Sunday, December 09, 2018 Last Updated 4 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 27 Jan 2018 04.24 PM

സ്‌നേഹത്തിന്റെ നീലാംബരി

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ കെ.ജെ യേശുദാസിനെക്കുറിച്ചും തങ്ങളുടെ കുടുംബ ജീവിതത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യ പ്രഭ...
uploads/news/2018/01/187155/marupathiyesudas250118a.jpg

മലയാളികളുടെയെല്ലാം സ്വന്തമായ യേശുദാസിന്റെ ജീവിതത്തിലേക്ക് പ്രഭ കടന്നുവന്നിട്ട് 48 വര്‍ഷം. സംഗീതസാന്ദ്രമായ അവരുടെ ജീവിതത്തിന്റെ ഓരോ കോണിലും ഈശ്വരകടാക്ഷവും നിറഞ്ഞുനില്‍ക്കുന്നു.

അദ്ദേഹത്തിന്റെ ജീവിതത്തിലെ നിഴലായി എന്നും ഒപ്പം നില്‍ക്കണമെന്നു മാത്രമേ പ്രഭയ്ക്കുള്ളൂ. വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോയിട്ടും യേശുദാസിന്റെ ശബ്ദ സൗന്ദര്യം പോലെ അവരുടെ ജീവിത സൗന്ദര്യത്തിന്റെയും വര്‍ണ്ണം പത്തരമാറ്റ് തന്നെ. ഓരോ നിമിഷവും പ്രാര്‍ത്ഥയോടെ, ദൈവീക കടാക്ഷത്തോടെ മുന്നോട്ടുപോകുന്ന അവരുടെ ജീവിതത്തെക്കുറിച്ച്....

പ്രണയത്തിന്റെ സംഗീതം...


യേശുദാസ് എല്ലാവരുടേയും കൂടിയാണ്. എങ്കിലും എന്റേത് മാത്രമായ ഒരു ദാസേട്ടനുണ്ട്. സംഗീതംപോലെതന്നെ കുടുംബത്തെയും ഒരുപാട് സ്നേഹിക്കുന്ന നല്ലൊരു ഭര്‍ത്താവും അച്ഛനും കൂടിയാണ് അദ്ദേഹം.

എന്റെ പതിനെട്ടാമത്തെ വയസിലാണ് ദാസേട്ടന്‍ എന്നെ വിവാഹം ചെയ്യുന്നത്. ചെറിയ ക്ലാസിലൊക്കെ പഠിക്കുന്ന സമയത്തുതന്നെ പാട്ടുകാരനായ യേശുദാസിനെ അറിയാം. എനിക്കു മാത്രമല്ല അക്കാലത്ത് യേശുദാസിനോടു ആരാധന തോന്നാത്ത ഒരു പെണ്‍കുട്ടിയും ഞങ്ങളുടെയിടയില്‍ ഇല്ലായിരുന്നു.

ഞാനും അവരില്‍ ഒരാളായിരുന്നു എന്നതാണ് സത്യം. അന്ന് റേഡിയോയിലൂടെ വരുന്ന ദാസേട്ടന്റെ പാട്ടുകള്‍ക്കുവേണ്ടി ചെവിയോര്‍ത്തിരുന്നിട്ടുണ്ട്. ഗാനമേളയിലൂടെയും റേഡിയോയിലൂടെയുമാണ് ഞങ്ങളൊക്കെ ദാസേട്ടന്റെ പാട്ടുകള്‍ ആസ്വദിച്ചിരുന്നത്.

ദാസേട്ടന്‍ പാടിയിരുന്ന എല്ലാ ഗാനമേളകളും കാണാനും കേള്‍ക്കാനുമുള്ള ഭാഗ്യം അന്നും ഇന്നും എനിക്കുണ്ടായിട്ടുണ്ട്. എന്റെ നാട് തിരുവനന്തപുരത്താണ്. 1966 ല്‍ തിരുവനന്തപുരത്തുവച്ചുനടന്ന ഒരു ഗാനമേളയ്ക്കിടയിലാണ് ഞാന്‍ ആദ്യമായി ദാസേട്ടനെ കാണുന്നത്.

അടുത്ത തവണ കാണുന്നത് എന്റെ നാട്ടിലെ സെന്റ് മേരീസ് പള്ളിയിലെ പെരുന്നാളിന് നടത്തിയ ഗാനമേളയ്ക്കിടയിലാണ്. അന്നൊക്കെ ഗായകര്‍ സ്‌റ്റേജില്‍ നിന്ന് പാടുമ്പോള്‍ കേള്‍ക്കാനിരിക്കുന്നവര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പാട്ടുകള്‍ തുണ്ടുകടലാസില്‍ എഴുതിനല്‍കും. അന്ന് സദസിലിരുന്ന ഒരാള്‍ അഞ്ചുരൂപാ നോട്ടില്‍ പഞ്ചവര്‍ണ്ണതത്തപോലെ.. എന്ന പാട്ട് എഴുതി ദാസേട്ടന് കൊടുത്തു. അത് വായിച്ച് ദാസേട്ടന്‍ പാടി.

പഞ്ചവര്‍ണ്ണ തത്ത പോലെ കൊഞ്ചിവന്ന പെണ്ണേ..
അഞ്ചുരൂപാ നോട്ടുകൊണ്ടെന്‍ നെഞ്ചുതളരണു പോന്നേ..... എന്ന.്

പാട്ട് കേട്ട് എല്ലാവരും ചിരിച്ചു. എനിക്കും ആ കുസൃതിക്കാരന്‍ പാട്ടുകാരനോട് ആരാധന തോന്നി. പരിചയപ്പെടണമെന്നും തോന്നി. ആ ആഗ്രഹം സാധിച്ചുതന്നത് എന്റെ അങ്കിള്‍ മാത്യൂസാണ്.

uploads/news/2018/01/187155/marupathiyesudas250118a1.jpg

അങ്കിളിന്റെ അടുത്ത സുഹൃത്തായിരുന്നു ദാസേട്ടന്‍. ഞാന്‍ അങ്കിളിനോട് എപ്പോഴും പറയും, തിരുവനന്തപുരത്തുവരുമ്പോള്‍ ഒരു ദിവസം യേശുദാസിനെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരണം.. അങ്കിള്‍ വാക്കുപാലിച്ചു.

തിരുവനന്തപുരത്ത് ഒരു പരിപാടിക്കു വന്ന ദാസേട്ടനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. കാറില്‍ വന്നിറങ്ങുമ്പോള്‍ പടിയില്‍ നിന്ന എന്നെ ചൂണ്ടിക്കാണിച്ച് അങ്കിള്‍ പറഞ്ഞു. ദാ, ഇവള്‍ക്കുവേണ്ടിയാണ് ഞാന്‍ നിന്നെ ഇവിടേക്ക് കൊണ്ടുവന്നതെന്ന്..

അങ്ങനെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഞങ്ങളിലൂടെ വീട്ടുകാരും നല്ല സൗഹൃദത്തിലായി. അത് പിന്നീട് വിവാഹത്തിലെത്തി. ദൈവം തീരുമാനിച്ചിട്ടുണ്ടാവാം ഞങ്ങള്‍ ഒന്നിച്ച് ജീവിക്കണമെന്ന്.

അതുകൊണ്ടുതന്നെ വീട്ടുകാരുടെ സമ്മതത്തോടെ ഞങ്ങളുടെ വിവാഹം നടന്നു. 1970 ല്‍ ഫോര്‍ട്ടുകൊച്ചിയില്‍ ദാസേട്ടന്റെ വീടിനടുത്തുള്ള കോട്ടപ്പിള്ളി ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹം.

ഇമ്പമുള്ള കുടുംബം...


വിവാഹം കഴിഞ്ഞ് എനിക്ക് കിട്ടിയത് ദാസേട്ടനെ മാത്രമല്ല. നല്ല ഒരു കുടുംബത്തെക്കൂടിയാണ്. ദാസേട്ടന്റെ വീട്ടില്‍ അമ്മച്ചിയും അനുജന്‍മാരായ ജസ്റ്റിനും മണിയും സഹോദരി ജയമ്മയുമാണ് ഉണ്ടായിരുന്നത്.

ജയമ്മയും ഞാനും നേരത്തെതന്നെ കൂട്ടുകാരായിരുന്നു. അമ്മച്ചിയാണെങ്കില്‍ ഒരു പാവം. നല്ലൊരു കുക്കായിരുന്നു അമ്മച്ചി. സ്വാദുളള വിഭവങ്ങളുണ്ടാക്കി ഞങ്ങളെക്കൊണ്ട് കഴിപ്പിക്കലായിരുന്നു അമ്മച്ചിയുടെ വിനോദം.

ഞാനടക്കമുള്ള മറ്റാര് ഭക്ഷണമുണ്ടാക്കിക്കൊടുത്താലും ദാസേട്ടന് അതൊന്നും പിടിക്കില്ല. അപ്പോള്‍ ഞാന്‍ പരിഭവം പറയും ഈ അമ്മച്ചിയുടെ ഭക്ഷണം കഴിച്ചിട്ടാണ് ദാസേട്ടന് വേറൊന്നും പിടിക്കാത്തതെന്ന്..

ദാസേട്ടന് തീയറ്ററില്‍ പോയി സിനിമ കാണാന്‍ അത്ര ഇഷ്ടമല്ല. സിനിമയ്ക്കുപോകുന്ന കാര്യം പറയുമ്പോഴേ എന്തെങ്കിലും അസുഖമാണെന്നുപറഞ്ഞ് ഒഴിവാക്കും. മകന്‍ കൊണ്ടുപോകില്ലന്നറിയാമായിരുന്നതുകൊണ്ട് അമ്മച്ചി ദാസേട്ടനറിയാതെ ഞങ്ങളെ സിനിമയ്ക്കൊക്കെ കൊണ്ടുപോയിരുന്നു.

ആ വീട്ടില്‍ ജനിച്ചില്ലെങ്കിലും വിവാഹം കഴിഞ്ഞ് ചെന്ന അന്നുമുതല്‍ എന്നെയും ആ വീട്ടിലെ അംഗത്തെപ്പോലെതന്നെയാണ് എല്ലാവരും സ്നേഹിച്ചത്.

വൈകി ലഭിച്ച പുണ്യം...


വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷം കഴിഞ്ഞാണ് ഞങ്ങള്‍ക്ക് കുഞ്ഞുണ്ടായത്. വിനോദ് ജനിക്കുമ്പോള്‍ ദാസേട്ടന്‍ മൂകാംബികയിലാണ്. ഞാന്‍ പ്രസവിച്ച വിവരമറിയിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല.

ഒടുവില്‍ എറണാകുളത്ത് തിരിച്ചെത്തിയപ്പോഴാണ് മകനുണ്ടായ വിവരമറിയുന്നത്. ഉടനെ തിരുവനന്തപുരത്ത് വന്നു. മോനെ കൈയിലെടുത്തപ്പോള്‍ ദാസേട്ടന്റെ മനസിലുണ്ടായ സന്തോഷം ആ കണ്ണുകളിലൂടെ എനിക്കും വായിച്ചറിയാന്‍ കഴിഞ്ഞു.

പിന്നീട് വിജയും വിശാലും ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നു. മക്കള്‍ക്ക് മൂന്നുപേര്‍ക്കും പേരിട്ടത് ഞാനാണ്. കൂട്ടത്തില്‍ വിജയ്ക്കാണ് സംഗീതത്തില്‍ താല്‍പര്യം കൂടുതലെന്ന് ദാസേട്ടന്‍ കണക്കുകൂട്ടിയിരുന്നു. അത് അതുപോലെതന്നെ സംഭവിക്കുകയും ചെയ്തു.

uploads/news/2018/01/187155/marupathiyesudas250118a2.jpg

സംഗീതം ആദ്യ ഭാര്യ...


ദാസേട്ടന്‍ എപ്പോഴും പറയും എന്റെ ആദ്യ ഭാര്യ സംഗീതമാണ്. രണ്ടാമതേ നിനക്കു സ്ഥാനമുള്ളൂ എന്ന്. അത് ഞാനും അംഗീകരിച്ചു. എല്ലാവര്‍ക്കും ദാസേട്ടനെ ജീവനാണ്. സരസ്വതീ കടാക്ഷം ലഭിച്ച ഗായകന്‍.

അദ്ദേഹത്തിന്റെയൊപ്പം ജീവിതം പങ്കുവയ്ക്കാന്‍ ദൈവം എന്നെ നിയോഗിച്ചതില്‍പ്പരം മറ്റൊരനുഗ്രഹം ലഭിക്കാനില്ല. ദാസേട്ടന്‍ ഒരിക്കലും എന്നെ എങ്ങുനിന്നും മാറ്റി നിര്‍ത്തിയിട്ടില്ല.

അദ്ദേഹം എപ്പോഴും ചേര്‍ത്തുനിര്‍ത്തിയിട്ടേയുള്ളൂ. വളരെ അച്ചടക്കമുള്ള ജീവിതമാണ് അദ്ദേഹത്തിന്റേത്. കലാകാരനായതുകൊണ്ട് കുടുംബത്തെ ശ്രദ്ധിക്കാഴികയില്ല.

മക്കളുടെയും എന്റെയും ഒക്കെ കാര്യങ്ങള്‍ എപ്പോഴും അന്വേഷിച്ചുകൊണ്ടേയിരിക്കും. അതുപോലെതന്നെ സ്വന്തം പ്രൊഫഷന്റെ കാര്യത്തിലും വിട്ടുവീഴ്ചയില്ല.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW