Monday, June 24, 2019 Last Updated 3 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 27 Jan 2018 02.41 PM

സന്താനഭാഗ്യം വര്‍ഷിക്കുന്ന സന്താനഗോപാലയന്ത്രം

''കുഞ്ഞുങ്ങളുണ്ടാകുക എന്നത് ഈശ്വരീയ അനുഗ്രഹം തന്നെയാണ്. വൈദ്യശാസ്ത്രത്തിലും വഴിപാടുകളിലും പൂജകളിലുമെല്ലാം പ്രതിഫലിക്കുന്നത് ഈശ്വരന്റെ കാരുണ്യവര്‍ഷമാണ്. ഹൈന്ദവ മാന്ത്രിക പൂജാവിധികളില്‍ സന്താന സൗഭാഗ്യത്തിനായി പല കര്‍മ്മങ്ങളും പറഞ്ഞിട്ടുണ്ട്. ''
uploads/news/2018/01/187134/joythiythra270118.jpg

മനുഷ്യന്റെ ദുഃഖങ്ങളില്‍ സുപ്രധാനമായത് സന്താനത്തെച്ചൊല്ലിയുള്ള ദുഃഖമാണ്. ഇതിന് പാവപ്പെട്ടവനെന്നോ, പണക്കാരനെന്നോ ഉള്ള ഭേദമില്ല. ജീവജാലങ്ങളുടെ നിലനില്പിന് ആധാരം സന്താനോല്പാദനമാണ്. ജീവവംശം നിലനിന്നുപോകുന്നത് ഇതിലൂടെയാണ്. സന്താനദുഃഖം എന്നതുകൊണ്ട് സന്താനമില്ലായ്മ മൂലമുള്ള ദുഃഖമെന്നോ, സന്താനമില്ലായ്മയെന്നോ അര്‍ത്ഥം കല്പിക്കാവുന്നതാണ്.

കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് ആശ്വാസമരുളുന്ന ഒട്ടനവധി നൂതന ചികിത്സാരീതികള്‍ ആധുനിക വൈദ്യശാസ്ത്രം സംഭാവന നല്‍കിയിട്ടുണ്ട്. ഇതിലൂടെ ഭാഗ്യലബ്ധിയുണ്ടായവര്‍ അനവധിയാണ്. പക്ഷേ, ചിലരുടെ കാര്യത്തില്‍ വൈദ്യശാസ്ത്രത്തിന്റെ ഒരു മേഖലയ്ക്കും ഒന്നും തന്നെ ചെയ്യാനാകാതെ വരുന്നുണ്ട്.

ചികിത്സകളൊന്നും കൊണ്ട് പ്രയോജനമില്ലാതെ വഴിപാടു കഴിച്ചും പ്രാര്‍ത്ഥിച്ചുമെല്ലാം സന്താനയോഗമുണ്ടായവരും നമ്മുടെ സമൂഹത്തിലുണ്ട്.

കുഞ്ഞുങ്ങളുണ്ടാകുക എന്നത് ഈശ്വരീയ അനുഗ്രഹം തന്നെയാണ്. വൈദ്യശാസ്ത്രത്തിലും വഴിപാടുകളിലും പൂജകളിലുമെല്ലാം പ്രതിഫലിക്കുന്നത് ഈശ്വരന്റെ കാരുണ്യവര്‍ഷമാണ്. ഹൈന്ദവ മാന്ത്രിക പൂജാവിധികളില്‍ സന്താന സൗഭാഗ്യത്തിനായി പല കര്‍മ്മങ്ങളും പറഞ്ഞിട്ടുണ്ട്.

ഓരോ മനുഷ്യനും ശാരീരികവും മാനസികവുമായ കാര്യങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്നവരാണ്. അതുകൊണ്ടുതന്നെ ഒരു വ്യക്തിയുടെ വിഷയത്തെ സൂക്ഷ്മമായി പഠിച്ചുവേണം കര്‍മ്മങ്ങള്‍ നിശ്ചയിക്കുവാന്‍.

സന്താനമില്ലായ്മ ലക്ഷ്യമാക്കിയും സന്താനങ്ങളുടെ ഉന്നമനത്തെ ലക്ഷ്യമാക്കിയും രചിക്കുന്ന മാന്ത്രിക യന്ത്രങ്ങളില്‍ പ്രധാനമായ ഒന്നാണ് സന്താനഗോപാല യന്ത്രം. വിഷ്ണുഭഗവാന്റെ ഗോപാല ഭാവമാണിതിന്റെ ശക്തിപ്രഭാവം.

സത്‌സന്താനമുണ്ടാകുന്നതിനും ആ ശിശുവിനെക്കൊണ്ട് തങ്ങള്‍ക്കും ലോകര്‍ക്കും പ്രയോജന പ്രദമാകുന്നതിന് ഗര്‍ഭിണികള്‍ സന്താന ഗോപാലയന്ത്രം ധരിക്കുന്നത് ഉത്തമമാണ്. സന്താന ലബ്ധിക്കായി ചികിത്സകള്‍ തേടുന്നവര്‍ വിശ്വാസപൂര്‍വ്വം ഈ യന്ത്രം ധരിച്ചാല്‍ വളരെ പെട്ടെന്ന് ആഗ്രഹസാഫല്യം ഉണ്ടാകുന്നതാണ്.

സന്താനഗോപാലം ധ്യാനം:
വിജയേന യുതോ രഥസ്ഥിതഃ
പ്രസമാനീയ സമുദ്രമദ്ധ്യതഃ
പ്രദദത്തനയാന്‍ ദ്വിജന്മനേ
സ്മരണീയോ വസുദേവ നന്ദനഃ

ഛന്ദസ്സ്: നാരദഃ ഋഷിഃ, അനുഷ്ടുപ്ച്ഛന്ദഃ, ശ്രീകൃഷ്‌ണോ ദേവതാ.

യന്ത്രസൂത്രം


മാരംമദ്ധ്യേ, സ്വരയുഗലസത്‌കേ സരേഷ്വഷ്ട പത്രേ-
ഷ്വാലിഖ്യാന്തര്‍ജ്ജലനിധിമിതാന്‍ മന്ത്ര വര്‍ണ്ണാന്‍ ക്രമേണ
ഭൂയോഹല്ഭിര്‍ബ്ബഹിരഭിവൃതം ഭൂപുരസ്ഥം തദേത-
ദ്യന്ത്രം സാദ്യോ വിതരതി നൃണാം പുത്രപൗത്രാഭിവൃദ്ധിം.

യന്ത്രരചന: -
ആദ്യം ഒരു വൃത്തം. പിന്നെ അഷ്ടദളം. അതിന് പുറമേ ഒരു വീഥിവൃത്തം. പിന്നെ ഭൂപുരം. ഇപ്രകാരം യന്ത്രം വയ്ക്കുക.
വൃത്തമധ്യത്തില്‍ 'ക്ലീം' എന്ന കാമബീജവും അഷ്ടദളത്തില്‍ 'ദേവകീസുത ഗോവിന്ദ വാസുദേവ ജഗല്‍പ്പതേ ദേഹിമേ തനയം കൃഷ്ണത്വാമഹം ശരണം ഗതഃ'
എന്ന സന്താന ഗോപാലമന്ത്രം നന്നാലക്ഷരം വീതവും കേസരത്തില്‍ ഈ രണ്ട് അച്ചുകളും പുറമേയുള്ള വീഥി വൃത്തത്തില്‍ ചുറ്റുമായി ഹല്ലുകളും എഴുതുക.

അച്ചുകള്‍: -
അ ആ എന്നു തുടങ്ങി അം അഃ എന്നു വരെയുള്ള 16 അക്ഷരങ്ങള്‍.

ഹല്ലുകള്‍: -
ക ഖ എന്നു തുടങ്ങി ള ക്ഷ എന്നു വരെയുള്ള 51 അക്ഷരങ്ങള്‍. ഭൂപുരകോണുകളില്‍ 'ക്ലീം' എന്ന കാമബീജവും കൂടി എഴുതിയാല്‍ യന്ത്രരചന പൂര്‍ത്തിയായി.

പൂജാവിധികള്‍


വിഷ്ണു പൂജകളെല്ലാം അറിയുന്ന കര്‍മ്മിയാകണം സന്താനഗോപാലയന്ത്ര രചന നിര്‍വ്വഹിക്കേണ്ടത്.

ജീവല്‍ പ്രാണശ്ച ശക്തിശ്ച നേത്രശ്രോത്രാദികം തഥാ
യന്ത്രമന്ത്രാ ച ഗായത്രീ പ്രാണസ്ഥാപന മേവച
ഭൂതദിക്പാല ബീജാനി യന്ത്രസ്യാംഗാനി വൈദശാ

എന്ന വിധി പ്രകാരം ജീവന്‍, പ്രാണന്‍, ശക്തി, നേത്രം, ശ്രോത്രം യന്ത്രഗായത്രി, മന്ത്രഗായത്രി, പ്രാണപ്രതിഷ്ഠ, ഭൂതബീജം ദിക്പാല ബീജം എന്നിങ്ങനെയുള്ള ദശാംഗങ്ങളെക്കുറിച്ച് കര്‍മ്മിക്ക് സൂക്ഷ്മമായ അറിവും നിര്‍ബ്ബന്ധമാണ്. ശ്രീകൃഷ്‌ണോപാസന യന്ത്രരചന നിര്‍വ്വഹിക്കുന്ന കര്‍മ്മിയുണ്ടെങ്കില്‍ അത്യുത്തമം. പ്രാണപ്രതിഷ്ഠയ്ക്ക് കദളിപ്പഴം ചേര്‍ത്ത നാഴിപാല്‍പ്പായസം നേദിക്കുന്നത് യന്ത്രത്തിന്റെ ചൈതന്യത്തെ വര്‍ദ്ധിപ്പിക്കും.

സന്താനഭാഗ്യം സന്താന ഉത്ഘര്‍ഷം തുടങ്ങിയ കാര്യങ്ങളെ അറിഞ്ഞുവേണം യന്ത്രം രചിച്ചു നല്‍കുവാന്‍. (ആവശ്യക്കാര്‍ക്കെല്ലാം ഈ യന്ത്രം ഉപദേശിച്ചു കൊടുക്കരുതെന്ന് സാരം. അതായത് പ്രശ്‌നവശാല്‍ സന്താനഭാഗ്യം ഇല്ലാത്തവര്‍ക്ക് ഈ യന്ത്രം നിര്‍മ്മിച്ചു നല്‍കി യന്ത്രത്തിന് ദുഷ്‌പേരു ചര്‍ത്തരുത്) വെള്ളിത്തകിടില്‍ വെള്ളിനാരായം കൊണ്ടോ, സ്വര്‍ണ്ണത്തകിടില്‍ സ്വര്‍ണ്ണനാരായം കൊണ്ടോ യന്ത്രം വരയ്ക്കുക. (ഈ യന്ത്രം നിര്‍മ്മിക്കുമ്പോള്‍ വെള്ളി നാരായം കൊണ്ട് സ്വര്‍ണ്ണത്തകിടില്‍ വരയ്ക്കരുത്. എന്നാല്‍ വെള്ളിത്തകിടില്‍ സ്വര്‍ണ്ണനാരായം ശുഭമാണ്). സന്താന ഗോപാലയന്ത്ര രചന നിര്‍വ്വഹിക്കുന്ന കാലയളവില്‍ ഉഗ്രഭാവത്തിലുള്ള ഹോമപൂജകള്‍ ഒഴിവാക്കേണ്ടതാണ്.

യന്ത്രം ധരിക്കേണ്ടുന്നവരുടെ അറിവിലേക്ക്


ഈ യന്ത്രം അരയില്‍ ധരിക്കാന്‍ പാടില്ലാത്തതാകുന്നു. പുരുഷനും സ്ത്രീക്കും ഈ യന്ത്രം ധരിക്കാവുന്നതാണ്. സന്താനഗോപാലയന്ത്രം നിലത്തു തൊടാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് ധരിക്കുന്നതിന്റെ മൂന്നു നാള്‍ മുമ്പും ധരിച്ചശേഷം ഏഴു നാളുവരേയും വ്രതം അനുഷ്ഠിക്കേണ്ടതുണ്ട്.

(വ്രതനിഷ്ഠകള്‍ യന്ത്ര രചന നിര്‍വ്വഹിക്കുന്ന കര്‍മ്മിയുടെ നിര്‍ദ്ദേശപ്രകാരം വേണം. മുകളില്‍ പറഞ്ഞതില്‍ കൂടുതല്‍ വ്രതം ആവശ്യമുണ്ട് എന്നു കര്‍മ്മി പറയുന്നുവെങ്കില്‍ അത് അനുസരിക്കുക വേണം.)സന്താനത്തെ നല്‍കുകയും അതിനെ പരിപാലിക്കയും ചെയ്യുന്ന ഭഗവാനാണ് ഈ യന്ത്രത്തിന്റെ മൂര്‍ത്തി എന്നതിനാല്‍ സംശയഭാവമൊഴിഞ്ഞ് ഭക്തിയോടെ യന്ത്രം ധരിച്ചാല്‍ ആഗ്രഹസാഫല്യമുണ്ടായി വരും.

ത്രിശൂല തത്ത്വാചാര്യ
ഹരിചന്ദനമഠം രതീഷ് ജെ. അയ്യര്‍
മൊ: 9496367702

Ads by Google
Saturday 27 Jan 2018 02.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW