Friday, December 14, 2018 Last Updated 5 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 26 Jan 2018 02.19 PM

വയനാട്ടിലെ കുപ്പായക്കാരി

സംസ്ഥാന അവാര്‍ഡ് നേടിയ ചലച്ചിത്ര വസ്ത്രാലങ്കാരക സ്റ്റെഫി സേവ്യറുടെ വര്‍ണ്ണശബളമായ വിശേഷങ്ങള്‍.....
uploads/news/2018/01/187027/stephyxaviour2601183.jpg

ദ ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയിലെ മമ്മൂട്ടിയുടെ ഷര്‍ട്ടുകളും ജാക്കറ്റുകളും കണ്ട് കിടിലന്‍ എന്ന് പറയാത്ത ഫാഷന്‍ പ്രേമികളില്ല. മമ്മൂട്ടിയെ ഇത്രയും സുന്ദരനാക്കി സ്‌ക്രീനിന് മുമ്പിലെത്തിച്ചത് ഒരു പെണ്‍കുട്ടിയാണ്, സ്‌റ്റെഫി സേവ്യര്‍.

2016 ലെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ സ്‌റ്റെഫി സിനിമയില്‍ ചുവടുറപ്പിച്ചു തുടങ്ങിയിട്ടേ ഉള്ളൂ. സിനിമ സ്വപ്നം കണ്ട് വയനാട്ടില്‍ നിന്ന് കൊച്ചിയിലെത്തിയ സ്‌റ്റെഫിയുടെ വര്‍ണ്ണങ്ങള്‍ നിറഞ്ഞ പുതുവര്‍ഷ സ്വപ്‌നങ്ങളിലൂടെ...

പ്രതീക്ഷകളുടെ ന്യൂ ഇയര്‍


ന്യൂ ഇയര്‍ റെസല്യൂഷനുകളിലൊന്നും എനിക്ക് വിശ്വാസമില്ല. വലിയ ആഘോഷങ്ങളുമില്ല. സിനിമയ്ക്കുവേണ്ടി പല ആഘോഷങ്ങളും മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്. ആദ്യമൊക്കെ വിഷമം തോന്നിയെങ്കിലും ഇപ്പോഴതില്‍ സങ്കടമൊന്നുമില്ല. കാരണം സീരിയസായൊരു പ്രൊഫഷനാണ് എന്റേത്. അതിനുവേണ്ടി പല ആഘോഷങ്ങളും മാറ്റിവയ്ക്കേണ്ടി വരും.

ആട് 2, ആന അലറലോടറല്‍ എന്നീ ചിത്രങ്ങളുടെ വിജയത്തോടെയാണ് പുതുവര്‍ഷം തുടങ്ങുന്നത്. ബിജുമേനോന്‍ നായകനായ റോസാപ്പൂ എന്ന ചിത്രം റിലീസാവാനുണ്ട്.

വളരെ പ്രതീക്ഷയോടെ സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്ന സിനിമയാണ് റോസാപ്പൂ. ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി, കളര്‍ഫുള്ളായ വസ്ത്രങ്ങളാണ് ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷവും നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിയണേ എന്നാണ് പ്രാര്‍ത്ഥന.

പുതിയ വര്‍ഷത്തെ സന്തോഷത്തോടെ സ്വീകരിക്കുമെങ്കിലും ഡിസംബറിനെ വിട്ടുപിരിയാന്‍ എനിക്ക് മടിയാണ്. എന്റെ കരിയറില്‍ നിര്‍ണ്ണായകമായ മാറ്റം വരുത്തിയ ഒരു മാസമാണത്. ആദ്യമായി ഒരു പരസ്യത്തിനുവേണ്ടി കോസ്റ്റിയൂം ചെയ്തത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ഡിസംബര്‍ 22 നാണ്. ആദ്യത്തെ സിനിമ കമ്മിറ്റ് ചെയ്തതാകട്ടെ മറ്റൊരു ഡിസംബര്‍ 26 നും.

ലക്കി 2017


കരിയറിലെ വിലപ്പെട്ട വര്‍ഷമായിരുന്നു 2017. ഒരു കോസ്റ്റിയൂം ഡിസൈനര്‍ എന്ന രീതിയില്‍ അറിയപ്പെട്ടതും അംഗീകരിക്കപ്പെട്ടതും കഴിഞ്ഞ വര്‍ഷമാണ്. മാത്രമല്ല നല്ല കുറേ പ്രോജക്ടുകളുടെ ഭാഗമാകാനും കഴിഞ്ഞു.
uploads/news/2018/01/187027/stephyxaviour260118a.jpg

ദ ഗ്രേറ്റ് ആക്ടര്‍


എനിക്ക് ഒരുപാട് അഭിനന്ദനങ്ങള്‍ നേടിത്തന്ന സിനിമയാണ് ദ ഗ്രേറ്റ് ഫാദര്‍. കോസ്റ്റിയൂമിനെ കുറിച്ച് സംസാരിക്കാന്‍ ചെന്നൈയിലെ വീട്ടില്‍ ചെന്നപ്പോഴാണ് മമ്മൂക്കയെ ആദ്യമായി നേരിട്ട് കാണുന്നത്. ചെറിയൊരു ടെന്‍ഷനുണ്ടായിരുന്നു. കാരണം ഫാഷന്‍ ട്രെന്‍ഡുകള്‍ ഫോളോ ചെയ്യുന്ന, ഫാഷന്‍ സെന്‍സുള്ള, അപ്റ്റുഡേറ്റായ ആളാണദ്ദേഹം.

സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പേടി മാറി. കഥാപാത്രത്തിന്റെ വസ്ത്രങ്ങളെ കുറിച്ച് ഞാന്‍ പറഞ്ഞതിലും കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹമെനിക്ക് പറഞ്ഞു തന്നു. മമ്മൂക്കയുടെ പേഴ്സണല്‍ കോസ്റ്റിയൂമര്‍ അഭിജിത്തും അദ്ദേഹത്തിന്റെ ഇഷ്ടങ്ങളെ കുറിച്ച് പറഞ്ഞു തന്ന് സഹായിച്ചു. ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയപ്പോള്‍ തന്നെ മമ്മൂക്കയുടെ ഷര്‍ട്ട് തരംഗമായി മാറിയിരുന്നു.

ഫാഷന്‍ ലോകത്തേക്ക്...


വയനാട്ടിലെ മാനന്തവാടിയാണ് എന്റെ സ്വദേശം. ചെറുപ്പം മുതല്‍ സിനിമ എനിക്കിഷ്ടമായിരുന്നു. പണ്ടു മുതല്‍ സിനിമ കാണുമ്പോള്‍ കൂടുതലും ശ്രദ്ധിക്കുന്നത് നായികമാരുടെ കോസ്റ്റിയൂമാണ്. അതുപോലുള്ള ഡ്രസ്സുകള്‍ വേണമെന്ന് പറഞ്ഞ് അന്നൊക്കെ വാശിപിടിക്കുമായിരുന്നു. ആ വാശിയാണ് എന്നെ സിനിമയില്‍ എത്തിച്ചത്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഭാവിയില്‍ ആരാകണം എന്ന് ടീച്ചര്‍ ചോദിക്കുമ്പോഴും സിനിമയില്‍ കോസ്റ്റിയൂം ഡിസൈനറാകണമെന്ന ഒറ്റ ഉത്തരമേ എനിക്കുണ്ടായിരുന്നുള്ളു.

ഫാഷന്റെ കാര്യത്തില്‍ വയനാട് പിന്നോട്ടാണെങ്കിലും എന്റെ മാതാപിതാക്കള്‍ മോഡേണ്‍ ചിന്താഗതി ഉള്ളവരായിരുന്നു. അതുകൊണ്ട് എന്റെ ഇഷ്ടം മനസിലാക്കി ഫാഷന്‍ ഡിസൈനിങ് കോഴ്സ് പഠിപ്പിക്കുന്ന സ്ഥാപനങ്ങളെ കുറിച്ച് അന്വേഷിച്ചറിഞ്ഞ് ബംഗളൂരുവില്‍ പഠിക്കാനയച്ചു.

പഠനശേഷം കൊച്ചിയിലെത്തി. സിനിമയില്‍ വര്‍ക്ക് ചെയ്യുക എന്നതായിരുന്നു ഉദ്ദേശം. കൊച്ചി എന്നെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. അന്യ നാട്ടില്‍ നിന്നുള്ളവരെ ഇത്രയും സ്നേഹിക്കുകയും കെയര്‍ ചെയ്യുകയും ചെയ്യുന്ന ആളുകളെ കൊച്ചിയിലല്ലാതെ മറ്റെവിടെയും കണ്ടിട്ടില്ല.

സിനിമയുടെ മാന്ത്രികലോകം


പഠനം പൂര്‍ത്തിയാക്കി സിനിമ എന്ന മോഹവുമായി കൊച്ചിയിലെത്തുമ്പോള്‍ കൂട്ടിനുണ്ടായിരുന്നത് ആത്മവിശ്വാസവും നൂറോളം പരസ്യങ്ങള്‍ ചെയ്ത അനുഭവങ്ങളുമായിരുന്നു.

സിനിമയില്‍ പലപ്പോഴും റെഡിമെയ്ഡ് വസ്ത്രങ്ങള്‍ അതുപോലെ ഉപയോഗിക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ കോസ്റ്റിയൂം ഡിസൈനര്‍ക്ക് ക്രിയേറ്റീവായി ഒന്നും ചെയ്യാനുണ്ടാവില്ല. പക്ഷേ എന്റെ കാര്യത്തില്‍ അതങ്ങനെയായിരുന്നില്ല. അതുകൊണ്ട് ഒരു കോസ്റ്റിയൂം ഡിസൈനര്‍ എന്ന നിലയില്‍ ഞാന്‍ ലക്കിയാണ്.

uploads/news/2018/01/187027/stephyxaviour260118b.jpg

ലുക്കാ ചുപ്പിയാണ് എന്റെ ആദ്യ സിനിമ. ഒരു രാത്രിയുടെ പശ്ചാത്തലത്തിലുള്ള കഥയായതുകൊണ്ട് എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരു കോസ്റ്റിയൂം വീതം മതിയായിരുന്നു. ആ ഒരു കോസ്റ്റിയൂം എത്രത്തോളം മനോഹരമാക്കാം എന്നായിരുന്നു എന്റെ ചിന്ത. ലോര്‍ഡ് ലിവിങ്സ്റ്റണ്‍ ഏഴായിരം കണ്ടിയായിരുന്നു അടുത്ത സിനിമ.

ഒരു ഫാന്റസി ഇതിവൃത്തമായിരുന്നു അതിന്റേത്. മുന്‍പ് ഞാന്‍ ചെയ്ത വര്‍ക്കുകള്‍ ഒന്നും കാണാതിരുന്നിട്ടും സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ എനിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി. ബംഗളൂരുവിലും ചെന്നൈയിലുമൊക്കെ പോയാണ് തുണി വാങ്ങിയത്.

പഴക്കം തോന്നിപ്പിക്കുന്നതിനായി നാച്ചുറല്‍ ഡൈ ചെയ്താണ് ഉപയോഗിച്ചത്. ആക്‌സസറീസും ഞാനാണ് ചെയ്തത്. സിനിമയില്‍ വനവാസികളുടെ ആഭരണങ്ങള്‍ പോലും പൂക്കളും കായ്കളും വള്ളികളുമെല്ലാം ഉപയോഗിച്ച് ഉണ്ടാക്കിയെടുത്തതാണ്.

എനിക്കേറെ പ്രിയപ്പെട്ട സിനിമയാണ് ഗപ്പി. സംസ്ഥാന അവാര്‍ഡ് കിട്ടിയതു കൊണ്ട് മാത്രമല്ല, മനസിനെ ഒരുപാട് ടച്ച് ചെയ്ത സിനിമയാണത്.

കടല്‍ത്തീരത്ത് ജീവിക്കുന്ന ആംഗ്ലോ ഇന്ത്യന്‍സിന്റെ കഥയായതുകൊണ്ട് മഞ്ഞ, ഓറഞ്ച്. നീല തുടങ്ങിയ വൈബ്രന്റ് കളറുകളിലുള്ള വസ്ത്രങ്ങളാണ് സിനിമയ്ക്കു വേണ്ടി ഒരുക്കിയത്. ചിത്രത്തിലെ ടോവിനോയുടെ വസ്ത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് എനിക്ക് ചലഞ്ചിങ്ങായി തോന്നിയത് എസ്രയായിരുന്നു. മട്ടാഞ്ചേരിയിലെ ജൂതന്മാരെ നേരിട്ട് കണ്ട്, പുസ്തകങ്ങള്‍ റഫര്‍ ചെയ്താണ് നായികയ്ക്കു വേണ്ടി ബോഹിമിയന്‍ ടച്ചുള്ള വസ്ത്രങ്ങള്‍ തയാറാക്കിയത്. നായിക ഉപയോഗിക്കുന്ന മെറ്റേണിറ്റി വസ്ത്രങ്ങളും നന്നായിരുന്നു എന്ന് പലരും പറഞ്ഞു.

അങ്കമാലി ഡയറീസും എന്റെ പ്രിയ സിനിമകളില്‍ ഒന്നാണ്. ലൊക്കേഷന്റെ പരിസരത്തുള്ളവരെ പോയി കണ്ട്, അവര്‍ക്ക് പുതിയ വസ്ത്രങ്ങള്‍ വാങ്ങി നല്‍കി പകരം ഉപയോഗിച്ച വസ്ത്രങ്ങള്‍ സിനിമയ്ക്കുവേണ്ടി കളക്ട് ചെയ്യുകയായിരുന്നു.

ഓരോ സിനിമയും ഓരോ പരീക്ഷണങ്ങളായിരുന്നു. കഥാ ചര്‍ച്ചയുടെ തുടക്കം മുതല്‍ കോസ്റ്റിയൂം ഡിസൈനറും ടീമില്‍ കാണും. സ്‌ക്രിപ്റ്റ് വായിച്ച് ഓരോരുത്തരുടെയും സ്‌കിന്‍ ടോണിനനുസരിച്ച് വേണം വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍.

സംവിധായകനും ക്യാമറാമാനും അഭിനേതാക്കളുമൊക്കെ തങ്ങളുടേതായ അഭിപ്രായങ്ങള്‍ പറയും. ഇതെല്ലാം മനസില്‍ കണ്ടാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത്. പക്ഷേ കഷ്ടപ്പെട്ട് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ക്ക് സ്‌ക്രീനില്‍ കാണുമ്പോള്‍ ചിലപ്പോഴൊക്കെ മനസില്‍ ഉദ്ദേശിച്ച ഭംഗി ഉണ്ടായിരിക്കില്ല.

uploads/news/2018/01/187027/stephyxaviour260118c.jpg

നാടിന്റെ സ്നേഹം


വയനാട്ടിലുള്ളവര്‍ പൊതുവേ സിനിമയെ ഭ്രാന്തമായി സ്നേഹിക്കുന്നവരാണ്. ഇന്ന് വയനാട്ടില്‍ നിന്നുള്ള ഒരുപാട് പേര്‍ ക്യാമറയുടെ മുമ്പിലും പിന്നിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്.എന്റെ കുട്ടിക്കാലത്ത് സിനിമയ്ക്ക് പോകുന്നതു തന്നെ ഒരു ആഘോഷമായിരുന്നു.

വീടിന്റെ അടുത്തുള്ള ആദിവാസികള്‍ പണി കഴിഞ്ഞ് കിട്ടുന്ന പണവുമായി ശനിയാഴ്ചകളില്‍ കുടുംബത്തോടെ സിനിമ കാണാന്‍ പോകുന്നതും കാണേണ്ട കാഴ്ചയാണ്. ജീപ്പിലാണ് യാത്ര, പോകുന്ന വഴിയില്‍ കാണുന്നവരോടൊക്കെ സിനിമ കാണാന്‍ പോകുന്ന സന്തോഷം പങ്കുവച്ചാണ് അവരുടെ യാത്ര.

കുടുംബം


ചാച്ചന്‍ സേവ്യര്‍, മരിച്ചിട്ട് 14 വര്‍ഷമായി. അമ്മ ഗ്രേസി, സഹോദരന്‍ ടിറ്റോ, രാജസ്ഥാനില്‍ ജോലി ചെയ്യുന്നു. ജീവിതത്തില്‍ ഞാന്‍ ഏറെ ബഹുമാനിക്കുന്നത് അമ്മയെയാണ്. അമ്മ മെന്റലി സ്‌ട്രോങ്ങായ ഒരു വ്യക്തിയാണ്.

അച്ഛന്റെ മരണശേഷം ഒരു ബുദ്ധിമുട്ടും അറിയിക്കാതെ എന്നേയും സഹോദരനേയും പഠിപ്പിച്ച്, ഇഷ്ടമുള്ള പ്രൊഫഷന്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തന്നു. അമ്മയെ കണ്ട് വളര്‍ന്നതുകൊണ്ടാണ് സിനിമയിലെത്താനും സ്വന്തം കാലില്‍ നില്‍ക്കാനുമുള്ള ധൈര്യം എനിക്ക് കിട്ടിയത്.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW