Friday, June 14, 2019 Last Updated 13 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 28 Jan 2018 07.33 AM

ചിരി ഒാര്‍മ്മകളില്‍ മലയാളത്തിന്റെ സ്വന്തം മാള; അരങ്ങൊഴിഞ്ഞിട്ട് 3 വര്‍ഷം

uploads/news/2018/01/187363/maala.jpg

മലയാള സിനിമ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ കലാകാരനായിരുന്നു മാള അരവിന്ദന്‍. മാളയുടെ സ്വന്തം അരവിന്ദന്‍. പേരിനൊപ്പം തന്റെ നാടിനെയും ചേര്‍ത്തിരുന്ന അപൂര്‍വ്വം കലാകാരന്മാരിലൊരാള്‍. 2015 ജനുവരി 28നായിരുന്നു അദ്ദേഹം വിടപറഞ്ഞത്. ഓടക്കുഴല്‍, തബല വാദകന്‍, അമേച്ച്വര്‍-പ്രൊഫഷണല്‍ നാടക നടന്‍, അറുനൂറില്‍പ്പരം സിനിമകളിലെ അഭിനേതാവ് എന്നിങ്ങനെ അദ്ദേഹത്തിന് വിശേഷണങ്ങള്‍ ഏറെയാണ്.

എറണാകുളം ജില്ലയില്‍ വടവുകോട് എന്ന സ്ഥലത്ത് എക്സൈസ് ഉദ്യോഗസ്ഥനായ താനാട്ട് അയ്യപ്പന്റേയും സ്‌കൂള്‍ അധ്യാപികയായ പൊന്നമ്മയുടെയും മൂത്ത മകനായിട്ടാണ് അരവിന്ദന്‍ ജനിച്ചത്. സംഗീത അധ്യാപികയായ അമ്മയ്ക്ക് തൃശൂരിലെ മാളയിലേയ്ക്ക് സ്ഥലം മാറ്റം കിട്ടിയാണ് എത്തിയത്. മാളയിലെ സെന്റ്.ആന്റണി ഹൈ സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. സംഗീത അധ്യാപികയായി അമ്മയും ആ സ്‌കൂളില്‍ തന്നെയായിരുന്നു. അമ്മ പാട്ടുപഠിപ്പിക്കുമ്പോള്‍ തകരപ്പെട്ടിയില്‍ താളമിട്ടു കൊണ്ടാണ് മകന്‍ കലയില്‍ എത്തുന്നത്. തുടര്‍ന്ന് അമ്മ മാളയെ കൊച്ചിന്‍ മുഹമ്മദിന്റെ ശിക്ഷണത്തില്‍ പരിശീലനത്തിനായി അയച്ചു.

തബല വായിച്ചു കൊണ്ടാണ് കലാസപര്യ എന്ന നാടകത്തിലൂടെ മാള അഭിനയ രംഗത്തെത്തുന്നത്. ആദ്യം ചെറിയ നാടകങ്ങളില്‍ അഭിനയിച്ച അരവിന്ദന്‍ പിന്നീട് പ്രൊഫഷണല്‍ നാടകവേദികളില്‍ അഭിനയിക്കാന്‍ തുടങ്ങി. കേരളത്തിലെ പ്രധാന നാടക കമ്പനികളായ കോട്ടയം നാഷണല്‍ തിയേറ്റേഴ്‌സ്, പെരുമ്പാവൂര്‍ നാടകശാല, സൂര്യസോമ എന്നിവരുടെ നാടകങ്ങളില്‍ ഒക്കെ അദ്ദേഹം നിറസാന്നിധ്യമായി. നാടകത്തിന് കേരള സര്‍ക്കാര്‍ ആദ്യമായി അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍ എസ്.എല്‍. പുരം സദാനന്ദന്‍ നേതൃത്വം നല്‍കുന്ന സൂര്യസോമയുടെ നിധിയിലെ അഭിനയത്തിന് ഏറ്റവും മികച്ച നടനുള്ള അവാര്‍ഡും ലഭിച്ചു. 15 വര്‍ഷം നാടകത്തില്‍ പ്രവര്‍ത്തിച്ചു.

രസന എന്ന നാടകത്തിലെ ചെല്ലപ്പന്‍ എന്ന മന്ദബുദ്ധിയാണ് മാളയ്ക്ക് സിനിമയിലേക്കുള്ള വാതില്‍ തുറന്നു കൊടുത്തത്. 1976 ല്‍ സിന്ദൂരം എന്ന ചിത്രത്തിലൂടെ മാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. 40 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ 650 ലേറെ സിനിമകളില്‍ അഭിനയിച്ചു. പപ്പു മാള ജഗതി എന്ന ഒരു സിനിമ തന്നെ ഇറങ്ങിയിരുന്നു. 2013 ല്‍ ഇറങ്ങിയ ഗോഡ് ഫോര്‍ സെയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം.

എഴുപതുകളിലും എണ്‍പതുകളിലും അദ്ദേഹത്തെ പോലെ തിരക്കുള്ള സൂപ്പര്‍ താരങ്ങള്‍ വരലിലെണ്ണാവുന്ന വിധം വിരളമായിരുന്നു. സെറ്റില്‍ നിന്ന് സെറ്റിലേക്കുള്ള യാത്രകള്‍ക്കിടയില്‍ പോലും അദ്ദേഹം എല്ലാവരോടും സൗമ്യനായി പെരുമാറി ജനകീയനായി. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ അദ്ദേഹത്തിനായി സെറ്റില്‍ കാത്തിരുന്നു. പ്രേം നസീര്‍, മധു തുടങ്ങിയ ആദ്യകാല നായകന്‍മാര്‍ക്കൊപ്പവും അദ്ദേഹം വെള്ളിത്തിരയില്‍ തന്റെ അഭിനയം കാഴ്ച വെച്ചു.

വെങ്കലം, അധികാരം, മൂന്നാം മുറ, പൂച്ചക്കൊരു മൂക്കുത്തി, തടവറ, ഉപ്പുകണ്ടം ബ്രദേഴ്സ്, ഭൂതക്കണ്ണാടി, കണ്ടു കണ്ടറിഞ്ഞു,കന്മദം, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, മധുര നൊമ്പരക്കാറ്റ്, മീശമാധവന്‍, ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍, പെരുമഴക്കാലം തുടങ്ങീ ചിത്രങ്ങളില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ഓസ്‌കാര്‍ മിമിക്സ് എന്ന പേരില്‍ മിമിക്രി ട്രൂപ്പും അദ്ദേഹം നടത്തിയിരുന്നു. മോഹന്‍ ലാലിനൊപ്പം കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തില്‍ 'നീയറിഞ്ഞോ മേലേ മാനത്ത്' എന്ന ഗാനവും അദ്ദേഹം ആലപിച്ചിട്ടുണ്ട്. മലയാളികളെ ചിരിപ്പിച്ച മാള വിട പറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ മലയാളി മനസ്സുകളില്‍ ഇന്നും അദ്ദേഹം ജീവിച്ചിരിക്കുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW