Tuesday, February 19, 2019 Last Updated 54 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 05 Feb 2018 10.57 AM

സ്വരമുദ്രയായ് തെന്നല്‍

''വ്യത്യസ്തമായ അവതരണശൈലിയിലൂടെ ശ്രോതാക്കളുടെ ഹൃദയങ്ങളിലിടം നേടിയ തെന്നല്‍ ആകാശവാണിയുടെ പടിയിറങ്ങുകയാണ്. ആകാശവാണിയിലെ നീണ്ട 26 വര്‍ഷത്തെ ഓര്‍മ്മകളും ജീവിതവും പങ്കുവച്ച് തെന്നല്‍...''
uploads/news/2018/02/189697/thennal050218a.jpg

നമസ്‌കാരം പ്രിയ സ്‌നേഹിതരേ...ഞാന്‍ തെന്നല്‍....ഈ വാക്കുകള്‍ പെട്ടെന്നൊരു മലയാളിയും മറക്കാനിടയില്ല. ശബ്ദമാസ്മരികത കൊണ്ട് ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലിടം നേടിയ കൊച്ചി ആകാശവാണിയുടെ അവതാരകയാണ് തെന്നല്‍. ശ്രോതാക്കളുടെ ഹൃദയത്തില്‍ തൊട്ട് അവരിലൊരാളായി ജീവിച്ചതാണ് തെന്നല്‍.

ഇന്നു കേള്‍ക്കുന്ന സ്വകാര്യ എഫ.്എമ്മുകളുടെ തള്ളിക്കയറ്റത്തിനിടയിലും കൊച്ചി എഫ്.എം. ഇന്നും മുന്‍നിരയില്‍ നില്‍ക്കുന്നതിനു പിന്നില്‍ തെന്നലിന്റെ മധുരസ്വരത്തിനും ഒരു പങ്കുണ്ട്.

26 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി ആകാശവാണിയുടെ പടിയിറങ്ങുന്ന തെന്നലിന് പറയാനേറെയുണ്ട്...

പേരിലെ തെന്നല്‍


യഥാര്‍ത്ഥത്തില്‍ ഈ പേരാണ് എന്നെ ശ്രോതാക്കള്‍ക്കിടയില്‍ കൂടുതല്‍ പ്രിയങ്കരിയാക്കിയത്. എന്റെ അമ്മ കോമച്ചി ഗായികയായിരുന്നു. ഇല്ലിമുളം കാടുകളില്‍ ലല്ലലം പാടിവരും തെന്നലേ...എന്ന പാട്ട് അമ്മയ്‌ക്കേെറ ഇഷ്ടമായിരുന്നു.

ആ പാട്ടുപാടിയാണ് കുട്ടിക്കാലത്ത് അമ്മയെന്നെ ഉറക്കിയിരുന്നത്. എനിക്ക് പേരിടേണ്ട സമയമായപ്പോള്‍ അച്ഛനുമമ്മയും തീരുമാനിച്ചു മകള്‍ക്ക് തെന്നല്‍ എന്ന പേരു നല്‍കാമെന്ന്. അങ്ങനെയാണ് ഇത്രയും മനോഹരമായ പേരെനിക്ക് കിട്ടിയത്.

ഓര്‍മ്മയിലെ കുട്ടിക്കാലം


കൊച്ചി ബോള്‍ഗാട്ടിയിലായിരുന്നു ഞാന്‍ ജനിച്ചത്. അച്ഛന്‍ കൃഷ്ണന്‍ തെങ്ങുകയറ്റത്തൊഴിലാളിയായിരുന്നു. ഒപ്പം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിയുറച്ച പ്രവര്‍ത്തകനും. എങ്കിലും അച്ഛന്‍ എഴുതുകയും പാടുകയും അഭിനയിക്കുകയുമെല്ലാം ചെയ്തിരുന്നു.

1991ലാണു ഞാന്‍ ആകാശവാണിയില്‍ ജോലിക്കെത്തിയത്. എന്നാല്‍ അതിനു മുമ്പേ ആകാശവാണിയില്‍ റെക്കോര്‍ഡിങിനായി എത്തിയിട്ടുണ്ട്. അ ഞ്ചാം ക്ലാസുമുതല്‍ ഗാനമേളകളില്‍ സജീവമായിരുന്നു. എട്ടാം ക്ലാസുമുതല്‍ എറണാകുളം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയില്‍ ഗുരു കെ.വി.മഹാദേവയ്യരുടെ കീഴില്‍ സംഗീതം അഭ്യസിച്ചുതുടങ്ങി.

അക്കാലങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ യുവറാണിയുടെ റെക്കോര്‍ഡിങിനായി ആകാശവാണിയിലെത്തും. അന്നു കിട്ടിയ സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും എടുത്തുവച്ചാല്‍ എന്റത്രയും പൊക്കത്തിലുണ്ടാകും.

തേടിയെത്തിയ ആരാധകര്‍


അന്നുമിന്നും ആകാശവാണിയിലെ എന്റെ ശബ്ദം കേട്ട് എന്നെത്തേടിയെത്തിയ ആരാധകര്‍ അനവധിയാണ്. ഇന്നാണെങ്കിലും ശബ്ദം കേട്ട് ഇരുപതോ ഇരുപത്തഞ്ചോ വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയാണെന്ന് ധരിച്ചെത്തുന്നവരുമുണ്ട്.

ശബ്ദമാണെനിക്കെന്നും ഒരു പ്ലസ് പോയിന്റ്. ചിലപ്പോഴൊക്കെ മോ ളേ, കുഞ്ഞേഞ്ഞ എന്നെല്ലാം ശ്രോതാക്കളെന്നെ വിളിക്കാറുണ്ട്. ആകാശവാണിയില്‍ നിന്നു ഞാന്‍ വിരമിച്ചുവെന്നു വിശ്വസിക്കാത്ത പലരും ഇപ്പോഴുമുണ്ട്.

uploads/news/2018/02/189697/thennal050218.jpg

ആകാശവാണിക്കാലം


എറണാകുളം സെന്റ് തെരേസാസില്‍ നിന്നു ബി.എ.ഇക്കണോമിക്‌സ് പൂര്‍ത്തിയാക്കിയ സമയത്താണ് സ്വന്തമായി ഒരു ജോലി വേണമെന്നും സ്ഥിര വരുമാനം വേണമെന്നും തോന്നിയത്. അക്കാലത്ത് ആകാശവാണിയിലേക്ക് അനൗണ്‍സറെ തേടിയുള്ള അറിയിപ്പ് വന്നു. കൗതുകം കൊണ്ട് പരീക്ഷയെഴുതി. ഇന്റര്‍വ്യൂവിന് ക്ഷണിച്ചുള്ള കത്ത് വന്നപ്പോഴാണ് ഇതാണെന്റെ വഴിയെന്ന് തിരിച്ചറിഞ്ഞത്.

ആകാശവാണിയിലെ കാലം ജീവിതത്തിലൊരിക്കലും മറക്കാനാവില്ല. ഇടയ്ക്ക് കൊച്ചി ആകാശവാണിയില്‍ നിന്നു ദേവികുളത്തേക്ക് ട്രാന്‍സ്ഫറായി. കൊച്ചിയോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ട് ദേവികുളത്തേക്ക് പോകാന്‍ വലിയ താല്പര്യമുണ്ടായിരുന്നില്ല. എങ്കിലും പോകേണ്ടി വന്നു.

ആ സമയത്താണ് മധു ഒമ്പതുങ്ങല്‍ എന്നൊരു ശ്രോതാവ് ആകാശവാണിയിലേക്കൊരു കത്തയച്ചത്. ഞങ്ങളുടെ അനൗണ്‍സര്‍ തെന്നലിനെ ആകാശവാണി കൊച്ചിയിലേക്ക് തിരിച്ചുകൊണ്ടുവന്നില്ലെങ്കില്‍ ഞങ്ങള്‍ ആകാശവാണിയുടെ മുന്നില്‍ നിരാഹാരസമരം ചെയ്യും..

തെന്നലിനെ തിരികെ ആകാശവാണിയിലെത്തിക്കണമെന്നതായിരുന്നു ആവശ്യം. മറക്കാനാവാത്ത അനവധി ഓര്‍മ്മകള്‍ ആകാശവാണിയും ശ്രോതാക്കളും എനിക്ക് സമ്മാനിച്ചിട്ടുണ്ട്.

വ്യത്യസ്തമായ സംസാരശൈലി


അക്കാലങ്ങളിലെല്ലാം ആകാശവാണിയിലെ അവതരണം മിമിക്രി വേദികളില്‍ കലാകാരന്മാര്‍ അനുകരിക്കാറുണ്ടായിരുന്നു. പക്ഷേ എനിക്കതൊരു കോമാളിത്തരമായാണ് തോന്നിയിട്ടുള്ളത്. അതുകൊണ്ട് അവതരണശൈലിയിലൊരു വ്യത്യസ്തത കൊണ്ടുവരണമെന്ന് ഞാന്‍ ആഗ്രഹിച്ചു.

പ്രോഗ്രാമിനായി തയ്യാറാക്കുന്ന സ്‌ക്രിപ്റ്റില്‍ പലപ്പോഴും ഇംഗ്ലീഷ് വാക്കുകള്‍ എഴുതിച്ചേര്‍ക്കാറുണ്ട്. പ്രോഗ്രാം അവതരിപ്പിക്കുമ്പോള്‍ സാധാരണയായി ഇംഗ്ലീഷ് വാക്കുകള്‍ പലപ്പോഴും മലയാളീകരിച്ച് പറയാറുണ്ട്.

എന്റെ അവതരണശൈലിയില്‍ ഞാന്‍ ആ രീതി കൊണ്ടുവന്നില്ല. പകരം ഇംഗ്ലീഷിനെ ഇംഗ്ലീഷിലും മലയാളത്തെ ശുദ്ധ മലയാളത്തിലും അവതരിപ്പിച്ചുതുടങ്ങി. എന്തായാലും ശ്രോതാക്കള്‍ ആ അവതരണശൈലിയെ ഇരുകൈയും നീട്ടി സ്വീകരിച്ചു.

മലയാളം നന്നായി ഉച്ചരിക്കണമെന്ന് അച്ഛനുമമ്മയ്ക്കും നിര്‍ബന്ധമുണ്ടായിരുന്നു. ജനിച്ചതും വളര്‍ന്നതും കൊച്ചിയിലായതുകൊണ്ട് സംസാരരീതിയില്‍ കുറച്ച് നീട്ടലും കുറുക്കലുമൊക്കെയുണ്ടാകുമല്ലോ. കുട്ടിക്കാലത്ത് അങ്ങനെ സംസാരിക്കുമ്പോള്‍ അച്ഛന്‍ വഴക്കുപറയുമായിരുന്നു.

കൊച്ചി ഭാഷ വേണ്ട, നല്ല മലയാളം മാത്രം മതി..എന്ന്. ചെറുപ്പം മുതല്‍ ഭാഷയുടെ കാര്യത്തില്‍ അച്ഛന് നല്ല നിഷ്‌കര്‍ഷയുണ്ടായിരുന്നതുകൊണ്ടാണ് ഇന്ന് ഇത്രയെങ്കിലും നന്നായി മലയാളം സംസാരിക്കാനെനിക്ക് സാധിക്കുന്നത്.

അഭിമുഖങ്ങളും ഞാനും


ഒട്ടേറെ പ്രമുഖരുമായി അഭിമുഖങ്ങള്‍ നടത്തുമ്പോള്‍ള്‍തെന്നലെന്നെ ഇന്റര്‍വ്യു ചെയ്തത് എനിക്കൊരു ബഹുമതി കിട്ടിയതുപോലെയാണെണന്ന് പലരുമെന്നോട് പറഞ്ഞിട്ടുണ്ട്. അതുകേള്‍ക്കുമ്പോള്‍ വളരെയധികം സന്തോഷം തോന്നിയിട്ടുണ്ട്. അവരുടെ വാക്കുകള്‍ക്ക് മുന്നില്‍ ഞാനാകെ ചെറുതായിപ്പോയതുപോലെയൊരു തോന്നല്‍.

സിനിമയും പിന്നണിഗാനരംഗവും


കുട്ടിക്കാലം മുതലേ പാട്ടുപാടിയിരുന്നു. ഗാനമേളകളിലും നാടകരംഗത്തും ഒട്ടേറെ പാടിയിട്ടുമുണ്ട്. പക്ഷേ ഒരിക്കലും സിനിമകളോ, സിനിമാഗാനങ്ങളോ എന്നെ ആകര്‍ഷിച്ചിട്ടില്ല. എന്നെ ആകര്‍ഷിച്ചത് ആകാശവാണി മാത്രമായിരുന്നു.

നാടകഗാനങ്ങളിലും ഗാനമേളകളിലും പാടുന്ന സമയത്ത് തന്നെ ആകാശവാണിയില്‍ ജോലി ലഭിച്ചപ്പോള്‍ ഇനി ഇതുമാത്രം മതിയെന്നൊരു ചിന്തയായിരുന്നു മനസ്സിലുണ്ടായിരുന്നത്.

വിവാഹം


ഇതുവരെ വിവാഹത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേയില്ല. പ്രീഡിഗ്രി പഠിക്കുമ്പോള്‍ മുതല്‍ വിവാഹാലോചനകള്‍ വന്നുതുടങ്ങിയിരുന്നു. എന്നാല്‍ സ്വന്തമായൊരു ജോലി, നല്ലൊരു ജീവിതം ഇതെല്ലാം മുന്നില്‍ കണ്ട് വിവാഹം വേണ്ടെന്നൊരു നിലപാടിലായിരുന്നു ഞാന്‍. അച്ഛനത് സമ്മതിക്കുകയും ചെയ്തു.

ഇപ്പോഴും വിവാഹം കഴിക്കാതെ പോയതില്‍ എനിക്ക് യാതൊരുവിധ വിഷമവുമില്ല. സന്തോഷമേയുള്ളൂ. ഇപ്പോള്‍ സഹോദരന്‍ സോജനും കുടുംബത്തോടുമൊപ്പം ബോള്‍ഗാട്ടിയിലാണ് താമസം.

പ്രണയാഭ്യര്‍ത്ഥനകളുടെ പ്രളയം


വിവാഹത്തോട് താല്പര്യമില്ലായിരുന്നെങ്കിലും പ്രണയിക്കാനെനിക്ക് ഇഷ്ടമായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതിനുള്ള അവസരമുണ്ടായില്ല. കാരണം കുട്ടിക്കാലം മുതലേ ഞാനൊരു നാണംകുണുങ്ങിയായിരുന്നു. ആരോടും അധികം അടുപ്പം കാണിക്കാത്തതുകൊണ്ടും ആരും എന്നെ പ്രണയിച്ചിട്ടില്ല. പക്ഷേ കുട്ടിക്കാലത്ത് ഞാനെഴുതിയ കവിതകളിലേറെയും പ്രണയത്തെക്കുറിച്ചായിരുന്നു.

ആകാശവാണിയിലേക്കെത്തിയപ്പോള്‍ അവസ്ഥ മാറി. ശബ്ദം കേട്ട് ആരാധന തോന്നിയവര്‍ എനിക്ക് പ്രണയലേഖനങ്ങള്‍ എഴുതി അയച്ചു തുടങ്ങി. അതെല്ലാം അതീവ ശ്രദ്ധയോടെ ഞാന്‍ വായിച്ചുരസിച്ചിട്ടുണ്ട്.

uploads/news/2018/02/189697/thennal050218a13.jpg

വേഷവിധാനത്തിലെ വ്യത്യസ്തത


പാരമ്പര്യ വസ്ത്രങ്ങള്‍ ഞാന്‍ മുന്‍പ് ഉപയോഗിക്കുമായിരുന്നു. മുണ്ടും നേര്യതും സാരിയുമെല്ലാം എനിക്കേെറ പ്രിയങ്കരമായിരുന്നു. എന്നാല്‍ പിന്നീടെപ്പോഴോ അവയോടുള്ള താല്പര്യം നഷ്ടപ്പെട്ടു.

ജീവിതത്തിനൊരു വ്യത്യസ്തത വേണമെന്ന് തോന്നി. അതുകൊണ്ട് ഞാന്‍ തന്നെ സൃഷ്ടിച്ചതാണ് ഈ ശൈലി. ഇന്നിപ്പോള്‍ ത്രീ ഫോര്‍ത്തും റാപ്പറുമെല്ലാം ധരിക്കാറുണ്ട്. ഇടയ്‌ക്കൊരു ചെയ്ഞ്ച് നല്ലതല്ലേ.

പടിയിറങ്ങുമ്പോള്‍


ആകാശവാണിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് ക്രിയേറ്റീവായി എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്യാറുണ്ടായിരുന്നു. ഇപ്പോള്‍ കുറച്ചുദിവസം വീട്ടിലിരുന്നു കഴിഞ്ഞപ്പോള്‍ ആകെയൊരു അസ്വസ്ഥത തോന്നുന്നുണ്ട്. ഒന്നും ചെയ്യാനില്ലാത്തതുപോലെ.

എന്റെ ശബ്ദത്തിന് കാര്യമായ വ്യത്യാസങ്ങളൊന്നും ഇപ്പോഴും വന്നിട്ടില്ല, എങ്കില്‍ പിന്നെ എന്തുകൊണ്ടെനിക്ക് കാഷ്വലായി ജോലിയില്‍ പ്രവേശിച്ചുകൂടാ. സ്വന്തം ശബ്ദത്തെ മൂടി വയ്‌ക്കേണ്ടതില്ലല്ലോ എന്ന് പിന്നീട് ആലോചിച്ചപ്പോള്‍ എനിക്ക് തോന്നി.

പടിയിറങ്ങുമ്പോള്‍ ഞാനേറ്റവുമധികം ഓര്‍ക്കുന്നത് ആകാശവാണിയിലെ വി. എം. ഗിരിജയെയാണ്. എന്നെ നന്നായി ട്രെയിന്‍ ചെയ്തത് ഗിരിജയാണ്. നല്ലൊരു ട്രാന്‍സ്മിഷന്‍ അനൗണ്‍സറായി ഞാന്‍ മാറിയതില്‍ ഗിരിജയ്ക്കും ഒരു പങ്കുണ്ട്.

തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ


ഒരുപാട് പ്രതിസന്ധികളിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്. വിവാഹിതയല്ലാത്ത, ഒറ്റയ്ക്ക് ജീവിക്കുന്നൊരു സ്ത്രീയോട് സമൂഹം പലപ്പോഴും മോശമായി ഇടപെടാറുണ്ടല്ലോ. പക്ഷേ അതിനെക്കുറിച്ചോര്‍ത്തൊരിക്കലും വിഷമിച്ചിട്ടില്ല. കഴിഞ്ഞുപോയതിനെ മറന്ന് ഭാവി ജീവിതത്തെ നന്നായി സ്വീകരിക്കാനാണ് ഞാന്‍ ശ്രമിക്കാറ്.

കുട്ടിക്കാലം മുതലേ അച്ഛന്‍ എന്നെ പഠിപ്പിച്ചത് എന്തും മറ്റൊരാളുടെ സഹായമില്ലാതെ സ്വന്തമായി ചെയ്യണമെന്നാണ്. അതുകൊണ്ടുതന്നെ ഞാന്‍ സ്വയം എന്റെ കാര്യങ്ങള്‍ ചെയ്യാന്‍ പഠിച്ചു. അതേപോലെ സ്ത്രീകളൊരിക്കലും മറ്റുള്ളവരുടെ സഹായത്തോടെ ജീവിക്കാന്‍ ശ്രമിക്കരുത്.

സ്വന്തമായി പ്രയത്‌നിച്ച് സന്തോഷത്തോടെ ജീവിക്കുക. പുതുതലമുറയിലെ പെണ്‍കുട്ടികളോട് പറയാനുള്ളതും ഇതാണ്. ആത്മധൈര്യത്തിലൂടെയും അനുഭവങ്ങളിലൂടെയും വായനയിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ഒരു പെണ്‍കുട്ടിക്ക് ഉന്നതങ്ങളിലെത്താനാകും.

എല്ലാവരുടേയും ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകും. അതിനെയെല്ലാം മറികടക്കുന്നിടത്ത് വിജയം സുനിശ്ചിതമാ ണ്. നമ്മുടെ എല്ലാവരുടേയും ഉള്ളില്‍ ഒരു മാസ്റ്ററുണ്ട്. നന്മകള്‍ ജീവിതത്തിലേക്ക് പകര്‍ന്നു നല്‍കാന്‍ അതിന് സാധിക്കും. ഓരോരുത്തരുടേയും ജനനത്തിന് ഓരോ ലക്ഷ്യവുമുണ്ട്. നമുക്കീ ഭൂമിയില്‍ ചെയ്യാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്.

ഓഷോ എന്റെ ഗുരു


പുസ്തകങ്ങളേറെ വായിക്കുന്ന എനിക്ക് ഓഷോയുടെ ആശയങ്ങളോടാണ് കൂടുതല്‍ താല്‍പര്യം. ജീവിതത്തിലെ വിഷമഘട്ടങ്ങളില്‍ നിന്ന് പുറത്തേക്കെത്താന്‍ എന്നെ സഹായിച്ചത് ഓഷോയാണ്. ഓഷോയുടെ വാക്കുകളാണ് എനിക്ക് പ്രചോദനം തരുന്നത്.

അച്ഛന്‍ കമ്മ്യൂണിസ്റ്റുകാരനായിരുന്നതുകൊണ്ട് ക്ഷേത്രങ്ങളും ക്ഷേത്രങ്ങളിലെ ബിംബങ്ങളിലും ഒന്നും വിശ്വാസമുണ്ടായിരുന്നില്ല. എന്നാല്‍ പ്രപഞ്ചത്തിന്റെ സൃഷ്ടികളില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്. മുന്നോട്ടുള്ള ജീവിതത്തിലും അങ്ങനെ തന്നെയായിരിക്കും.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Monday 05 Feb 2018 10.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW