Wednesday, March 06, 2019 Last Updated 1 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 05 Feb 2018 10.47 AM

ഞാനൊരു ഭക്ഷണപ്രിയന്‍

''ബാലതാരമായി വന്ന് സിനിമാപ്രേമികളുടെ മനസില്‍ കൂടുകൂട്ടി യയദു കൃഷ്ണന്റെ വിശേഷങ്ങള്‍...
uploads/news/2018/02/189693/Weeklyyadhukrishanan050218.jpg

കഥകളിയെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നതുകൊണ്ടാകാം കൃഷ്ണന്‍ നായര്‍ -വിജയലക്ഷ്മി ദമ്പതികള്‍ അവരുടെ മകനെ കഥകളി പഠിപ്പിക്കാന്‍ ആഗ്രഹിച്ചത്. കേരളത്തിന്റെ തനത് കലാരൂപമായ കഥകളി 10 വര്‍ഷത്തോളം അഭ്യസിക്കുകയും ഇതിനോടൊപ്പം ഭരതനാട്യവും കുച്ചിപ്പുഡിയും സ്വായത്തമാക്കി ആ കൊച്ചുപ്പയ്യന്‍.

എന്നാല്‍ അപ്രതീക്ഷിതമായി സിനിമയിലേക്ക് ക്ഷണം കിട്ടിയതോടെ യദുവിനും സഹോദരന്‍ വിധുവിനും സിനിമയില്‍ തിരക്കേറി. ബാലതാരമായി വന്ന് ധാരാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും 'സന്മനസ്സുള്ളവര്‍ക്ക് സമാധാനം' എന്ന ഒരൊറ്റ ചിത്രം കൊണ്ട് തന്നെ യദു കൃഷ്ണനെന്ന ബാലന്‍ മലയാളിപ്രേക്ഷകരുടെ പ്രിയങ്കരനായി മാറി.

മലയാളസിനിമ സമ്മാനിച്ച ആ കുസൃതിപ്പയ്യന്‍ പിന്നീട് സീരിയല്‍ ലോകത്തേക്ക് ചേക്കേറി. അനുജന്‍ വിധു ബിസിനസില്‍ ശ്രദ്ധിച്ച് കലാരംഗത്തു നിന്നും വിട്ടുനിന്നു. ഇന്ന് മലയാളികളുടെ സ്വീകണമുറിയില്‍ പതിവ് തെറ്റാതെ ദിവസേന എത്തുന്ന ഒരാളാണ് യദു കൃഷ്ണന്‍.

ബിഗ്‌സ്‌ക്രീനില്‍ നിന്ന് മിനിസ്‌ക്രീനിലേക്കുള്ള ചുവടുമാറ്റം?


ധാരാളം നല്ല സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും അഭിനയത്തെ സീരിയസായി ഞാന്‍ കണ്ടിരുന്നില്ല. അന്നൊക്കെ ഷോട്ട് റെഡിയാകുമ്പോള്‍ സംവിധായകര്‍ പറയുന്നതനുസരിച്ച് ചെയ്യും.

വര്‍ഷങ്ങള്‍ക്കിപ്പുറം സീരിയലുകളില്‍ പ്രാധാന്യമേറിയ കഥാപാത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങിയതോടെയാണ് അഭിനയത്തെ സീരിയസായി കണ്ടത്.

സിനിമയില്‍ നായകന് പ്രാധാന്യമേറുമ്പോള്‍ ഒരുപക്ഷേ സീരിയലില്‍ നായികമാരാണ് മുന്നിട്ടു നില്‍ക്കുന്നത്. എന്നാല്‍ എന്റെ സീരിയലുകള്‍ കണ്ടിട്ടുള്ളവര്‍ക്കറിയാം, എല്ലാ അഭിനേതാക്കള്‍ക്കും തുല്യപ്രാധാന്യം കിട്ടുന്ന സീരിയലുകള്‍ മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്.

ഇപ്പോള്‍ ഞാന്‍ അഭിനയിക്കുന്ന 'അയലത്തെ സുന്ദരി 'എന്ന സീരിയലും ഇക്കൂട്ടത്തില്‍പ്പെടുന്നു. ഈ സീരിയലിലെ 'സേതുമാധവന്‍' എന്ന കഥാപാത്രം എന്നെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായിരുന്നു.

കെ.കെ. രാജീവിനെപ്പോലുള്ള സംവിധായകരുടെ സീരിയലുകളില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ചെയ്യാന്‍ പറ്റുന്നതിന്റെ മാക്‌സിമം അദ്ദേഹം എന്നെക്കൊണ്ട് ചെയ്യിക്കും.

ഇത്രത്തോളം ശക്തമായ കഥാപാത്രങ്ങള്‍ സീരിയലുകളില്‍ ചെയ്യാന്‍ സാധിക്കുന്നത് തന്നെ ഒരനുഗ്രഹമാണ്. സിനിമയിലാണെങ്കില്‍ ഒരുപക്ഷേ ഈ കഥാപാത്രം ചെയ്യാന്‍ മറ്റുപല താരങ്ങളും അവിടെയുണ്ട്. സീരിയലില്‍ കിട്ടുന്ന കഥാപാത്രങ്ങള്‍ സിനിമയില്‍ കിട്ടുകയാണെങ്കില്‍ എനിക്ക് സന്തോഷമേയുള്ളു. പക്ഷേ സംഭവിക്കുന്നത് മറിച്ചാണ്.

ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച എനിക്ക് അന്നത്തെ കാലത്ത് സൂപ്പര്‍സ്റ്റാറുകളുടെ സിനിമകളില്‍ അവരുടെ സഹോദരനായി അഭിനയിക്കാന്‍ സാധിച്ചു. അന്ന് സിനിമകളില്‍ തുടര്‍ച്ചയായി കണ്ടയാള്‍ പിന്നെയെന്തുകൊണ്ട് സിനിമയില്‍ വന്നില്ലായെന്ന് പലരും ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ മറുപടി ഞാനൊരു ചിരിയിലൊതുക്കും.

uploads/news/2018/02/189693/Weeklyyadhukrishanan050218a.jpg

ഏഴെട്ട് മാസത്തോളം നീണ്ടുനില്‍ക്കുന്നതാണ് ഒരു സിനിമയുടെ ഷൂട്ടിംഗ്. അതില്‍ത്തന്നെ ഒരു മാസം മാത്രമായിരിക്കും എന്നെപ്പോലുള്ളവരുടെ ഷൂട്ട്. എന്നാല്‍ സീരിയലിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഒന്നുരണ്ടുവര്‍ഷത്തേക്ക് നീണ്ടുനില്‍ക്കുന്ന ആ മെഗാപരമ്പര കമ്മിറ്റ് ചെയ്താല്‍പ്പിന്നെ മറ്റൊരു പ്രോജക്ടും ഏറ്റെടുക്കാന്‍ സാധിക്കില്ല.

സിനിമയില്‍ കിട്ടുന്നതിനേക്കാള്‍ ശക്തമായ കഥാപാത്രങ്ങള്‍ സീരിയലില്‍ ചെയ്യുന്നുണ്ട്. മാത്രമല്ല, ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന സീരിയല്‍ തീരാതെ മറ്റൊന്നും ഏറ്റെടുക്കാന്‍ തല്‍ക്കാലം പറ്റില്ല.

കാഴ്ചയില്‍ ഒരു ഭക്ഷണപ്രിയനാണെന്ന് തോന്നുന്നു?


തോന്നലല്ല, സത്യമാണ്. രുചിയുള്ള ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുംതന്നെയില്ല എന്നാണ് എന്റെ വിശ്വാസം. ഭക്ഷണം തേടിയുള്ള യാത്രകളും എന്റെ പതിവുരീതിയാണ്. സീരിയല്‍ ലൊക്കേഷന്‍ പലപ്പോഴും പലയിടങ്ങളിലായിരിക്കുമല്ലോ.

കഴിഞ്ഞ ദിവസം വെങ്ങാനൂരിലെ ഷൂട്ടിന് പോകുമ്പോഴാണ് അവിടുത്തെ ഒരു തട്ടുകട എന്റെ ശ്രദ്ധയില്‍പ്പെട്ടത്. അവിടെ ഒരു നാടന്‍ തട്ടുകടയാണ്.

സാധാരണകടകളില്‍ നിന്നും അതിനുള്ള പ്രധാനവ്യത്യാസം അവിടെ ഭക്ഷണം പാകം ചെയ്യുന്നത് ഗ്യാസ്സ്റ്റൗവിലല്ല, അടുപ്പിലാണ്. തനി നാടന്‍ രീതിയില്‍ കൊതുമ്പും ഓലക്കാലുമൊക്കെ കത്തിച്ച് അടുപ്പില്‍ ദോശക്കല്ല് വച്ച് അതിനുമീതെ ഒഴിച്ച് ചുടുന്ന ദോശയ്ക്ക് ഒരു പ്രത്യേക രുചിയാണ്.

ഞാനിപ്പോള്‍ പതിവായി രാവിലെയും വൈകിട്ടും ഈ തട്ടുകടയില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. ചിലപ്പോളൊക്കെ അത് പാഴ്‌സലായി വീട്ടിലേക്കും കൊണ്ടുപോകും. ചില ഭക്ഷണങ്ങള്‍ വീട്ടിലുണ്ടാക്കിയാല്‍ ആ രുചി കിട്ടണമെന്നില്ല.

എന്നുവച്ച് എന്റെ ഭാര്യയുടെ ഭക്ഷണം കൊള്ളില്ലെന്നല്ല, അവള്‍ എനിക്ക് വൈവിധ്യമുള്ള ഒരുപാട് ഭക്ഷണസാമഗ്രികള്‍ ഉണ്ടാക്കിത്തരും. ചെറിയ രീതിയിലൊക്കെ ഞാനും പാചകം ചെയ്യും.

ഭാര്യ ലക്ഷ്മി അവളുടെ വീട്ടില്‍പ്പോയി ഒന്നോരണ്ടോ ദിവസം നില്‍ക്കുന്ന അവസരത്തില്‍ ഞാന്‍ തനിയെ ആണ് പാചകം ചെയ്യുന്നത്. പക്ഷേ അതൊരു റിസ്‌ക്കാണ്. അതുകൊണ്ട് ലക്ഷ്മി വീട്ടിലില്ലാത്തപ്പോള്‍ പുറത്തുനിന്ന് കഴിക്കും.

ഗൃഹനാഥന്റെ റോളില്‍?


ഭര്‍ത്താവെന്ന നിലയിലും നടനെന്ന നിലയിലും എനിക്ക് പൂര്‍ണപിന്തുണയുമായി ഭാര്യ ലക്ഷ്മി കൂടെയുള്ളതാണ് എന്റെ ശക്തി. ഞാന്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങളെയൊക്കെ അവള്‍ വിലയിരുത്താറുണ്ട്. നല്ലതാണെങ്കില്‍ നല്ലതെന്നും അതല്ല, മെച്ചപ്പെടുത്തണമെങ്കില്‍ അതും പറഞ്ഞുതരും.

ഷൂട്ടിംഗ് തിരക്കുകളുമായി ബന്ധപ്പെട്ട് എനിക്ക് ചിലപ്പോള്‍ വീട്ടിലേക്ക് പോകാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നുവച്ച് ഉത്തരവാദിത്വങ്ങളില്‍ വീഴ്ച വരുത്തില്ല. വീട്ടിലുള്ള സമയമാണെങ്കില്‍ ഞാന്‍ തന്നെ മോളെ സ്‌കൂളില്‍ കൊണ്ടുവിടും, വൈകുന്നേരം തിരിച്ചുകൊണ്ടുവരും.

സമയം കിട്ടുമ്പോള്‍ ഞാനും ഭാര്യ ലക്ഷ്മിയും മകളെയും കൊണ്ട് യാത്രകളൊക്കെ ചെയ്യാറുണ്ട്. മകള്‍ ആരാധ്യ ഇപ്പോള്‍ ഒന്നാംക്‌ളാസില്‍ പഠിക്കുന്നു. ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമായി ഞങ്ങള്‍ ജീവിക്കുന്നു.

ദേവിന റെജി

Ads by Google
Monday 05 Feb 2018 10.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW