Sunday, June 16, 2019 Last Updated 3 Min 34 Sec ago English Edition
Todays E paper
Ads by Google
എ. ചന്ദ്രശേഖര്‍
എ. ചന്ദ്രശേഖര്‍
Tuesday 30 Jan 2018 07.24 PM

പ്രാര്‍ത്ഥിക്കുവാന്‍ മോഹന്‍ലാലിനും ഉണ്ട് ഒരു കാരണം

അഭിനയജീവിതത്തിന്റെ നാല്‍പതാം വര്‍ഷത്തിലേക്കു കടക്കുന്ന മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലുമായി ഒരു അഭിമുഖ പരമ്പര
Mohanlal

ഉണ്ടാക്കിയതിന്റെ നല്ലൊരംശവും സിനിമയില്‍ തന്നെ നിക്ഷേപിച്ച അപൂര്‍വമാളുകളില്‍ ഒരാളാണ് മോഹന്‍ലാല്‍. പലരും സിനിമയില്‍ നിന്നുണ്ടാക്കുന്നതുകൊണ്ട് ജീവിതം സുരക്ഷിതമാക്കാന്‍ വേണ്ടതു ചെയ്യുമ്പോള്‍, മോഹന്‍ലാല്‍ സിനിമയില്‍ നിന്നുണ്ടാക്കിയതിന്റെ ഭീമഭാഗവും അതില്‍ തന്നെ തിരികെയിട്ടു. അതുവഴി ദേശാന്തരകീര്‍ത്തിയൊക്കെ ലഭിച്ചെങ്കിലും പലതും സാമ്പത്തികനഷ്ടമാണുണ്ടാക്കിയത്. അതിലൊന്നും അദ്ദേഹത്തിന് നിരാശയില്ല. കാരണം കറന്‍സി എന്ന വാക്കു തന്നെ ചാക്രികതയെ സൂചിപ്പിക്കുന്നതാണെന്ന വിശ്വാസക്കാരനാണ് മോഹന്‍ലാല്‍. പണം ചെലവിട്ടാലെ വന്നുചേരൂ എന്നദ്ദേഹം പറയും. അതുകൊണ്ടുതന്നെ സമ്പത്തും ഐശ്വര്യവും വാരിപ്പുണരുമ്പോഴും നിസ്സംഗനായി തുടരാനദ്ദേഹത്തിനാവുന്നു.

കണക്കും കലയും ഒന്നിക്കില്ല എന്നാണല്ലോ. പക്ഷേ താങ്കള്‍ വിജയിച്ച വ്യ വസായിയും സംരംഭകനും കൂടിയാണ്. അതേപ്പറ്റി?
അങ്ങനൊന്നുമല്ല. ബിസിനസുകള്‍ പലതും ഞാന്‍ തനിച്ചു തുടങ്ങിയതൊന്നുമല്ല. സുഹൃത്തുക്കള്‍ തുടങ്ങിയപ്പോള്‍ ഞാനും കൂടി പങ്കാളിയായതാണ്. അതൊന്നും അങ്ങനെ പ്രോഫിറ്റബിളായോ ബ്രേക്കീവനായോ ഉള്ള അവസ്ഥയെത്തിയിട്ടില്ല. പലതും തുടര്‍ന്നുപോന്നിട്ടുമില്ല.
ഇത്രയും നാളായിട്ടിപ്പോള്‍ ആദ്യമായിട്ട് ഞാനൊറ്റയ്ക്ക് ഒരു നിക്ഷേപം നടത്തുന്നത്, ഹരിപ്പാട് തുടങ്ങാനിരിക്കുന്ന ഒരു സിനിമാ തീയറ്ററാണ്. അതാണ് ഒറ്റയ്ക്കുള്ള എന്റെ ആദ്യത്തെ ഇന്‍വസ്റ്റ്‌മെന്റ്. അല്ലാതെ.. തീര്‍ച്ചയായും ഞാനൊരു വീടുണ്ടാക്കിയിട്ടുണ്ട്, കാറുവാങ്ങിയിട്ടുണ്ട്. അല്ലാതെ പൈസ കൂട്ടിവച്ചിട്ട് എന്തെങ്കിലും ചെയ്യാനൊന്നും തുനിഞ്ഞിട്ടില്ല.

കഷ്ടപ്പെട്ടു വളര്‍ത്തിക്കൊണ്ടുവന്ന പല വ്യവസായ സംരംഭങ്ങളും വി റ്റുകളയാന്‍ വിസമ്മതിക്കാത്ത യാളാണു താങ്കള്‍. പണമാ ണോ വിരക്തിയാണോ പ്രേരണ?

സീ... ഇഫ് യൂ സ്റ്റാര്‍ട്ട് ലവിങ് മണി...ജീവിതത്തില്‍ ഒരുപാടു കാര്യങ്ങള്‍ നഷ്ടപ്പെടുമെന്നാണ്. (ചിരി)
നമ്മളിപ്പോള്‍ എല്ലാ കാര്യത്തിലും പൈസ പൈസ എന്നു നോക്കിക്കൊണ്ടിരുന്നാല്‍ യൂ കനോട്ട് ലിവ്. ഫിനാന്‍സിനെപ്പറ്റിയുള്ള എന്റെ ഒരു തിയറി തന്നെ, യു ഹാവ് ടു സ്‌പെന്‍ഡ് എന്നാണ്. ദെന്‍ ഒണ്‍ലി യൂ ക്യാന്‍ ഗെറ്റ് എന്നുള്ളതാണ്.
പൈസയെപ്പറ്റി ഒരുപാടു കണ്‍സേണ്‍ഡായാല്‍ നമുക്കിഷ്ടമുള്ളതൊന്നും ചെയ്യാന്‍ പറ്റാതാവും. ഒരു ഷര്‍ട്ട് വാങ്ങണമെങ്കില്‍ ഒരുപാട് ആലോചിക്കേണ്ടിവന്നാല്‍? അതിനു 10,000 രൂപയോ എന്നാലോചിച്ചിരുന്നാല്‍ യാതൊന്നും നടക്കില്ല. ഇതൊക്കെ നമ്മുടെ വ്യക്തിപരമായ താല്‍പര്യങ്ങളും ഇഷ്ടങ്ങളുമാണ്. അല്ലേ?

അതെന്തിനാ നമ്മള്‍ 10,000 രൂപയുടെ ഷര്‍ട്ട് വാങ്ങിയതെന്ന് ആരെങ്കിലും ചോദിച്ചാല്‍, ''അതു നമ്മുടെ ഇഷ്ടം.'' എന്നേ പറയാനാവൂ. നമ്മള്‍ ജോലി ചെയ്യുന്നതും പണമുണ്ടാക്കുന്നതുമെല്ലാം നമ്മുടെ ചില ഇഷ്ടങ്ങള്‍ കൂടി സാധിപ്പിക്കാനല്ലേ?
ഇപ്പോള്‍, തൊഴില്‍പരമായിത്തന്നെ ചില ലക്ഷ്യൂറിയസ് പ്രൈവസികളാവശ്യമുള്ള ആളുകളാണ് ഞങ്ങള്‍. യാത്രകളില്‍ നമുക്കു നല്ല ഹോട്ടലുകളാവശ്യമാണ്, വിമാനങ്ങളില്‍ പോകേണ്ടിവരുന്നു അങ്ങനെയെല്ലാം. എന്നുവച്ച്, ഷൂട്ടിങ് ഒരു കുഗ്രാമത്തിലാണെങ്കില്‍ അവിടത്തെ സൗകര്യങ്ങളില്‍ ഒതുങ്ങിക്കഴിയാനും നമുക്ക് ഒരു വിഷമവുമില്ല കേട്ടോ.

ഷൂട്ടിങ് തന്നെ വളരെയേറെ ക്ഷമയാവശ്യമുള്ള ഒന്നാണല്ലോ. ഒരേ ഷോട്ട് തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച്.. കണ്ടുനില്‍ക്കുന്നവര്‍ക്കു പോലും മടുക്കും. താ ങ്കളില്‍ ഒരു വൈരാഗിയുണ്ടോ? നിസ്വനും നിര്‍മ്മമനുമായൊരു സന്യാസി? ചെന്നേടത്തു ജീവിക്കുന്നയാള്‍...?

(ചിരി)അതു മടുത്താ ല്‍ പിന്നെ ഈ തൊഴിലില്‍ തുടരാനാവില്ല എന്നാണ്. ചെന്നേടത്തു ജീവിക്കുന്നയാള്‍ എന്നു പറഞ്ഞാല്‍..അതൊക്കെ ഓരോരോ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ്.
സിനിമയില്‍ വന്ന് നല്ല തിരക്കിലായി വിവാഹം കഴിച്ചപ്പോള്‍ സുചിയുടെ വീട് മദ്രാസിലായിരുന്നു, മദ്രാസില്‍ ഒരു വീടു വച്ചു. പിന്നീട് സുചി ബ്രഡ് ഫാക്ടറിയുടെ കാര്യങ്ങളുമായി നീങ്ങിയപ്പോള്‍ ദുബായ്‌യില്‍ ഒരു വീടുവാങ്ങി. താമസം അങ്ങോട്ടായി. മക്കള്‍ രണ്ടാളും പഠിച്ചത് ഊട്ടിയിലായിരുന്നു. അക്കാലത്താണ് ഊട്ടിയിലെ വീടു വാങ്ങിയത്. പിന്നീട് കൊച്ചിയില്‍ ഒരു നല്ല വീടു കിട്ടിയപ്പോള്‍ വാങ്ങി. അമ്മയ്ക്ക് വയ്യാണ്ടായപ്പോള്‍ എറണാകുളത്തൊരു വീടു വാങ്ങി അങ്ങോട്ടു മാറേണ്ടി വന്നു.
പിന്നെ... യാത്രകളോട്, ഞാന്‍ പറഞ്ഞല്ലോ, സ്വതവേ താല്പര്യമുള്ളയാളാണു ഞാന്‍.

Mohanlal

പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണമുണ്ടെന്നൊരു പരസ്യവാചകമുണ്ട്. മോഹന്‍ലാല്‍ പ്രാര്‍ത്ഥിക്കാറില്ലേ? ആരോടാ ണ് പ്രാര്‍ത്ഥിക്കാറ്? ആരാണ് ഇഷ്ടദേവന്‍?

ഞാനങ്ങനെ സ്ഥിരമായിട്ട് ഒരമ്പലത്തില്‍ പോയി പ്രാര്‍ത്ഥിക്കുന്നയാളല്ല. ഞാന്‍ എ ല്ലാ അമ്പലങ്ങളിലും പോകാറുണ്ട്. അത് അവിടത്തെ ഒരു അറ്റ്‌മോസ്ഫിയര്‍, അതിനകത്തെ ആംബിയന്‍സ്, ആര്‍ക്കിടെക്ച്ചര്‍ അതൊക്കെക്കൂടി ആസ്വദിക്കാനാണ്. അതൊക്കെ വളരെ ഇഷ്ടമുള്ളൊരാളാണു ഞാന്‍.

തിരുവനന്തപുരത്ത് എത്രയോ വര്‍ഷം ജീവിച്ചിട്ടുണ്ടെങ്കിലും പത്മനാഭസ്വാമിക്ഷേത്രത്തില്‍ ഞാനൊരു അഞ്ചു പ്രാവ ശ്യമോ മറ്റോ മാത്രമേ പോയിട്ടുണ്ടാവൂ. അല്ലാതെ സ്ഥിരമായി അമ്പലത്തില്‍ പോകുന്ന പതിവുകാരനല്ല.
പിന്നെ നമ്മള്‍ വളര്‍ന്നു വന്ന സാഹചര്യമുണ്ട്. എന്റെ അമ്മ, അമ്മുമ്മ, അപ്പുപ്പന്‍, അമ്മാവന്മാര്‍...അവരൊക്കെ അമ്പലങ്ങ ളും പൂജകളും കഥകളും മന്ത്രങ്ങളുമൊക്കെയായിട്ടങ്ങനെയുള്ള ജീവിതമായിരു ന്നു. അതിന്റെയൊരു റിഫഌക്ഷന്‍ സ്വാഭാവികമായി എന്റെയൊരു ജീവിതത്തിലുമുണ്ട്. അമ്പലത്തില്‍ പോകുന്നത് എനിക്കിഷ്ടമുള്ള കാര്യം തന്നെയാണ്.
നാമം ജപിക്കാന്‍ എനിക്കിഷ്ടമാണ്. കാരണം കുഞ്ഞുന്നാളിലേ വൈകിട്ട് അമ്മൂമ്മയും പിന്നീട് അമ്മയുമൊക്കെ വിളക്കു കൊളുത്തി നാമം ജപിക്കുന്നതു കണ്ടാണല്ലോ ഞാന്‍ വളര്‍ന്നത്. അവരുടെ കൂടെയിരുന്നു ജപിച്ചിട്ടുണ്ട്. അമ്മൂമ്മ പു രാണ കഥകളൊക്കെ ധാരാളം പറഞ്ഞു തന്നിട്ടുണ്ട്. അതുകൊണ്ട് എന്റെ ഒരു രീതി അങ്ങനെതന്നെയാണ്.

Mohanlal

പക്ഷേ എന്റെ കുട്ടികളുടെ കാലം വന്നപ്പോള്‍ അങ്ങനെയൊന്നുമില്ല. കാരണം അവര്‍ ഹോസ്റ്റലില്‍ നിന്നാണു പഠിച്ചത്. എന്റെ വൈഫാണെങ്കിലും ഒറ്റയ്ക്ക് പ്രേ ചെയ്യുന്ന ആളാണ്. അവരുടെ വീട്ടിലും നിത്യവും പൂജാമുറിയിലൊക്കെ കയറി അ ങ്ങനെ പ്രാര്‍ത്ഥിക്കുന്ന ശീലമുള്ളവരല്ല. പക്ഷേ ഞാനെന്റെ വീടുകളില്‍ പൂജാമുറി വച്ചിട്ടുണ്ട്. ഞാനുള്ള ദിവസം വൈകിട്ട് പൂജാമുറിയില്‍ കയറി വിളക്കുകത്തിക്കാറുണ്ട്, പ്രാര്‍ത്ഥിക്കാറുമുണ്ട്.

ഇപ്പോഴൊരു സ്തോത്രം അല്ലെങ്കില്‍ നാമം ജപിക്കാന്‍ പറഞ്ഞാല്‍ കാണാതെ ചൊല്ലാ വുന്ന പ്രാര്‍ത്ഥന ഏതാവും?

നാമം ജപിക്കുന്നത് ആരെയാണ്, എന്താണ് എന്നൊന്നും പറയാനാവില്ല. കാരണം അതു വളരെ പേഴ്‌സണലാണ്. ഞാന്‍ കൊച്ചിലേ മുതല്‍ക്കേ എന്റെ അമ്മാവനുമായി വളരെ അറ്റാച്ച്ഡായിരുന്ന ആളാണ്. അമ്മാവന്‍ ഒരുപാടു കാര്യങ്ങള്‍ പറഞ്ഞുതന്നിട്ടുണ്ട്. മന്ത്രങ്ങളും പ്രാണായാമവും ധ്യാനവും അങ്ങനെയങ്ങനെ. അതങ്ങനെ പറയാന്‍ പറ്റുന്ന കാര്യമല്ല. അതങ്ങനൊരു സിസ്റ്റമാണ്. ഒരു ദേവതാ സങ്കല്‍പത്തിലല്ല ഞാന്‍ ആരാധിക്കുന്നത്.

ജപിക്കുമ്പോള്‍ നമ്മള്‍ മൂകാംബികാ ദേവീസ്തുതി പറയുമായിരിക്കും, ഗണപതിയുടെ പറയുമായിരിക്കും, നരസിംഹത്തിന്റെ ജപിക്കുമായിരിക്കും...പക്ഷേ അതിന്റെ ടോട്ടാലിറ്റി എന്നു പറയുന്നത് വേറൊന്നാണ്. അതൊരു എനര്‍ജിയായിരിക്കാം, ഒരു അണ്‍നോണ്‍ സ്പിരിറ്റിനെയായിരിക്കാം, ഒരു സങ്കല്‍പത്തെയായിരിക്കാം. അല്ലാതെ ഒരു ഇഷ്ടദേവന്റെ മൂര്‍ത്ത രൂപത്തെയല്ല.
ചിലര്‍ ഗണപതിയെ, ശിവനെ ഒക്കെ മാത്രമായി ആരാധിക്കാറുണ്ട്. എനിക്ക് എന്റെ രീതിയെ അങ്ങനെ മൂര്‍ത്തരൂപത്തില്‍ വിശദീകരിക്കാനാവുകയില്ല. അതൊരു പ്രത്യേകരീതിയിലുള്ളതാണെന്നു മാത്രമേ പറയാനൊക്കൂ.

എന്താണു പ്രാര്‍ത്ഥിക്കുക?

ഒന്നിനും വേണ്ടി ഞാനാവശ്യപ്പെടാറില്ല. വളരെ ഓണസ്റ്റായിട്ടു ഞാന്‍ പറയുകയാണ്. രണ്ടു കാര്യങ്ങള്‍ ഞാന്‍ പറയാം. ഒന്ന് ഞാന്‍ അമ്പലത്തിലൊക്കെ ചെന്ന് ഞാനെനിക്കുവേണ്ടി, ''ഭഗവാനെ എനിക്കിതു തരണേ, എനിക്കിങ്ങനെയുണ്ടാവണേ'' എന്നൊന്നും പ്രാര്‍ത്ഥിക്കാറില്ല. ടു ബി വെരി ഫ്രാങ്ക്. ഗുരുവായൂരു പോയാലും മാക്‌സിമം ഒരു മിനിറ്റ് നടയില്‍ നിന്നിട്ടു ഞാനിങ്ങു പോരും.
ഇപ്പോഴെന്റെ അമ്മയ്ക്കു സുഖമില്ല. അതു കേള്‍ക്കുമ്പോള്‍, ''അയ്യോ, തീര്‍ച്ചയായും ഞാന്‍ പ്രാര്‍ത്ഥിക്കാം കേട്ടോ.'' എന്നൊക്കെ പലരും പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. ഇതു പറഞ്ഞ് നെക്‌സ്റ്റ് മൊമെ ന്റില്‍ അവര്‍ വേറെ കാര്യങ്ങളിലായിപ്പോവും. വര്‍ത്തമാനമാവും, ഇതു മറക്കും. പക്ഷേ ഞാനെപ്പോഴെങ്കിലും ഇതുപോലൊരു സിറ്റുവേഷനില്‍ ഒരാള്‍ വന്ന് ''എന്റെ മദറിനു സുഖമില്ല ചേട്ടനൊന്നു പ്രാര്‍ത്ഥിക്കണേ''എന്നു പറഞ്ഞാല്‍ തീര്‍ച്ചയായും ഒരു മിനിറ്റ് ഞാനവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കും. ''പ്ളീസ് സേവ് ഹെര്‍ ഓര്‍ ബ്‌ളെസ് ഹെര്‍ ''എന്നായിരിക്കുമത്.
എന്റെ ഏറ്റവും വലിയ പ്രാര്‍ത്ഥന എന്നു പറയുന്നത്, ''ഹെല്‍പ് മീ'' എന്നാണ്. (ചിരി). നമ്മളിപ്പോള്‍ ഒരു സിനിമ തുടങ്ങുന്ന സമയത്ത് ''ഈശ്വരാ എന്നെ സഹായിക്കണേ'' എന്നാണു പ്രാര്‍ത്ഥിക്കുക.

Mohanlal

വാനപ്രസ്ഥം തുടങ്ങുമ്പോള്‍ നമുക്കു കഥകളിയറിയില്ല. ഈ സിനിമ (വില്ലന്‍) ചെയ്യുമ്പോള്‍ അതിലെ കഥാപാത്രത്തിന്റെ ഉള്ളറിയില്ല. അപ്പോള്‍ നമ്മള്‍ ചെയ്യുന്നത് ശരിയായില്ലെങ്കില്‍ അതു ബാധിക്കുക എത്രയോ ആളുകളെയാണ്, ഈ പ്രോജക്ടിനെത്തന്നെയാണ്. അതുകൊണ്ട് ചെയ്യുന്നത് നന്നായി ചെയ്യാന്‍ നമ്മളെ സഹായിക്കണേ. എന്റെ ഫസ്റ്റ് ഷോട്ട് തുടങ്ങുന്നതിനുമുമ്പേ മേക്കപ്പൊക്കെ ഇട്ടിട്ട് ഒരു നിമിഷം കണ്ണടച്ച് ഞാന്‍ എന്റെ ആത്മാവിനോടു തന്നെ പറയും. ''പഌസ് ഹെല്‍പ് മീ!''

സഹായമാവശ്യമുള്ള ഒരാള്‍ക്ക് അതെത്തിക്കുമ്പോഴും ഇതേ പ്രാര്‍ത്ഥനയാണ്. ''ഈശ്വരാ എത്തേണ്ട കൈകളില്‍ തന്നെ എത്തേണ്ട സമയത്ത് കൃത്യമായി നമ്മുടെ കൈകൊണ്ട് അതെത്തിക്കണേ.'' നമ്മുടെ ഭാഗത്തെ വീഴ്ച കൊണ്ട് അവര്‍ക്കത് ഉതകാതെ പോകരുതല്ലോ.
''എന്നെ സഹായിക്കൂ!'' എന്നു നമ്മള്‍ ഒരാളോടു ചോദിക്കുകയാണ്. ആളല്ല, അതു പ്രകൃതിയോടു തന്നെയാണ്. പണ്ടുകാലം മുതല്‍ക്കേ ദൈവസങ്കല്‍പം എന്നത് പ്രപഞ്ചവും പ്രകൃതിയുമൊക്കെയല്ലേ. നമ്മെ നിലനിര്‍ത്തുന്ന അതിനോടാണ് നമ്മള്‍ സഹായിക്കണേ എന്നാവശ്യപ്പെടുന്നത്. ''ഹെല്‍പ് മീ'' എന്നതാണ് ലോകത്തെ ഏറ്റവും വലിയ പ്രാര്‍ത്ഥന എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏതു കാര്യത്തിലായാലും ഞാന്‍ ചെയ്യുന്ന കര്‍മ്മത്തില്‍ പിഴവുകള്‍ പറ്റാതെ കാത്തുകൊള്ളണേ എന്നാണ്. അല്ലാതെ ഇതില്‍ നിന്ന് നമുക്ക് ഒരു കോടി രൂപയുണ്ടാക്കി തരണേ, അല്ലെങ്കില്‍ മറ്റവന്‍ ചെയ്യുന്നത് ശരിയാവല്ലേ എന്നൊന്നുമല്ല പ്രാര്‍ത്ഥിക്കുന്നത്. ഞാന്‍ ചെയ്യുന്ന പ്രവൃത്തി മറ്റുള്ളവര്‍ക്കു കുഴപ്പങ്ങളൊന്നുമുണ്ടാക്കാതെ ഏറ്റവും നന്നായിട്ടു മാറാന്‍ എന്നെ സഹായിക്കണേ എന്നുള്ളതാണ് എപ്പോഴും എന്റെ പ്രാര്‍ത്ഥന.

ഏറെ മത്സരമുള്ള തൊഴില്‍ മേഖലയില്‍ സ്ഥിതി നിലനിര്‍ത്തുകയെന്നത് ഭാരിച്ചൊരുത്തരവാദിത്തമാണ്. താരപദവി നിലനിര്‍ത്താന്‍ എന്താണ് താങ്കളുടെ പ്രൊഫഷനല്‍ സ്ട്രാറ്റജി?

അങ്ങനെ ഫോഴ്‌സ്ഫുള്ളായി ഞാന്‍ യാതൊന്നും ചെയ്യാറില്ല. പറഞ്ഞാല്‍ വിശ്വസിക്കില്ല. എന്റെ നിലനില്‍പിനു വേണ്ടി ഞാന്‍ അങ്ങനെ ഒരു കാര്യവും ചെയ്യാറില്ല.
താങ്കള്‍ തന്നെ സൂചിപ്പിച്ചിേല്ല എന്റെ കാലം കഴിഞ്ഞെന്ന പ്രചാരണത്തെപ്പറ്റി. സിനിമയില്ലാതായാല്‍ എന്തെന്നൊന്നും ആലോചിച്ചു ഞാന്‍ വിഷമിച്ചിട്ടില്ല. സിനിമയില്ലാതായാലും ഐ ആം 100% ഷുവര്‍ ദാറ്റ്.. ഞാന്‍ ഇതിനേക്കാട്ടിലും സന്തോഷവാനായിരിക്കും. ഈ നിമിഷം നമ്മള്‍ ദുഃഖിതനായിരിക്കും. അടുത്ത നിമിഷം നമ്മള്‍ സന്തോഷിക്കും. ഈ നിമിഷത്തെ അടുത്ത നിമിഷത്തിലേക്കു കണക്ട് ചെയ്യാന്‍ പരിശീലിച്ചാല്‍ മതി. അതെങ്ങനെ എന്നു പറയാനൊന്നുമെനിക്കറിയില്ല. ഒരു പക്ഷേ അതൊരു ശീലമായിരിക്കും, അല്ലെങ്കില്‍ ഒരു ടെക്‌നിക്കായിരിക്കാം, ആര്‍ജിച്ചെടുത്തതോ സ്വഭാവത്തില്‍ കലര്‍ന്നതോ ആവാം.
ഏതായാലും നമ്മള്‍ എപ്പോഴും സന്തോഷത്തോടെയിരിക്കാനാഗ്രഹിക്കുന്ന ഒരാളാണ്. അതുകൊണ്ടാണ് ഒരു സിനിമ മോശമായാലും, എല്ലാവരും വന്ന് ''അയ്യോ സിനിമ മോശമായല്ലോ'' എന്നു പറയുമ്പോഴും അതിനിപ്പോ എന്തു ചെയ്യാനൊക്കും എന്നു ചിന്തിക്കുന്ന എന്നെ അതൊന്നും ബാധിക്കാത്തത്. ലോകത്താദ്യമായിട്ടല്ലല്ലോ ഒരു നടന്റെ സിനിമ മോശമാവുന്നത്, പരാജയപ്പെടുന്നത്! അതിനൊപ്പം അങ്ങു നിന്നുകൊടുത്തേക്കുക., അത് അങ്ങനെതന്നെയായിരിക്കട്ടെ എന്നാണ്.

സിനിമ സമൂഹത്തെ സ്വാധീനിക്കുമോ എന്ന ചോദ്യത്തിന് രണ്ടുവിധത്തിലുള്ള ന്യായീകരണമുണ്ട്. പക്ഷേ സിനിമാ താരത്തിന്റെ ചെയ്തികള്‍ പലപ്പോഴും ആരാധകരില്‍ ദുസ്വാധീനമായിത്തീരാറുണ്ടെന്നതില്‍ രണ്ടഭിപ്രായമില്ല. താങ്കളില്‍ നിന്ന് ആരാധകര്‍ പകര്‍ത്ത രുതെന്നാഗ്രഹിക്കുന്ന കാര്യമെന്താണ്? നിശ്ചയമായും പകര്‍ത്തിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നതും?

അങ്ങനെ ഒരു കാര്യവും പകര്‍ത്തരുത് എന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാര്യമെന്താന്നോ? നിങ്ങളൊരു ഹ്യൂമനാണ്. മനുഷ്യനാണ്. 100% പെര്‍ഫെക്ട് ഒന്നുമല്ല. സിനിമയിലെ കാര്യം വേറെയാണ്. ഇപ്പോള്‍ സ്ഫടികം എന്ന സിനിമയില്‍ ഞാന്‍ മുണ്ടുപറിച്ചെടുത്തിട്ട് പൊലീസിനെ അടിക്കുന്നത് അതൊക്കെ അതിന്റെ സ്രഷ്ടാക്കളുണ്ടാക്കിയതാണ്. അതനുകരിക്കുന്നവര്‍ക്ക് തീര്‍ച്ചയായിട്ടും പൊലീസിന്റെ കയ്യില്‍ നിന്ന് അടികിട്ടും. അല്ലേ?
ഞാന്‍ പറയുന്നത് എപ്പോഴും നല്ല കാര്യങ്ങള്‍ പകര്‍ത്താനാണ്. അല്ലാതെ പകര്‍ത്തരുതെന്നല്ല. ചീത്ത കാര്യങ്ങള്‍ പകര്‍ത്തിയാല്‍ അതിനുള്ള ഫലവും അവര്‍ക്കു കിട്ടും. പക്ഷേ പകര്‍ത്താവുന്ന ഒരുപാട് എലിമെന്റസ് കണ്ടെത്തണം. അതാണു സിനിമയും ഒരാളുടെ ജീവിതവും. സിനിമയിലെയും ജീവിതത്തിലെയും നന്മകളാണ് ഇംബൈബ് ചെയ്യേണ്ടത്. അതിനെ അനുകരണം എന്നല്ല പറയുക ഉള്‍ക്കൊള്ളല്‍ എന്നാണ്.
ഞാന്‍ തന്നെ ജീവിതത്തില്‍ നിന്ന് അറിഞ്ഞോ അറിയാതെയോ എത്രയോ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഫോര്‍ എക്‌സാംപിള്‍, ഇപ്പോള്‍ ഒരു വയസായ സ്ത്രീ ഇവിടേക്കു വന്നാല്‍ ഞാന്‍ അറിയാതെതന്നെ എഴുന്നേല്‍ക്കും. അത് എന്റെയൊരു സ്വഭാവമാണ്. ബോധപൂര്‍വം ചെയ്യുന്നതല്ല. സഹജമായിട്ടുള്ളതാണ്.

Mohanlal

ഞാന്‍ കണ്ട അമിതാഭ് ബച്ചന്‍. ഒരു സ്ത്രീ സംസാരിക്കാന്‍ വന്നാല്‍ പ്രായത്തില്‍ മൂത്തയാള്‍ വന്നാല്‍ ഹീ വില്‍ ഗെറ്റപ്പ്. അത് പ്രായമായവരോട് വിമന്‍ഹുഡിനോട് ഒക്കെയുള്ള റെസ്‌പെക്ടാണ്. എവിടെ നിന്ന് സ്വാംശീകരിച്ചതാണെന്നറിയില്ല, പക്ഷേ ഞാനങ്ങനെ ചെയ്യും. ഇപ്പോള്‍ കാലിന്മേല്‍ കാലുകയറ്റിയിരിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ നമ്മളെക്കാള്‍ പ്രായമായ ഒരാള്‍ വന്നാല്‍ നമ്മള്‍ കാലു താഴ്ത്തിവയ്ക്കും. ഞാന്‍ തന്നെ എത്രയോ പ്രാവശ്യം കണ്ടിട്ടുണ്ട്, മുണ്ടു മടക്കിക്കുത്തിയൊക്കെ നില്‍ക്കുന്നവര്‍ നമ്മള്‍ നടന്നു വരുന്നതുകാണുമ്പോള്‍ മടക്കിക്കുത്തഴിച്ചിടുന്നത്. അതൊക്കെ റെസ്പക്ടിന്റെ ഫോര്‍മാറ്റുകളാണ്.

അതുപോലെ നമുക്കു സ്വീകരിക്കാവുന്ന ഒരുപാടു നല്ലകാര്യങ്ങളുണ്ട്. ആളുകളിലും കലാസൃഷ്ടികളിലുമെല്ലാം. അതു കണ്ടെത്തുകയാണ് വേണ്ടത്. അരുത്താത്ത കാര്യങ്ങളെന്തെന്ന് നിങ്ങള്‍ തന്നെയാണു കണ്ടുപിടിക്കേണ്ടത്. അതിനാണല്ലോ വിവേചനബുദ്ധി. ഒരു ഹ്യൂമര്‍ സീനില്‍ ഒരാള്‍ വെള്ളമടിച്ചു കോണ്‍തെറ്റി ഓടയില്‍ വീഴുന്നുണ്ടാവും. പക്ഷേ അതു ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അതു ഹ്യൂമറല്ലാണ്ടാവും.
ഇന്‍ഫഌവന്‍സ് എന്നു പറയുന്നത് അണ്‍ നോണ്‍ വൈറസ് പോലെയാണ്. അതെന്താണെന്നു നമുക്കു പറയാനാവില്ല. (ചിരി) ഓരോരുത്തരില്‍ സ്വാധീനം ഓരോ രീതിയിലായിരിക്കും. നമ്മളെ കാണുമ്പോള്‍ ചിലപ്പോള്‍ പല കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയുമൊക്കെയായിരിക്കാം ആളുകള്‍ ഓര്‍ക്കുന്നത്. ഇപ്പോള്‍ കുട്ടികള്‍ നമ്മളില്‍ എന്താണു കാണുന്നതെന്നു സത്യമായിട്ടും ഇപ്പോഴുമെനിക്കറിയില്ല. അവര്‍ക്കെന്താണ് മോഹന്‍ലാലിനോടു താല്‍പര്യം എന്നു ചോദിച്ചാല്‍ അവര്‍ എന്നില്‍ കാണുന്ന ആ എക്‌സ് ഫാക്ടര്‍ എന്താണെന്നാണ്! അവര്‍ക്കിഷ്ടം പുലിമുരുകനുമൊക്കെയാണല്ലോ. അപ്പോള്‍ എന്തോ ചില ഘടകങ്ങള്‍ അവരുടെ ഇന്റലിജന്‍സിനെ സ്‌ട്രൈക്ക് ചെയ്യുന്നു. അതു തന്നെയാണ് വയസായ ആളുകളിലും സംഭവിക്കുന്നത്.

ഏറ്റവും ആത്മവിശ്വാസം തോന്നുന്ന വസ്ത്രം?

ആത്മവിശ്വാസവും കംഫര്‍ട്ടുമൊക്ക തമ്മില്‍ വലിയ ഡിഫറന്‍സു ണ്ട്. മുണ്ടും ഷര്‍ട്ടും എനിക്കു ഭയങ്കര ഇഷ്ടമാണ്. പക്ഷേ പലപ്പോഴും ടെന്‍ഷനാണ്. ആരെങ്കിലും പിടിച്ച് അതു വലിച്ചഴിച്ചാലോ എന്ന്. കാലിലൊന്നു കുരുങ്ങിയാല്‍ പോ രേ? നമ്മളൊരു ഫങ്ഷനു മുണ്ടുടുക്കാന്‍ തുടങ്ങിയാല്‍ മുരളി (കോസ്റ്റിയൂമര്‍) പറയും ''സാറേ അതു വേണ്ട, കഷ്ടകാലത്തിന് ആരാധകരാരെങ്കിലും കയറി വലിക്കുകയോ മറ്റോ ചെയ്താല്‍?'' എന്ന്. എങ്കിലും എനിക്കു വളരെ ഇഷ്ടമുള്ള വേഷം മുണ്ടും ജൂബ്ബയുമാണ്.

അസൂയ തോന്നിയിട്ടുള്ള വ്യക്തിത്വം?

അസൂയ എന്നല്ല. നല്ലൊരു പെര്‍ഫോര്‍മന്‍സ് കാണുമ്പോള്‍ നല്ലൊരു ആര്‍ട്ട് ഫോം കാണുമ്പോള്‍...ഇപ്പോള്‍ ഗോപിയാശാന്‍...അദ്ദേഹത്തിന്റെ കര്‍ണശപഥമൊക്കെ കാണുമ്പോള്‍..അസൂയ എന്നല്ല പറയേണ്ടത്. ''ദൈവമേ ഇങ്ങനെ ഒരാളോ!'' എന്ന ഒരമ്പരപ്പാണ്. നമുക്കൊന്നും ചെയ്യാന്‍ പറ്റാത്ത ഹൈറ്റ്‌സിലാണ്.

എന്നോടൊരിക്കല്‍ നെടുമുടി വേണുച്ചേട്ടന്‍ പറഞ്ഞിട്ടുണ്ട്. ''എനിക്കു തന്നോട് അസൂയ തോന്നി''യെന്ന്. എന്തിനെന്നു ചോദിച്ചപ്പോഴാണ് പറയുന്നത്. വാനപ്രസ്ഥത്തില്‍ അഭിനയിച്ചതിനെന്ന്. അതദ്ദേഹം നല്ല രീതിയിലാണ്. പറയുന്നത്. അഴകാന രാക്ഷസി, ഒടുക്കത്തെ ഗ്ളാമര്‍ എന്നൊക്കെ പറയുന്നതുപോലെ ഒരു ഓക്‌സിമറോണായിട്ട്, അപ്രീസിയേഷനായിട്ടു പറയുകയാണ്. അതു പോലെ നല്ല ഏതൊരു പെര്‍ഫോര്‍മന്‍സ് കണ്ടാലും ഒരു നിമിഷം അതിനു മുന്നിലിരുന്ന് ''ഓ! ദൈവമേ ഇതു നമ്മളായിരുന്നെങ്കില്‍!'' എന്നു തോന്നാറുണ്ട്. ചിലപ്പോള്‍ ഒരു അമ്മാനമാട്ടമാവാം. അല്ലെങ്കിലൊരു നാടകമാവാം. നമ്മുടെ ഉള്ളിലെ എന്തിനെയോ അതു ടിക്കിള്‍ ചെയ്യുന്നതുകൊണ്ട് ഉപബോധ മനസില്‍ അങ്ങനെ തോന്നുന്നതാണ്.

Ads by Google
Ads by Google
Loading...
TRENDING NOW