Saturday, June 22, 2019 Last Updated 4 Min 48 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Saturday 27 Jan 2018 01.28 PM

ആക്ഷനാണ് ആദി

Aadi, Pranav Mohanlal

നായകനായ പ്രണവ് മോഹന്‍ലാല്‍ കുതിച്ചുചാടാനൊരുങ്ങിയ രംഗം വായുവില്‍തന്നെ ഫ്രീസ് ചെയ്താണ് ആദി പൂര്‍ത്തിയാകുന്നത്. അത് യാദൃശ്ചികമാകാന്‍ വഴിയില്ല. മലയാളസിനിമയുടെ വാനിലേക്കു താരപുത്രന്‍ കുതിക്കുകയാണ് എന്നുപറയാനാണ് സിനിമയുടെ അണിയറക്കാര്‍ ലക്ഷ്യമിട്ടത് എന്നതു നിസ്തര്‍ക്കം. എന്നാല്‍ മില്യണ്‍ഡോളര്‍ ചോദ്യം ഇതാണ്. ആദിയായി വന്ന പ്രണവ് മോഹന്‍ലാല്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നോ?.

ഉവ്വ് എന്നു തന്നെയാണ് ഉത്തരം. പിതാവ് മോഹന്‍ലാലിന്റെ ലെഗസി കൊണ്ടല്ല, മലയാളസിനിമയ്ക്കു പരിചയമില്ലാത്ത ഒരു ശരീരഭാഷയും മെയ്‌വഴക്കവും കാട്ടിക്കൊണ്ടാണെന്നു നിസംശയം പറയാം. ആദി ഒരു ആക്ഷന്‍ ത്രില്ലറാണ്. പ്രണവ് മോഹന്‍ലാലിന്റെ അസാധാരണമായ, ഒരു പുതുമുഖത്തില്‍നിന്നു പ്രതീക്ഷിക്കാത്തതരത്തിലുള്ള ശാരീരികപ്രകടനമാണ്, അതും പരിചയമില്ലാത്തതരത്തിലുള്ള സാഹസികപ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്. അതിനൊപ്പം ജിത്തു ജോസഫ് സിനിമകളുടെ സവിശേഷതയായ മികച്ച ക്‌ളൈമാക്‌സും. ഇതു രണ്ടും മൈനസ് ചെയ്താല്‍ ആദി ഒരു സാധാരണ ത്രില്ലറാണ്. എങ്കിലും പ്രണവ് മോഹന്‍ലാലിന്റെ തുടക്കം മോശമായില്ല എന്നുതന്നെ ഉറപ്പിക്കാം.

Aadi, Pranav Mohanlal

ടിപ്പിക്കല്‍ ജിത്തു ജോസഫ് ത്രില്ലറാണ് ആദി. ദൃശ്യത്തിലെ അതേ വിജയഫോര്‍മുല, ഊഴത്തില്‍ ആവര്‍ത്തിച്ച അതേഫോര്‍മുല തന്നെയാണ് ജിത്തു പ്രണവ് മോഹന്‍ലാലിനായി ഒരുക്കിയിരിക്കുന്നത്. ഒരുതരം സെയ്ഫ്‌പ്ലേ. കുടുംബബന്ധങ്ങളുടെ സരളതയില്‍ തുടങ്ങി യാദൃശ്ചികമായ ഒരു ട്രാജഡിയില്‍ കുടുങ്ങി ഒടുവില്‍ ബുദ്ധി ഉപയോഗിച്ചു രക്ഷപ്പെടുന്ന ഒരു സര്‍പ്രൈസ് ത്രില്ലര്‍. എന്നാല്‍ മുന്‍സിനിമകളില്‍നിന്നു വ്യത്യസ്തമാക്കുന്നത് മലയാളസിനിമയ്ക്കു പരിചിതമല്ലാത്ത ആക്ഷനാണ്. ആക്ഷന്‍ എന്നുപറയുമ്പോള്‍ ബ്രീത്ത്‌ടേക്കിങ് എന്നുവിശേഷിപ്പിക്കേണ്ട സാഹസികരംഗങ്ങളാണ്. ജെയിംസ് ബോണ്ട് ചിത്രമായ കസിനോ റൊയാലിലെ ഓപ്പണിങ് രംഗത്തിലും സൂര്യയുടെ അയനിലെ കോംഗോ രംഗങ്ങളിലും പ്രേക്ഷകരെ പിടിച്ചിരുത്തിയ തരത്തിലുള്ള അക്രോബാറ്റിക് സാഹസികരംഗങ്ങള്‍. അത് പ്രണവ് മോഹന്‍ലാല്‍ എന്ന തുടക്കക്കാരന്‍ വിശ്വസനീയതയോടെ, ഡ്യൂപ്പില്ലാതെ അവതരിപ്പിക്കുമ്പോള്‍ ഉയരുന്ന കൈയടി തുടക്കം പിഴച്ചില്ല എന്നുതന്നെ തെളിയിക്കുന്നതാണ്. പാര്‍കൗര്‍ എന്ന അയോധനകലഅഭ്യാസിയായാണ് പ്രണവിനെ അവതരിപ്പിക്കുന്നത്. പ്രതിയോഗികളില്‍ നിന്ന് രക്ഷപ്പെടാനുള്ള രണ്ടു ദീര്‍ഘരംഗങ്ങള്‍, ക്‌ളൈമാക്‌സിലെ ഏറ്റുമുട്ടല്‍ എന്നിവയാണ് സിനിമയിലെ ഏറ്റവും സവിശേഷമായ രംഗങ്ങള്‍. ഇവയിലെ പ്രണവിന്റെ പാര്‍കൗര്‍ പ്രകടനമാണ് സിനിമയെ ആകര്‍ഷണമാക്കുന്നത്. അതിനൊരുക്കിയിരുന്ന പശ്ചാത്തലവും ആക്ഷന്‍ കൊറിയോഗ്രഫിയും മലയാളസിനിമയില്‍ സമാനതകളില്ലാത്ത കാഴ്ചയാണ്.

Aadi, Pranav Mohanlal

എന്നാല്‍ പ്രണവിന്റെ ആദിയെന്ന കഥാപാത്രം ഒരു ആക്ഷന്‍ നായകനല്ല. അതിജീവനത്തിനായി, ഒരു കൊലപാതകത്തില്‍ തന്റെ നിഷ്‌കളങ്കത തെളിയിക്കാനായി ഓടിക്കൊണ്ടിരിക്കുന്ന ഒരു പാവം ചെറുപ്പക്കാരനാണ്. തുടക്കം മുതലുള്ള ഈ ഓട്ടമാണ് സിനിമയുടെ ത്രില്ലര്‍ പ്ലോട്ട്. സംഗീതസംവിധായകനാകാനാണ് ആദി ബംഗളുവുരിലെത്തുന്നത്. അവിടെ വച്ച് ഒരു കൊലപാതകത്തിന് സാക്ഷിയാകുന്നു. അവിടം മുതല്‍ ഓട്ടമാണ്. ഈ ഓട്ടം ആദ്യറൗണ്ടുകളില്‍ മെല്ലെയാണെങ്കിലും അവസാനലാപ്പില്‍, ക്‌ളൈമാക്‌സില്‍ ത്രില്ലടിപ്പിച്ചാണ് ഫിനിഷ് ചെയ്യുന്നത്. അതാണു സിനിമയുടെ മികവും. ആ ഫിനിഷിങ്ങിലേയ്‌ക്കെത്തുന്ന ലിങ്കുകള്‍ പലതും ദുര്‍ബലമാണ്. ജിത്തുവിന്റെ ത്രില്ലറുകളില്‍ ഏറ്റവും ദുര്‍ബലമായ സ്‌ക്രിപ്ടാണ് ആദിയുടേത്. പോരാത്തതിന് താരപുത്രനെ ലോഞ്ച് ചെയ്യുന്നതിനുള്ള ആധി ചിത്രത്തിലുടനീളം പ്രത്യക്ഷം. താരത്തിനും നിര്‍മാതാവിനും ഒരു പ്രൈവറ്റ് ഗ്രൂപ്പിന്റെ റോള്‍സ് റോയ്‌സ് കാറിനുവരെ സമയം വീതംവച്ചുകളഞ്ഞു. അതിലേറെയാണ് ആദിയുടെ അമ്മ റോസക്കുട്ടി(ലെന)യുടെ അനാവശ്യആധികള്‍ക്ക് സമയം കളയുന്നത്. ഇതെല്ലാം ട്രിം ചെയ്തിരുന്നെങ്കില്‍ രണ്ടേമുക്കാല്‍മണിക്കൂറില്‍നിന്ന് രണ്ടുമണിക്കൂറില്‍ ഒതുങ്ങി കുറച്ചുകൂടി ടൈറ്റായ, ക്രിസ്പിയായ ഒരു ത്രില്ലര്‍ ഒരുങ്ങിയേനെ. ലെന നല്ല നടിയാണെങ്കിലും ഇക്കുറി സാമാന്യം നന്നായി ബോറടിപ്പിച്ചു. സിദ്ധിഖും തന്റെ പതിവ് നിലവാരത്തിലേയ്ക്കുയര്‍ന്നില്ല. അദിതി രവിയും അനുശ്രീയുമാണ് മുഖ്യസ്ത്രീവേഷങ്ങളില്‍. ഷറഫഫുദീന്‍, മേഘനാഥന്‍ എന്നിവരാണു സപ്പോര്‍ട്ടിങ് കാസ്റ്റിലെ പ്രധാനപ്പെട്ടവര്‍. പ്രതിയോഗികളായെത്തുന്നത് പുലിമുരുകനിലെ ഡാഡി ഗിരിജ, ജഗപതി ബാബു, സിജു വില്‍സണ്‍ സുജോയ് വര്‍ഗീസ് എന്നിവരും.

ആദിയിലെ ആക്ഷന്‍ രംഗങ്ങളെ ശ്വാസം വിശ്വസനീയമായി, ശ്വാസം പിടിച്ച് കാണാന്‍ നിര്‍ബന്ധിക്കുന്ന തരത്തില്‍ കാമറയില്‍ പകര്‍ത്തിയ സതീഷ് കുറുപ്പിന്റെ മികവ് എടുത്തുപറയേണ്ടതാണ്. ജിത്തുവിന്റെ സ്ഥിരം സംഗീതകാരന്‍ അനില്‍ ജോണ്‍സണിന്റെ പശ്ചാത്തലസംഗീതവും ശ്രദ്ധേയം. മഞ്ഞില്‍വിരിഞ്ഞ പൂക്കളിലെ മിഴിയോരം എന്ന പാട്ടിന്റെ റീമിക്‌സും ശ്രദ്ധേയം.

Aadi, Pranav Mohanlal

ഇതൊരു ലോഞ്ചിങ് സിനിമയാണ്. പബ്ലിസിറ്റിയില്‍ മാത്രമല്ല, അവതരണത്തിലെ പരിചരണവും അണിയറയില്‍ താരപുത്രന്റെ ആ അരങ്ങേറ്റത്തിനു പിന്നിലുള്ള ആധിയാണ് വ്യക്തമാക്കുന്നത്. അത് സിനിമയ്ക്കുളളില്‍ ഒഴിവാക്കാമായിരുന്നു. ആദിയിലെ കഥാപാത്രം ആവശ്യപ്പെടുന്നത്, മൃദുഭാഷിയായ, സംഗീതമോഹിയായ, അല്‍പം ഇന്‍ട്രോവെര്‍ട്ടായ ഒരു ചെറുപ്പക്കാരനെയാണ്. സ്വഭാവികമായ, പരിചിതമല്ലാത്ത ശൈലിയിലൂടെ പ്രണവ് അത് മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ബാലതാരമായി വന്ന് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ നടനാണ് പ്രണവ്. ഈ മികവ് തുടരുമോ എന്നാണ് ആ അവസാനസീനിലെ ആ കുതിപ്പ് കാണുമ്പോള്‍ ചോദിക്കേണ്ടിവരുന്നത്. കുതിക്കുക തന്നെ ചെയ്യട്ടെ എന്നാശംസിക്കുന്നു.

evshibu1@gmail.com

Ads by Google
Ads by Google
Loading...
TRENDING NOW