Wednesday, November 21, 2018 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Saturday 03 Feb 2018 11.51 AM

ഹായ് ജൂഡ്

Hey Jude, Navin Pouly

യുണീക്ക്(സവിശേഷം) എന്നുവിശേഷിപ്പിക്കേണ്ട ശൈലിയുള്ള സംവിധായകനാണ് ശ്യാമപ്രസാദ്. ഒരു ട്രെന്‍ഡുകളുടേയും പിന്നാലെയല്ല, എന്നും സ്വന്തം സിനിമകളാണ് ശ്യാമപ്രസാദ് എന്നും ഒരുക്കുന്നത്. മലയാളത്തിലെ മുഖ്യധാരാ നവതരംഗ സിനിമയുടെ തുടക്കം എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന 'ഋതു' ശ്യാമപ്രസാദ് ഒറിജിനലായിരുന്നു. അതേശൈലിയുടെ തുടര്‍ച്ചയാണ് ഹേയ് ജൂഡ്.

ഇക്കുറി കുറച്ചുകൂടി നിറം ചാലിച്ച്, ഒഴുക്കും വേഗമുമുള്ള കാഴ്ചയാണെന്നു മാത്രം. ഋതു, ഒരേ കടല്‍, അകലെ, ആര്‍ടിസ്റ്റ് തുടങ്ങിയ ശ്യാമപ്രസാദിന്റെ മികച്ച സിനിമകളുടെ ശ്രേണിയി
ലേക്ക് ചേര്‍ത്തുവയ്ക്കാവുന്ന കാഴ്ചയാണ് സങ്കീര്‍ണമായ മനുഷ്യസ്വഭാങ്ങളെയും ബന്ധങ്ങളെയും കുറിച്ച് ഒരിക്കല്‍ കൂടി ശ്യാമിന്റെ ശ്രദ്ധപതിയുന്ന ജൂഡ്.

പൃഥ്വിരാജും നിവിന്‍ പോളിയും മുഖ്യവേഷത്തിലെത്തിയ ശരാശരിയിലും താഴ്ന്ന ഇവിടെ എന്ന സിനിമയ്ക്കുശേഷമാണ് ശ്യാമപ്രസാദ് കുറച്ചുകൂടി സങ്കീര്‍ണമായ വിഷയവുമായെത്തുന്നത്. ഓട്ടിസം സ്‌പെക്ട്രത്തില്‍ പെട്ട ആസ്‌പെന്‍ജര്‍ സിന്‍ഡ്രോം പ്രകടിപ്പിക്കുന്ന വ്യക്തിയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്ന ജൂഡ്.

Hey Jude, Navin Pouly

മാത്തമാറ്റിക്കല്‍ ജീനിയസ് ആണെങ്കിലും ആശയവിനിമയത്തിലും വികാരങ്ങളെ മനസിലാക്കുന്നതിലും സാമൂഹികജീവിതത്തിലും പെരുമാറ്റവെല്ലുവിളികള്‍ നേരിടുന്ന 28 വയസുകാരന്‍. വീട്ടിലും തൊഴിലിടത്തിലും പ്രണയമെന്നു വിശേഷിപ്പിക്കാവുന്ന ഒരു ബന്ധത്തിലും ജൂഡ് നേരിടുന്ന വെല്ലുവിളികളാണ് ഗോവയുടെ പശ്ചാത്തലത്തില്‍ ശ്യാമപ്രസാദ് അവതരിപ്പിക്കുന്നത്.

നോര്‍ത്ത് 24 കാതത്തില്‍ ഒ.ഡി.ഡി. പ്രശ്‌നങ്ങളുള്ള ഫഹദ് അവതരിപ്പിച്ച നായകനെ അനുസ്മരിപ്പിക്കുന്നുണ്ട് നിവിന്റെ ജൂഡ്. എന്നാല്‍ അത്തരത്തതിലൊരു റോബോട്ടിക് പെരുമാറ്റ വൈകല്യമല്ല ശ്യാമപ്രസാദ് അവതരിപ്പിക്കുന്നത്.

നമുക്കെല്ലാം പരിചിതമായ എന്നാല്‍ 'നോര്‍മല്‍' എന്നു നമ്മള്‍ തന്നെ കരുതുന്ന നമ്മള്‍ മനസിലാക്കാന്‍ ശ്രമിക്കാത്ത ജൂഡുമാരുടെ കഥയാണ്. പ്രണയവും, സന്തോഷവും, സൗഹൃദവും, സാമൂഹിക ആശയവിനിമയങ്ങളും സാധാരണഗതിയില്‍ മനസിലാക്കിയെടുക്കാന്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ആംഗ്ലോ ഇന്ത്യന്‍ വംശജനായ ജൂഡ്. ജൂഡിന്റെ പിതാവ് അവന്റെ രീതികളെ പക്വതയില്ലായ്മയായി മാത്രം കാണുന്നതാണ്.

കാരണം ഓഷ്യനാഗ്രഫിയില്‍, കണക്കില്‍ എല്ലാത്തിലും അതീവസമര്‍ഥനാണ് ജൂഡ്. അസാധാരണമായ ഓര്‍മയും കൃത്യതയും വേഗതയും. കൃത്യസമയത്ത്, കൃത്യമെനുവില്‍ ഭക്ഷണം കഴിക്കുന്നതുപോലുള്ള ജൂഡിന്റെ പിടിവാശികളെയും പിതാവായ ഡൊമിനിക്കിന്റെ പരിഹാസങ്ങളിലൂടെയും ജൂഡിനെ മനസിലാക്കിത്തരാനാണ് സിനിമ തുടക്കത്തില്‍ ശ്രമിക്കുന്നത്.

Hey Jude, Navin Pouly

സിദ്ധിഖാണ് ഡൊമിനിക്കായെത്തുന്നത്. ഒരിക്കല്‍കൂടി സിദ്ധിഖിന്റെ ആയാസരഹിതമായ ബ്രില്ല്യന്റ് പ്രകടനം കാണാനും ഡൊമിനിക് അവസരമൊരുക്കുന്നു. സിനിമ പയ്യെ കൊച്ചിയില്‍ നിന്ന് ഗോവയിലേക്കെത്തുന്നതോടെ ക്രിസ്റ്റല്‍ എന്ന മലയാളി ആംഗ്ലോ ഇന്ത്യന്‍ യുവതിയുമായുള്ള ബന്ധം ജൂഡിന്റെ സങ്കീര്‍ണമായ മനസിനെ കൂടുതല്‍ സങ്കീര്‍ണവുമാക്കുന്നു.

അകലെയ്ക്കുശേഷം പൂര്‍ണമായും ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലമാണ് ശ്യാമപ്രസാദ് ജൂഡിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ഗോവയും ബീച്ചും കടലോരങ്ങളും സംഗീതവും ലഹരിയും എല്ലാം കൂടി ചേര്‍ന്ന് ശ്യാമിന്റെ സിനിമകള്‍ക്കു പതിവില്ലാത്ത ഒരു വൈബ്രന്റ് അന്തരീക്ഷം ഒരുക്കുന്നുണ്ട്. പതിവില്ലാതെ കളര്‍ഫുള്ളാണ് സിനിമ.

രസകരമായ രീതിയിലാണ് സിനിമയുടെ അവതരണം. ജൂഡും ഡൊമിനിക്കും തമ്മിലുള്ള ആശയസംഘര്‍ഷങ്ങള്‍ ചിരിക്കുവഴിയൊരുക്കുന്നുണ്ട്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. ആ ഫ്രെയിമുകള്‍ക്ക് ആകര്‍ഷണീയമായ ചടുലതയുണ്ട്. ഔസേപ്പച്ചന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവുംഅതുപോലെ സിനിമയുടെ മൂഡ് ആസ്വാദ്യമാക്കുന്നുണ്ട്.

Hey Jude, Navin Pouly

തന്റെ ഈസി ഗോയിങ് പരിവേഷത്തില്‍നിന്ന് നിവിന്‍ പോളി ഇറങ്ങിവരാന്‍ ശ്രമിക്കുന്നതിന്റെ മറ്റൊരുദാഹരണമാണ് ജൂഡ്. ജൂഡിനെ വിശ്വസനീയമായി എന്നാല്‍ അമിതമായ ഭാവപ്രകടനങ്ങളില്ലാതെ അവതരിപ്പിക്കുക എന്ന വെല്ലുവിളി നിവിന്‍ വിജയകരമായി മറികടക്കുന്നുണ്ട്. നിവിന്റെ കരിയറില്‍ ലഭിച്ച ഓര്‍ത്തിരിക്കാവുന്ന പ്രകടനങ്ങളിലൊന്നാവും ജൂഡ്.

മലയാളിയാണെങ്കിലും തൃഷ കൃഷ്ണന്‍ ആദ്യമായാണ് മലയാളസിനിമയില്‍. ജൂഡിനെപ്പോലെ ചില സൈക്കോളജിക്കല്‍ വെല്ലുവിളികള്‍ നേരിടുന്ന ക്രിസ്റ്റല്‍ ആയി തൃഷ മോശമാക്കിയില്ല. ഡബ്ബിങ്ങിനൊരു സ്വഭാവികത അനുഭവപ്പെട്ടില്ല. നീനാ കുറുപ്പാണ് മറ്റൊരു പ്രധാനവേഷത്തില്‍. വിജയ് മേനോന് പതിവുപോലെ വേറിട്ട സൈക്കാട്രിസ്റ്റിന്റെ വേഷമാണെങ്കിലും അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും നല്ല പ്രകടനമാണ്.

കല്ലുകൊണ്ടൊരു പെണ്ണില്‍ തുടങ്ങിയ ശ്യാമപ്രസാദിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ച്ചയുടേയും താഴ്ചകളുടേയുമാണ്. ആര്‍ടിസ്റ്റ് മികച്ചതായപ്പോള്‍ പിന്നാലെ വന്ന 'ഇവിടെ' എവിടെയുമില്ലാതായി.

Hey Jude, Navin Pouly

എന്നാല്‍ ജൂഡിലേയ്‌ക്കെത്തുമ്പോള്‍ വ്യക്തികളിലേയും അവരുടെബന്ധങ്ങളിലേയും സങ്കീര്‍ണതകള്‍ അവതരിപ്പിക്കാന്‍ പറയാന്‍ സിനിമ എന്ന മാധ്യമത്തിന്മേല്‍ ഉള്ള അസാധാരണമായ കൈയടക്കം ശ്യാമപ്രസാദ് ഹേയ് ജൂഡില്‍ ആവര്‍ത്തിക്കുന്നു. തന്റെ മുന്‍സിനിമകളില്‍നിന്നു ഭിന്നമായി ജൂഡിനെ കുറച്ചുകൂടി എന്റര്‍ടെയ്‌നിങ് ആക്കാന്‍ ശ്യാം ശ്രമിച്ചിട്ടുണ്ട്.

ശ്യാമപ്രസാദ് സിനിമയില്‍നിന്നു പ്രതീക്ഷിക്കാത്ത ചില ചിരിസീനുകള്‍ കണ്ടതുകൊണ്ടു ചിലയിടത്തു കല്ലുംകടിച്ചു. അത്തരം രംഗങ്ങള്‍ ഒഴിവാക്കിയാല്‍ ആസ്വാദ്യകരമായി കണ്ടിരിക്കാനാവുന്ന സിനിമയാണ് ജൂഡ്.

evshibu1@gmail.com

Ads by Google
Ads by Google
Loading...
TRENDING NOW