ്ഞിരാമന്‍ സാറിന്റെ നേതൃത്വത്തില്‍ എഴുത്തുകാരുടെയും നാടകക്കാരുടെയും ഉള്‍പ്പെടെ സാസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'മോന്തായം' എന്ന സംഘടനയ്ക്ക് രൂപം നല്‍കിയിരുന്നു. നാലുവര്‍ഷത്തിനുള്ളില്‍ ഇപ്റ്റയുടെ നേതൃത്വത്തില്‍ നിരവധി നാടകങ്ങള്‍ ചെയ്തു.

2002-ല്‍ ഞാന്‍ ഇപ്റ്റയുടെ സംസ്ഥാന കമ്മിറ്റിയിലെത്തി. ഒ.എന്‍.വി. പ്രസിഡന്റും സിനിമാ മംഗളം പത്രാധിപര്‍ പല്ലിശ്ശേരി സംസ്ഥാന സെക്രട്ടറിയുമായിരുന്നു.

ഇപ്റ്റയുടെ കമ്മിറ്റിയിലാണ് ഞാനും പ്രവര്‍ത്തിച്ചത്. പിന്നീട് ലേബര്‍ ഇന്ത്യയില്‍ അധ്യാപകനായി ചേര്‍ന്നതോടെ നാടകവും ജീവിതവും സമന്വയിച്ചുകൊണ്ടുള്ള ഒരുതരം യാത്രതന്നെയായിരുന്നു.

? നാടകത്തിന്റെ അരങ്ങില്‍നിന്നും സിനിമയിലേക്കുള്ള കടന്നുവരവിനെക്കുറിച്ച് സൂചിപ്പിക്കാമോ...


ഠ 2006-ല്‍ ഡോ. ബിജുവിന്റെ സൈറയിലൂടെയാണ് ഞാന്‍ സിനിമയിലെത്തിയത്. കാസിം അബ്ബാസ് എന്ന കഥാപാത്രമായാണ് അഭിനയിച്ചത്. പിന്നെ ജയിംസ് ആല്‍ബര്‍ട്ടിന്റെ സഹായത്തോടെ ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ചിത്രത്തിലും അഭിനയിച്ചു.

ആരുടെയെങ്കിലും റെക്കമെന്റേഷനില്‍ അഭിനയിക്കേണ്ട കലയല്ല സിനിമയെന്ന തിരിച്ചറിവ് എനിക്കുണ്ടാക്കിത്തന്ന സിനിമയാണ് ഇവിടം സ്വര്‍ഗമാണ്. പിന്നെ തല്‍ക്കാലം ഞാന്‍ സിനിമയില്‍നിന്ന് അകന്നു. 2008-ല്‍ അമൃതയിലെ ബെസ്റ്റ് ആക്ടര്‍ പരിപാടിയില്‍ പങ്കെടുത്തു. ഞാനും സിദ്ധാര്‍ത്ഥ് ശിവയും സുരഭിയും ആശ അരവിന്ദും പി. ശ്രീകുമാറും ഗിരിധറും ഉള്‍പ്പെടെയുള്ള ഗ്രൂപ്പായിരുന്നു ബെസ്റ്റ് ആക്ടറിലുണ്ടായിരുന്നത്.

ഇതോടെ സിനിമയിലേക്കുള്ള വഴി എന്റെ മുന്നില്‍ തുറക്കപ്പെടുകയായിരുന്നു. ഹോംലി മീല്‍സ് എന്ന ചിത്രത്തില്‍ പാലാരിവട്ടം മോസപ്പന്‍ എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായി അഭിനയിച്ചു. ഈ ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

അന്നയും റസൂലുമെന്ന ചിത്രത്തില്‍ പലിശ പ്രാഞ്ചിയായും ചാര്‍ളിയില്‍ കല്പനയുടെ ഭര്‍ത്താവ് സെബാനായും എസ്രയില്‍ സെബാറ്റിയായും ആനന്ദത്തില്‍ ബസ് ഡ്രൈവറായും അഭിനയിച്ചു.

സിബി മലയിലിന്റെ 'സൈഗാള്‍ പാടുകയാണ്' എന്ന ചിത്രത്തില്‍ നരേന്ദ്രനെന്ന മുഴുനീള കഥാപാത്രമായിരുന്നു. സൈഗാള്‍ പാടുകയാണ് ശ്രദ്ധിക്കപ്പെട്ടതാണെങ്കില്‍ ഈ ചിത്രം എനിക്ക് നല്ലൊരു ബ്രേക്കാവുമായിരുന്നു.

? ഒരു അഭിനേതാവെന്ന നിലയില്‍ സമീപകാലത്തിറങ്ങിയ ഇഷ്ടചിത്രങ്ങള്‍...


ഠ മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്റെ ഇഷ്ടചിത്രങ്ങളായിരുന്നു. ഈ സിനിമകള്‍ കണ്ടപ്പോള്‍ അഭിനയിക്കാനുള്ള കൊതി തോന്നിയിരുന്നു.

? നാടകാഭിനയത്തിലൂടെ ലഭിച്ച അംഗീകാരങ്ങള്‍...


ഠ മൂന്ന് തവണ സംസ്ഥാന നാടകമത്സരത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. അമ്പലപ്രാവ്, മക്കള്‍കൂട്ടം, ക്രൈം നമ്പര്‍ 902 മര്‍ഡര്‍ തുടങ്ങിയ നാടകങ്ങളിലെ അഭിനയത്തിനാണ് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്. കുട്ടികളുടെ നാടകവേദിയിലും സജീവമായിരുന്നു. ഇതേവരെ അമ്പതോളം നാടകങ്ങളില്‍ അഭിനയിച്ചു.

? സിനിമയില്‍ മനസ്സിലുള്ള കഥാപാത്രം...


ഠ സിനിമയഇല്‍ അഭിനയിക്കാന്‍ എന്തെന്നില്ലാത്ത കൊതിയാണ്. വെല്ലുവിളി ഉയര്‍ത്തുന്ന ഏത് റോളും അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. സിനിമയില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ക്കു വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്.

? കുടുംബത്തെക്കുറിച്ച്...


ഠ ഭാര്യ രശ്മി കണ്ണൂരില്‍ ബിഎസ്.എന്‍.എല്‍. ഉദ്യോഗസ്ഥയാണ്. മകള്‍ ശ്രീലക്ഷ്മി കണ്ണൂരിലെ കാടായി ഗവ. ഹൈസ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്നു.

-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: പാലക്കാട് ദുരൈ

Ads by Google
Ads by Google
Loading...
TRENDING NOW