Thursday, November 15, 2018 Last Updated 9 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 04 Feb 2018 12.33 AM

ഇന്‍ജുറി ടൈം- കാലവും ലോകവും കളിക്കളവും

uploads/news/2018/02/189275/2.jpg

ഒരു നോവല്‍, വായനക്കാരന്‌ ഒരേ സമയം മൂന്നു വ്യത്യസ്‌ത തലങ്ങളില്‍ അനുഭവവേദ്യമാകുന്ന അപൂര്‍വതയാണു രമേശന്‍ മുല്ലശേരിയുടെ ഇന്‍ജുറി ടൈം എന്ന കൃതി. ഫുട്‌ബോളും ചരിത്രവും പ്രണയവും ഇതിഹാസവും മനുഷ്യമനസുകളുടെ നിരാശാനിര്‍ഭരമായ ജീവിതാവസ്‌ഥകളും സമന്വയിക്കുന്ന ഈ നോവലില്‍ കണ്ണന്‍ എന്ന ഐ.എസ്‌.എല്‍. കളിക്കാരന്റെ ജീവിതത്തിലൂടെ, കാലവും ലോകവും കളിക്കളവും, ദൃശ്യവല്‍ക്കരിക്കപ്പെടുകയാണ്‌. മനുഷ്യജീവിതം ഒരു കളിയനുഭവം തന്നെയെന്നു ഇവിടെ നാം തിരിച്ചറിയുന്നു. പരാജയങ്ങളും സമനിലകളും ഗോള്‍ നേട്ടങ്ങളും അവസരങ്ങള്‍ തുലച്ച കണ്ണീര്‍ നിമിഷങ്ങളും.. ചിലപ്പോള്‍ വീണുകിട്ടുന്ന അധിക സമയമായ ഇന്‍ജുറി ടൈമിലെ ഭാഗ്യ ഗോളുകളും.
അതെ.. ലോകമെന്ന മൈതാന മധ്യത്തില്‍ ആരവങ്ങള്‍ക്കിടയില്‍ ചിലപ്പോള്‍ കളിക്കാരനായും മറ്റു ചിലപ്പോള്‍ കാണിയായും ചില നേരം അവസരം കിട്ടിയിട്ടും റിസര്‍വ്‌ ബെഞ്ചിലിരിക്കേണ്ടിവരുന്ന ഹതഭാഗ്യനായും നാം മാറുന്നു.
ഇത്‌ ഫുട്‌ബോളിന്റെ മാത്രം കഥയല്ല നാം ശീലിച്ച നോവല്‍ രചനാപഥങ്ങളില്‍ നിന്നു തുലോം വ്യത്യസ്‌തമായ ഒരു സഞ്ചാരമാണ്‌.
ചരിത്രാതീതകാലത്തിന്റെ ഇരുളില്‍ നിന്നു ചരിത്രകാലത്തിന്റെ കറുപ്പു വെള്ളയിലൂടെ വര്‍ത്തമാനകാലത്തിന്റെ വര്‍ണക്കാഴ്‌ചകളിലേക്കു നീളുന്ന സുദീര്‍ഘമായ പാത. വളവും തിരിവും ഇടവഴികളും ധാരാളം.
പക്ഷെ.. ഈ വഴിയോരങ്ങളിലെല്ലാം വിരിഞ്ഞുനില്‍ക്കുന്ന, ഭാഷാപ്രയോഗങ്ങളുടെ ചാരുപുഷ്‌പങ്ങള്‍ കാണാം. അവയുടെ ചുവട്ടില്‍, കണ്ണീരും മോഹങ്ങളും വിയര്‍പ്പും വീണു നനഞ്ഞു ദ്രവിച്ച കുറേ ഓര്‍മ്മക്കരിയിലകളും.
ഇന്‍ജുറി ടൈം ചില ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയാണ്‌. ജീവിതമെന്ന പന്തുകളിയില്‍ നാം പഠിച്ച പാഠങ്ങളുടെ.. മനഃപ്പൂര്‍വം മറക്കുന്ന കളി നിയമങ്ങളുടെ.. മൈതാനമധ്യത്തില്‍ തോറ്റു തലകുനിച്ചു നില്‍ക്കുമ്പോഴും വീണ്ടും അടുത്ത കളിക്കുവേണ്ടി നമ്മെ സജ്‌ജരാക്കുന്ന പ്രബോധനങ്ങളുടെ.
ഓരോ രചനയും ചില സത്യങ്ങളുടെ തുറന്നുകാട്ടലാണ്‌. ഇവിടെയും അതു സംഭവിക്കുന്നു. എഴുതപ്പെട്ട ചരിത്രത്തെ വിവേകത്താല്‍ അരിച്ചെടുത്തു കിട്ടുന്ന സത്യത്തിന്റെ തരികള്‍, നിരീക്ഷണത്തിന്റെ സൂക്ഷ്‌മദര്‍ശിനിയാല്‍ വലുതാക്കുന്ന എഴുത്തുകാരന്‍ 'സൂം' ചെയ്‌തു കാട്ടിത്തരുന്ന ദൃശ്യങ്ങള്‍.
ശിവ സങ്കല്‍പ്പത്തില്‍ത്തുടങ്ങി ഭൈരവ ശിവനിലൂടെ സോമനാഥത്തിലെത്തി നില്‍ക്കുന്ന പ്രഥമതലം.. രണ്ടു ശിവക്ഷേത്രങ്ങളെ.. (സോമനാഥവും പാഴൂര്‍ പെരുംതൃക്കോവിലും) രണ്ടു കാലങ്ങളെ.. അവിശ്വസനീയമാകാത്തവിധം കഥാതന്തുക്കളാല്‍ ബന്ധിപ്പിക്കുന്ന ദ്വിതീയതലം.
ഫുട്‌ബോളും രാധാകൃഷ്‌ണപ്രണയവും ജീവിതാവസ്‌ഥകളും അന്തര്‍ധാരകളായി ഇതിനു പിന്തുണയുമേകുന്നു.
അതിനാല്‍..
ഇന്‍ജുറി ടൈം.. ജീവിതമെന്ന കാല്‍പ്പന്തുകളിയുടെ കഥയാണ്‌.. യുഗങ്ങള്‍ക്കപ്പുറത്തെ ഗോള്‍പോസ്‌റ്റില്‍ നിന്നു ഇന്നിന്റെ ഇങ്ങേപോസ്‌റ്റിലേക്കു കാലം പന്തുരുട്ടിക്കളിക്കുന്ന വിസ്‌മയഭരിതവും ഉദ്വേഗജനകവുമായ കളി.

ബാബുരാജ്‌ കളമ്പൂര്‌

Ads by Google
Sunday 04 Feb 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW