Friday, June 28, 2019 Last Updated 4 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 29 Jan 2018 07.36 AM

ഇമേജ് നോക്കാതെ വില്ലനായും,അപ്പൂപ്പനായും അഭിനയിച്ച 'നായകന്‍': അഭിനയത്തിന്റെ 'കൊടിയേറ്റം' ഭരത് ഗോപി വിടപറഞ്ഞിട്ട് ഇന്നേക്ക് പത്തു വര്‍ഷം

Memoir,  Bharath Gopi

നായകന്മാര്‍ അതിസുന്ദരന്മാരായിരിക്കണം എന്ന സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ നടനായിരുന്നു ഭരത് ഗോപി .മലയാള സിനിമ ലോകത്ത് നിന്ന് അദ്ദേഹം വിടവാങ്ങിയിട്ട് ഇന്ന് പത്ത് വര്‍ഷം. വര്‍ഷങ്ങള്‍ കടന്നുവെങ്കിലും മലയാളികളുടെ ഇഷ്ടനടന്മാരുടെ കൂട്ടത്തില്‍ കൊടിയേറ്റം ഗോപിയുടെ പേരും കുറിക്കപ്പെടുന്നു. നടന്‍ എന്നു മാത്രം അറിയപ്പെടാനാണ് താന് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ ആല്‍ത്തറമൂട് കൊച്ചുവീട്ടില്‍ വേലായുധന്‍ പിള്ളയുടെ നാലു മക്കളില്‍ ഇളയവനായി 1936 നവംബര്‍ 8-നാണ് ജനനം. ഗോപിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം 1956-ല്‍ ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ധനുവച്ചപുരം സ്‌കൂളില്‍ നടന്ന ലേബര്‍ ക്യാമ്പിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഞാനൊരു അധികപ്പറ്റ് എന്ന നാടകത്തിലെ 'ദാമു' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ബി.എസ്സ്.സി പാസായതിന് ശേഷം കേരള ഇലക്ര്ടിസിറ്റി ബോര്‍ഡില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച ഗോപിയുടെ യാത്ര നിത്യവും ട്രെയിനിലായിരുന്നു. ഇക്കാലത്താണ് ജി. ശങ്കരപ്പിള്ളയെ പരിചയപ്പെടുന്നത്. യാത്രയിലുടനീളം നാടകത്തെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു. ഈ ബന്ധത്തിന്റെ ഫലമായാണ് ചിറയിന്‍കീഴില്‍ 'പ്രസാധന ലിറ്റില്‍ തിയേറ്റര്‍' പിറവിയെടുത്തത്. 1960-ല്‍ ആരംഭിച്ച 'പ്രസാധന' 1973 വരെ പ്രവര്‍ത്തനം തുടര്‍ന്നു. ഗോപിയായിരുന്നു മിക്ക നാടകങ്ങളിലും മുഖ്യവേഷക്കാരന്‍. 1972-ല്‍ വിക്രമന്‍ നായര്‍ ട്രോഫിക്കു വേണ്ടി നടത്തിയ നാടകമത്സരത്തില്‍ ഇലക്ര്ടിസിറ്റി ബോര്‍ഡിനെ പ്രതിനിധാനം ചെയ്തു ശ്രീരംഗം വിക്രമന്‍നായരുടെ ശൂന്യം ശൂന്യം ശൂന്യം എന്ന നാടകവുമായി മത്സരവേദിയിലെത്തിയ ഇദ്ദേഹത്തിന് രണ്ടാമത്തെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു.

പിന്നീട് കാവാലം നാരായണപ്പണിക്കരുടെ 'തിരുവരങ്ങ് 'എന്ന നാടകസമിതിയുമായി ചേര്‍ന്നുളള പ്രവര്‍ത്തനങ്ങള്‍ ഗോപിയെ നാടകരംഗത്ത് കൂടുതല്‍ ശ്രദ്ധേയനാക്കി. പല ദേശീയ നാടകോത്സവങ്ങളിലും തിരുവരങ്ങിന്റെ നാടകങ്ങളിലെ നടനായി വേദിയിലെത്തിയ ഇദ്ദേഹം പ്രേക്ഷകരുടെ പ്രശംസ നേടിയിരുന്നു. സാമുവല്‍ ബെക്കറ്റിന്റെ വിഖ്യാതമായ ഗോദോയെ കാത്ത് എന്ന നാടകം അടൂര്‍ ഗോപാലകൃഷ്ണന്‍ അവതരിപ്പിച്ചപ്പോള്‍ അതിലെ 'എസ്ട്രഗോണ്‍' എന്ന കഥാപാത്രമായി വേഷമിട്ടത് ഗോപിയായിരുന്നു. നാടകാഭിനയത്തിനു പുറമേ രചന, സംവിധാനം എന്നീ മേഖലകളിലും ഗോപി ശ്രദ്ധ പതിപ്പിച്ചിരുന്നു. കുട്ടികളുടെ നാടകമുള്‍പ്പെടെ അഞ്ചുനാടകങ്ങള്‍ എഴുതുകയും മൂന്നെണ്ണം സംവിധാനം ചെയ്യുകയും ചെയ്തിരുന്നു.

അടൂര്‍ ഗോപാലകൃഷ്ണനുമായുള്ള പരിചയമാണ് ഗോപിയെ ചലച്ചിത്രരംഗത്ത് എത്തിക്കുന്നത്. സിനിമാ അഭിനയത്തില്‍ തത്പരനായിരുന്നില്ലെങ്കിലും അടൂരിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സ്വയംവരത്തില്‍ ചെറിയൊരു വേഷം ചെയ്തത്. 1972-ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ തൊഴില്‍രഹിതനായ ചെറുപ്പക്കാരന്റെ വേഷമായിരുന്നു ഇദ്ദേഹം അവതരിപ്പിച്ചത്. അടൂരിന്റെ 'കൊടിയേറ്റം' എന്ന ചിത്രത്തില്‍ ലോറി ഡ്രൈവറുടെ സഹായിയായ ശങ്കരന്‍കുട്ടിയായി വന്ന ഗോപി, ലാളിത്യം നിറഞ്ഞ അഭിനയരീതിയിലൂടെ ആ കഥാപാത്രത്തെ മലയാളികളുടെ മനസിലേയ്ക്ക് പ്രവേശിപ്പിച്ചു. അതോടെ കൊടിയേറ്റം ഗോപിയെന്ന് ലോകം സ്‌നേഹത്തോടെ വിളിച്ചു തുടങ്ങി. കൊടിയേറ്റത്തിലെ അഭിനയത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ നടനുള്ള 'ഭരത്' അവാര്‍ഡ് ഇദ്ദേഹത്തിന് ലഭിച്ചു. പിന്നീട് 1978, 82, 83, 85 വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുകളും ഗോപിയെ തേടിയെത്തി. 1985-ല്‍ ടോക്കിയോയില്‍ നടന്ന ഏഷ്യാ പസഫിക് മേളയില്‍ നല്ല നടനുള്ള പ്രത്യേക പുരസ്‌കാരവും നേടി. നൂറില്‍ താഴെ ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിരുന്നുള്ളൂവെങ്കിലും ചെയ്ത കഥാപാത്രങ്ങളിലെല്ലാം പ്രതിഭയുടെ കയ്യൊപ്പു ചേര്‍ത്തു.

നായകനായി തിളങ്ങുമ്പോള്‍ തന്നെ ഇമേജ് നോക്കാതെ വില്ലനായും അച്ഛനായും അപ്പൂപ്പനായും സ്‌ക്രീനില്‍ നിറഞ്ഞു. നായകന്റെ വേഷത്തില്‍ നിന്നും വില്ലനായിട്ടാണ് 'തമ്പി'ല്‍ ഗോപിയെത്തിയത്. കൊടിയേറ്റത്തിലെ ശങ്കരന്‍ കുട്ടി, യവനികയിലെ തബലിസ്റ്റ് അയ്യപ്പന്‍, പാളങ്ങളിലെ വാസു മേനോന്‍, പഞ്ചവടിപ്പാലത്തിലെ ദുശ്ശാസനകുറുപ്പ്, ഷെക്‌സ്പിയര്‍ കൃഷ്ണപിള്ള തുടങ്ങിയ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകമനസ്സുകളില്‍ ജീവിക്കുന്നു. 'ഉത്സവപ്പിറ്റേന്ന്' ചിത്രത്തിന്റെ സംവിധായകനായും ഭരതന്റെ 'പാഥേയം' ചിത്രത്തിന്റെ നിര്‍മ്മാതാവായും ഗോപി കയ്യൊപ്പ് പതിപ്പിച്ചു. ഒരു ചലച്ചിത്രസംവിധായകനും നിര്‍മ്മാതാവും കൂടി ആയിരുന്നു ഗോപി. ഇദ്ദേഹത്തിന്റെ യമനം എന്ന ചലച്ചിത്രത്തിന് സാമൂഹിക വിഷയങ്ങളില്‍ ഉള്ള ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് 1991-ല്‍ ലഭിച്ചു. ഗോപി രചിച്ച 'അഭിനയം അനുഭവം' എന്ന പുസ്തകത്തിന് ചലച്ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും നല്ല പുസ്തകത്തിനുള്ള ദേശീയപുരസ്‌കാരം ലഭിച്ചു. 1991-ലെ പത്മശ്രീ പുരസ്‌കാരമടക്കം മറ്റ് പ്രാദേശിക, ദേശീയ, അന്താരാഷ്ര്ട ബഹുമതികളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആഖാത്, സടക്ക് സേ ഉഠാ ആദ്മി എന്നീ ഹിന്ദി ചലച്ചിത്രങ്ങളിലും ഗോപി അഭിനയിച്ചിട്ടുണ്ട്.

എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളുടെ ആദ്യവും മലയാള ചലച്ചിത്ര വേദിയുടെ മാറ്റത്തിന്റെ മുഖമായിരുന്നു ഗോപി. ഗോപിയുടെ ചലച്ചിത്ര ജീവിതത്തെ രണ്ടായി പകുത്തെടുക്കാം. പക്ഷാഘാതം (20 ഫെബ്രുവരി 1986) വരുന്നതിന് മുന്‍പും അതിന് ശേഷവും. തന്റെ കലാജീവിതത്തെ ഗോപി ഇങ്ങനെ വിവരിക്കുന്നു 'പക്ഷാഘാതം വരുന്നതിന് മുന്‍പ് 85 സിനിമകളില്‍ അഭിനയിച്ചു. പക്ഷാഘാതം വന്നതിന് ശേഷം 250 സിനിമകളില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചു.' 2008ല്‍ ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം അദ്ദേഹത്തെ തട്ടിയെടുത്തപ്പോള്‍ മലയാളത്തിനു നഷ്ടമായത് ചങ്കൂറ്റമുള്ള ഒരു മഹാ നടനെയായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW