Saturday, February 16, 2019 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 05 Feb 2018 10.19 AM

''സത്യം പറഞ്ഞാല്‍ മിമിക്രിക്കാര്‍ക്ക് ഈഗോയാണ്''- മനോജ് ഗിന്നസ്

uploads/news/2018/02/189683/ciniINWmanojGuinnas.jpg

മനോജ് ഗിന്നസ് മിമിക്രിയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷം പിന്നിടുന്നു. മിമിക്രി താരങ്ങള്‍ക്ക് സിനിമയില്‍ അവസരം ലഭിച്ചുതുടങ്ങിയ കാലത്താണ് മനോജ് ഗിന്നസ് മിമിക്രിയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ തുടങ്ങിയത്.

ഉത്സവപ്പറമ്പുകളില്‍ മിമിക്രി അവതരിപ്പിച്ച് ഒരുമിച്ച് ഉണ്ടും ഉറങ്ങിയും സുഖദുഃഖങ്ങളില്‍ പങ്കാളികളായ ചങ്ങാതിമാര്‍ സിനിമയെന്ന വര്‍ണ്ണങ്ങള്‍ പെയ്തിറങ്ങുന്ന ലോകത്തെത്തിയപ്പോള്‍ മനോജിന്റെ മനസ്സിലും സിനിമാ താരമാകണമെന്ന സ്വപ്നം ചിറകുമുളച്ചു.

ചങ്ങാതിമാര്‍ സിനിമാതാരങ്ങളായാല്‍ തനിക്കും സിനിമയിലേക്കുള്ള കടന്നുവരവ് അനായാസമായിരിക്കുമെന്ന് കരുതിയ മനോജിന്റെ പ്രതീക്ഷകള്‍ക്ക് മുകളില്‍ നിരാശ പടര്‍ന്നുപിടിക്കാന്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വന്നില്ല.

സിനിമയില്‍ അറിയപ്പെടുന്ന താരങ്ങളായ ചങ്ങാതിമാര്‍ അപരിചിതത്വം നടിച്ചത് മനോജിന്റെ മനസ്സിനെ വേദനിപ്പിച്ചു. സിനിമയില്‍ താരങ്ങളായാല്‍ കടന്നുവന്ന വഴികള്‍ മറക്കണമെന്ന നന്ദികേടിന്റെ സ്വഭാവം പല താരങ്ങളുടെയും ഐഡന്റിറ്റിയായി വളരുകയായിരുന്നു.

ജീവിതത്തില്‍ എങ്ങനെ മുന്നോട്ടു പോകണമെന്നറിയാതെ മുങ്ങിത്താഴാന്‍ പോകുന്നവന്റെ രക്ഷയ്ക്ക് കച്ചിത്തുരുമ്പ് എന്നതുപോലെ ബഡായി ബംഗ്ലാവ് മനോജ് ഗിന്നസിന്റെ ജീവിതത്തിലെ പ്രതീക്ഷയുടെ വെളിച്ചമായി മാറുകയായിരുന്നു.

ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്‍ ഇതിനകം 400-ലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ച മനോജ് ഗിന്നസ് ലോകത്തിലെ വിവിധ രാജ്യങ്ങളിലായി 148 തവണയാണ്
മിമിക്രി അവതരിപ്പിച്ചത്. അമേരിക്കയില്‍ മാത്രം പത്തു തവണയാണ് മിമിക്രി അരങ്ങേറിയത്.

ചിരിയും ചിന്തയുമുണര്‍ത്തുന്ന മിമിക്രിയിലൂടെ പ്രേക്ഷകമനസ്സുകളുടെ ഹൃദയത്തില്‍ ഇടംപിടിച്ച മനോജ് ഗിന്നസ് സിനിമയിലും സജീവമാകുകയാണ്. താനൊരു സിനിമാ താരമായി വളര്‍ന്നാല്‍ കടന്നുവന്ന വഴികളെയും കൂടെയുണ്ടായിരുന്ന ചങ്ങാതിമാരെയും മറക്കില്ലെന്നും മനോജ് ഗിന്നസ് സാക്ഷ്യപ്പെടുത്തുന്നു.

തൃശൂരില്‍ ചിത്രീകരണം നടന്ന ചാര്‍മിനാര്‍ സിനിമയുടെ സെറ്റിലാണ് മനോജ് ഗിന്നസിനെ കണ്ടത്. സിനിമാമംഗളത്തിന്റെ വായനക്കാരുമായി മനോജ് ഗിന്നസ് സംസാരിക്കുകയാണ്.

? ചാര്‍മിനാറില്‍ മനോജ് ഗിന്നസിന്റെ കഥാപാത്രം...


ഠ ഒരുപാട് സസ്‌പെന്‍സുള്ള പ്രണയവും കോമഡിയും നിറഞ്ഞ ചിത്രമാണ് ചാര്‍മിനാര്‍. ഈ ചിത്രത്തില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ റൂംബോയി ആയാണ് അഭിനയിക്കുന്നത്. ഒരുപാട് അഭിനയസാധ്യതയുള്ള നല്ല കഥാപാത്രമാണ്.

? മിമിക്രി വേദിയില്‍നിന്നും സിനിമയിലേക്ക് കടന്നുവന്നതിനെക്കുറിച്ച്...


ഠകാപ്പിച്ചിനോയിലൂടെയാണ് ശ്രദ്ധേയമായ വേഷം ചെയ്തത്. ചക്കരമാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തില്‍ പ്രകൃതിസ്‌നേഹിയായ കവിയായാണ് അഭിനയിച്ചത്. ലഡുവെന്ന ചിത്രത്തില്‍ നാല് നായകന്മാരില്‍ ഒരാളായിരുന്നു.

മഞ്ജുവാര്യര്‍ നായികയായ മോഹന്‍ലാലില്‍ ഗാന്ധിനഗറിലെ ഗൂര്‍ഖയായും നജിം കോയയുടെ കളിയില്‍ ക്വട്ടേഷന്‍ സംഘത്തിലെ വില്ലനായും പപ്പുവില്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായും വേഷമിടുന്നു.

പത്തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിലെ ഇത്തിക്കണ്ണിയെന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

? ഇന്നലെകളിലേക്ക് നോക്കുമ്പോള്‍...


ഠ മനസ്സ് നിറഞ്ഞ സംതൃപ്തിയാണുള്ളത്. എറണാകുളത്തെ കരിമുഗളിലാണ് എന്റെ വീട്. കല്‍പ്പണിക്കാരനായ ചോതിയുടെയും കാര്‍ത്ത്യായനിയുടെയും മകനാണ് ഞാന്‍. അമ്പലമേട് ഗവ. ഹൈസ്‌കൂളില്‍ പഠിച്ചു. എടത്തല അല്‍അമീന്‍ കോളജില്‍നിന്നും പ്രീഡിഗ്രിവരെ പഠിച്ചു. ചെറുപ്പകാലം പ്രയാസം നിറഞ്ഞതാണെങ്കിലും ബാലജനസഖ്യത്തിലെ കലോത്സവങ്ങളാണ് മിമിക്രിയെന്ന കലാരൂപത്തെ എന്റെ മനസ്സില്‍ അരക്കിട്ടുറപ്പിച്ചത്.

ചെറുപ്പത്തില്‍ തന്നെ മാമുക്കോയ, ശങ്കരാടി ഉള്‍പ്പെടെയുള്ളവരുടെ ശബ്ദാണ് അനുകരിച്ചത്. മമ്മി സെഞ്ച്വറിയുടെ കൊച്ചിന്‍ സെഞ്ച്വറിയിലെത്തിയതോടെ മിമിക്രിയെന്ന കലാരൂപം എന്റെ ജീവിതത്തിന്റെ ഭാഗമാവുകയായിരുന്നു. കോമഡി സ്‌കിറ്റുകളില്‍ ശ്രദ്ധപതിപ്പിച്ചത് ഇക്കാലത്തായിരുന്നു. അഞ്ചുവര്‍ഷത്തെ കൊച്ചിന്‍ സെഞ്ച്വറിയിലെ മിമിക്രി ജീവിതം നല്ലൊരു അനുഭവമായിരുന്നു.

കൊച്ചിന്‍ ജോക്കേഴ്‌സ് എന്ന പേരില്‍ സ്വന്തമായി ട്രൂപ്പുണ്ടാക്കിയെങ്കിലും പിന്നീട് സൈനുദ്ദീന്റെ നേതൃത്വത്തിലുള്ള കൊച്ചിന്‍ ഗിന്നസിലേക്ക് വന്നു. ഇവിടെനിന്നാണ് ഗള്‍ഫ് ഷോകള്‍ക്ക് പോകാന്‍ തുടങ്ങിയത്.

ഗള്‍ഫ് നാടുകളില്‍ ഞാന്‍ അവതരിപ്പിച്ച ഈസ്‌റ്റേണ്‍ കുക്കറി ഷോയിലെ ഓട്ടന്‍തുള്ളല്‍ വന്‍ ഹിറ്റായി മാറി. ഏഷ്യാനെറ്റിലെ സിനിമാലയില്‍ എട്ടുവര്‍ഷമുണ്ടായിരുന്നു.

uploads/news/2018/02/189683/ciniINWmanojGuinnas1.jpg

? മിമിക്രി വേദികളില്‍ മനോജ് അവതരിപ്പിച്ച ഏറ്റവും ശ്രദ്ധേയമായ പരിപാടി ഏതായിരുന്നു.


ഠ വി.എസ്. അച്യുതാനന്ദന്റെ ശരീരഭാഷയും ശബ്ദവും അനുയോജ്യമായ തരത്തില്‍ ആദ്യമായി അവതരിപ്പിച്ചത് ഞാനായിരുന്നു. വിമാനത്തില്‍ ഒരു മന്ത്രി എയര്‍ ഹോസ്റ്റസിനോട് മോശമായി പെരുമാറിയെന്ന പരാതി ഉണ്ടായപ്പോള്‍ വി.എസ്. പറയുന്ന ഡയലോഗ് ഇങ്ങനെയാണ്.

'ഇനി മുതല്‍ വിമാനത്തില്‍ സഞ്ചരിക്കുന്ന യാത്രക്കാര്‍ അരയിലും മന്ത്രിമാര്‍ അരയിലും രണ്ടു കൈകളിലും കാലുകളിലും ബെല്‍റ്റ് ധരിക്കണമെന്ന വി.എസിന്റെ കമന്റ് ഞാന്‍ അവതരിപ്പിച്ചപ്പോള്‍ അക്കാലത്ത് ഈ ഡയലോഗ് വന്‍ ഹിറ്റായി മാറി.

? മനോജിന്റെ ഗള്‍ഫ് ഷോകള്‍...


ഠ അതൊരനുഭവം തന്നെയായിരുന്നു. ഞാന്‍ ഇതേവരെയായി 148 തവണ വിദേശരാജ്യങ്ങളില്‍ പരിപാടി അവതരിപ്പിക്കാനായി പോയിട്ടുണ്ട്. അമേരിക്കയില്‍ 10 പ്രാവശ്യവും ലണ്ടനില്‍ എട്ടു തവണയും പോയിട്ടുണ്ട്. വിദേശമലയാളികളുടെ സ്‌നേഹവും അടുത്തറിഞ്ഞിട്ടുണ്ട്.

? ബഡായി ബംഗ്ലാവിലെ മനോജിന്റെ പെര്‍ഫോമന്‍സ് സിനിമയിലേക്കുള്ള വഴി തുറന്നിടുകയായിരുന്നോ...


ഠ അതെ. സത്യം പറഞ്ഞാല്‍ ബഡായി ബംഗ്ലാവ് എനിക്ക് പുതിയൊരു ജീവിതമാണ് സമ്മാനിച്ചത്. ഞാന്‍ ബഡായി ബംഗ്ലാവിലെത്തിയിട്ട് മൂന്നരവര്‍ഷം പിന്നിടുന്നു. ഇതിനകം 400-ലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഒരുദിവസം നാല് വീതം കഥാപാത്രങ്ങളായും ഞാന്‍ അഭിനയിച്ചിരുന്നു. സിനിമയിലേക്ക് അവസരം ലഭിച്ചതും യഥാര്‍ത്ഥത്തില്‍ എനിക്കൊരു പുനര്‍ജന്മം നല്‍കിയതും ബഡായി ബംഗ്ലാവാണ്. ഇരുപത്തഞ്ചോളം കോമഡി സിഡികള്‍ ഞാന്‍ പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്.

ആറുവര്‍ഷത്തോളം പ്രോഗ്രാമൊന്നുമില്ലാതെ നിരാശനായി കഴിയുമ്പോഴാണ് ബഡായി ബംഗ്ലാവില്‍ അവസരം ലഭിച്ചത്.

? ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തില്‍ പ്രചോദനമായത്...


ഠ മിമിക്രിയില്‍ ഇരുപത്തിയഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ ഒട്ടേറെ കയ്‌പേറിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. കരിമുഗളിലെ എന്റെ വീട് നില്‍ക്കുന്ന പ്രദേശം ഫാക്ടറികളുള്ള ഏരിയയാണ്.

ഞങ്ങള്‍ നാലു മക്കളാണ്. എല്ലാവരും ഓരോ ജോലിക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ എന്റെ അച്ഛന്‍ എനിക്ക് സ്വാതന്ത്ര്യം തന്നിരുന്നു. മിമിക്രിയെന്ന കലയില്‍ ഞാന്‍ സജീവമായപ്പോള്‍ അച്ഛന്‍ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. എന്റെ വഴിയിലൂടെ അച്ഛന്‍ സ്വതന്ത്രമായി എന്നെ വിട്ടതുകൊണ്ട് ഞാനിന്ന് വീടുണ്ടാക്കി, കാറ് വാങ്ങിച്ചു. സ്വന്തമായി ട്രൂപ്പുണ്ടാക്കി. ഇന്നത്തെ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ ധാരാളം കലാകാരന്മാര്‍ എന്റെ ട്രൂപ്പിലൂടെ വളര്‍ന്നുവരുകയും ചെയ്തു.

എന്റെ ഈ വളര്‍ച്ചയില്‍ എനിക്കെന്നും പ്രചോദനം കരിങ്കല്‍ തൊഴിലാളിയായിരുന്ന എന്റെ അച്ഛന്‍ ചോതിതന്നെയാണ്. പിന്നെ, കലാജീവിതത്തില്‍ സിനിമാലയിലാണെങ്കിലും ബഡായി ബംഗ്ലാവിലാണെങ്കിലും എന്നെ കൈപിടിച്ചുയര്‍ത്തിയത് ഈ പരിപാടികളുടെ സാരഥിയായ ഡയാന ചേച്ചിയാണ്. ചേച്ചിയോടും എന്തെന്നില്ലാത്ത കടപ്പാടുണ്ട്.

? കാല്‍നൂറ്റാണ്ട് കാലത്തെ മിമിക്രി ജീവിതത്തിനിടയില്‍ മനസിനെ വേദനിപ്പിച്ച അനുഭവം...


ഠ ഉയരങ്ങളിലേക്ക് നടന്നുകയറുന്ന സുഹൃത്തുക്കളുടെ അവഗണന എന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. മാസങ്ങളോളം പ്രോഗ്രാം അവതരിപ്പിച്ച് ഒരുമിച്ച് ഊണുകഴിച്ച് ഒരുമിച്ചുറങ്ങി സുഖത്തിലും ദുഃഖത്തിലും ഒരേ മനസോടെ നടന്ന സുഹൃത്തുക്കളിലൊരാള്‍ സിനിമയില്‍ അവസരങ്ങള്‍ ലഭിച്ച് വളര്‍ന്നുവരുമ്പോള്‍ കടന്നുവന്ന വഴികളൊക്കെ മറക്കുകയാണ്. പഴയ സുഹൃത്തിനെ കാണുമ്പോള്‍ ചിരിക്കാന്‍ പോലും മറന്ന് അകലം പാലിക്കുന്നു.

എന്റെ അടുത്ത സുഹൃത്തുക്കള്‍ പോലും സിനിമയില്‍ താരമായതിനു ശേഷം കണ്ടാല്‍ പോലും മൈന്‍ഡ് ചെയ്യാതെ നടന്നപ്പോള്‍ നല്ല വിഷമം തോന്നി. സത്യം പറഞ്ഞാല്‍ മിമിക്രിക്കാര്‍ക്ക് ഈഗോയാണ്. യാതൊരു തെറ്റും ആരോടും ചെയ്യാത്ത എന്നോട് എന്തിനാണിത്ര ഈഗോയെന്നു എനിക്കു മനസ്സിലാകുന്നില്ല.

? അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടോ...


ഠ ബഡായി ബംഗ്ലാവിലെ വിവിധ കഥാപാത്രങ്ങളുടെ പെര്‍ഫോമന്‍സ് കണക്കിലെടുത്ത് മംഗളം ചാനലിന്റെയും ഫ്‌ളവേഴ്‌സിന്റെയും പ്രത്യേക പുരസ്‌കാരം ലഭിച്ചു.

? മനോജ് ഗിന്നസിന്റെ ഇനിയുള്ള ആഗ്രഹം...


ഠ നല്ല കഥാപാത്രങ്ങളെ അഭിനയിച്ച് പ്രതിഫലിപ്പിക്കണം. ഏതു റോളും ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. പിന്നെ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലാണ്.
കഥ ഉള്‍പ്പെടെയുള്ള പ്രാഥമിക കാര്യങ്ങളൊക്കെ പൂര്‍ത്തിയായിക്കഴിഞ്ഞു.

? മനോജിന്റെ കുടുംബത്തെക്കുറിച്ച്.


ഠ ഭാര്യ ശ്രുതി. മകന്‍ ഇവാന്‍. അങ്കമാലി ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ രണ്ടാംക്ലാസില്‍ പഠിക്കുന്നു.

-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: പ്രഭ കൊടുവായൂര്‍

Ads by Google
Monday 05 Feb 2018 10.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW