Wednesday, January 30, 2019 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Jan 2018 04.42 PM

മലയാളത്തിരയിലെ നെടുമുടിയാട്ടം

''40 വര്‍ഷത്തെ സിനിമാ ജീവിതം പൂര്‍ത്തിയാക്കുന്ന മലയാള സിനിമയുടെ അനുഗ്രഹം നെടുമുടി വേണുവിന്റെ ജീവിതത്തിലൂടെ... ''
uploads/news/2018/01/188275/nadumudivenu310118.jpg

ആമുഖങ്ങള്‍ക്കതീതമാണ് ഈ മുഖം. കാരണം അതില്‍ മിന്നിമറയുന്ന ഭാവങ്ങളുടെ കാണാത്തലങ്ങള്‍ കണ്ടു മാത്രമേ അനുഭവിക്കാനാവൂ. എങ്കിലും ഒറ്റവാക്കില്‍ വിവരിക്കണമെങ്കില്‍, നെടുമുടിവേണുവിനെപ്പറ്റി അതിശയോക്തിയേ ഇല്ലാത്ത ഒരു വാക്കുമാത്രമേ നിഘണ്ടുവിലുണ്ടാവൂൂഅയത്‌നലളിതം. കൈരളിയുടെ ഭാഗ്യമാണ് നെടുമുടി വേണു. നടന്‍, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, ഗായകന്‍, അധ്യാപകന്‍ എന്നിങ്ങനെ ജീവിതത്തില്‍ നെടുമുടി വേണു കൈകാര്യം ചെയ്യാത്ത വേഷങ്ങളില്ല. അഭിനയ ജീവിതത്തിന്റെ 40 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നായകനായും സഹനടനായും വില്ലനായുമെല്ലാം ഈ കലാകാരന്‍ അനശ്വരമാക്കിയ വേഷങ്ങള്‍ എണ്ണാനാവുന്നതിനുമപ്പുറം തന്നെ. അഭിനയജീവിതത്തിന്റെ റൂബി ജൂബിലി പിന്നിടുന്ന നെടുമുടി വേണുവിനൊപ്പം അല്‍പ്പനേരം...

മലയാള സിനിമയിലെ കാരണവര്‍ എന്നൊക്കെ ആളുകള്‍ വിശേഷിപ്പിക്കുമ്പോള്‍ എന്തുതോന്നുന്നു?


എന്തെങ്കിലും ഒരു സ്ഥാനപ്പേര് വിളിക്കുക, ഏതെങ്കിലും ഒരു കസേരയിലിരുത്തുക എന്നൊക്കെയുള്ളത് പണ്ടുമുതലേ സമൂഹത്തിലുള്ള ശീലമാണ്. അത് ശ്രദ്ധിക്കേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഞാന്‍ ആ സ്ഥാനത്ത് എത്തിയിട്ടില്ലെന്ന് എനിക്കറിയാം. ആ വിശേഷണം എന്നെ സംബന്ധിച്ചിടത്തോളം ബാധകമല്ലെന്നുതന്നെ പറയാം.

അഭിനയ രംഗത്ത് 40 വര്‍ഷം പൂര്‍ത്തിയായി. ഇത്രകാലത്തെ ജീവിതം തൃപ്തമാണോ?


തൃപ്തിയിലേക്കുള്ള യാത്രയാണ് നമ്മുടെ ഓരോരുത്തരുടേയും ജീവിതം. അത് കിട്ടാനിരിക്കുന്നതേയുള്ളൂ. അത് ലഭിച്ചാല്‍ പിന്നെ ജീവിതം ബാക്കിയില്ല. ഞാനും അത് തേടിയുള്ള യാത്രയിലാണ്.

കാവാലം നാരായണപ്പണിക്കരാണ് ജീവിതത്തില്‍ വഴിത്തിരിവായത്?


അച്ഛനും അമ്മയും അടക്കം ധാരാളം ആളുകളോട് ബഹുമാനം തോന്നിയിട്ടുണ്ട്. പക്ഷേ ജീവിതത്തില്‍ പ്രത്യക്ഷമായൊരു വഴിത്തിരിവായിത്തീര്‍ന്നത് കാവാലം സാറുമായുള്ള ബന്ധമാണ്. നാടകമായാലും കേരളീയ കലാരൂപങ്ങളെക്കുറിച്ചുള്ള അറിവായാലും ഒക്കെയുണ്ടായത് അദ്ദേഹവുമായുള്ള സംസര്‍ഗ്ഗം കൊണ്ടാണ്. അതുപോലെ സിനിമയിലേക്കുള്ള വാതില്‍ തുറന്നു തന്നതും അദ്ദേഹമാണ്.

എങ്ങനെയാണ് അദ്ദേഹത്തെ അടുത്തറിയുന്നത്?


ആലപ്പുഴയിലെ പ്രശസ്തമായ ചാലൈ കുടുംബാംഗം, സര്‍ദ്ദാര്‍ കെ.എം പണിക്കരുടെയൊക്കെ കുടുബത്തില്‍പ്പെട്ടയാള്‍, നാടകപ്രവര്‍ത്തകന്‍ എന്നിങ്ങനെയായിരുന്നു നാട്ടുകാരനായ കാവാലം നാരായണപ്പണിക്കരെ അറിഞ്ഞിരുന്നത്. പക്ഷേ അദ്ദേഹത്തിന്റെ നാടക പ്രവര്‍ത്തനവുമായി വലിയ യോജിപ്പില്ലായിരുന്നു. കാരണം അതൊരു പ്രത്യേകതരം നാടക സങ്കല്‍പ്പമായിരുന്നു. എന്റെ ചെറുപ്പത്തില്‍ ഒരിക്കല്‍ ആലപ്പുഴ വച്ച് ഒരു നാടക മത്സരം നടന്നു. അതിന് ജഡ്ജായി വന്നത് കാവാലമായിരുന്നു. ഞാനും ഫാസിലും ഒന്നിച്ചഭിനയിച്ച നാടകത്തിനായിരുന്നു ഒന്നാം സ്ഥാനം. ഫാസിലിന് മികച്ച നടനുള്ള അവാര്‍ഡും കിട്ടി. അന്ന് കാവാലം സാര്‍ ഞങ്ങളോട് പറഞ്ഞു, അദ്ദേഹം സ്വന്തമായി ഒരു നാടക ട്രൂപ്പ് തുടങ്ങുന്നുണ്ടെന്നും ഞങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ അവരോടൊപ്പം ചേരണമെന്നും. ഞാനും ഫാസിലും അദ്ദേഹത്തിന്റെ ട്രൂപ്പില്‍ ചേര്‍ന്നു. പക്ഷേ ഫാസിലിന്റെ മനസില്‍ സിനിമയായിരുന്നതുകൊണ്ട് അയാള്‍ അധികകാലം തുടര്‍ന്നില്ല. ഞാന്‍ കുറേകാലം കാവാലത്തോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം വഴിയാണ് അരവിന്ദന്റെ തമ്പി ലൂടെ സിനിമയിലേക്ക് അവസരം ലഭിച്ചത്.
uploads/news/2018/01/188275/nadumudivenu310118a.jpg
ഭരതന്‍, ഭരത്‌ഗോപി, മമ്മൂട്ടി എന്നിരോടൊപ്പം നെടുമുടിവേണു

നടനാവണമെന്ന് ആഗ്രഹിച്ചിരുന്നോ?


എന്നെ സംബന്ധിച്ചിടത്തോളം സിനിമയൊക്കെ കയ്യെത്തിപ്പിടിക്കാവുന്നതിനും അപ്പുറത്തായിരുന്നു. കുട്ടനാട്ടിലെ നെടുമുടി എന്ന കുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ആളാണ് ഞാന്‍. അവിടെ തീയറ്ററില്ല, എന്തിനേറെ ഒരു പീടിക പോലുമില്ല. സിനിമ കാണണമെങ്കില്‍ 15 കിലോ മീറ്റര്‍ അപ്പുറത്ത് അമ്പലപ്പുഴയില്‍ കായലില്‍ ഒരുപാട് ഒറ്റത്തടിപ്പാലങ്ങള്‍ കടന്നു നടന്നു പോകണം, അല്ലെങ്കില്‍ വള്ളത്തില്‍. അതും ആണ്ടിലൊരിക്കല്‍ ഉത്സവം കാണാന്‍ പോകുമ്പോള്‍മാത്രം. അങ്ങനെയുള്ള എന്നെ സംബന്ധിച്ചിടത്തോളം സ്വപ്‌നം കാണാവുന്നതിനപ്പുറത്തായിരുന്നു സിനിമ. ആഗ്രഹിക്കാനുള്ള യോഗ്യതയില്ല എന്നുവേണമെങ്കില്‍ പറയാം. സിനിമയൊക്കെ ജീവിതത്തില്‍ വന്നുപെട്ടുപോയതാണ്. അങ്ങനെ ഒരു സ്വപ്‌നമുണ്ടായിരുന്നില്ല.

സിനിമയില്‍ പല മേഖലകളും കൈകാര്യം ചെയ്തിട്ടുണ്ട്. ഏതാണ് കൂടുതല്‍ തൃപ്തികരമായി തോന്നിയിട്ടുള്ളത്?


എല്ലാം തൃപ്തികരം തന്നെ. എങ്കിലും ഏറ്റവും കൂടുതല്‍ ആനന്ദം കിട്ടുന്നത് സംവിധായകനാണ്. നടനായാലും ക്യാമറാമാനായാലും പാട്ടുകാരനായാലും എല്ലാം വന്നുഭവിക്കുന്നവയാണ്. പക്ഷേ സംവിധായകനാണ് സിനിമയുടെ എല്ലാ രസവും കിട്ടുന്നതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പൂരം എന്നൊരു സിനിമയും കൈരളിവിലാസം ലോഡ്ജ് എന്നൊരു സീരിയലും ചെയ്ത അനുഭവത്തില്‍ നിന്നു പറയുന്നതാണ്.

പഠനകാലത്ത് സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൊക്കെ സജീവമായിരുന്നല്ലോ. ഇപ്പോഴത്തെ രാഷ്ട്രീയ നിലപാട് എന്താണ്?


രാഷ്ട്രീയ കാഴ്ചപ്പാടൊക്കെയുണ്ട്. അതില്ലാതെ സമൂഹത്തില്‍ ജീവിക്കാനാവില്ലല്ലോ. എന്നാല്‍ അത് കക്ഷി രാഷ്ട്രീയമല്ല.
നിഷ്പക്ഷമായി കാര്യങ്ങള്‍ നോക്കിക്കാണണമെങ്കില്‍ നമ്മള്‍ നിര്‍നമനായിരിക്കണം. സ്വന്തമായി ഒരു കാഴ്ചപ്പാടൊക്കെയുണ്ടാവണം. അതുണ്ടാവണമെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കുടക്കീഴില്‍ നിന്നാല്‍ പറ്റില്ല. അതുകൊണ്ട് ഒരു കലാകാരനെന്ന നിലയില്‍ സ്വതന്ത്രമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

കുറേക്കാലം പത്രപ്രവര്‍ത്തകനായിരുന്ന ല്ലോ?


കാവാലത്തിന്റെ സോപാനം ആലപ്പുഴയി ല്‍ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. ആ സമയത്ത് തിരുവനന്തപുരത്തുള്ള അഭിനേതാക്കള്‍ക്ക് അദ്ദേഹത്തിന്റെ തനതു നാടക സങ്കല്‍പവുമായി വലിയ പരിചയമില്ല. കാവാലം സാര്‍ എന്നോട് തിരുവനന്തപുരത്തേക്ക് വരാന്‍ പറഞ്ഞു. ഞാന്‍ അവിടെ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചു. നാടകം വല്ലപ്പോഴും ഒരെണ്ണമൊക്കെയേ ഉണ്ടാവാറുള്ളൂ. അതുകൊണ്ട് ജീവിക്കാന്‍ പറ്റില്ലല്ലോ. അങ്ങനെ സംവിധായകന്‍ അരവിന്ദനും കാവാലവും കൂടി ഉത്സാഹിച്ച് കലാകൗമുദിയില്‍ ഒരു ലേഖകന്റെ ജോലി സംഘടിപ്പിച്ചുതന്നു. ജീവിക്കാന്‍ വേണ്ടിയായിരുന്നെങ്കിലും എനിക്കാ ജോലി ഇഷ്ടമായിരുന്നു. എഴുതുന്ന എനി ക്കും വായിക്കുന്നവര്‍ക്കും തൃപ്തികരമായി ജോലിചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. കലാകൗമുദിക്കുവേണ്ടി മലയാളത്തിലെ പ്രമുഖരായ നാടകകൃത്തുക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, ഗാനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, സിനിമക്കാര്‍, സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, കട്ടൗട്ട് വരയ്ക്കുന്നവര്‍, പാമ്പിനേയും തത്തയേയും വാടകയ്ക്ക് കൊടുക്കുന്നവര്‍ അങ്ങനെ പലരേയും കുറിച്ച് എഴുതാന്‍ കഴിഞ്ഞു.

പൂര്‍ണ്ണമായും എഴുത്തിലേക്ക് തിരിയണമെന്ന് തോന്നിയിട്ടില്ലേ?


എഴുത്ത് ദിവ്യമായ ഒരു കാര്യമാണ്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ നമുക്ക് പ്രതിഫലം കിട്ടും. പക്ഷേ ഒരു ലേഖനം പ്രസിദ്ധീകരിച്ച് അതിന് കിട്ടുന്ന പ്രതിഫലം എത്ര ചെറുതാണെങ്കിലും വലിയൊരു വില അതിനു ഞാന്‍ കാണുന്നു. എഴുത്ത് വലിയൊരനുഗ്രഹമാണ്. അക്ഷരമെന്നാ ല്‍ നാശമില്ലാത്തത് എന്നാണല്ലോ. അഭിനയത്തോടൊപ്പം സിനിമകള്‍ക്ക് തിരക്കഥയെഴുതാനും ഭാഗ്യമുണ്ടായിട്ടുണ്ട്. (മോഹന്‍ സംവിധാനം ചെയ്ത തീര്‍ത്ഥം, ശ്രുതി, ജോഷി മാത്യുവിന്റെ ഒരു കടങ്കഥ പോലെ, ബാബു തിരുവല്ലയുടെ തനിയേ തുടങ്ങിയ സിനിമകള്‍ക്ക് കഥയും തിരക്കഥയുമെഴുതിയ നെടുമുടി വേണു സംവിധാനം ചെയ്ത ഒരേയൊരു ചിത്രമായ പൂരത്തിന്റെയും കഥയും തിരക്കഥയുമെഴുതി.)

പത്രപ്രവര്‍ത്തനകാലത്താണോ സിനിമക്കാരുമായി ബന്ധമുണ്ടാവുന്നത്?


തിരുവനന്തപുരത്തെത്തിയ ശേഷമാണ് ഭരത്‌ഗോപി, അരവിന്ദന്‍, പത്മരാജന്‍ ഇവരുമായൊക്കെയായി സൗഹൃദമുണ്ടാകുന്നത്. അനുഭവംകൊണ്ടും പ്രായംകൊണ്ടും അവരേക്കാള്‍ ഇളയ ആളാണെങ്കിലും ഒരിക്കല്‍പോലും അങ്ങനെയൊരു മാറ്റിനിര്‍ത്തല്‍ ഉണ്ടായിട്ടില്ല. അവസാനംവരെയും എല്ലാവരോടും സൗഹൃദത്തിലായിരുന്നു. 1978 ലായിരുന്നു ആദ്യ സിനിമ. അരവിന്ദന്റെ തമ്പ്. ഞാന്‍ വീടുവച്ചപ്പോള്‍ വീടിന് തമ്പ് എന്നുതന്നെ പേരും നല്‍കി. ആ ചിത്രത്തിനുശേഷം ഭരതന്റെ ആരവം, പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്നീ രണ്ട് ചിത്രങ്ങള്‍ കൂടി ചെയ്തു. അങ്ങനെയാണ് സിനിമയില്‍ ശ്രദ്ധകിട്ടിത്തുടങ്ങുന്നത്. പലപ്പോഴും എന്റെ സൗഹൃദങ്ങള്‍ നിലനിന്നുപോകുന്നത് മറ്റുള്ളവരുടെ മിടുക്കുകൊണ്ടാണ്. എനിക്കങ്ങനെ ബോധപൂര്‍വ്വമായ സൗഹൃദങ്ങളൊന്നും സൂക്ഷിക്കണമെന്ന് തോന്നിയിട്ടില്ല. ആ സൗഹൃദങ്ങള്‍ ജീവിതയാത്രയില്‍ കൂടെയുണ്ടെന്നുമാത്രം. പക്ഷേ ഒരിക്കല്‍ പരിചയപ്പെട്ടവരേയും മനസില്‍ കയറിയവരേയും ഞാന്‍ മനസില്‍നിന്ന് ഇറക്കിവിടാറില്ല.
uploads/news/2018/01/188275/nadumudivenu310118b.jpg

വിഷമം തോന്നിയ നിമിഷങ്ങള്‍?


അങ്ങനെയൊരു ദുരനുഭവം എനിക്കുണ്ടായിട്ടില്ല. ഇത്രയും കാലത്തിനിടയ്ക്ക് എന്നെ ആരെങ്കിലും വേലവയ്ക്കുകയോ താഴ്ത്തിക്കെട്ടുകയോ ഉണ്ടായിട്ടില്ല. എല്ലായിടത്തുനിന്നും പ്രോത്സാഹനമേ ഉണ്ടായിട്ടുള്ളൂ. സഹപ്രവര്‍ത്തകരുടെ പിന്‍തുണയുള്ളതുകൊണ്ടുകൂടിയാണ് എനിക്ക് സിനിമയില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരാന്‍ കഴിഞ്ഞത്.

ചെയ്യാന്‍ ആഗ്രഹിക്കുന്ന വേഷങ്ങള്‍?


ഇന്ന വേഷങ്ങള്‍ ചെയ്യണമെന്ന് വാശിപിടിക്കാനാവില്ല. കഥാപാത്രങ്ങള്‍ നമ്മളെ തേടി വരുന്നതാണല്ലോ. അല്ലാതെ ഒരു വേഷം ചെയ്‌തേ പറ്റൂ എന്ന് നിര്‍ബന്ധംപിടിക്കുന്നത് ശരിയല്ല. എന്നെ തേടി വരുന്ന വേഷം രാജാവിന്റേതായാലും തെമ്മാടിയുടേതായാലും സ്വീകരിക്കും. അതെന്റെ തൊഴിലിന്റെ ഭാഗമാണ്.

പ്രേംനസീര്‍ മുതല്‍ ഫഹദ് ഫാസില്‍വരെയുള്ള തലമുറകള്‍ക്കൊപ്പം അഭിനയിച്ചു?


അങ്ങനെയൊരു ഭാഗ്യം ഈശ്വരന്‍ തന്നു. പുതിയ തലമുറയിലെ കുട്ടികളെ ഞാന്‍ ശുഭാപ്തി വിശ്വാസത്തോടെ നോക്കിക്കാണുകയാണ്. അവരെ നമുക്ക് എഴുതിതള്ളാന്‍ എളുപ്പമാണ്. പക്ഷേ അവരിലെ നന്‍മയെ തിരിച്ചറിയാന്‍ ശ്രമിക്കണം. അവര്‍ നമ്മളേക്കാള്‍ പ്രായോഗിക വാദികളും കഷ്ടപ്പെടാന്‍ മനസുള്ളവരുമാണ്. അത് ഈ കാലഘട്ടത്തിലെ സിനിമകളില്‍ കാണുന്നുമുണ്ട്.
സിനിമ ഇന്ന് ജനമധ്യത്തിലേക്കിറങ്ങിവരികയാണ്. പണ്ടൊക്കെ ഒരു അവസരത്തിനായി മദ്രാസിലേക്ക് വണ്ടികയറുകയായിരുന്നു ആളുകള്‍. ഇന്ന് സ്വയം അഭിനയിക്കാനും സംവിധാനം ചെയ്യാനും തനിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം കൂടി. അതുകൊണ്ടുതന്നെ മത്സരങ്ങളും കൂടി. അവസരം കിട്ടാനും കിട്ടിയാല്‍ത്തന്നെ പിടിച്ചുനില്‍ക്കാനും ബുദ്ധിമുട്ടുള്ള കാലത്താണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്.

കുടുംബസ്ഥനായ നെടുമുടി വേണു?


ഒരു സിനിമ കഴിഞ്ഞാല്‍ കുറച്ചുദിവസം വീട്ടില്‍ പോയിനില്‍ക്കും. ഗൃഹനാഥനാകും. മക്കളും പേരക്കുട്ടികളുമൊക്കെ ദുബായിലായതുകൊണ്ട് ഞാനും ഭാര്യ സുശീലയും മാത്രമാണിപ്പോള്‍ വീട്ടിലുള്ളത്. സുശീല എന്റെ നാട്ടുകാരിയും ബന്ധുവും കൂടിയാണ്. പ്രണയിച്ചാണ് ഞങ്ങള്‍ വിവാഹിതരായത്.
സുശീലയ്ക്ക് സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷനില്‍ ജോലിയുണ്ടായിരുന്നു. വിവാഹശേഷം ജോലി വേണ്ടെന്നുവച്ചു. വീട്ടിലെ കാര്യങ്ങളെല്ലാം അവള്‍ ഭംഗിയായി ചെയ്യുന്നു. എനിക്ക് സ്വതന്ത്രമായി നടക്കാനും ജോലി ഭംഗിയായി ചെയ്യാനും കഴിയുന്നത് സുശീല എന്ന ശക്തി വീട്ടില്‍ ഉള്ളതുകൊണ്ടാണ്. രണ്ട് മക്കളാണെനിക്ക് അവര്‍ക്കാര്‍ക്കും സിനിമയോട് താല്‍പര്യമുണ്ടെന്ന് തോന്നിയിട്ടില്ല. അതുകൊണ്ടുതന്നെ സിനിമയിലേക്ക് വരണമെന്ന് നിര്‍ബന്ധിച്ചിട്ടുമില്ല...

ഷെറിങ് പവിത്രന്‍

Ads by Google
Loading...
TRENDING NOW