Tuesday, July 02, 2019 Last Updated 3 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 04 Feb 2018 12.49 AM

അദ്‌ഭുതങ്ങളുടെ നീരുറവ

uploads/news/2018/02/189302/2.jpg

ഐതിഹ്യങ്ങള്‍ അങ്ങനെയാണ്‌... സത്യവും മിഥ്യയും ഇഴചേര്‍ന്ന അത്ഭുതങ്ങള്‍ കാണിച്ചുതരും.
അത്ഭുതങ്ങള്‍ ജനതയെ വഴിനടത്തും.
എ.ഡി. ആദി നൂറ്റാണ്ടിലൊരു ദിനം.
ക്രിസ്‌തു ശിഷ്യനായ സെന്റ്‌ തോമസ്‌ കൊടുങ്ങല്ലൂരിനടത്തു പാലയൂരിലെത്തുന്നു. തളിക്കുളത്തു തര്‍പ്പണം ചെയ്‌തുകൊണ്ടിരുന്ന ബ്രാഹ്‌മണര്‍ക്കു മുന്നില്‍ ഒരു അവധൂതനെപ്പോലെ പ്രത്യക്ഷപ്പെട്ട അദ്ദേഹം അവരുടെ കൈക്കുമ്പിളിലെ ജലത്തിലേക്കു നോക്കിച്ചോദിച്ചു.
"നിങ്ങള്‍ എന്തിനാണിതു പിടിച്ചുവച്ചിരിക്കുന്നത്‌. കൈവിട്ടു കൂടെ"
അവര്‍ പറഞ്ഞു-"കൈവിട്ടാല്‍ ജലം താഴേക്കു പോകും. പ്രാര്‍ത്ഥന മുടങ്ങും."
തോമസ്‌ കുളത്തിലേക്കിറങ്ങി. ഒരു കൈക്കുമ്പിള്‍ ജലമെടുത്തു പ്രാര്‍ഥിച്ച്‌ മുകളിലേക്കെറിഞ്ഞു. ആ ജലകണികകള്‍ താഴേക്കു പതിച്ചില്ല. അന്തരീക്ഷത്തില്‍ നിശ്‌ചലമായി നിന്നു.
യുക്‌തിക്ക്‌ അപ്പുറം ആകാശത്തോളമുയര്‍ന്ന ആ അപൂര്‍വ കാഴ്‌ചയിലൂടെ അവരില്‍ നാലു പേര്‍ ക്രിസ്‌തുശിഷ്യനായ തോമസിനു മുന്നില്‍ തലകുനിച്ചു.
സെന്റ്‌ തോമസ്‌ കൈക്കുമ്പിളില്‍ വീണ്ടും ജലം കോരിയെടുത്ത്‌ അവരെ ജ്‌ഞാനസ്‌നാനപ്പെടുത്തി.
അങ്ങനെ കള്ളി, കാളികാവ്‌, പകലോമറ്റം, ശങ്കരപുരി എന്നീ കുടുംബങ്ങള്‍ അന്നുവരെ അവരുള്‍ക്കൊണ്ട സമുദായത്തിനു പുറത്തേക്കു നടന്നു. അവര്‍ക്കു മുന്നില്‍ ക്രൈസ്‌തവ സഭ അകത്തേക്കുള്ള വഴിതുറന്നു.
മതം മാറിയ നാലു കുടുംബങ്ങള്‍ക്കും മുന്നില്‍ പാലയൂര്‍ പടിയടച്ചു. ആരും അവരോടു മിണ്ടാതായി, ബന്ധങ്ങള്‍ ശിഥിലമായി. അന്നത്തെ പരസ്‌പരാശ്രിത സമൂഹത്തിലെ ഊരുവിലക്ക്‌ അവര്‍ക്കു മുന്നില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചു. നാട്ടിലെ പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ ആ കുടുംബങ്ങള്‍ സുരക്ഷിതത്വം തേടി പലായനം ചെയ്‌തു.
കേരള ക്രൈസ്‌തവസഭയുടെ ചരിത്രം കുറവിലങ്ങാട്ടേക്ക്‌ വഴിതുറക്കുന്നത്‌ ഈ പലായനത്തില്‍നിന്നാണ്‌.
"അന്ന്‌ ഇന്നത്തേതു പോലെയെന്നല്ല, റോഡെന്നു പറയാന്‍ ഒന്നുമില്ല. കാടിനും മേടിനുമിടയിലൂടെ കഷ്‌ടിച്ചുള്ള നടപ്പുവഴി മാത്രമാണ്‌ ഉണ്ടായിരുന്നതെന്നു പറഞ്ഞറിവുണ്ട്‌.
അനേക ദിവസങ്ങളെടുത്ത്‌ വളരെ കഷ്‌ടപ്പെട്ടാണ്‌ പാലയൂരില്‍നിന്ന്‌ ഞങ്ങളുടെ നാലു കുടുംബങ്ങള്‍ ഇവിടെയെത്തിയത്‌."-പകലോമറ്റം കുടുംബത്തിലെ ഇന്നത്തെ കാരണവരും കുറവിലങ്ങാട്‌ ദേവമാതാ കോളജ്‌ റിട്ടയേര്‍ഡ്‌ പ്രിന്‍സിപ്പലുമായ പ്രഫ. ജോര്‍ജ്‌ ജോണ്‍ നിധീരി പറഞ്ഞു.
മരിയ ഭക്‌തിയും മരിയ സ്‌നേഹവും
ജ്‌ഞാനസ്‌നാനപ്പെട്ട നാലു കുടുംബങ്ങളും കുറവിലങ്ങാട്ടെത്തിയതിന്റെ കാരണം മരിയഭക്‌തിയും കൃപയും കരുതലും ആയിരുന്നുവെന്ന്‌ കുറവിലങ്ങാട്‌ പള്ളിയുടെ ഇപ്പോഴത്തെ വികാരി ഫാ.ഡോ. ജോസഫ്‌ തടത്തില്‍ പറയുന്നു.
"മാതാവിന്‌ ഈ നാടിനോടു പ്രത്യേകമായുണ്ടായിരുന്ന സ്‌നേഹവും കൃപയുമാകണം അവരെ ഇങ്ങോട്ടെത്തിച്ചത്‌. അല്ലാതെ കാട്ടുപ്രദേശമായ ഇങ്ങോട്ട്‌ അവരെത്താന്‍ മറ്റൊരു കാരണവുമില്ല. മാത്രമല്ല, കുറവിലങ്ങാട്ട്‌ മാതാവിന്റെ ഒരു പ്രത്യക്ഷീകരണമല്ല, മൂന്നു വട്ടമുള്ള പ്രത്യക്ഷീകരണമാണ്‌ പറഞ്ഞുകേള്‍ക്കുന്നത്‌.
ആദ്യത്തേതാകട്ടെ എ.ഡി. ആദ്യ നൂറ്റാണ്ടിലുമാണ്‌. ആ രീതിയില്‍ പറയുമ്പോള്‍ ലോകത്തെതന്നെ ആദ്യത്തെ പ്രത്യക്ഷീകരണം നടക്കുന്നത്‌ ഇവിടെയാണ്‌. മാതാവിന്‌ ഈ നാടിനോടുള്ള പ്രത്യേക സ്‌നേഹവും സംരക്ഷണവുമാണ്‌ അതില്‍നിന്നു വ്യക്‌തമാകുന്നത്‌. അതുകൊണ്ടുതന്നെയാണ്‌ സെന്റ്‌ തോമസ്‌ അവരെ ഇങ്ങോട്ടു നയിച്ചത്‌."
മരിയദര്‍ശനം എന്ന അത്ഭുതം
കുറവിലങ്ങാട്ട്‌ ക്രൈസ്‌തവ സഭ വേരൂന്നിത്തുടങ്ങുന്ന എ.ഡി. ആദ്യ നൂറ്റാണ്ടിലൊരു ദിനം.
അന്നു പുല്‍മേട്ടില്‍ കാലിമേച്ചുകൊണ്ടിരുന്ന കുട്ടികള്‍ കളിച്ചും വെയിലേറ്റും തളര്‍ന്നു. വിശപ്പും ദാഹവും കലശലായപ്പോള്‍ ഇത്തിരി ഭക്ഷണവും വെള്ളവും കിട്ടാന്‍ അവര്‍ പ്രാര്‍ഥിച്ചു. ഒക്കത്തിരിക്കുന്ന കുഞ്ഞിനെയുമായി അവിടെയെത്തിയ മുത്തശ്ശിയമ്മ അവരെ ആശ്വസിപ്പിച്ചു. കല്ലുകള്‍ അപ്പമാക്കി അവര്‍ക്കു നല്‍കി. കുടിക്കാന്‍ വെള്ളം ചോദിച്ച അവര്‍ക്ക്‌ ആ കുന്നില്‍ മുകളില്‍ നീരുറവ തെളിച്ചു നല്‍കി അപ്രത്യക്ഷയായി.
കുട്ടികളില്‍നിന്ന്‌ അത്ഭുതം കേട്ടറിഞ്ഞ മുതിര്‍ന്നവര്‍ കുന്നിന്‍ മുകളിലേക്ക്‌ ഓടിക്കയറി. അവര്‍ക്കു മുന്നില്‍ പ്രത്യക്ഷയായ മുത്തശ്ശിയമ്മ (മുത്തിയമ്മ) തെളിനീരുറവ കാണിച്ചു കൊടുത്ത സ്‌ഥാനത്ത്‌ തനിക്കുവേണ്ടി ദേവാലയം നിര്‍മിക്കണമെന്ന്‌ ആവശ്യപ്പെട്ടു. ഈ മുത്തശ്ശിയമ്മ മാതാവാണെന്നു തിരിച്ചറിഞ്ഞിടത്തുനിന്നാണ്‌ കുറവിലങ്ങാട്‌ പള്ളിയുടെ തുടക്കം. മുത്തിയമ്മ എന്ന പേരിന്റെയും വിശ്വാസത്തിന്റെയും ആരംഭവും അവിടെനിന്നായിരുന്നു.
മാതാവ്‌ സ്‌ഥാനനിര്‍ണയം നടത്തി മുളയും ഓലയും കൊണ്ടു മേഞ്ഞ ആരാധനാലയം. തറ ചാണകം മെഴുകി പരുവപ്പെടുത്തി. ദിവസങ്ങള്‍ നീണ്ട അത്യധ്വാനത്തിന്റെ ഫലമായി പ്രാര്‍ഥിക്കാന്‍ ഒരിടമായി. ആ നീരുറവ ഇന്നും വിശ്വാസത്തിന്റെ തെളിനീരു വറ്റാത്ത ഉറവയായി ഇവിടെ സംരക്ഷിക്കുന്നു. ആദി കാലം മുതല്‍ ജാതിക്ക്‌ കര്‍ത്തവൃന്മാരായ അര്‍ക്കാദിയോക്കന്മാരെ തെരഞ്ഞെടുത്തിരുന്നത്‌ പകലോമറ്റം കുടുംബത്തില്‍ നിന്നായിരുന്നു. ആദ്യമെത്രാനായിരുന്ന പറമ്പില്‍ ചാണ്ടി മെത്രാനടക്കമുള്ളവര്‍ പകലോമറ്റം കുടുംബത്തില്‍ നിന്നായിരുന്നു.
മതസൗഹാര്‍ദ്ദത്തിനു കത്തിവച്ച സര്‍ സി.പി.
നൂറ്റാണ്ടുകള്‍ക്കു മുമ്പേ കുറവിലങ്ങാട്‌ പള്ളിത്തിരുനാളിന്‌ ഏറ്റുമാനൂരമ്പലത്തില്‍ നിന്ന്‌ ആനയെ അച്ച്‌ തിടമ്പേറ്റിയാണ്‌ പെരുന്നാള്‍ ആഘോഷിച്ചിരുന്നത്‌. സര്‍ സി.പി. രാമസ്വാമിഅയ്യരുടെ പ്രതാപകാലം. കുറവിലങ്ങാട്‌ കൂടി പെരുന്നാള്‍ ദിനങ്ങളിലൊരു ദിവസംഅദ്ദേഹം കുറവിലങ്ങാട്ടു കൂടി കടന്നു പോകാനിടയായി.
പെരുന്നാള്‍ പെരുമ താമ്രപത്രമായി അദ്ദേഹത്തിനു സമര്‍പ്പിച്ചു. അതില്‍ ഏറ്റുമാനൂരമ്പലത്തില്‍ നിന്ന്‌ ആനയെത്തുന്ന ചരിത്രവും രേഖപ്പെടുത്തിയിരുന്നു. വായിച്ചു തൃപ്‌തിയടഞ്ഞ സര്‍ സി.പി. കുറവിലങ്ങാടിന്‍െ്‌റ അതിര്‍ത്തി കടക്കും മുന്‍പേ കല്‌പന വന്നുവത്രേ..
ഇനി ഏറ്റുമാനൂരമ്പലത്തില്‍ നിന്ന്‌ ആന പോയി കുറവിലങ്ങാട്‌ പെരുന്നാള്‍ നടക്കേണ്ടെന്ന്‌. എന്നാല്‍ സി.പിയുടെ പ്രതാപമസ്‌തപിച്ചപ്പോള്‍ ഏറ്റുമാനൂരമ്പലത്തില്‍ നിന്ന്‌ ആനയെത്തി മതസൗഹാര്‍ദ്ദത്തിന്‍െ്‌റ പാലമിട്ടത്‌ മറ്റൊരു ചരിത്രം.
കടപ്പൂരിലെ കപ്പലും
അതിരമ്പുഴയിലെ കടലും
കുറവിലങ്ങാട്‌ എന്ന കരഭൂമിയില്‍ കപ്പലോടുമ്പോള്‍ വിശ്വാസം ചരിത്രത്തിലേക്ക്‌ ഊളിയിടുന്നു. അതിരമ്പുഴ വരെ കടല്‍ കയറിക്കിടന്നു എ.ഡി. ആദി നൂറ്റാണ്ടുകള്‍ വരെയുള്ള കാലം. കടപ്പൂരിലെ ജനങ്ങളുടെ പ്രധാന തൊഴില്‍ കടലും കപ്പലുമായി ബന്ധപ്പെട്ടായിരുന്നു. വ്യാപാരത്തിനായി പുറപ്പെട്ടാല്‍ മാസങ്ങള്‍ക്കുശേഷം തിരിച്ചെത്തും. അതുവരെ കുടുംബത്തിനും നാട്ടുകാര്‍ക്കും അവരെക്കുറിച്ചു വിവരമില്ല. തിരിച്ചും അങ്ങനെ തന്നെ. ഒരിക്കല്‍ കടപ്പൂരുകാര്‍ പുറപ്പെട്ട കപ്പല്‍ കടല്‍ക്ഷോഭത്തിലകപ്പെട്ടു. കടല്‍ കപ്പലെടുത്ത്‌ അമ്മാനമാടിയപ്പോള്‍ അവര്‍ മനമുരുകി പ്രാര്‍ഥിച്ചു: രക്ഷപ്പെട്ടാല്‍ ഒരു കപ്പലുണ്ടാക്കി മുത്തിയമ്മയ്‌ക്കു സമര്‍പ്പിക്കാമെന്ന്‌. ആകാശത്തോളമുയര്‍ന്ന തിരകളമര്‍ന്നു. കാറ്റൊടുങ്ങി, കടല്‍ ശാന്തമായി.
തിരിച്ചെത്തിയവര്‍ ആദ്യം ചെയ്‌തതു കപ്പലുണ്ടാക്കി പള്ളിക്കു സമര്‍പ്പിക്കുകയായിരുന്നു. തിരുനാളിനു കപ്പലെടുക്കാനുള്ള അവകാശവും അങ്ങനെ കടപ്പൂരുകാര്‍ക്കു സ്വന്തമായി. കുറവിലങ്ങാട്‌ തിരുനാളിന്റെ പ്രധാനചടങ്ങുകളിലൊന്നായി കപ്പല്‍ പ്രദക്ഷിണം മാറി.
അവസാനിക്കാത്ത
അത്ഭുതങ്ങളുടെ കേന്ദ്രം
ഉദ്ദിഷ്‌ടകാര്യസാധ്യത്തിനായി പ്രവഹിക്കുന്ന ജനങ്ങള്‍... അവരുടെ പ്രാര്‍ഥനയുടെ ഫലസിദ്ധി. അത്ഭുതങ്ങളുടെ പ്രവാഹം അവസാനിക്കുന്നില്ല, മുത്തിയമ്മ കാണിച്ചുകൊടുത്ത അത്ഭുതനീരുറവ പോലെ.
ഓലയും മുളയും ചേര്‍ത്തു ക്ഷേത്രാകൃതിയില്‍ നിര്‍മിച്ച പള്ളി നിരവധി തവണ പുതുക്കലുകള്‍ക്ക്‌ വിധേയമായി. 1599 ല്‍ മെനേസിസ്‌ മെത്രാപ്പോലീത്ത കുറവിലങ്ങാട്‌ സന്ദര്‍ശിച്ചപ്പോഴാണ്‌ കല്ലുകൊണ്ടുള്ള ദേവാലയത്തിന്റെ ശിലാസ്‌ഥാപനം നിര്‍വ്വഹിച്ചത്‌. പറമ്പില്‍ ചാണ്ടിമെത്രാന്റെ കാലത്ത്‌ വീണ്ടും ദേവാലയം നവീകരിച്ചു. 1954-60 കാലഘട്ടത്തിലാണ്‌ പുതിയ ദേവാലയത്തിന്റെ നിര്‍മിതി. പഴയ പള്ളിയുടെ മദ്‌ബഹയും തെക്കും വടക്കുമുള്ള സങ്കീര്‍ത്തികളും മാണിക്കത്തനാര്‍ ഉപയോഗിച്ചിരുന്ന മുറിയും നിലനിര്‍ത്തിയാണ്‌ പുതിയ ദേവാലയത്തിന്റെ പണി പൂര്‍ത്തിയാക്കിയത്‌.
ആറു പതിറ്റാണ്ടുകള്‍ക്കുശേഷം വീണ്ടും പള്ളിയുടെ നവീകരണത്തിനായി തീരുമാനിച്ചപ്പോള്‍ എന്‍ജിനീയര്‍മാര്‍ പറഞ്ഞ കാലപരിധി ഒന്നരവര്‍ഷം.
പന്ത്രണ്ട്‌ ആഴ്‌ചയ്‌ക്കുള്ളില്‍ നവീകരണം പൂര്‍ത്തിയായ ദേവാലയം മാതാവിന്റെ മറ്റൊരു അത്ഭുതമെന്ന്‌ വികാരി ഫാ.ഡോ.ജോസഫ്‌ തടത്തില്‍. പഴമയുടെ പ്രൗഢിയും പാരമ്പര്യവും ചോരാത്ത നിര്‍മിതിയാണ്‌ നവീകരണത്തില്‍. നവീകരിച്ച പള്ളിയില്‍ കര്‍ദ്ദിനാളിന്‌ ഇരിക്കാനായി സ്‌ഥാനിക ഇരിപ്പിടം സജ്‌ജമാക്കിയിട്ടുണ്ട്‌. സമാധാനത്തിന്റെ പ്രതീകമായി വെള്ളരിപ്രാവിന്റെയും മാലാഖമാരുടെയും രൂപങ്ങള്‍ കൊത്തിയിരിക്കുന്നു.
മുത്തിയമ്മയുടെ ഒറ്റക്കല്‍ രൂപവും മാതാവിന്റെ ഛായാചിത്രവും
ഏതുനൂറ്റാണ്ടില്‍ നിര്‍മിച്ചതെന്നറിയാത്ത മുത്തിയമ്മയുടെ ഒറ്റക്കല്‍ രൂപം സവിശേഷസൃഷ്‌ടിയാണ്‌. മാതാവിന്റെ ഛായചിത്രം റോമിലെ മരിയ മജോരെ ബസിലിക്കയില്‍ സൂക്ഷിച്ചിരിക്കുന്ന വി.ലൂക്കാ സുവിശേഷകന്‍ വരച്ച ചിത്രത്തിന്റെ തനിപ്പകര്‍പ്പാണ്‌. ഇത്‌ വടക്കേ സങ്കീര്‍ത്തിയുടെ മുന്‍ഭാഗത്ത്‌ പ്രതിഷ്‌ഠിച്ചിരിക്കുന്നു.
കല്‍ക്കുരിശ്‌
16-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ സ്‌ഥാപിച്ച കല്‍ക്കുരിശ്‌ പൗരസ്‌ത്യ-പാശ്‌ചാത്യ കലാസമ്മേളനത്തിന്റെ ദൃഷ്‌ടാന്തമാണ്‌. കല്‍ക്കുരിശ്‌ ഉയര്‍ത്താനായി ആനയെ വിട്ടുനല്‍കിയ നമ്പൂതിരി കുടുംബത്തിന്‌ പള്ളിയില്‍ നിന്ന്‌ അടുത്തകാലം വരെ ഓഹരി നല്‍കിയിരുന്നത്‌ നിലനിന്നിരുന്ന മതസൗഹാര്‍ദ്ദത്തിന്‌ ഉദാഹരണവും.
മണിമാളിക
ഏഷ്യയിലെ ഏറ്റവും വലിയ പള്ളിമണികളാണ്‌ മണിമാളികയിലുള്ളത്‌. ജര്‍മനിയില്‍ നിര്‍മിച്ച്‌ 1911- ല്‍ കുറവിലങ്ങാട്ട്‌ എത്തിച്ച മണികളില്‍ പള്ളിയുടെ പേര്‌ ആലേഖനം ചെയ്‌തിരിക്കുന്നു.
തിരുനാളുകള്‍
മൂന്നുനോമ്പ്‌ തിരുനാളും അതിനോടനുബന്ധിച്ചുള്ള കപ്പല്‍പ്രദക്ഷിണം, ആനവായി ല്‍ചക്കര നേര്‍ച്ച, പത്താംതീയതി തിരുനാള്‍, ദേശത്തിരുനാള്‍, എട്ടുനോമ്പുതിരുനാള്‍, സ്വര്‍ഗാരോപണതിരുനാള്‍, കല്ലിട്ടതിരുനാള്‍, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍. വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാള്‍, വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ എന്നിവയാണ്‌ പ്രധാനതിരുനാളുകള്‍.

രാജേഷ്‌ ഏബ്രഹാം

Ads by Google
Sunday 04 Feb 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW