കുടുംബക്കോടതിയില്‍ കേസുമായി വരുന്നവര്‍ വിജയിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ അവര്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്.
തുറന്ന് സംസാരിച്ചാല്‍ അവസാനിപ്പിക്കാവുന്ന നിസ്സാരപ്രശ്നങ്ങള്‍ ഊതി വീര്‍പ്പിച്ച് കോടതിയിലെത്തിക്കുന്നു. തുടര്‍ന്ന് ഇരുകൂട്ടര്‍ക്കും വാശികൂടുകയും ബന്ധം പിരിയുകയും ചെയ്യുന്നു.
കോടതിമുറിയില്‍ പരസ്പരം ശത്രുക്കളെപ്പോലെ വഴക്കിടുന്ന മാതാപിതാക്കളെ കാണുമ്പോള്‍ മുറിവേല്‍ക്കുന്ന ചില പിഞ്ചുഹൃദയങ്ങള്‍ അവര്‍ അറിയാതെ പോകുന്നു. ഒരിക്കല്‍ സുകു എന്ന ചെറുപ്പക്കാരന് എന്നെ വിളിച്ചു. ഫോണിലൂടെ തന്റെ ജീവിതകഥ അയാള്‍ പങ്കുവച്ചു.
''സാര്‍ ഞാനൊരു സ്വകാര്യബാങ്കിലെ ജീവനക്കാരനായിരുന്നു. സഹപ്രവര്‍ത്തകയായിരുന്ന സ്നേഹ എന്ന പെണ്‍കുട്ടിയുമായി ഞാന്‍ പ്രണയത്തിലായി.
വീട്ടുകാരുടെ അനുവാദത്തോടെ ഞങ്ങള്‍ വിവാഹം കഴിച്ചു. സ്നേഹ ഒറ്റമകളായതുകൊണ്ട് തന്നെ വിവാഹശേഷം അവളുടെ വീട്ടില്‍ നില്‍ക്കേണ്ടി വന്നു.
സ്വന്തം മകനെപ്പോലെയാണ് സ്നേഹയുടെ അച്ഛനും അമ്മയും എന്നെ കണ്ടത്. ഞാനും അതുപോലെ തന്നെ അവരെ സ്നേഹിച്ചു. എന്റെ സമ്പാദ്യം ഉപയോഗിച്ച് പുതിയൊരു വീടു പണിതു.
ഞങ്ങള്‍ക്കൊരു മോന് ജനിച്ചതോടെ ജീവിതം കൂടുതല്‍ സുന്ദരമായി. വളരെ സന്തോഷത്തോടെ കഴിയുന്നതിനിടെ ആക്സിഡന്റിന്റെ രൂപത്തില്‍ വിധി എന്നെ തേടിയെത്തി.
ജോലിയ്ക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു. ബോധം വീണപ്പോള്‍ ഞാന്‍ ഐ.സി.യുവിലായിരുന്നു. കാഴ്ചയില്‍ അത്ര കുഴപ്പം തോന്നിയില്ലെങ്കിലും അപകടത്തെത്തുടര്‍ന്ന് അരയ്ക്ക് കീഴ്പ്പോട്ട് തളര്‍ന്നു പോയെന്ന് പിന്നീടാണ് ഞാനറിഞ്ഞത്.
പരസഹായം ഇല്ലാതെ ഒന്ന് ഇരിക്കാന്‍ പോലും ആകാത്ത അവസ്ഥ. എഴുന്നേറ്റ് നടക്കാമെന്ന് ഡോക്ടര്‍ പ്രതീക്ഷ നല്‍കിയിരുന്നു. ക്രമേണ അതുമില്ലാതെയായി. ആദ്യമൊക്കെ എല്ലാവര്ക്കും എന്നോട് സഹതാപമായിരുന്നു.
അതുവരെ എന്തിനും ഏതിനും ഉണ്ടായിരുന്ന സുഹൃത്തുക്കളെ പിന്നീട് ഞാന്‍ കണ്ടിട്ടില്ല. എന്തിന് ഏറെപ്പറയണം, ആറുമാസമായപ്പോഴേക്കും എന്റെ ഭാര്യയ്ക്കും അവളുടെ വീട്ടുകാര്‍ക്കും ഞാന്‍ അന്യനായി മാറി.
ഭക്ഷണംപോലും സമയത്ത് ലഭിക്കാതെയായി. അത്രയും നാളും എന്റെ കൂടെ ഉറങ്ങിയ സ്നേഹയും മോളും മറ്റൊരു മുറിയിലേക്ക് മാറി.
നാലുചുവരുകള്ക്കിടെ ഞാന്‍ തനിച്ചായി. രാത്രി ഒരുഗ്ലാസ് വെളളം എടുത്ത് തരാന്‍ പോലും ആരുമില്ലായിരുന്നു. ഒന്നു സംസാരിക്കാനോ സങ്കടങ്ങള്‍ പങ്കുവയ്ക്കാനോ ആരുമില്ലാതിരുന്ന സമയത്താണ് വാരികയില്‍ നിന്ന് സാറിന്റെ നമ്പര്‍ ലഭിച്ചത്.
നേരില്‍ വന്ന് സംസാരിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് ഫോണിലൂടെ സംസാരിക്കുന്നത്.
ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം. സാര്‍ എനിക്ക് ഒരു സഹായം ചെയ്ത് തരണം. ഞങ്ങളുടെ വിവാഹബന്ധം വേര്‍പെടുത്തിത്തരണം. സ്നേഹയുടെ ഭര്‍ത്താവായി കഴിയുന്നതില്‍ ഇനിയും അര്‍ത്ഥമില്ല.
ഈ അവസ്ഥയില്‍ നിന്ന് എഴുന്നേല്ക്കാന് എനിക്കിനിയാവില്ല. അതുകൊണ്ട് സാര്‍ എന്നെ ഒന്ന് സഹായിക്കണം'' എന്ന് അയാള്‍ പറഞ്ഞു.
ഈ അവസ്ഥയില്‍ പരസഹായമില്ലാതെ സുകു എങ്ങനെ കഴിയുമെന്ന് ഞാന്‍ ചോദിച്ചു. ഒരു തേങ്ങലോട് അയാള്‍ പറഞ്ഞു. 'എന്റെ അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അമ്മ എന്നെ നോക്കിക്കൊളളും.
' അയാളുടെ പക്കല്‍ നിന്ന് സ്നേഹയുടെ നമ്പര്‍ വാങ്ങി വിളിച്ചു. സുകു പറഞ്ഞ കാര്യങ്ങള്‍ എല്ലാം അവരോട് സംസാരിച്ചു. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ തെറ്റ് മനസ്സിലായ സ്നേഹ പിന്നീട് സുകുവിനെ പഴയതുപോലെ തന്നെ സ്നേഹിച്ചു തുടങ്ങി.
ജീവിതത്തിലെ പ്രതിസന്ധികളില്‍ താങ്ങും തണലുമായി നില്‍ക്കേണ്ടവരാണ് ഭാര്യാഭര്ത്താക്കന്മാര്. അല്ലാതെ പ്രശ്നം വരുമ്പോള്‍ ഉപേക്ഷിക്കുന്നവരാകരുത്. ഈ അവസ്ഥ ഏതുനിമിഷവും ആര്‍ക്കും സംഭവിക്കാമെന്ന് ചിന്തിക്കുക.