Sunday, April 21, 2019 Last Updated 27 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 04 Feb 2018 12.35 AM

ചാലയ ഓട്ടത്തിലെ ഗോവിന്ദപ്പൊരുള്‍

ദക്ഷിണേന്ത്യന്‍ സംസ്‌കാരങ്ങളുടെ സംഗമഭൂമിയായ നാഞ്ചിനാട്ടില്‍ ശിവരാത്രിയോടനുബന്ധിച്ചു നടക്കുന്ന ആചാരമാണ്‌ ചാലയഓട്ടം അഥവാ ശിവാലയഓട്ടം.
എഴുപത്തി ഒന്‍പത്‌ കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ട്‌ രാത്രിയും ഒരു പകലും കൊണ്ട്‌ ഭീമസേനന്‍ പ്രതിഷ്‌ഠിച്ച 12 ശിവക്ഷേത്രങ്ങളിലും ഭീമസേനന്‌ നാരായണദര്‍ശനം ലഭിച്ച ഒരുക്ഷേത്രത്തിലും ശിവാലയ ആട്ടക്കാര്‍ ഓടിയെത്തി ദര്‍ശനം നടത്തുന്നു.
ഗോവിന്ദാ... ഗോപാലാ എന്ന നാമം ഉച്ചരിച്ചുകൊണ്ട്‌ ഒരു തരം പീഡാനുഭവത്തോടും വ്രതനുഷ്‌ഠനത്തോടും നഗ്നപാദരായി ഓടിയെത്തി ദര്‍ശനം നടത്തുന്ന ഒരു വിചിത്ര അനുഷ്‌ഠാനമാണിത്‌. വിഷ്‌ണുനാമം ജപിച്ച്‌ ശിവക്ഷേത്രദര്‍ശനം നടത്തുന്നുവെന്ന പ്രത്യേകതയും ശിവാലയഓട്ടത്തിനുണ്ട്‌.
മഹാഭാരതത്തിന്റെ ഐതിഹ്യപ്പെരുമ പേറുന്ന ഈ ചടങ്ങ്‌ ശൈവ വൈഷ്‌ണവ സമന്വയം എന്ന അപൂര്‍വ്വതയുടെ ഇടം കൂടിയാണ്‌.
ഭീമസേനനും ശിവാലയങ്ങളും
കുരുക്ഷേത്രയുദ്ധം കഴിഞ്ഞു. പാപപരിഹാരാര്‍ത്ഥം വിധിക്ക്‌ ദക്ഷിണയൊടുമശ്വമേധം ജയിക്ക നീ എന്ന വ്യാസഭഗവാന്റെ ഉപദേശമനുസരിച്ച്‌ പാണ്ഡവര്‍ അശ്വമേധയാഗത്തിന്‌ ഒരുക്കങ്ങള്‍ തുടങ്ങി. മുഖ്യ അതിഥിയായി വേദവേദാംഗ പരാംഗതനായ വ്യാഘ്രപാദമഹര്‍ഷിയേയും ക്ഷണിക്കാന്‍ തീരുമാനിച്ചു.
പാണ്ഡവന്‍മാരുടെ ഗുരുവും പുരോഹിതനുമായ ധൗമ്യന്റെ പിതാവായ വ്യാഘ്രപാദന്‍ തീവ്രശിവഭക്‌തനാണ്‌. നിരന്തരം ശിവപൂജയിലും തപസിലും കഴിയുന്ന അദ്ദേഹത്തെ എങ്ങനെ കൊണ്ടുവരും.
കാര്യങ്ങള്‍ വ്യക്‌തമായി അറിയാവുന്ന ശ്രീകൃഷ്‌ണന്‍ കരുത്തനായ ഭീമസേനനെ വ്യാഘ്രപാദനെ കൊണ്ടുവരുന്നതിന്‌ നിയോഗിച്ചു.
ശിവനാമം ഒഴികെ ഏത്‌ ഈശ്വരനാമം കേട്ടാലും കോപിഷ്‌ഠനാകുന്ന വ്യാഘ്രപാദനെ ശിവപൂജയില്‍ നിന്നുണര്‍ത്താന്‍ ഗോവിന്ദാ ഗോപാലാ എന്ന വിഷ്‌ണുനാമം ജപിക്കാനും ആക്രമിക്കുമെന്ന ഘട്ടം വന്നാല്‍ പ്രത്യാക്രമണം ഒഴിവാക്കി രക്ഷപ്പെടാന്‍ ശിവപ്രതിഷ്‌ഠ നടത്താനും കൃഷ്‌ണന്‍ ഭീമന്‌ ഉപദേശവും ഒപ്പം 12 ശിവലിംഗങ്ങളും നല്‍കി. (12 പാറക്കഷ്‌ണങ്ങളെന്നും രുദ്രാക്ഷങ്ങളെന്നും അഭിപ്രായമുണ്ട്‌)
തമിഴ്‌നാട്ടിലെ മുഞ്ചിറക്കടുത്ത്‌ താമ്രപാര്‍ണി നദീതീരത്തില്‍ പാറക്കൂട്ടങ്ങളും ഗുഹകളുമുള്ള ഒരു പ്രദേശമുണ്ട്‌. മുനിമാര്‍ തോട്ടം എന്നാണ്‌ അവിടുത്തെ പേര്‌. ഈ മുനിമാര്‍ തോട്ടത്തിലെ ഗുഹയിലാണ്‌ വ്യാഘ്രപാദന്‍ തപസ്സനുഷ്‌ഠിച്ചു കൊണ്ടിരുന്നത്‌.
കൃഷ്‌ണന്‍ കൊടുത്തയച്ച ശിവലിംഗങ്ങളുമായി ഭീമന്‍ മുനിയുടെ സമീപത്തെത്തി ഗോവിന്ദാ ഗോപാലാ എന്ന വിഷ്‌ണുനാമം ഉച്ചരിക്കാന്‍ തുടങ്ങി. ഇതുകേട്ടു കോപം പൂണ്ട വ്യാഘ്രപാദന്‍ ഭീമനെ ഓടിക്കാന്‍ തുടങ്ങി.
പാറക്കൂട്ടങ്ങള്‍ കടന്ന്‌ സമതലത്തെത്തി വ്യാഘ്യപാദന്‍ ഭീമനെ പിടികൂടുമെന്നായപ്പോള്‍ ഭീമന്‍ തന്റെ കൈവശമുണ്ടായിരുന്ന ആദ്യത്തെ ശിവലിംഗം അവിടെ പ്രതിഷ്‌ഠിച്ചു(തിരുമല). വ്യാഘ്രപാദന്‍ ഇത്‌ കണ്ട്‌ എല്ലാം മറന്ന്‌ ഈ ശിവലിംഗത്തെ പൂജിക്കാന്‍ തുടങ്ങി.
വീണ്ടും ഭീമന്‍ ഗോവിന്ദ ഗോപാലാ എന്ന നാമം ഉച്ചരിക്കാന്‍ തുടങ്ങിയതോടെ വ്യാഘ്രപാദന്‍ ഭീമനെ വീണ്ടും ഓടിക്കാന്‍ തുടങ്ങി. രണ്ടാമതും പിടികൂടുമെന്നായപ്പോള്‍ ഭീമസേനന്‍ രണ്ടാമത്തെ ശിവലിംഗം പ്രതിഷ്‌ഠിച്ചു. അത്‌ തിക്കുറിച്ചി എന്ന തിക്കിറുശ്ശിയിലായിരുന്നു.
തുടര്‍ന്ന്‌ തൃപ്പരപ്പിലും, തിരനന്തിക്കര, പൊന്മന, പന്നിപ്പാകം, കല്‍ക്കുളം, മേലാംങ്കോട്‌, തിരുവിടക്കോട്‌, തിരുവിതാം കോട്‌, തൃപ്പന്നിക്കോട്‌, തിരുനട്ടാലം എന്നിവിടങ്ങള്‍ വരെ എത്തിയിട്ടും വ്യാഘ്രപാദനെ ശിവപൂജയില്‍ നിന്നും പിന്തിരിപ്പിക്കാനായില്ല. അവസാനം ഓടിത്തളര്‍ന്ന ഭീമനെ വ്യാഘ്രപാദന്‍ പിടിക്കുമെന്നുറപ്പായപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി ഭീമന്‍ സാക്ഷാല്‍ നാരായണമൂര്‍ത്തിയെ വിളിച്ച്‌ രക്ഷിക്കണേ എന്നു പ്രാര്‍ത്ഥിച്ചു.
ഉടന്‍തന്നെ ഭീമന്‌ നാരായണ ദര്‍ശനം ലഭിച്ചു. ഈ ദര്‍ശനം വ്യാഘ്രപാദനു ശങ്കരനായാണ്‌ കാണപ്പെട്ടത്‌. ഇങ്ങനെ ഒരു മൂര്‍ത്തി തന്നെ ഒരാള്‍ക്ക്‌ ശങ്കരനായും മറ്റൊരാള്‍ക്ക്‌ നാരായണനായും കാണപ്പെട്ടതോടെ വ്യാഘ്രപാദന്റെ മനസിലെ സങ്കുചിതത്വം നീങ്ങി സന്തുഷ്‌ടനായി ഭീമസേനനോടൊപ്പം പാണ്ഡവന്‍മാരുടെ അശ്വമേധയാഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത്രേ.
സംസ്‌കാര സമന്വയത്തിന്റെ
ശിവാലയഓട്ടം
ഭീമസേനന്റെ ഓട്ടത്തെ അനുകരിച്ച്‌ കുംഭമാസം കൃഷ്‌ണപക്ഷത്തെ ത്രയോദശിക്ക്‌ ആണ്‌ ശിവാലയഓട്ടം നടത്തുന്നത്‌. ഇന്ന്‌ കേരളത്തിലും തമിഴ്‌നാട്ടിലുമായി സ്‌ഥിതിചെയ്യുന്ന ഈ ശിവാലയങ്ങളിലേക്കുള്ള യാത്ര ഒരിക്കല്‍ ഒന്നായിരുന്ന, എന്നാല്‍ ഇന്നു രണ്ടായി മാറിയ ഒരു സംസ്‌കാരത്തിലേക്കുള്ള തിരിച്ചുപോക്കുകൂടിയാണ്‌.
ദ്രാവിഡത്തനിമകളിലേക്കുള്ള ഒരു ഓട്ടപ്രദക്ഷിണമെന്നു ശിവാലയ ഓട്ടത്തെ വിശേഷിപ്പിക്കാം. ഇതിഹാസപുരുഷനായ ഭീമനാല്‍ പ്രതിഷ്‌ഠിക്കപ്പെട്ടതും, ഭക്‌തനായ വ്യാഘ്രപാദമഹര്‍ഷിയാല്‍ ആദ്യമായി പൂജിക്കപ്പെട്ടതുമായ ദ്വാദശ ശിവാലയങ്ങള്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ദര്‍ശനം നടത്തുന്നത്‌ പുണ്യസിദ്ധിക്ക്‌ കാരണമായി ഭക്‌തര്‍ വിശ്വസിക്കുന്നു.
ഭീമസേനന്‍ പ്രതിഷ്‌ഠ നടത്തിയ 12 ശിവക്ഷേത്രങ്ങളും ഭീമസേനനു നാരായണ ദര്‍ശനം ലഭിച്ച സ്‌ഥാനത്തുള്ള ഒരു ക്ഷേത്രമുള്‍പ്പെടെ 13 ക്ഷേത്രങ്ങളിലാണ്‌ ശിവാലയ ഓട്ടക്കാര്‍ ദര്‍ശനം നടത്തേണ്ടത്‌. കന്യാകുമാരി ജില്ലയിലെ വിളവംകോട,്‌ കല്‍ക്കുളം താലൂക്കുകളിലാണ്‌ ഈ ക്ഷേത്രങ്ങള്‍. പ്രദക്ഷിണ ക്രമത്തില്‍ മാത്രമേ ക്ഷേത്രദര്‍ശനം നടത്താന്‍ പാടുള്ളൂ.
തേങ്ങാപട്ടണം പോകുന്നവഴി മുഞ്ചിറയിലെത്തിയാല്‍ ആദ്യ ക്ഷേത്രം. തിരുമലയില്‍ നിന്നും 12കി.മീ: വടക്കു കിഴക്ക്‌ മാറി താമ്രപര്‍ണി നദീ തീരത്താണ്‌ രണ്ടാമത്തെ ക്ഷേത്രം.
താമ്രപര്‍ണിയുടെ പോഷക നദികളില്‍ ഒന്നായ കോതയാറിന്റെ കിഴക്കേക്കരയില്‍ തൃപ്പരപ്പിലാണ്‌ മൂന്നാമത്തെ ക്ഷേത്രം. തിക്കുറിശ്ശിയില്‍ നിന്നും 12 കി.മീ. മാറിയ ഈ സ്‌ഥലത്തിന്‌ വിശാലപുരം എന്നും വിശാലനിലയം എന്നും പേരുണ്ട്‌. ഇവിടെനിന്നും 6 കി.മീ. വടക്കുകിഴക്ക്‌ മാറിയാണ്‌ തിരുനന്തിക്കര (നാലാമത്തെ ക്ഷേത്രം).
തിരുനന്തിക്കര നിന്നും 6 കി.മീ. തെക്ക്‌ കിഴക്ക്‌ മാറി അഞ്ചാമത്തെ ക്ഷേത്രം സ്‌ഥിതിചെയ്യുന്ന പൊന്മന. പൊന്മനയില്‍ നിന്നും 10 കി.മീ തെക്ക്‌ മാറി പന്നിപ്പാകം അതായത്‌ ആറാം ക്ഷേത്രം.
യലേലകളാണ്‌ ക്ഷേത്രത്തിനുചുറ്റും. ഇവിടെ നിന്നും 5 കി.മീ തെക്ക്‌ പടിഞ്ഞാറ്‌ വേണാടിന്റെ ആദ്യകാല തലസ്‌ഥാനമായ പത്മനാഭപുരം കൊട്ടാരത്തിന്റെ കിഴക്ക്‌ ഭാഗം കല്‍കുളത്താണ്‌ ഏഴാംക്ഷേത്രം.
12 ക്ഷേത്രങ്ങളിലും വച്ച്‌ ഏറ്റവും വലിയ ഗോപുരമുള്ളത്‌ ഈ ക്ഷേത്രത്തിലാണ്‌. കല്‍കുളത്ത്‌ നിന്നും വെറും 3 കി.മീ ദൂരം മാത്രമേയുള്ളൂ മേലാങ്കോടിന്‌. രണ്ട്‌ യക്ഷിയമ്പലങ്ങളിലൂടെ തെക്കന്‍ തിരുവിതാംകൂറില്‍ ഖ്യാതി നേടിയിട്ടുള്ള സ്‌ഥലമാണ്‌ മേലാങ്കോട്‌.
വീണ്ടും 3കി.മീ തിരുവനന്തപുരം നാഗര്‍കോവില്‍ റോഡിലൂടെ കിഴക്കോട്ട്‌ പോയാല്‍ നിരുവിടക്കോട്‌. ഇവിടെ നിന്നും പടിഞ്ഞാറോട്ട്‌ 9കി.മീ ദൂരത്തില്‍ തിരുവിതാംകോട്‌. വീണ്ടും 10 കി.മീ പടിഞ്ഞാറ്‌ തൃപ്പന്നിയോട്‌(ക്കോട്ട്‌) വീണ്ടും പടിഞ്ഞാറോട്ട്‌ 3 കി. മീ നട്ടാലം.
നട്ടാലം ക്ഷേത്രക്കുളത്തിന്റെ കിഴക്കും പടിഞ്ഞാറും രണ്ട്‌ ക്ഷേത്രങ്ങളുണ്ട്‌ പടിഞ്ഞാറുള്ള ശിവക്ഷേത്രത്തില്‍ ഭീമന്റെ പ്രതിഷ്‌ഠയുണ്ട്‌, കിഴക്കുള്ളത്‌ ശങ്കരനാരായണമൂര്‍ത്തിയുടേയും ഈ ക്ഷേത്രങ്ങളിലെല്ലാം വ്യത്യസ്‌തങ്ങളായ പ്രതിഷ്‌ഠകളാണുള്ളത്‌.
ഭക്‌തിയുടെ പാതയില്‍ നിഷ്‌ഠയോടെ
വ്രതാനുഷ്‌ഠാനത്തോടെയുള്ള ഓട്ടത്തിന്റെ വസ്‌ത്രധാരണത്തില്‍ തന്നെ പ്രത്യേകതയുണ്ട്‌. മുട്ടോളം ഇറക്കമുള്ള വെള്ളയുടുത്ത്‌ അതിനുമീതെ അരയില്‍ (കട്യാവ്‌) ചുറ്റും. ഉടുപ്പോ ബനിയനോ ധരിക്കില്ല. കഴുത്തില്‍ രുദ്രാക്ഷമാല, നഗ്നപാദം, കൈയില്‍ വിശറി. വിശറിയുടെ കൈപ്പിടിയില്‍ രണ്ട്‌ മടിശീലകള്‍, ഒന്ന്‌ യാത്രാ വേളയിലെ ചെലവുകള്‍ക്കു പണം സൂക്ഷിക്കാനും രണ്ട്‌ ക്ഷേത്രദര്‍ശനവേളയില്‍ ലഭിക്കുന്ന ഭസ്‌മം സൂക്ഷിക്കുന്നതിനുമാണ്‌.
ഓടാന്‍ തീരുമാനിക്കുന്നവര്‍ 3 ദിവസത്തെ വ്രതം അനുഷ്‌ഠിക്കും. ഈ കാലയളവില്‍ മല്‍സ്യവും, മാംസവും മദ്യവും വര്‍ജിക്കുന്നു. മാത്രവുമല്ല വീടുകളിലെ അടുക്കളയില്‍ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കില്ല അമ്പലങ്ങളിലെ നിവേദ്യങ്ങളോ പൊങ്കാല നിവേദ്യങ്ങളോ ആയിരിക്കും ഭക്ഷണം. രാത്രിയില്‍ പഴവര്‍ഗ്ഗങ്ങള്‍ മാത്രം കഴിക്കുന്നു. ബ്രഹ്‌മചര്യം സ്വീകരിക്കുന്നു. രാവിലേയും വൈകുന്നേരവും ക്ഷേത്രദര്‍ശനം നടത്തുകയും വേണം
ഓട്ടം സംഘമായിട്ടായിരിക്കും പരിചയ സമ്പന്നനായൊരു നേതാവും ഉണ്ടായിരിക്കും. ഓട്ടക്കാരെ ഗോവിന്ദന്‍മാര്‍ എന്നാണ്‌ വിളിക്കുക. ഗോവിന്ദ നാമം ഉച്ചരിച്ച്‌ ഓരോ ക്ഷേത്രത്തിലും ഓടി എത്തുമ്പോള്‍ കുളി കഴിഞ്ഞ്‌ ഈറനോടെയാണ്‌ ദര്‍ശനം നടത്തേണ്ടത്‌.
എല്ലാക്ഷേത്രങ്ങളില്‍ നിന്നും ഇവര്‍ക്ക്‌ ഭസ്‌മമാണ്‌ പ്രസാദമായി കൊടുക്കുന്നത്‌. 12 ക്ഷേത്രങ്ങളും ദര്‍ശനം കഴിഞ്ഞ്‌ തിരുനട്ടാലത്തിലുള്ള 13 -ാമത്തെക്ഷേത്രമായ ശങ്കരനാരയണമൂര്‍ത്തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതോടെ ഓട്ടം അവസാനിക്കും. ഇവിടെ നിന്നും ഇവര്‍ക്ക്‌ കുളിര്‍ ചന്ദനം നല്‍കുന്നു.
പലരൂപത്തിലും പലനാമത്തിലും കുടികൊള്ളുന്ന ഈശ്വരന്‍ ഒന്നാണെന്ന അദൈ്വത ജ്‌ഞാനത്തിലേക്കാണ്‌ ശിവാലയഓട്ടത്തില്‍ പങ്കെടുക്കുന്ന ഓരോഗോവിന്ദനും ഓടിയെത്തുന്നത്‌.

വ്യാഘ്രപാദ മഹര്‍ഷി :- മുന്‍ജന്മത്തില്‍ ഗൗതമ മഹര്‍ഷിയായിരുന്ന ഇദ്ദേഹം ദീര്‍ഘകാലം തപസ്സനുഷ്‌ഠിച്ച്‌ ശിവനെ പ്രത്യക്ഷപ്പെടുത്തി. രണ്ട്‌ വരങ്ങള്‍ ചോദിച്ചു.
1) ശിവ പൂജക്ക്‌ പോറലേല്‍ക്കാതെ പൂക്കള്‍ ഇറുത്തെടുക്കുന്നതിന്‌ കൈനഖങ്ങളില്‍ കണ്ണുവേണം. 2) ഏതു വൃക്ഷത്തിലും കയറി പൂജയ്‌ക്ക് പുഷ്‌പങ്ങള്‍ ശേഖരിക്കാന്‍ വ്യാഘ്രത്തിന്റെ കൈകാലുകള്‍ വേണം. ഈ രണ്ട്‌ വരങ്ങളും സിദ്ധിച്ചതോടെയാണ്‌ ഗൗതമ മഹര്‍ഷി വ്യാഘ്രപാദ മഹര്‍ഷിയായി മാറിയത്‌.
തിരുനന്തിക്കര :- തിരുനന്തിക്കര ക്ഷേത്രത്തിന്‌ വടക്ക്‌ ഭാഗത്തായി പുരാവസ്‌തു വകുപ്പിന്റെ സംരക്ഷണയിലുള്ളതും കൂറ്റന്‍ കരിമ്പാറ തുരന്നുണ്ടാക്കിയിട്ടുള്ളതുമായ ഒരു ക്ഷേത്രമുണ്ട്‌. ഈ ക്ഷേത്രത്തിലെ ഉല്‍സവത്തിന്‌ കൊടിയേറാന്‍ ശിവരാത്രിയുടെ തലേനാള്‍ ക്ഷേത്രഭാരവാഹികള്‍ കാത്തിരിക്കും. ശിവാലയ ഓട്ടക്കാരിലെ ആദ്യത്തെ ഗോവിന്ദനെ കണ്ടാലുടന്‍ കൊടിയേറ്റം നിര്‍വ്വഹിക്കും.

ചന്ദ്രന്‍ പനയറക്കുന്ന്‌

Ads by Google
Sunday 04 Feb 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW