Sunday, March 10, 2019 Last Updated 10 Min 27 Sec ago English Edition
Todays E paper
Ads by Google
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Friday 09 Feb 2018 03.10 PM

ഉന്നത വിദ്യാഭ്യാസം ഉണ്ടായിട്ടും ഒരു ജോലി ഇല്ലാത്തതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ ഗീതു അനുഭവിച്ചത് ചെറുതല്ല; ഒടുവില്‍ അവള്‍ സ്വാതന്ത്ര്യം നേടിയപ്പോള്‍ നഷ്ടപ്പെട്ട സ്വപ്നങ്ങള്‍ എല്ലാം തിരിച്ചുകിട്ടി

uploads/news/2018/02/190904/Weeklyfamilycourt090218a.jpg

കൂലിപ്പണിക്കാരനായ ഗോവിന്ദന്റെയും ലതയുടെയും മൂന്നുമക്കളില്‍ മൂത്തയാളായിരുന്നു ഗീതു. കാണാന്‍ അതീവ സുന്ദരിയും വിദ്യാസമ്പന്നയുമായ ആ യുവതി ഒരിക്കല്‍ എന്നെ കാണാന്‍ വന്നു. ഇരുള്‍വീണ അവളുടെ ജീവിതാനുഭവം പങ്കുവച്ചു.

''ഓര്‍മ്മയിലെ ബാല്യം അത്രസുഖകരമായിരുന്നില്ല. ദാരിദ്ര്യവും കഷ്ടപ്പാടും നിഴല്‍പോലെ ഞങ്ങളുടെ കുടുംബത്തെ പിന്തുടര്‍ന്നു. കിട്ടാതെ പോയ വിദ്യാഭ്യാസം എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ഞങ്ങള്‍ക്ക് തരണമെന്നത് അച്ഛന്റെയും അമ്മയുടെയും വാശിയായിരുന്നു. പലപ്പോഴും വീട്ടിലെ പല ആവശ്യങ്ങളും വേണ്ടെന്ന് വച്ചു ഞങ്ങളുടെ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കി.

കോളേജ് പഠനത്തിനുശേഷം ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് അച്ഛനെ സഹായിക്കണം എന്നായിരുന്നു എന്റെ തീരുമാനം. എന്നാല്‍ ഡിഗ്രിക്ക് 89 ശതമാനം മാര്‍ക്ക് ലഭിച്ചു. തുടര്‍ന്ന് പഠിക്കാന്‍ കോളേജില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് ലഭിച്ചു. അങ്ങനെ ഞാന്‍ പി.ജിയ്ക്ക് ജോയിന്‍ ചെയ്തു. ആ സമയം മുതല്‍ എനിക്ക് വിവാഹാലോചനകള്‍ വന്നു തുടങ്ങി.

പഠനം പാതിവഴി ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറായില്ല. പഠനം പൂര്‍ത്തിയായശേഷമാണ് അച്ഛന്റെ ഒരു സുഹൃത്ത് വഴി അമേരിക്കന്‍ മലയാളിയായ മനുവേട്ടന്റെ ആലോചന വന്നത്. കാണാന്‍ നല്ല ചെറുപ്പക്കാരന്‍, നല്ല വിദ്യാഭ്യാസം, ജോലി, അങ്ങനെ അദ്ദേഹത്തിന് ഗുണങ്ങള്‍ ഏറെയുണ്ടായിരുന്നു.

കുടുംബപരമായും സാമ്പത്തികമായും ഞങ്ങള്‍ തമ്മില്‍ ഒരുപാട് അന്തരമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് ആ ആലോചനയോട് ഒട്ടും താല്‍പര്യമില്ലായിരുന്നു. ഞങ്ങള്‍ക്ക് എത്തിനോക്കാന്‍ പോലും സാധിക്കാത്ത ബന്ധം.

മനുവേട്ടന് സമ്പന്നകുടുംബങ്ങളില്‍ നിന്ന് ഒരുപാട് ആലോചനകള്‍ വന്നെങ്കിലും ജാതക പൊരുത്തത്തിന്റെ പേരില്‍ പലതും നടക്കാതെ പോയി. ഞങ്ങള്‍ തമ്മില്‍ പത്തില്‍ എട്ടുപൊരുത്തം. അതോടെ അദ്ദേഹത്തിന്റെ വീട്ടുകാര്‍ വിടാതെ പിന്തുടര്‍ന്നു. സ്ത്രീധനമായി ഒന്നും കൊടുക്കേണ്ട. വിവാഹം നടത്താന്‍ അവര്‍ നിര്‍ബന്ധിച്ചു.

അത്രയും വലിയ കുടുംബത്തിലേക്ക് എന്നെ അയയ്ക്കാന്‍ അച്ഛന്‍ ആദ്യം മടിച്ചെങ്കിലും എനിക്ക് നല്ലൊരു ജീവിതം കിട്ടുമെന്നോര്‍ത്ത് ഈ ബന്ധത്തിന് സമ്മതിച്ചു. ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തും ബന്ധുക്കളുടെ സഹായത്തോടെയും പതിനഞ്ച് പവന്‍ സ്വര്‍ണ്ണം തന്ന് എന്നെ വിവാഹം കഴിച്ചയച്ചു.

ഞാനും മനുവേട്ടനും പുതിയൊരു ജീവിതത്തിലേക്ക് കടന്നു. വിവാഹത്തിന്റെ ആദ്യനാളുകള്‍ വളരെ പെട്ടെന്ന് തന്നെ കടന്നുപോയി. അവധികഴിഞ്ഞ് അദ്ദേഹം തിരികെ മടങ്ങി. പിന്നീടുളള നാളുകള്‍ അമ്മായിയമ്മയുടെ കൊടിയ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വന്നു.

രാവിലെ മുതല്‍ വൈകുന്നേരം വരെ ഒരു വേലക്കാരിയെപ്പോലെ അവിടുത്തെ ജോലി ചെയ്യണം. ഒരുനിമിഷം വെറുതെ ഇരിക്കാന്‍ അനുവദിച്ചില്ല. ഒരു മനുഷ്യജീവിയെന്ന പരിഗണനപോലും ആ വീട്ടില്‍ എനിക്ക് ലഭിച്ചില്ല.

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ വിസിറ്റിങ് വിസയില്‍ അദ്ദേഹം എന്നെ അമേരിക്കയിലേക്ക് കൊണ്ടുപോയി. മൂന്നുമാസത്തിനുളളില്‍ എനിക്ക് അവിടെ ഒരു ജോലി ശരിയാക്കുകയായിരുന്നു ലക്ഷ്യം.

പല കമ്പനികളില്‍ ജോലിക്ക് ശ്രമിച്ചെങ്കിലും ആദ്യ ടെസ്റ്റില്‍ തന്നെ ഞാന്‍ പരാജയപ്പെട്ടു. രണ്ടാമത് മറ്റൊരു കമ്പനിയിലെ ടെസ്റ്റില്‍ കൂടി പരാജയപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് എന്നിലുളള എല്ലാ പ്രതീക്ഷകളും ഇല്ലാതായി. വിസ്സയുടെ കാലാവധി തീര്‍ന്ന് ഞാന്‍ നാട്ടിലേക്ക് മടങ്ങി.

ദാമ്പത്യജീവിതത്തില്‍ ജോലിയുടെ പ്രാധാന്യം ഞാന്‍ മനസ്സിലാക്കി. സ്വന്തമായി ഒരു ജോലിയുണ്ടെങ്കില്‍ ഭര്‍ത്താവും വീട്ടുകാരും നാട്ടുകാരും എല്ലാവരും സ്ത്രീയെ അംഗീകരിക്കും.

തിരിച്ച് നാട്ടിലെത്തിയ എനിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃഗൃഹത്തില്‍ നിന്ന് വീണ്ടും കൊടിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു. എല്ലാവരും എന്നെ ഒറ്റപ്പെടുത്തി.

മനുവേട്ടന്‍ വീട്ടിലേക്ക് വിളിക്കുമെങ്കിലും എന്നോട് സംസാരിക്കാതെയായി. വിശേഷദിവസങ്ങളില്‍ എന്റെ വീട്ടിലേക്ക് ക്ഷണിക്കുമ്പോള്‍ എന്തെങ്കിലും കാരണം പറഞ്ഞ് ഞാന്‍ ഒഴിഞ്ഞു മാറും. എന്നെ കാണാനായി അച്ഛനും സഹോദരങ്ങളും ഇടയ്ക്ക് വരുമെങ്കിലും ഞാന്‍ ആരെയും ഒന്നും അറിയിച്ചില്ല.

ഒരു വിഷുവിന് കൈനീട്ടവുമായി എന്നെ കാണാന്‍ വീട്ടിലെത്തിയ അച്ഛനോടും അമ്മയോടും മോശമായി ഓരോന്നും പറഞ്ഞ് ഭര്‍തൃമാതാവ് ഇറക്കി വിട്ടു. എതിര്‍ത്തതിന് എന്നെയും അവര്‍ ആ വീട്ടില്‍ നിന്ന് പുറത്താക്കി. ഈ സംഭവത്തിനുശേഷം മനുവേട്ടന്‍ എന്നെ വിളിച്ചിട്ടില്ല. ഞാന്‍ വിളിക്കാന്‍ പലപ്രാവശ്യം ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ല.

ഞാന്‍ അവിടെ നിന്ന് ഇറങ്ങിയിട്ട് ആറുമാസം കഴിഞ്ഞു. ഇതിനിടെ എന്നെ കാണാനോ സംസാരിക്കാനോ അദ്ദേഹം തയ്യാറായില്ല. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ കോള്‍ എന്നെത്തേടിയെത്തി. ഒരുപാട് പ്രതീക്ഷയോടെയാണ് ഞാന്‍ കോള്‍ എടുത്തത്. കൂടെ ജോലി ചെയ്യുന്ന പെണ്‍കുട്ടിയെ അദ്ദേഹം വിവാഹം കഴിക്കാന്‍ പോകുകയാണ്. അതിന് ഞാനൊരു തടസമായി നില്‍ക്കരുതെന്ന് മനുവേട്ടന്‍ എന്നോട് ആവശ്യപ്പെട്ടു.

എനിക്ക് മനുവേട്ടന് കൊടുക്കാനുളള വിവാഹസമ്മാനം ഡിവോഴ്‌സ് നോട്ടീസാണ്. അതുകൊണ്ട് എത്രയും പെട്ടെന്നു തന്നെ അതിനുവേണ്ട നടപടികള്‍ സ്വീകരിക്കണം.'' എന്ന് ഗീതു എന്നോട് ആവശ്യപ്പെട്ടു. ഇരുകക്ഷികള്‍ക്കും എതിര്‍പ്പില്ലാതിരുന്നതുകൊണ്ട് നിയമപരമായി ബന്ധം പിരിയാന്‍ കാലതാമസം ഉണ്ടായില്ല...,

ഭര്‍തൃവീട്ടില്‍ നിന്ന് തിരികെ വീട്ടിലെത്തിയ ഗീതു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനൊപ്പം സര്‍ക്കാര്‍ ജോലിക്കുളള പരിശീലനത്തിലായിരുന്നു. ബന്ധം പിരിഞ്ഞ് മാസങ്ങള്‍ക്കുളളില്‍ ഗീതുവിന് അസിസ്റ്റന്റ് മാനേജറായി ബാങ്കില്‍ ജോലി ലഭിച്ചു.

Ads by Google
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Friday 09 Feb 2018 03.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW