Sunday, February 17, 2019 Last Updated 1 Min 31 Sec ago English Edition
Todays E paper
Ads by Google

കലിപ്പ്

Aleena Mariya Varghese
Aleena Mariya Varghese
Wednesday 07 Feb 2018 08.26 PM

പഴന്തുണിവച്ചു പൊട്ടിയ തുടകളും നാണക്കേടു ഭയന്നു ചുവന്നുപോയ പാവാടകളും വഹിച്ചുനടന്ന പെണ്ണുങ്ങളുടെ മുഖത്താണു പേളി മാണിയേ പ്പോലെയുള്ളവര്‍ മൂക്കു ചീറ്റി ടിഷ്യൂ പേപ്പര്‍ വലിച്ചെറിഞ്ഞത്: അതേ പാഡ് ഒരു ചലഞ്ചാണ്

ഒരിക്കലെങ്കിലും കൈലി തുണിയിലും പഴയ പേപ്പറിലും തന്റെ ആര്‍ത്തവദിനങ്ങള്‍ നിറം കെട്ടുപോയ എല്ലാവരും സിനിമയുടെ പ്രേമോഷനു വേണ്ടിയാണെങ്കില്‍ കൂടി പാഡു ഉയര്‍ത്തി പിടിക്കുന്നവര്‍ക്കൊപ്പം തന്നെയായിരിക്കും. കാരണം അവര്‍ക്ക് അറിയാം പാഡ് എന്ന വാക്ക് ഒരു പെണ്‍ജീവിതത്തില്‍ ഉണ്ടാക്കിയ അപമാനവും അസ്വസ്ഥതകളും.
Pad challenge

തിയതി തെറ്റിയതുമൂലം മെറുണ്‍ യൂണിഫോം സ്‌കേര്‍ട്ടിനു പിന്നിലായി ആകൃതി തെറ്റിയ ചുവന്ന നനവു പടര്‍ന്നു കയറുന്നതും കാലിലൂടെ ചുവന്ന തണുപ്പു പടരുന്നതും അവള്‍ മാത്രമല്ല അറിയുക. പിന്നിലിരിക്കുന്ന ക്ലാസിലെ ആണ്‍കുട്ടി മുതല്‍ ലൈന്‍ബസിലെ കിളിവരെ ആ ചുവന്ന വട്ടം കണ്ടു എന്നു വഷളന്‍ നോട്ടംകൊണ്ടു അവളെ അറിയിക്കാന്‍ തിരക്കു കൂട്ടുന്നുണ്ടാകും. ആരോടും മിണ്ടാതെ ക്ലാസിന്റെ ഒരു മൂലയില്‍ ചുരുണ്ട് ഇരിക്കുമ്പോള്‍ ടോയ്‌ലറ്റില്‍പോലും പോകാന്‍ മടിയാണ്, കാരണം പുറകില്‍ വ്യാപിച്ച നനവു നോക്കി ചിരിക്കാന്‍ സീനിയര്‍ ചേട്ടന്മാര്‍ സ്‌കൂള്‍ വരാന്തയില്‍ എവിടെയെങ്കിലും നില്‍പ്പുണ്ടാകും.

Pad challenge

എന്നാലും സ്റ്റാഫ് റൂമില്‍ എത്തി ഒരു വിസ്പര്‍ ചോദിക്കാന്‍ തയാറാവില്ല. കാരണം നാണക്കേടാണ്. പതിവുപോലെ കണക്കു സാര്‍ ഹോംവര്‍ക്ക് ചെയ്‌തോ എന്നു നോക്കാന്‍ അടുത്തു വരുമ്പോള്‍ അവളുടെ ശ്രദ്ധ മുഴുവന്‍ പിന്നില്‍ പറ്റിയ ചോരയേക്കുറിച്ചു മാത്രമായിരിക്കും. അന്ന് ഇംഗ്‌ളീഷ് ടീച്ചര്‍ ലെസണ്‍ വായിപ്പിക്കാന്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തിയപ്പോള്‍ ഡെസ്‌ക്കിനുള്ളില്‍വച്ച ബാഗ് തന്ത്രപൂര്‍വ്വം പിന്നിലാക്കി വച്ച് ഒരുവശം ചെരിഞ്ഞ് ഒടിഞ്ഞുനിന്ന് എങ്ങനെയോ വായിച്ചു തീര്‍ത്തിട്ടുണ്ടാകും. ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം തെറ്റിയതിന്റെ പേരില്‍ ചിലപ്പോള്‍ ഹിന്ദിസാറോ കെമിസ്ട്രി ടീച്ചറോ നുള്ളിട്ടുണ്ടാവും അടിച്ചിട്ടുണ്ടാവും, ഇല്ല അപ്പോഴും വേദന മുഴുവന്‍ പിന്നിലാണ്.

നനഞ്ഞ കോഴിയെപ്പോലെ വല്ലായ്മയുള്ള നില്‍പ്പു കണ്ടുകാര്യം തിരക്കുന്ന അടുത്ത സുഹൃത്തുക്കളോടു മാത്രം ചെവിയില്‍ അതീവരഹസ്യമായി പറയും മെന്‍സാസായി. ഒന്നും വെച്ചിട്ടില്ല. കേട്ട അവരുടെ മുഖത്തും പരിഭ്രമം, ഇനി എന്തു ചെയ്യും. വൈകിട്ട് ലൈന്‍ബസ് കേറുന്നിടംവരെ ചങ്കു സുഹൃത്തു തൊട്ടുതൊട്ടു നടക്കും. പാവാടയുടെ പിന്നിലെ നനവ് ആരും കാണാതിരിക്കാന്‍. ബസില്‍ കയറിയാല്‍ നില്‍ക്കാന്‍ പറ്റില്ല. എല്ലാവരും അറിയും ഇരുന്നാലോ സീറ്റില്‍ ചോരയാകും.... എന്നാലും വരുന്ന വഴി ഒരു മെഡിക്കല്‍ സ്‌റ്റോറിലും കയറില്ല, കാരണം അവിടൊക്കെ ചേട്ടന്മാരാണ്. നാണക്കേടാകും. ചേട്ട ഒരു വിസ്പര്‍ എന്നു ഉറക്കയോ പതുക്കയോ പറയാനുള്ള ധൈര്യമായിട്ടില്ല.

Pad challenge

എങ്ങനെ എങ്കിലും വീട്ടില്‍ എത്തിയാല്‍ പല ചെറു കഷ്ണങ്ങളായി മുറിച്ച അച്ഛന്റെ പഴയ കൈലി വീണ്ടും ചെറുതാക്കി മടക്കി ഉടുക്കുമ്പോഴാകും അല്‍പ്പം സമാധാനം കിട്ടുക. അതാവട്ടെ ഇരുതുടകളിലും ഉരസി ഉരസി പിരിഡിന്റെ അഞ്ചാം ദിനം ആകുമ്പോഴേയ്ക്കും തുടകള്‍ക്കിരുവശവും പൊട്ടി നടക്കാന്‍ മേലാത്ത അവസ്ഥയില്‍ എത്തിച്ചിട്ടുണ്ടാകും. ദുര്‍ഗന്ധവും അസ്വസ്ഥതയും ബോണസായി ഒപ്പം ഉണ്ട്. ഇനി പാവാടയുടെ പിന്നിലെ ചോര അരെങ്കിലുമൊക്കെ കണ്ടിട്ടുണ്ടാവുമോ എന്ന ടെന്‍ഷന്‍ അപ്പോഴും മനസില്‍ ബാക്കിയാണ്. അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് പണ്ടു കാലത്ത് ഒന്നിലധികം പെണ്‍കുട്ടികളുള്ള വീട്ടില്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ തുണിയില്ലാത്തതു കൊണ്ട് ഒരാള്‍ ഉപയോഗിച്ച മെന്‍സസ് തുണി കഴുകി വൃത്തിയാക്കിയാണ് അടുത്തയാള്‍ ഉപയോഗിച്ചിരുന്നത് എന്ന്.

പിന്നെയും കാലം കുറെ കഴിഞ്ഞു മെഡിക്കല്‍ സ്‌റ്റോറില്‍ എത്തി ഒരു ബ്രാന്‍ഡ് നെയിം പറഞ്ഞു മലയാളി പെണ്ണുങ്ങള്‍ പാഡുവാങ്ങാന്‍ ധൈര്യം കാണിച്ചു തുടങ്ങിട്ട്. പഴന്തുണി വച്ചു പൊട്ടിയ തുടകളും നാണക്കേടു ഭയന്നു ചുവന്നു പോയ പാവാടകളും വഹിച്ചു നടന്ന പെണ്ണുങ്ങളുടെ മുഖത്താണു പേളി മാണിയേ പോലെയുള്ളവര്‍ മൂക്കു ചീറ്റി ടിഷ്യൂ പേപ്പര്‍ വലിച്ചെറിഞ്ഞത്. ഇതൊക്കെ ഇത്ര വലിയ കാര്യമാണോ നാണമില്ലെ ഇങ്ങനെ ഒരു ചലഞ്ച് നടത്താന്‍ എന്ന ഭാവത്തില്‍ മൂക്കു ചീറ്റലോളം ആ അപമാനങ്ങളെയും വേദനകളെയും ചെറുതാക്കാനും പരിഹസിക്കാനും ഒരു പേളി മാണിയല്ല, ഒരു പാടു പേളി മാണിമാര്‍ ഉണ്ട്.

Pad challenge

അവരൊന്നും പാവാടയുടെ പിന്നില്‍ ചുവപ്പു നിറം പരക്കാത്തവരായിട്ടല്ല. അവരാരും പാഡ് എന്ന വാക്കുണ്ടാക്കുന്ന നാണക്കേടുമൂലം തുണിവച്ചു തുടപൊട്ടിച്ചവരായിരിക്കില്ല. അതു കൂടാതെ ഇപ്പോഴും ഇന്ത്യയിലെ 80 ശതമാനം സ്ത്രീകളും മാസത്തിലെ അഞ്ചോ ഏഴോ ദിവസം തള്ളി നീക്കുന്നത് പഴന്തുണിയില്‍ തന്നെയാണു എന്ന് അറിയാത്തവര്‍ കൂടിയാണ് ഇവര്‍. ഒരുകാലത്തു പാഡും പീരിഡും നാണക്കേടാണ് എന്ന് ചിന്തിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്ന പുരുഷന്മാര്‍ പോലും പെണ്ണിന്റെ ആര്‍ത്തവദിനങ്ങളുടെ പ്രാധാന്യ തിരിച്ചറിഞ്ഞു ബോധവല്‍ക്കാരണവുമായി മുന്നിട്ടറങ്ങുന്നു. കുറഞ്ഞതു തന്റെ ഭാര്യയുടെയും മകളുടെയും ആര്‍ത്തവം ആരോഗ്യകരമാണ് എന്ന കാര്യം ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കുന്നു.

അതേ അതൊരു നല്ല മാറ്റം തന്നെയാണ്. സമൂഹം ഇത്തരം കാര്യങ്ങളെ ഇത്രത്തോളം പോസീറ്റിവായി കണ്ടു തുടങ്ങിരിക്കുന്നു. അപ്പോള്‍ പേളി മാണിയെപ്പോലെ വരേണ്യവര്‍ഗത്തിന്റെ പ്രതിനിധികളായി ലൈംലൈറ്റില്‍ നില്‍ക്കുന്നവര്‍ നാട്ടില്‍ പുറത്തെ പിന്തിരിപ്പന്‍ ഗൃഹനാഥനെക്കാള്‍ വിവരമില്ലാത്ത രീതിയില്‍ സംസാരിച്ചാല്‍ അത് പൊറുക്കാനും ക്ഷമിക്കാനും തള്ളിക്കളയാനുമാകില്ല. ഒരിക്കലെങ്കിലും കൈലി തുണിയിലും പഴയ പേപ്പറിലും തന്റെ ആര്‍ത്തവദിനങ്ങള്‍ നിറം കെട്ടുപോയ എല്ലാവരും സിനിമയുടെ പ്രേമോഷനു വേണ്ടിയാണെങ്കില്‍ കൂടി പാഡു ഉയര്‍ത്തി പിടിക്കുന്നവര്‍ക്കൊപ്പം തന്നെയായിരിക്കും. കാരണം അവര്‍ക്ക് അറിയാം പാഡ് എന്ന വാക്ക് ഒരു പെണ്‍ജീവിതത്തില്‍ ഉണ്ടാക്കിയ അപമാനവും അസ്വസ്ഥതകളും.

Ads by Google
Ads by Google
Loading...
TRENDING NOW