Thursday, March 07, 2019 Last Updated 34 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 08 Feb 2018 03.22 PM

അമ്മയുടെ പരിലാളനം

uploads/news/2018/02/190637/WeeklyAnubhavapacha080218.jpg

കുട്ടിക്കാലത്ത് അമ്മയായിരുന്നു എനിക്കെല്ലാം. വഴക്കിടാനും സ്‌നേഹിക്കാനും ആ നെഞ്ചില്‍ കിടന്നു വിഷമങ്ങള്‍ പറഞ്ഞ് കരയാനും, എന്തിനും എനിക്ക് അമ്മ വേണമായിരുന്നു.

അമ്മയ്ക്ക് നാല്‍പ്പതു വയസുള്ളപ്പോഴാണ് ഞാന്‍ ജനിക്കുന്നത്. ചേട്ടനും ചേച്ചിയുമായി എനിക്കു വലിയ പ്രായവ്യത്യാസം ഉണ്ടായിരുന്നതുകൊണ്ടാവണം എന്നെ അവരെക്കാളേറെ അമ്മ കൊഞ്ചിക്കുമായിരുന്നു.

പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ പോലും ഞാന്‍ അമ്മയുടെ ചൂടുപറ്റി ഉറങ്ങുമായിരുന്നു. അമ്മയ്ക്ക് ഞാനെന്നാല്‍ ജീവനായിരുന്നു; എനിക്ക് അതിനേക്കാള്‍ ഇഷ്ടവും.

അച്ഛന്‍ സംഗീതജ്ഞന്‍ ആയിരുന്നെങ്കിലും അമ്മയ്ക്കു കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു ഞങ്ങളുടെ കുടുംബത്തിന്റെ അത്താണി. അന്ന് കരമനയില്‍ നിന്ന് വീട്ടിലേക്ക് പതിനഞ്ചു പൈസയാണ് ബസ്‌കൂലി. പലപ്പോഴും ആ പതിനഞ്ചു പൈസ മിച്ചംവച്ച് നടന്നുവരും.

എന്നിട്ട് ആ പൈസയ്ക്ക് എനിക്ക് കഴിക്കാന്‍ എന്തെങ്കിലും വാങ്ങിക്കൊണ്ടുവരും. അന്ന് കുഞ്ഞായിരുന്നെങ്കിലും ഇപ്പോള്‍ അതോര്‍ക്കുമ്പോള്‍; ആ കഴിച്ചതിന്റെയൊക്കെ സ്വാദ് അമ്മയുടെ വിയര്‍പ്പിന്റെകൂടി ആയിരുന്നു എന്നറിയുമ്പോള്‍ മനസില്‍ അതിന്റെ രുചി പിന്നെയും കൂടുകയാണ്.

മെല്ലെ ഞാന്‍ സിനിമാ പിന്നണിഗാന രംഗത്ത് ചുവടുറപ്പിച്ചു. എന്റെ പാട്ടുകള്‍ ഇഷ്ടമായിരുന്നെങ്കിലും അമ്മയ്ക്ക് ദാസേട്ടനോടായിരുന്നു ഏറെ പ്രിയം.

എന്നും പാടാനായി പോകുന്നതിനുമുമ്പ് ഞാന്‍ അമ്മയെ ചെന്നുകണ്ട് അനുഗ്രഹം വാങ്ങും. കൈപിടിച്ച് എനിക്കൊരു ഉമ്മ തരും. ആ ഉമ്മയുടെ ഊഷ്മളത ഇന്നും മനസിലുണ്ട്. ഒരിക്കല്‍ സിംഗപ്പൂരില്‍ ഒരു പരിപാടിക്കിടയിലാണ് അമ്മ കട്ടിലില്‍ നിന്ന് വീണു പരിക്കേറ്റു എന്ന് ഞാനറിയുന്നത്.

ഉടന്‍തന്നെ തിരുവനന്തപുരത്ത് അമ്മയുടെ അരികിലേക്കു പറന്നെത്തി. മുഖത്ത് നീരൊക്കെയായി അമ്മ അവശനിലയില്‍ കിടപ്പിലായിരുന്നു. ഞാന്‍ ആശുപത്രിയില്‍ പോകാന്‍ നിര്‍ബന്ധിച്ചെങ്കിലും ആദ്യം അതിനു തയ്യാറായില്ല. അതുവരെ ആശുപത്രിയുടെ വരാന്തപോലും അമ്മ കയറിയിട്ടില്ല.

ഒടുവില്‍ നിര്‍ബന്ധത്തിന് വഴങ്ങി അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ നടത്തി അല്‍പ്പം ഭേദമായി വീട്ടിലെത്തിയെങ്കിലും അമ്മ വളരെ അവശയായി കട്ടിലില്‍ത്തന്നെ കഴിച്ചുകൂട്ടി.

അമ്മയ്ക്ക് വയ്യാതെയിരുന്ന കാലമത്രയും തിരക്കിനിടയിലും സമയം കണ്ടെത്തി ഒരു നിഴല്‍പോലെ പരിചരിക്കാനും, ഞാനില്ലാത്ത സമയങ്ങളില്‍ വിശ്വാസയോഗ്യമായ രണ്ട് ആയമാരെ നിര്‍ത്തി യാതൊരു കുറവുമുണ്ടാകാതെ നോക്കാനും കഴിഞ്ഞത് ഭാഗ്യമായി കാണുന്നു.

കോളേജ് കുമാരന്‍ എന്ന ചിത്രത്തിലെ പാട്ടിന്റെ റിക്കാര്‍ഡിംഗ് ആയിരുന്നു അന്ന്. ഞാന്‍ പതിവുപോലെ അമ്മയെ ചെന്നുകണ്ട് അനുഗ്രഹം തേടി. അമ്മ എന്റെ കൈപിടിച്ച് ചുംബിച്ചു.

ആകെ വിഷണ്ണയായ മുഖത്തോടെയിരുന്ന അമ്മയുടെ മൂഡൊന്നു മാറ്റാന്‍വേണ്ടി ഞാന്‍ പറഞ്ഞു; 'അമ്മയ്ക്ക് എന്റെ പാട്ടിനേക്കാള്‍ ഇഷ്ടം ദാസേട്ടന്റെ പാട്ടല്ലേ, ആ... അല്ലേലും മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലോ.'

അമ്മ പുഞ്ചിരിച്ചുകൊണ്ട് എന്നെ ചേര്‍ത്തുപിടിച്ചു മുടിയില്‍ തഴുകി. ഒരു പഴംചൊല്ല് പറഞ്ഞുകൊണ്ട് ആളാകാന്‍ ശ്രമിച്ച എന്റെ നേര്‍ക്ക് അമ്മയുടെ തളര്‍ന്ന കണ്ണുകള്‍ മറ്റൊരു പഴംചൊല്ലിലൂടെ മറുപടി പറഞ്ഞു. എന്റെ മുടികളില്‍ ഒഴുകിനടന്ന അമ്മയുടെ കൈവിരലുകളും പറയുന്നുണ്ടായിരുന്നു, കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞു തന്നെയെന്ന്.

സ്റ്റുഡിയോയില്‍ എത്തി പാട്ടുപാടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അമ്മയുടെ അന്നത്തെ ആ തഴുകലിന്റെ നനുത്ത സുഖത്തിലായിരുന്നു. പെറ്റമ്മയുടെ ഒരു തലോടല്‍പോലും നമുക്ക് എത്രയോ ഊര്‍ജ്ജമാണു പകര്‍ന്നുനല്‍കുന്നതെന്ന് ഞാന്‍ അനുഭവിച്ചറിയുകയായിരുന്നു. ആദ്യത്തെ ടേക്കിനുതന്നെ പാട്ട് പൂര്‍ത്തിയാക്കി.

അടുത്ത കാലത്തൊന്നും ഞാന്‍ അത്ര ആസ്വദിച്ച് ഒരു പാട്ട് പാടിയിരുന്നില്ല. പാട്ടുപാടി അവസാനിപ്പിച്ച് പുറത്തിറങ്ങി അതൊന്നു കേള്‍ക്കാനായി ഇരുന്നപ്പോള്‍ ഫോണ്‍ ശബ്ദിച്ചു. ആശുപത്രിയില്‍ നിന്നാണ്. അമ്മയെ പിന്നെയും അഡ്മിറ്റ് ചെയ്തിരിക്കുന്നു. ഉടന്‍ ചെല്ലണമത്രേ.

പാട്ടുകേള്‍ക്കാന്‍ നില്‍ക്കാതെ ഉടന്‍ ആശുപത്രിയിലെത്തി. അവിടെയെത്തിയപ്പോള്‍ ഐ.സി.യുവില്‍ കിടക്കുന്ന അമ്മയെ ചില്ലുവാതിലിന്റെ പുറത്തുനിന്നു കണ്ടു. അമ്മയുടെ ശരീരം വെള്ളത്തുണിയില്‍ പൊതിഞ്ഞുകിടത്തിയിരിക്കുന്നു.

രാവിലെ മുടിയിഴകളില്‍ തലോടി, ഇതുവരെയില്ലാത്ത ഒരു ഊര്‍ജ്ജം നല്‍കിയത് ഇതിനായിരുന്നല്ലേ എന്ന് എന്റെ ചുണ്ടുകള്‍ പരിഭവിച്ചു. അപ്പോഴും ശീതീകരിച്ച ഐ.സി.യുവില്‍ അമ്മ സുഖമായി ഉറങ്ങുകയായിരുന്നു. ഇനിയൊരിക്കലും ഉണരാത്ത ഉറക്കം.

തയ്യാറാക്കിയത്:
ഡോ. അബേഷ് രഘുവരന്‍

Ads by Google
Ads by Google
Loading...
TRENDING NOW