Sunday, June 16, 2019 Last Updated 10 Min 22 Sec ago English Edition
Todays E paper
Ads by Google
നീതു വര്‍ഗ്ഗീസ്
Thursday 08 Feb 2018 08.18 PM

മാനസിക വിഭ്രാന്തിയുള്ളയാളുടെ അടിയേറ്റു മുട്ടു തകര്‍ന്ന 'തെരുവോരം മുരുകന്' കടം മാത്രം ബാക്കി, രാഷ്ട്രം ആദരിച്ച മുരുകനെത്തേടി എത്തിയില്ല സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഫോണ്‍ കോള്‍പോലും

Theruvoram founder, Murukan,  Mentally challenged

തെരുവിനായി ജീവിതം ഉഴിഞ്ഞുവെച്ച 'തെരുവിന്റെ രക്ഷകന്‍' കിടപ്പിലായി. മാനസിക വിഭ്രാന്തിയുള്ള ആളെ രക്ഷപ്പെടുത്തുന്നതിനിടെ അയാളില്‍ നിന്ന് അടിയേറ്റു മുട്ടുതകര്‍ന്നാണ് 'തെരുവോരം മുരുകന്‍' എന്ന തെരുവിന്റെ നാഥന് അനങ്ങാന്‍ പറ്റാതായത്.

എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപത്തു വെച്ചാണ് മാനസിക വിഭ്രാന്തിയുള്ള ആളില്‍ നിന്ന് ഇരുമ്പുവടികൊണ്ട് കാലിന്റെ മുട്ടിന് അടിയേറ്റത്. രക്ഷപ്പെടുത്താന്‍ വന്ന ആള്‍ ആണെന്ന് തിരിച്ചറിയാതെ ആയിരുന്നു മുരുകനു നേരെ അക്രമണമുണ്ടായത്. തുടര്‍ന്ന് കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി, ഓട്ടോ ഓടിച്ചു ജീവിതം നീക്കിയിരുന്ന തെരുവിന്റെ നാഥന് വഹിക്കാന്‍ പറ്റുന്നതായിരുന്നില്ല ആശുപത്രി ചിലവുകള്‍. ശസ്ത്രക്രിയയ്ക്കും, മറ്റ് ആശുപത്രി ചിലവുകള്‍ക്കുമായി ഏകദേശം രണ്ടര ലക്ഷത്തോളം രൂപ ചിലവായി. സുഹൃത്തുക്കളോടും, പൊതു ജനങ്ങളോടും കടം വാങ്ങിയാണ് ആശുപത്രിയിലെ ചിലവുകള്‍ നടത്തിയത്.

മാനസിക വിഭ്രാന്തിയുള്ള ആളുടെ അക്രമണമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതിനു ശേഷം മുരുകന്‍ ഇപ്പോള്‍ എറണാകുളത്തുള്ള തന്റെ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലാണ്. സംഭവം നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്നു സഹായം പോയിട്ട് തന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചറിയാന്‍ ഒരു ഫോണ്‍ കോള്‍ പോലും ഇതുവരെ തന്നെത്തേടി വന്നില്ലെന്ന് മുരുകന്‍ മംഗളം ഓണ്‍ലൈനോട് വ്യക്തമാക്കി. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയെങ്കിലും മൂന്നു മാസത്തെ പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

മുരുകന്‍ കിടപ്പിലായതോടെ അദേഹം നടത്തിവന്നിരുന്ന 'തെരുവു വെളിച്ച'ത്തിന്റെ വിളക്ക് അണഞ്ഞെങ്കിലും അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം ബാധിച്ചിട്ടില്ലെന്ന് മുരുകന്‍ പറയുന്നു. തെരുവോരത്തില്‍ 27 അന്തേവാസികളാണ് മുരുകനെ കാത്തിരിക്കുന്നത്. തെരുവില്‍ നിന്ന് ദിവസവും കണ്ടെത്തുന്ന പാവങ്ങളെയും, തെരുവില്‍ അലയുന്നവര്‍ക്കായി മുരുകന്‍ ചെയ്തുവന്നിരുന്ന കാരുണ്യത്തിന്റെ വെളിച്ചവും പകരാന്‍ മുംബൈയില്‍ ജോലി ചെയ്തിരുന്ന സോഷ്യല്‍ വര്‍ക്കര്‍ മുരുകനൊപ്പമുണ്ട്. തളരുമ്പോള്‍ താങ്ങാകാന്‍ കാരുണ്യത്തിന്റെ നാഥന്‍ തെരുവിന്റെ നാഥന് ഒരുക്കി നല്‍കിയതവാം ഈ സഹായം. മുരുകനെ താങ്ങി കഴിഞ്ഞിരുന്ന ഭാര്യ ഇന്ദുവും മൂന്നു വയസുള്ള മകന്‍ ഹരിശങ്കറും ബന്ധുക്കളുടെ ആശ്രയത്തിലാണ് കഴിയുന്നത്. ഭാര്യ മുരുകനൊപ്പം തെരുവോരത്തില്‍ സൗജന്യമായി തന്നെയാണ് സേവനം അനുഷ്ഠിക്കുന്നത്. മുമ്പും ഇത്തരത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ആക്രമണമുണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഗുരുതരമായി മുരുകന് പരിക്കേല്‍ക്കുന്നത്.

തെരുവില്‍ അലഞ്ഞു നടന്ന് തെരുവിന്റെ ദൈന്യത ഏവരെക്കാളും അറിഞ്ഞാണ് മുരുകന്‍ തെരുവില്‍ അലഞ്ഞു നടക്കുന്നവരെ കണ്ടെത്തി പരിചരിക്കാന്‍ തുടങ്ങിയത്. തെരുവുകളില്‍ അലഞ്ഞുതിരിയുന്നവരെ കണ്ടെത്തി പരിചരിക്കുകയാണു മുരുകന്റെ 'തെരുവോരം' എന്ന സംഘടനയുടെ ലക്ഷ്യം.

തമിഴ്‌നാട് സ്വദേശികളായ ഷണ്മുഖത്തിന്റെയും വള്ളിയുടെയും മകനായി ഇടുക്കിയിലെ പീരുമേട്ടിലാണു ജനിച്ചതെങ്കിലും എറണാകുളത്തെ ഒരു ചേരിയിലാണു മുരുകന്‍ എട്ടുവയസ് വരെ വളര്‍ന്നത്. പിന്നീട് പള്ളുരുത്തിയിലെ ഡോണ്‍ബോസ്‌കോ സ്‌നേഹഭവന്‍ അനാഥാലയത്തിലെത്തി.

പകല്‍ മുഴുവന്‍ തെരുവോരം സംഘടനയിലൂടെ ആരോരുമില്ലാത്തവര്‍ക്കു തണലാകുന്ന മുരുകന്‍ രാത്രി ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം കണ്ടെത്തുന്നത്. 2007-ല്‍ രൂപീകരിച്ച സംഘടന 11-ാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ എണ്ണായിരത്തോളം തെരുവുജന്മങ്ങള്‍ക്കു മുരുകന്‍ തണലായി. ഇങ്ങനെ തെരുവില്‍നിന്നു രക്ഷപ്പെട്ടവര്‍തന്നെയാണു പുതിയ ആളുകളെ കണ്ടെത്തി പുതുജീവിതത്തിലേക്കു കൂട്ടിക്കൊണ്ടുവരാന്‍ മുരുകനെ സഹായിക്കുന്നത്. മുരുകനു നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Theruvoram founder, Murukan,  Mentally challenged

രാഷ്ട്രപതിയുടെ സാമൂഹിക സേവന പുരസ്‌കാരമടക്കം ലഭിച്ചിട്ടുണ്ട്. ടൈംസ് നൗ ചാനലിന്റെ അമെയ്‌സിങ് ഇന്ത്യന്‍ പുരസ്‌കാരം 2015 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്‍നിന്ന് ഏറ്റുവാങ്ങിയിരുന്നു. അനാഥരായി തെരുവില്‍ അലയുന്നവരെ കണ്ടെത്തി പരിചരിച്ച് ഒടുവില്‍ താന്‍ തളര്‍ന്നപ്പോള്‍ അധികാരികള്‍ ആരും തിരിഞ്ഞു നോക്കിയില്ലെന്ന വേദന മുരുകന്റെ വാക്കുകളിലുണ്ട്..!

Ads by Google
നീതു വര്‍ഗ്ഗീസ്
Thursday 08 Feb 2018 08.18 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW