Tuesday, November 06, 2018 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Friday 26 Jan 2018 08.27 PM

കടുംനിറത്തിലൊരു പദ്മാവതി

Padmavati

നിറങ്ങളോട്, സ്ഫടിക വിളക്കുകളോട്, സുന്ദരികളായ നായികമാരോട് വല്ലാത്ത ഒബ്‌സഷന്‍ ഉള്ള സംവിധായകന്‍ ആണ് സഞ്ജയ് ലീലാ ബന്‍സാലി. ഹം ദില്‍ ദേ ചുകേ സനം മുതല്‍ തുടങ്ങിയ ഈ ഒബ്‌സഷന്‍ ദസ്‌തേവസ്‌കിയുടെ വെളുത്ത രാത്രി, സാവരിയ ആയപ്പോഴും ഷേക്‌സ്പിയറുടെ റോമിയോ ജൂലിയറ്റ്, രാമലീല ആയപ്പോഴും പിന്നാലെ വന്ന ബജ്‌റാവോ മസ്താനിയിലും കണ്ടതാണ്. ബാഹുബലിയുടെ അസാധാരണവിജയം ആ ഒബ്‌സഷന്റെ വ്യാപ്തി കൂട്ടി. അതാണ് ഇന്ത്യയെ മുഴുവന്‍ ഇളക്കിമറിച്ച, ‘ി' പോയ പദ്മാവതിയുടെ കഥ, പദ്മാവത്. അല്ലെങ്കില്‍ അതുമാത്രമാണ് പദ്മാവത്. നിറങ്ങളും രജപുത്ര വീരകഥകളും കൊട്ടാരങ്ങളും നിറഞ്ഞ, സഞ്ജയ് ലീലാ ബന്‍സാലിയുടെ മാഗ്നിഫിസെന്റ് എന്നു വിശേഷിപ്പിക്കേണ്ട, അതിമനോഹരദൃശ്യങ്ങളുടെ 3 ഡി ഇഫക്ടിലുള്ള കാഴ്ചയാണ് പദ്മാവത്. അതിനപ്പുറം എന്‍ഗേജിങ് അല്ലാത്ത രചനയും കേട്ടുപഴകിയ രജപുത്ര ഫോക്‌ലോറും മാത്രം നിറഞ്ഞ സിനിമ ചരിത്രത്തിന്റെയും വസ്തുതകളുടേയും ഏകപക്ഷീയമായ കാഴ്ചപ്പാടാണ്. തീവ്രഹിന്ദു വലതു സംഘടനകള്‍ മോഹിക്കുന്ന പോലൊരു അവതരണം. അതിനെതിരേ എന്തിനാണ് ഈ രജപുത്ര കര്‍ണിസേന വെകിളികള്‍ ഈക്കണ്ട കോലാഹലെമെല്ലാം സൃഷ്ടിക്കുന്നതെന്ന് അമ്പരിപ്പിക്കുന്ന ചോദ്യമാണ്. സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നത് രജപുത്രവീര്യത്തെക്കുറിച്ചുള്ള വാക്‌ധോരണികളാണ്. വിവാദമുണ്ടാക്കാന്‍ മന:പൂര്‍വം സൃഷ്ടിച്ചൊരു വിവാദം കൈവിട്ടുപോയതാണോ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റംപറയാനും വയ്യ. രജപുത്ര ധീരവനിതയായ ചിത്തോര്‍ഗഡിലെ റാണി പദ്മാവതിയെന്ന റാണി പദ്മിനിയെ അവഗണിച്ചു എന്നു പറഞ്ഞായിരുന്നല്ലോ, ഈ ബഹളം മുഴുവന്‍. എന്നാല്‍ സിനിമ അവഹേളിക്കുകയും ചരിത്രം വളച്ചൊടിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ഒന്നിനെ മാത്രമാണ്, ദില്ലി ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ അല്ലാവുദീന്‍ ഖില്‍ജിയെ. കര്‍ണിസേനയ്ക്കുപകരം ഖില്‍ജി സേന എന്നുപറഞ്ഞൊരു കൂട്ടമായിരുന്നു ഈ സിനിമയ്‌ക്കെതിരേ രംഗത്തുണ്ടായിരുന്നതെങ്കില്‍ എന്തെങ്കിലും തരത്തിലുള്ള മെറിറ്റ് ഈ കോലഹലത്തിനുകാണാമായിരുന്നു.

Padmavati

ഗംഭീരമാണ് പദ്മാവതിയുടെ ചിത്രീകരണം. ഓരോ ഫ്രെയിമിലും ഓരോ പോര്‍ട്രെയിറ്റ് പോലെ സുന്ദരമാക്കിയ സിനിമ. സിനിമയ്ക്ക് ആ പെര്‍ഫെക്ഷന്‍ ഒരുക്കാന്‍ ബന്‍സാലി ചെലുത്തിയ അസാധാരണപ്രയത്‌നം ഓരോസീനീലും വ്യക്തം. എന്നാല്‍ എല്ലാം ദുര്‍ലബലമായ ഒരു സ്‌ക്രിപ്റ്റിനെ ചുറ്റിസൃഷ്ടിച്ചതാണെന്നു വ്യക്തം. അടിത്തറ ദുര്‍ബലമായ പളുങ്കുകൊട്ടാരം എന്നുതന്നെയാണ് പദ്മാവതിനെ വിശേഷിപ്പിക്കേണ്ടത്. രണ്ടേമുക്കാല്‍ മണിക്കൂറുള്ള സിനിമ ചിലയിടങ്ങളില്‍ ശരിക്കും രസിപ്പിക്കുന്നുണ്ട്. എന്നാല്‍ അതിവൈകാരികമായ കാഴ്ചകള്‍ക്കുശേഷം തരക്കേടില്ലാത്ത ക്ളൈമാക്‌സിലേക്കാണ് എത്തുന്നതെങ്കിലും സതിയെന്ന അങ്ങേയറ്റം പ്രതിലോമകരമായ, സ്ത്രീവിരുദ്ധമായ, മനുഷ്യവിരുദ്ധമായ ആശയത്തിന്റെ മഹത്വവല്‍ക്കരണത്തിലേക്കാണ് സിനിമ എത്തുന്നത് എന്നതു ദയനീയം.

ചിത്തോര്‍ഗഡ് പിടിച്ചെടുക്കാനുള്ള അല്ലാവുദീന്‍ ഖില്‍ജിയുടെ യുദ്ധമാണ് സിനിമയുടെ പശ്ചാത്തലം. എന്നാല്‍ സിനിമ യുദ്ധത്തിന്റെ കാഴ്ചയിലേയ്ക്കല്ല ഫോക്കസ് ചെയ്യുന്നത്. സ്ത്രീയിലും അധികാരത്തിലും ആര്‍ത്തിപൂണ്ട ഖില്‍ജിക്ക് പദ്മാവതിയെ സ്വന്തമാക്കാനുള്ള മോഹത്തിലേക്കാണ്. ചരിത്രത്തിലുണ്ടോ എന്ന് വസ്തുതകള്‍ തീര്‍ച്ചപ്പെടുത്തിയിട്ടില്ലാത്ത പദ്മാവതിയെ അവതരിപ്പിക്കാന്‍ ബന്‍സാലി ആശ്രയിച്ചത് പതിനാറാം നൂറ്റാണ്ടില്‍ മാലിക് മുഹമ്മദ് ജെയ്‌സി എന്ന സൂഫി കവി എഴുതിയ പദ്മാവത് എന്ന സാങ്കല്‍പ്പിക കവിതയാണ്. കവിതയുടെ പേരാണ് സിനിമയ്ക്കു വിവാദങ്ങളെത്തുടര്‍ന്നു സ്വീകരിക്കേണ്ടിവരുന്നതും. സിംഹളരാജകുമാരിയായ റാണി പദ്മിനിയെ മോഹിച്ച് രജപുത്ര രാജാവായ രത്തന്‍ സിങ് ഭാര്യയാക്കുന്നതും പദ്മാവതിയുടെ സൗന്ദര്യത്തെക്കുറിച്ചു കേട്ടറിഞ്ഞ അല്ലാവുദീന്‍ ഖില്‍ജി ചിത്തോര്‍ഗഡിനെ ആക്രമിക്കുന്നതുമാണ് സഞ്ജയ് ലീലാ ബന്‍സാലി പ്രമേയമാക്കിയിരിക്കുന്നത്

Padmavati

രജപുത്രര്‍ സമം ധീരത, ധാര്‍മികത; മുഗളര്‍ സമം ചതി, ക്രൂരത എന്നൊരു ബൈനറിയിലാണ് ബന്‍സാലിയുടെ സ്‌ക്രിപ്ട് സൃഷ്ടിക്കപ്പെട്ടിരുന്നത്. സിനിമയുടെ പശ്ചാത്തലരംഗങ്ങളില്‍ പോലുമുണ്ട് ആ കാഴ്ചപ്പാട്. നിറമുള്ള കൊട്ടാരങ്ങളും വസ്ത്രങ്ങളും തെളിഞ്ഞ , സന്തോഷമുള്ള മുഖങ്ങളും നിറയുന്ന ചിത്തോര്‍ഗഡിലെ കൊട്ടാരം സദാ വെളിച്ചമുള്ളതാണെങ്കില്‍ ലൈംഗികക്രൂരതകളും ചതിയും അധികാരത്തിന്റെ കുതികാല്‍വെട്ടും മാത്രം നിറയുന്ന ഖില്‍ജിയുടെ കൊട്ടാരത്തിന്റെ, വസ്ത്രങ്ങളുടെ, പശ്ചാത്തലത്തിന്റെ നിറം സദാ ഇരുണ്ടതാണ്. സുല്‍ത്താന്റെ ബീവി മെഹ്‌റുന്നീസ(അദിതി റാവു ഹൈദര്‍) മാത്രമാണ് ആ മുഗള്‍ രാജവംശത്തില്‍ ധാര്‍മികതയുള്ളത്. അതാവട്ടെ പദ്മാവതിയുടെ ധീരതയ്ക്കു വിശ്വാസ്യത പകരാനുള്ളതു മാത്രവും.

പദ്മാവതിയുടെ കഥയെന്നാണു വയ്‌പെങ്കിലും സ്‌ക്രീനിലെ പദ്മാവതിക്കു വളരെക്കുറച്ചു സ്‌ക്രീന്‍ സ്‌പെയ്‌സോ ഉള്ളു. അതും ഇടവേളയ്ക്കു മുമ്പ് ഏതാനും രംഗങ്ങളില്‍. അല്ലാവുദീന്‍ ഖില്‍ജിയുടെ പൈശാചികതയെയും വന്യതയെയും ചിത്രീകരിക്കാനാണ് ഏറെ സമയം ചെലവിട്ടിരിക്കുന്നത്. ദീപിക പദുക്കോണിന് അസാധാരണപ്രകടനത്തിനുള്ള സാധ്യതയൊന്നും പദ്മാവതി ഒരുക്കുന്നില്ല. സുന്ദരിയായിരിക്കുക എന്നതാണു അവരില്‍നിന്ന് സിനിമ ഡിമാന്‍ഡ് ചെയ്യുന്നത്. അതില്‍ അവര്‍ 100 ശതമാനവും വിജയിച്ചിട്ടുണ്ട്. കഥയില്‍ വില്ലനാണെങ്കിലും വേഷത്തില്‍ മുഖ്യനായ അല്ലാവുദീന്‍ ഖില്‍ജിയെ ഹൈ എനര്‍ജി പെര്‍ഫോമെന്‍സിലൂടെയാണ് രണ്‍വീര്‍ സിങ് അവതരിപ്പിക്കുന്നത്. എക്‌സെന്‍ട്രിക്കായ മുഗള്‍രാജാവായി ഹൈ അഡ്രിനാലിന്‍ പ്രകടനം തന്നെ രണ്‍വീര്‍ സിങ് നടത്തുന്നുണ്ട്. ക്യൂര്‍ ഐഡന്റിറ്റിയുള്ള ഖില്‍ജി രണ്‍വീറിന് ഇതുവരെ കിട്ടിയഏറ്റവുമധികം പ്രകടനസാധ്യതയുള്ള കഥാപാത്രമാണ്. എന്നാല്‍ കൊണ്ടും ചിത്തോര്‍ഗഡിലെ രാജാവായെത്തുന്ന ഷാഹിദ് കപൂറിന് ശരീരം കൊണ്ടും പ്രകടനം രണ്‍വീറിനു തുല്യമാകുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാവുന്നില്ല.

Padmavati

സാങ്കേതികമായി സിനിമ ഹൈക്ലാസാണ്. ലോകത്ത് ഇന്നിറങ്ങുന്ന ഏതും സിനിമയ്ക്കും ഒപ്പം നില്‍ക്കും. ശരിക്കും ഒരു മാഗ്നം ഓപ്പസ്. ത്രിഡി വിഷ്വലുകളിലുമുണ്ട്, ആ സ്‌പെക്റ്റക്കിള്‍. ബാഹുബലിയെ കവച്ചുവയ്ക്കുന്ന, ഒറിജിനാലിറ്റി തോന്നുന്ന കലാസംവിധാനമാണ് സിനിമയുടേത്. വിഷ്വല്‍ ഇഫക്ടുകളും സിജി പ്രയോഗങ്ങളും ഹോളിവുഡ് നിലവാരത്തില്‍. ബജ്‌റാവോ മസ്താനിയുടെ ദൃശ്യങ്ങളൊരുക്കിയ, സുദീപ് ചാറ്റര്‍ജിയാണ് ക്യാമറ. ഓരോ ഫ്രെയിമും മാജിക്കല്‍. പതിവുതെറ്റിക്കാതെ ബന്‍സാലി തന്നെ സംഗീതവും നിര്‍വഹിച്ചു. ഖൂമര്‍ എന്ന പാട്ട് അതിന്റെ എനര്‍ജി കൊണ്ട് ശ്രദ്ധേയം. തീം മ്യൂസിക് സവിശേഷതയുള്ളതായി അനുഭവപ്പെട്ടു.

മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ ബജ്‌റാവോ മസ്താനിക്കുശേഷമാണ് ബന്‍സാലി വീണ്ടുമെത്തുന്നത്. ബജ്‌റാവോ മസ്താനിയുടെ വിശാലമായ കാഴ്ചകളാണ് ബന്‍സാലിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത് എന്നു സംശയമില്ല. അതിലും വലിയ കാഴ്ചയാണ് ഇക്കുറി ലക്ഷ്യമിടുന്നത്. അതില്‍ വിജയവുമുണ്ട്. അതുമതിയെന്നുള്ളവരെ പദ്മാവത് നിരാശപ്പെടുത്തില്ല. മറിച്ച് നാടോടിക്കഥകളുടെ വായ്ത്താരികള്‍ക്കപ്പുറം എന്തെങ്കിലും പറയാന്‍ ബന്‍സാലി ധൈര്യം കാട്ടിയെന്ന് ആരെങ്കിലും പ്രതീക്ഷിച്ചുവെങ്കില്‍ രണ്ടേമുക്കാല്‍ മണിക്കൂറോളം ഉദാത്തപ്രണയ, ധീരത പൈങ്കിളി സാഹിത്യം കേട്ട് ബോറടിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ബാഹുബലി പോലൊരു യുദ്ധസിനിമയും പ്രതീക്ഷിക്കരുത്. രാമാനന്ദ് സാഗര്‍ മോഡല്‍ യുദ്ധം അല്‍പം കാശുമുടക്കിയെടുത്ത നിലവാരമേ ഉള്ളു. അതും വളരെക്കുറച്ചു നേരം.

evshibu1@gmail.com

Ads by Google
Ads by Google
Loading...
TRENDING NOW