Thursday, April 25, 2019 Last Updated 6 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 04 Feb 2018 12.31 AM

ഷഡ്‌പദം സജില്‍ ശ്രീധര്‍ നോവല്‍

uploads/news/2018/02/189274/1.jpg

രാത്രി കൂടുതല്‍ കറുത്തുകൊണ്ടേയിരുന്നു. ബസ്‌ സ്‌റ്റാന്‍ഡിലെ ശൗചാലയത്തില്‍ തിരക്ക്‌ കുറഞ്ഞിട്ടുണ്ട്‌. ഒറ്റപ്പെട്ട സൂപ്പര്‍ഫാസ്‌റ്റുകള്‍ പാതിയൊഴിഞ്ഞ സീറ്റുകളുമായി വരാനിടയില്ലാത്ത യാത്രക്കാരെ കാത്ത്‌ മൂളിയും മുരണ്ടും കിടക്കുന്നു.
പ്രായം അധികരിച്ച തേവിടിശ്ശികള്‍ ആകര്‍ഷണത്തിന്റെ അവസാന തരി അവശേഷിക്കുന്നുവോയെന്ന്‌ പരീക്ഷിച്ചറിയാനായി ഇരകളെ കാത്ത്‌ രാത്രി വൈകിയ വേളയിലും കാത്തു നില്‍ക്കുന്നു. ഓക്കാനം വരുന്ന അത്തറിന്റെ രൂക്ഷഗന്ധം അവരുടെ വസ്‌ത്രങ്ങളില്‍ നിന്നും വമിച്ചു.
രാമുണ്ണിക്ക്‌ കടുത്ത മുത്രശങ്ക തോന്നി. ശൗചാലയത്തിലെ സൂക്ഷിപ്പുകാരണ്‌ രണ്ട്‌ രൂപയുടെ നാണയം കൊടുത്ത്‌ അയാള്‍ ഉളളിലേക്ക്‌ കയറി. തുറന്നുവിട്ട ഡാം പോലെ കെട്ടിക്കിടന്ന മൂത്രം അണവിട്ട്‌ ഒഴുകി. അയാളുടെ മുണ്ടിന്റെ തലപ്പ്‌കൂടി നനഞ്ഞു. മുഖം കഴുകാനായി വാഷ്‌ ബേസിന്‌ മുന്നിലെത്തിയ രാമു മുന്നിലെ കണ്ണാടിയില്‍ സ്വന്തം മുഖം കണ്ടു.
അത്‌ രാമുണ്ണി തന്നെയെന്ന്‌ അയാള്‍ക്ക്‌ പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. കുട്ടിക്കാലത്ത്‌ മൂത്തശ്ശി പറഞ്ഞു കേട്ട യക്ഷിക്കഥകളിലെ ഭീതിയുണര്‍ത്തുന്ന ഏതോ ഭീകരസത്വം പോലെ ഒരു രൂപം.
അയാള്‍ക്ക്‌ തന്നെ അയാളെ കണ്ട്‌ ഭയം തോന്നി. സൗമിനിയുടെ മുന്നില്‍ ചെന്നു പെടാനിടയായ സാഹചര്യത്തെ അയാള്‍ വെറുത്തു. അവളോടും കുട്ടികളോടും അയാള്‍ക്ക്‌ സഹതാപം തോന്നി. സ്‌നേഹം തോന്നി. ഇപ്പോള്‍ അയാള്‍ പുര്‍ണ്ണമായും സ്വയം വെറുത്തു തുടങ്ങി.
ആര്‍ക്കും വേണ്ടാത്ത, ഒന്നിനും കൊളളാത്ത അഭിശപ്‌തമായ ഒരു ജന്മം. ജീവിതം സാര്‍ത്ഥകവും ഫലപ്രദവുമാകുന്നത്‌ അത്‌ മറ്റുളളവര്‍ക്ക്‌ കൂടി ഉപകാരപ്പെടുമ്പോഴാണ്‌. തന്നെ സംബന്ധിച്ച്‌ അങ്ങനെയൊരു അവസ്‌ഥ ഒരു കാലത്തുമില്ല. എല്ലാ കാലത്തും താന്‍ മറ്റുളളവര്‍ക്ക്‌ ബാധ്യതയായിരുന്നു.
അതിന്‌ വിരുദ്ധമായ ഒരു അവസ്‌ഥയുണ്ടായത്‌ ആശ്രമത്തില്‍ മാത്രമായിരുന്നു. തന്റെ രൂപവും സിദ്ധികള്‍ എന്ന്‌ മറ്റുളളവര്‍ തെറ്റിദ്ധരിച്ച മാസ്‌മരവിദ്യകളും കൊണ്ട്‌ നിര്‍മ്മിക്കപ്പെട്ടത്‌ ഒരു അപരസമൂഹമാണ്‌. ഇനി തനിക്ക്‌ ആശ്രയമരുളാന്‍ അവര്‍ക്ക്‌ മാത്രമേ കഴിയൂ. നാഥനില്ലാതെ ആശ്രമവും അനുയായികളും ഇപ്പോള്‍ തന്നെ കാത്തിരിക്കുന്നുണ്ടാവും.
അപ്പോള്‍ എല്ലാ നഷ്‌ടങ്ങള്‍ക്കിടയിലും പ്രതീക്ഷകള്‍ ബാക്കി നില്‍ക്കുന്നു. അത്‌ മുന്നോട്ട്‌ പോകാന്‍ ജീവിതത്തെ പ്രേരിപ്പിക്കുന്നു.
തോളിലെ ചെറിയ ബാഗ്‌ തുറന്ന്‌ വലിയ ടൗവ്വല്‍ പുറത്തെടുത്തു. മഫ്‌ളര്‍ പോലെ അത്‌ തലയ്‌ക്ക് ചുറ്റും കെട്ടി. ഇപ്പോള്‍ മുഖം പാതി മറഞ്ഞിരിക്കുന്നു. മറ്റുളളവര്‍ തന്നെ കണ്ട്‌ ഭയക്കാതിരിക്കാന്‍ ഇത്‌ ധാരാളം. അങ്ങിങ്ങായി ഒറ്റപ്പെട്ട്‌ ചിതറികിടന്ന സൂപ്പര്‍ഫാസ്‌റ്റുകളുടെ നെയിംബോര്‍ഡുകളിലൂടെ കണ്ണുകള്‍ കൊണ്ട്‌ ഒരു ഓട്ടപ്രദക്ഷിണം. കാസര്‍കോട്‌ ഫാസ്‌റ്റ് മൂളിമുരളുന്നുണ്ട്‌. ആരുടെയും ശ്രദ്ധയില്‍ പെടാതെ ഒരു കളളനെ പോലെ പതുങ്ങിക്കയറി ആളൊഴിഞ്ഞ കോണില്‍ ജനാലയോട്‌ ചേര്‍ന്നിരുന്നു. രാമുണ്ണിയുടെ ആഗമനത്തിന്‌ കാത്തിരുന്നതു പോലെ ബസ്‌ മുന്നോട്ട്‌ എടുത്തു.
രാത്രിക്കാഴ്‌ചകള്‍ പിന്നിട്ട്‌ ഫാസ്‌റ്റ് ഗതിവേഗം വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നു. സമയവും സ്‌ഥലങ്ങളും ഭൂതകാലത്തിലേക്ക്‌ മറഞ്ഞുകൊണ്ടിരുന്നു. രാമുണ്ണി ചാരിയിരുന്ന്‌ ഒന്ന്‌ മയങ്ങി. ഉറക്കം എല്ലാ വിഷമങ്ങള്‍ക്കുമുളള താത്‌കാലിക മരുന്നാണ്‌.സങ്കടങ്ങള്‍ അതില്‍ അലിയുന്നു. കൂടുതല്‍ തീവ്രതയോടെ വീണ്ടും ഉണര്‍വിലേക്ക്‌ ഉണരുന്നു.
ഇടയ്‌ക്ക് കണ്ടക്‌ടര്‍ വന്ന്‌ തട്ടിവിളിച്ചു. മുഖം ഉയര്‍ത്തി നോക്കുമ്പോള്‍ അയാളുടെ മുഖത്തെ നടുക്കം പ്രകടമായിരുന്നു. യുഗയുഗാന്തരങ്ങള്‍ക്കപ്പുറത്തുളള ഏതോ വന്യജീവിയെ കണ്ടതിന്റെ ഞെട്ടല്‍ രാമു അയാളില്‍ കണ്ടു. സ്‌ഥലം പറഞ്ഞ്‌ പണം കൊടുക്കുമ്പോള്‍ ധൃതിയില്‍ ടിക്കറ്റും ബാക്കിയും നല്‍കി രക്ഷപ്പെടാനുളള തിടുക്കമായിരുന്നു അയാള്‍ക്ക്‌.
എല്ലാം മനസിലായിട്ടും അജ്‌ഞതയുടെ പാരമ്യതയില്‍ നില്‍ക്കുന്ന ഒരുവനെ പോലെ രാമു മൗനം ദീക്ഷിച്ചു. കണ്ണുകള്‍ താഴ്‌ത്തിയിരുന്നു.ഇടയ്‌ക്ക് പാളിനോക്കുമ്പോള്‍ കണ്ടക്‌ടര്‍ ഡ്രൈവറോട്‌ എന്തോ അടക്കം പറയുന്നു. അവരുടെ നോട്ടം തന്നിലേക്ക്‌ പാളി വീഴുന്നത്‌ അയാള്‍ തിരിച്ചറിഞ്ഞു. രാമു ഉറക്കം ഭാവിച്ച്‌ വീണ്ടും കണ്ണുകള്‍ അടച്ചു. ക്രൂരയാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്ക്‌ മുഖം തിരിക്കാനുള്ളതാണ്‌ കണ്ണുകളെന്ന്‌ അയാള്‍ക്ക്‌ തോന്നി.മനസും.
പുലര്‍ച്ചെ കാസര്‍കോട്‌ വണ്ടിയിറങ്ങിയതും പല പല വാഹനങ്ങള്‍ മാറിക്കയറി അടുത്ത ദിവസം സന്ധ്യയോടെ ആശ്രമത്തിലെത്തിയതും അയാള്‍ക്ക്‌ മാത്രം അറിയാം. മറ്റുള്ളവര്‍ അത്‌ അറിയരുതെന്നും തന്നെ ഒരു കൗതുകവസ്‌തുവായി കാണരുതെന്നും അയാള്‍ അബോധമായി ആഗ്രഹിച്ചു. അതിനു വേണ്ടി ബോധപുര്‍വം അയാള്‍ ഒരു മറയൊരുക്കി. കാസര്‍കോടുളള ഒരു പര്‍ദ്ദക്കടയില്‍ നിന്നും തനിക്ക്‌ പാകമാകുന്ന ഒരു പര്‍ദ്ദ വാങ്ങി.
മുനിസിപ്പല്‍ ശൗചാലയത്തിലെ മൂത്രപ്പുരയില്‍ നിന്നുകൊണ്ട്‌ അത്‌ ധരിച്ചു. അവിടെ നിന്നും പുറത്തിറങ്ങുമ്പോള്‍ അയാള്‍ക്ക്‌ മുഖമില്ലായിരുന്നു, ശരീരവും. പകരം രണ്ട്‌ കണ്ണുകള്‍ മാത്രം. അയാള്‍ ലോകത്തെ കണ്ടതും അറിഞ്ഞ്‌ അനുഭവിച്ചതും കണ്ണുകള്‍ കൊണ്ട്‌ മാത്രമായി. കണ്ണുകള്‍ എന്ന്‌ പുറത്തുളളവര്‍ക്ക്‌ തോന്നാത്ത വിധം കുഴിയില്‍ ആണ്ടുപോയ രണ്ട്‌ പത്മരാഗക്കല്ലുകള്‍ മാത്രമായിരുന്നു അത്‌.
ആശ്രമത്തിലേക്കുളള സ്‌പെഷല്‍ ബസ്‌ സര്‍വീസില്‍ യാത്ര ചെയ്യുമ്പോള്‍ അയാള്‍ കൗതുകത്തോടെ ഓര്‍ത്തു. താന്‍ ആദ്യമായി ധനുഷ്‌കോടിയിലെത്തുന്നത്‌ ചരക്ക്‌ലോറിയിലായിരുന്നു. അന്ന്‌ ഈ നാട്ടിലേക്ക്‌ ഒരു ബസ്‌ പോലും ഉണ്ടായിരുന്നില്ല. ഇന്ന്‌ പത്തുമിനിറ്റ്‌ ഇടവിട്ട്‌ ഒരു ബസ്‌ സര്‍വീസ്‌ തന്നെയുണ്ട്‌.
വെളളത്താല്‍ ചുറ്റപ്പെട്ട്‌ ദ്വീപ്‌ പോലെ കിടന്ന ഭൂവിഭാഗം നികന്ന്‌ പുര്‍ണ്ണമായും കരഭൂമിയായിരിക്കുന്നു. വെള്ളം അവശേഷിക്കുന്ന ഭാഗത്തിന്‌ മേലെ കിലോമീറ്ററുകള്‍ നീളുന്ന കൂറ്റന്‍പാലം പണിതുയര്‍ത്തിയിരിക്കുന്നു. എല്ലാം തന്റെ സാന്നിദ്ധ്യം മൂലം ഉണ്ടായ വികസനങ്ങള്‍.
തന്റെ പാദസ്‌പര്‍ശം ഒരു നാടിനെയാകെ മാറ്റി മറിച്ചിരിക്കുന്നു. ഈ നാട്‌ ഇന്ന്‌ അറിയപ്പെടുന്നത്‌ തന്റെ പേരിലാണ്‌. ലോകം മുഴൂവന്‍ ഈ നാടിനെയും തന്നെയും ഉറ്റുനോക്കുന്നു. ഒരു നിമിഷം രാമു പുനര്‍വിചിന്തനം ചെയ്‌തു. എന്നെയോ? ഞാന്‍...? എന്നെ...?
രാമുണ്ണി എന്ന എന്നെ എത്രപേര്‍ക്ക്‌ അറിയാം. ഗുരുജിക്ക്‌ മാത്രം. മറ്റുളള പരകോടികള്‍ക്ക്‌ താന്‍ ഈശ്വര്‍ജിയാണ്‌. ഈശ്വര്‍ജി എന്നത്‌ ഒരു പൊതുസംജ്‌ഞ മാത്രമാണ്‌. അത്‌ ഒരു പ്രത്യേക വ്യക്‌തിയുടെ സ്വത്വം ഗര്‍ഭത്തില്‍ വഹിക്കുന്ന പദമോ നാമമോ അല്ല. വിശേഷണം മാത്രമാണ്‌, അലങ്കാരമാണ്‌. താത്‌കാലികമായി ഒരു തിരിച്ചറിയല്‍ മാര്‍ഗമാണ്‌.
ബസ്‌ ആശ്രമകവാടത്തിനരികില്‍ വന്നു നിന്നു. മുഷിഞ്ഞ വസ്‌ത്രങ്ങളും അലസമായി പറന്നു നടന്ന മുടിയും പര്‍ദ്ദയുടെ സുരക്ഷിതകവചത്തിനുളളില്‍ ഭദ്രമാണ്‌. അല്ലായിരുന്നെങ്കില്‍ യാചകസമാനമായ ഈ രൂപത്തിന്‌ ആശ്രമസന്നിധിയില്‍ കാവല്‍ക്കാര്‍ പ്രവേശനം തന്നെ നിഷേധിച്ചേനെ.
രാമു കടന്നു ചെല്ലുമ്പോള്‍ ഉത്സവസമാനമായ ആള്‍ത്തിരക്കായിരുന്നു ആശ്രമത്തില്‍്‌. വിശേഷദിവസങ്ങളല്ലാത്ത സാധാരണദിനങ്ങളില്‍ പതിവില്ലാത്തതാണ്‌ ഇത്‌. പരിസരത്തെങ്ങും ടെലിവിഷന്‍ ചാനലുകളുടെ ഒബിവി വാനുകള്‍ ചിതറി കിടന്നു.
അടുത്തുകൂടി നടന്നു പോയ ജീവനക്കാരനോട്‌ അയാള്‍ കാരണം തിരക്കി. അയാള്‍ പര്‍ദ്ദക്കുളളിലെ പുരുഷശബ്‌ദത്തെ അവിശ്വസനീയതയോടെ നോക്കിയിട്ട്‌ പ്രതിവചിച്ചു.
''വലിയ സ്വാമിയുടെ പത്രസമ്മേളനം നടക്കുകയാണ്‌. അറിഞ്ഞില്ലേ ഈശ്വര്‍ജി അപ്രത്യക്ഷമായിരിക്കുന്നു. ഭൗതികശരീരം അവശേഷിപ്പിക്കാതെയാണ്‌ തിരോധാനം. അദ്ദേഹം സ്വര്‍ഗ്ഗാരോഹണം ചെയ്‌ത വിവരം ഗുരുജി ഔദ്യോഗികമായി പൊതുസമൂഹത്തെ അറിയിക്കുകയാണ്‌''
രാമു നിശ്‌ചലതയുടെ അപാരതയില്‍ എന്ന പോലെ സ്‌തബ്‌ധനായി നിന്നു പോയി. ജീവനക്കാരന്‍ വിശദീകരിച്ചു.
''ആള്‍ദൈവങ്ങള്‍ എന്ന്‌ ആക്ഷേപിക്കപ്പെട്ടവരില്‍ യഥാര്‍ത്ഥ ദൈവം ഈശ്വര്‍ജി മാത്രമാണെന്ന്‌ ഇതോടെ വെളിപ്പെട്ടിരിക്കുകയാണ്‌. മറ്റുള്ളവരെല്ലാം സാധാരണ മനുഷ്യരെ പോലെ മരിച്ചുവീഴുകയും മറവ്‌ ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ ഈശ്വര്‍ജി
അന്തരീക്ഷത്തില്‍ ലയിക്കുകയായിരുന്നു. ജീവവായുവായി പരിവര്‍ത്തനം ചെയ്‌തുവെന്നാണ്‌ ഗുരുജി നല്‍കുന്ന വിശദീകരണം''
ജീവനക്കാരന്‍ തനിക്ക്‌ ലഭ്യമായ അറിവ്‌ പങ്ക്‌ വച്ചു. രാമുവിന്‌ ഒരേ സമയം ചിരിയും സങ്കടവും പരിഹാസവും സഹതാപവും തോന്നി. സമൂഹം അതിന്റെ സഹജമായ അജ്‌ഞതയെ വിളക്കിച്ചേര്‍ക്കുന്ന യാദൃശ്‌ചികതകള്‍ക്ക്‌ ബുദ്ധിമാന്‍മാര്‍ പുതിയ വ്യാഖ്യാനങ്ങള്‍ ചമയ്‌ക്കുന്നു.
ഗുരുജിയുടെ ബുദ്ധിയില്‍ വിളയാത്ത വിദ്യകള്‍ ഇല്ലെന്ന്‌ അറിയുന്നതു കൊണ്ട്‌ രാമുവിന്‌ അത്ഭുതം തോന്നിയില്ല.
''അപ്പോള്‍ ഈശ്വര്‍ജിയുടെ സ്‌ഥാനത്ത്‌ പകരം ആരാണ്‌?''
രാമു നിഷ്‌കളങ്കത നടിച്ച്‌ സംശയരൂപേണ ചോദിച്ചു. ജീവനക്കാരന്‍ ഒട്ടും ആലോചിക്കാതെ പറഞ്ഞു.
''ഈശ്വര്‍ജിക്ക്‌ പകരം വയ്‌ക്കുകയോ? അദ്ദേഹം ദൈവത്തിന്റെ അവതാരമാണ്‌. ശരിക്ക്‌ പറഞ്ഞാല്‍ സാക്ഷാല്‍ ഈശ്വരന്‍ തന്നെ. അദ്ദേഹത്തിന്‌ എവിടെ പകരക്കാരന്‍. ഗുരുജി നല്‍കുന്ന വിശദീകരണം ഇതാണ്‌. ദൈവത്തിന്റെ പ്രതിപുരുഷന്‍ എന്ന നിലയില്‍ തത്‌ സ്‌ഥാനത്ത്‌ ഒരാളുണ്ടാവും. അത്‌ ഗുരുജി തന്നെയാവും''
രാമു ഒന്ന്‌ നടുങ്ങി. ഗുരുജി അവസരം സമര്‍ത്ഥമായി മുതലെടുത്ത്‌ തുടങ്ങിയിരിക്കുന്നു.
തന്റെ മടങ്ങി വരവ്‌ അയാളുടെ നീക്കങ്ങള്‍ക്ക്‌ ഏറ്റ തിരിച്ചടിയാവും. രാമു ഉളളില്‍ നിഗൂഢമായി ചിരിച്ചു. ജീവനക്കാരനോട്‌ യാത്ര പറഞ്ഞ്‌ മുന്നോട്ട്‌ നടന്നു. ഉളളിലേക്ക്‌ പരിചാരകര്‍ അയാളെ കടത്തിവിട്ടില്ല.
''വിശേഷാല്‍പൂജ നടക്കുന്ന സമയത്ത്‌ അപരിചിതര്‍ക്ക്‌ ഉളളിലേക്ക്‌ പ്രവേശനമില്ല.''
അത്‌ സമ്മതിച്ചിട്ടെന്ന പോലെ അയാള്‍ തലയാട്ടി. എല്‍.സി.ഡി ടിവിയിലുടെ അകത്തെ ദൃശ്യങ്ങള്‍ അയാള്‍ക്ക്‌ വെളിവായി.
നൂറുകണക്കിന്‌ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ഗുരുജി വിശദീകരണം നല്‍കുകയാണ്‌.
''ഇത്‌ അപുര്‍വങ്ങളില്‍ അപുര്‍വമായ ഒരു അനുഭവമോ അവസ്‌ഥാ വിശേഷമോ ആണ്‌. പുരാണങ്ങളില്‍ പോലും അവതാരപുരുഷന്‍മാര്‍ മരിച്ചിട്ടുണ്ട്‌. പക്ഷെ അവരുടെ ഭൗതികദേഹം മറ്റുളളവര്‍ക്ക്‌ ദൃഷ്‌ടിഗോചരമായി അവശേഷിച്ചിരുന്നു. എന്നാല്‍ ഇവിടെ സമാധിയിരിക്കുമെന്ന്‌ നമ്മള്‍ പ്രതീക്ഷിച്ച ഈശ്വര്‍ജി ഒന്നും അവശേഷിപ്പിക്കാതെ വായുവില്‍ ലയിച്ചിരിക്കുകയാണ്‌. ആത്യന്തികമായി ഒന്നും അവശേഷിക്കുന്നില്ല അഥവാ എല്ലാം മായയാണ്‌ എന്ന തത്ത്വചിന്താപരമായ സത്യം നമ്മെ ബോധ്യപ്പെടുത്താനാണ്‌ അദ്ദേഹം തന്റെ മരണം പോലും ഉപയോഗിച്ചിരിക്കുന്നത്‌.
ആ തരത്തില്‍ വിലയിരുത്തുമ്പോള്‍ സ്വന്തം ജീവിതം മാത്രമല്ല മരണം പോലും പ്രാപഞ്ചികമായ ചില നിത്യസത്യങ്ങള്‍ വെളിപ്പെടുത്താനുളള ഉപാധിയാക്കി അദ്ദേഹം മാറ്റിയിരിക്കുന്നു. അത്രമേല്‍ മഹത്തരവും സവിശേഷവുമായ ജന്മം തന്നെയെന്ന്‌ വിശേഷിപ്പിക്കാം. എന്നാല്‍ ഈശ്വര്‍ജിയുടെ ആത്മസ്‌പര്‍ശം ഈ ആശ്രമാന്തരീക്ഷത്തില്‍ സ്‌ഥായിയായി നിലനില്‍ക്കും എന്നാണ്‌ ഞങ്ങള്‍ വിശ്വസിക്കുന്നത്‌. അദ്ദേഹത്തിന്റെ ദിവ്യസാന്നിദ്ധ്യം കൊണ്ട്‌ അനുഗ്രഹീതമായ ഈ പുണ്യഭൂമി വിട്ട്‌ മറ്റൊരിടത്തും പോകാന്‍ അദ്ദേഹത്തിന്‌ കഴിയുമെന്ന്‌ വിശ്വസിക്കാന്‍ തരമില്ല.''
പത്രപ്രതിനിധികള്‍ ചില എതിര്‍ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വൃഥാ ശ്രമങ്ങള്‍ നടത്തി. പക്വമായ പുഞ്ചിരിയോടെ ഗുരുജി അതിന്‌ ഇങ്ങനെ മറുപടി പറഞ്ഞു.
''മാധ്യമപ്രതിനിധികള്‍ക്ക്‌ അവരുടെ ജോലിയുടെ സ്വഭാവം വച്ച്‌ പലവിധ ആശങ്കകളും സംശയങ്ങളും അന്വേഷണത്വരയും ഉണ്ടാവുക സ്വാഭാവികം. പക്ഷെ ഇവിടെ അത്തരം വിചാരങ്ങള്‍ പ്രസക്‌തവും സംഗതവുമല്ല. കാരണം ഈശ്വരീയമായ കാര്യങ്ങള്‍ പലപ്പോഴും യുക്‌തിക്ക്‌ അപ്പുറത്തുള്ളതാണ്‌. പല ചോദ്യങ്ങള്‍ക്കും മറുപടി ഉണ്ടായെന്ന്‌ തന്നെ വരില്ല. ഞാനടക്കമുളള നമ്മള്‍ സാധാരണ മനുഷ്യരുടെ യുക്‌തിക്കും ചിന്തയ്‌ക്കും ബുദ്ധിക്കും അപ്പുറത്തുളള കാര്യങ്ങളാണ്‌ ഇതൊക്കെ. തത്‌കാലം പത്രസമ്മേളനം അവസാനിപ്പിക്കുകയാണ്‌. അടുത്തത്‌ സുപ്രധാനമായ ഒരു ചടങ്ങാണ്‌.
ആശ്രമത്തിന്‌ പിന്നാമ്പുറത്ത്‌ ഈശ്വര്‍ജി നട്ടുപിടിപ്പിച്ച ഒരു തെങ്ങിന്‍തൈയുണ്ട്‌. അവിടെ വച്ചാണ്‌ പുര്‍ണ്ണനിലാവുളള ആ രാത്രിയില്‍ ഈശ്വര്‍ജി സ്വര്‍ഗ്ഗാരോഹണം നടത്തിയത്‌. അവിടെ വിശേഷമായ ചില പൂജാവിധികള്‍ ബാക്കിയുണ്ട്‌.
അതിനോട്‌ ചേര്‍ന്ന്‌ ഈശ്വര്‍ജിയുടെ ഒരു പഞ്ചലോഹവിഗ്രഹം സ്‌ഥാപിക്കാനും ആശ്രമം പദ്ധതിയുണ്ട്‌. ക്ഷേത്രത്തിന്‌ തറക്കല്ലിടുന്നത്‌ പ്രധാനമന്ത്രിയായിരിക്കും'' വാക്കുകള്‍ കൊണ്ട്‌ കണ്‍കെട്ട്‌ നടത്താനുളള ഗുരുജിയുടെ സവിശേഷചാതുര്യത്തില്‍ രാമുവിന്‌ ആ സന്ദര്‍ഭത്തിലും ആദരവും അസൂയയും തോന്നി.

Ads by Google
Sunday 04 Feb 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW