Friday, June 28, 2019 Last Updated 18 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 26 Jan 2018 01.38 PM

ഭര്‍ത്താവിന്റെ മരണത്തോടെ ആ വലിയ ബംഗ്ലാവില്‍ ഒറ്റപ്പെട്ട് പോയ ഡോളി ആന്റി പതുക്കെ ഡെല്യൂഷന്‍ പാരാസൈറ്റോസിസ് എന്ന അവസ്ഥയിലേക്ക് വഴുതി വീണു. അതില്‍ നിന്ന് അവരെ മോചിപ്പിച്ചത് എങ്ങനെ. എല്ലാ മക്കളും വായിച്ചിരിക്കുക

''കുറേനാളായി ഡോക്ടര്‍, പ്രാണികള്‍ എന്നെ ശല്യം ചെയ്യാന്‍ തുടങ്ങിയിട്ട്. ആദ്യമൊക്കെ ചുറ്റും വട്ടമിട്ട് പറക്കുകയേ ഉണ്ടായിരുന്നുള്ളൂ. പിന്നെ തലയിലങ്ങ് കൂടുവച്ച് താമസമാക്കി.''
uploads/news/2018/01/187021/Weeklymanolokam260118.jpg

ഡിസംബര്‍ മാസത്തിലെ പ്രഭാതത്തിലാണ് മകന്‍ എഡ്വേര്‍ഡിനൊപ്പം ഡോളി ആന്റി എന്നെ കാണാന്‍ വന്നത്. പ്രായം അറുപത് കഴിഞ്ഞെങ്കിലും മുഖത്തെ പ്രസരിപ്പ് നഷ്ടപ്പെട്ടിരുന്നില്ല. കറുത്ത സ്‌കാര്‍ഫ് കൊണ്ട് തല മറച്ചിട്ടുണ്ട് .

കയ്യില്‍ കരുതിയ ചെറിയ പൊതി അതീവ ശ്രദ്ധയോടെ എന്റെ മേശപ്പുറത്ത് വെച്ച ശേഷം മകനെ ഒന്ന് നോക്കി. അവന്റെ മൗനാനുവാദത്തോടെ ആദ്യം തന്നെ തലയിലെ സ്‌കാര്‍ഫ് മെല്ലെ മാറ്റി. ആദ്യ കാഴ്ചയില്‍ ഞാന്‍ പ്രകീര്‍ത്തിച്ച രൂപമായിരുന്നില്ല അത്. മൊട്ടയടിച്ച തലയില്‍ അങ്ങിങ്ങായി ചൊറിഞ്ഞുപൊട്ടിയതുപോലുള്ള വ്രണങ്ങള്‍!

''ഇത് കണ്ടോ ഡോക്ടര്‍. രണ്ടാമത്തെ തവണയാ ഞാന്‍ മൊട്ടയടിക്കുന്നെ. ആന്റി ഇടയ്‌ക്കെന്നാ പളനിയില്‍ പോകുന്നുണ്ടോ എന്ന് ചോദിച്ച് പരിചയക്കാരൊക്കെ കളിയാക്കുവാ.'' അവര്‍ പറഞ്ഞു.

മൊട്ടയടിച്ചതിന്റെ കാരണം തിരക്കിയപ്പോള്‍ അവര്‍ അനുസ്യുതം തുടര്‍ന്നു:
''കുറേനാളായി ഡോക്ടര്‍, പ്രാണികള്‍ എന്നെ ശല്യം ചെയ്യാന്‍ തുടങ്ങിയിട്ട്. ആദ്യമൊക്കെ ചുറ്റും വട്ടമിട്ട് പറക്കുകയേ ഉണ്ടായിരുന്നുള്ളു. പിന്നെ തലയിലങ്ങ് കൂടുവച്ച് താമസമാക്കി. ചൊറിഞ്ഞു ചൊറിഞ്ഞു ഞാന്‍ മടുത്തു.

പല ക്രീമുകളും മരുന്നുകളും തേച്ചുനോക്കി. ഒരു കുറവുമില്ല. രാത്രി ഒരുപോള കണ്ണടയ്ക്കാന്‍ പറ്റുന്നില്ല. സഹികെട്ടിട്ടാ ഞാന്‍ മൊട്ടയടിച്ചത്.''
മകനെ ചൂണ്ടി അവര്‍ തുടര്‍ന്നു:

''ഇവന്‍ പറയുന്നത് മമ്മിക്ക് വെറുതെ തോന്നുന്നതാന്നാ. തെളിവ് കാണിക്കുമ്പോ വിശ്വസിക്കുവല്ലോ...ദാ നോക്ക് ...'' മേശമേല്‍ വെച്ചിരുന്ന കവറില്‍ നിന്ന് മൂന്നുനാല് തീപ്പെട്ടിക്കൂടുകള്‍ തുറന്നുകൊണ്ടു അവര്‍ പറഞ്ഞു : ''എന്റെ തലയില്‍ നിന്ന് കിട്ടിയ പ്രാണികളാ.

ഓടിപ്പോകുന്നതു കണ്ടോ''. ആ വാക്കുകളിലെ ഭ്രാന്തമായ ആവേശവും ഒരുതരം ഭയവും കണ്ട് 'ഡെല്യൂഷണല്‍ പാരാസൈറ്റോസിസ്' ആണ് രോഗമെന്ന് എനിക്ക് പിടികിട്ടി. ആ തീപ്പെട്ടിക്കൂടുകള്‍ ശൂന്യമാണെന്ന് പറഞ്ഞാല്‍ ഈ രോഗമുള്ളവര്‍ സമ്മതിച്ചു തരില്ല.

അവര്‍ പറയുന്നത് സത്യമാണെന്ന് വിശ്വസിക്കുന്ന ഒരാളോടേ മനസ്സ് തുറക്കൂ. ചികിത്സയുടെ ആദ്യ ഘട്ടം എന്ന നിലയില്‍ ഞാനാ വിശ്വാസം പിടിച്ചു പറ്റി. മകനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞു.

ഭര്‍ത്താവ് ബെഞ്ചമിന്റെ മരണത്തോടെ കടലിന് അഭിമുഖമായുള്ള ബംഗ്‌ളാവില്‍ ഹോം നഴ്‌സിനൊപ്പമായിരുന്നു ഡോളി ആന്റിയുടെ താമസം. മകള്‍ ഡയാന വിവാഹശേഷം ഓസ്‌ട്രേലിയയ്ക്ക് പറന്നു.

എഡ്വേര്‍ഡ് ജോലി ആവശ്യത്തിന് ബാംഗ്ലൂരേക്കും പോയി. ടൈം പാസ് എന്ന നിലയ്ക്ക് ഡോളി ആന്റി പൂക്കൃഷിയും നഴ്‌സറിയും നടത്തിയിരുന്നു . മക്കള്‍ ഒന്നിനും ഒരുകുറവും വരുത്തിയിരുന്നില്ലെങ്കിലും ഏകാന്തത അവരെ അലട്ടിയിരുന്നതായി ഞാന്‍ മനസിലാക്കി.

ചെടികളെ കീടങ്ങള്‍ ആക്രമിക്കുന്നതായുള്ള തോന്നലോടെയാണ് രോഗം തുടങ്ങിയത്. പിന്നീട് പ്രാണികള്‍ തന്നെയും പിന്തുടരുന്നതായി അവര്‍ക്ക് തോന്നി. അതോടെ പൂക്കൃഷി അവസാനിപ്പിച്ചു. വീട് വൃത്തിയായി സൂക്ഷിക്കുന്നില്ലെന്നും മറ്റും ഹോം നഴ്‌സിനെക്കുറിച്ച് പരാതികള്‍ ആരോപിച്ചു.
സത്യത്തില്‍ അര്‍ഹിക്കുന്ന സ്‌നേഹം കിട്ടുന്നില്ലെന്നതുകൊണ്ട് ഉപബോധമനസ്സ് സങ്കല്‍പ്പിച്ചുകൂട്ടുന്നതായിരുന്നു അതെല്ലാം. എന്തുപറഞ്ഞാല്‍ മക്കളുടെ ശ്രദ്ധ തന്നിലേക്ക് തിരിയും എന്ന പരതലാണ് രോഗമായി പരിണമിച്ചത്.

സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തോടെ ഹോര്‍മോണുകള്‍ക്ക് മാറ്റങ്ങള്‍ വരുന്നുണ്ട്. മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന കരുതലിനും പരിഗണനയ്ക്കും പകരമാകില്ല പണവും മണി ഓര്‍ഡറും. ആന്റിസൈക്കോട്ടിക്‌സ് വിഭാഗത്തിലെ മരുന്നുകള്‍ കൊടുത്ത് രോഗമൊന്ന് ശമിപ്പിച്ച ശേഷം സൈക്കോതെറാപ്പി സെഷന്‍ കൂടി വേണ്ടി വന്നു .

കൗണ്‍സിലിംഗിനിടയില്‍ പ്രായമായ മാതാപിതാക്കള്‍ക്ക് മക്കളുടെ സാമീപ്യം എത്രത്തോളം വലുതാണെന്ന് മനസിലാക്കി എഡ്വേര്‍ഡ് കേരളത്തിലേക്ക് തിരിച്ചു വന്ന് ഒരു ബിസിനസ്സ് തുടങ്ങി. മകന്‍ കൂടെ നിന്നത് ചികിത്സയെ സഹായിച്ചു. മൂന്ന് മൂന്നര മാസംകൊണ്ട് രോഗം പൂര്‍ണമായും മാറി.

വിദേശത്തു നിന്ന് മകള്‍ എത്തിയപ്പോള്‍ ഒരു സ്‌നേഹസമ്മാനവുമായി അവര്‍ എന്നെ വന്ന് കണ്ടു. ഒരു ചെറുപുഞ്ചിരിയോടെ അവരിലേക്ക് ഞാനൊരു ചോദ്യമെറിഞ്ഞു : ''ആ പ്രാണികള്‍ ഇപ്പോഴും ശല്യം ചെയ്യാറുണ്ടോ ?''

''ഹേയ്... ഇപ്പോ നല്ല സുഖമായിട്ട് ഉറങ്ങാന്‍ പറ്റുന്നുണ്ട്. '' ചിരിയോടെ അവര്‍ പറഞ്ഞു.

മീട്ടു റഹ്മത്ത് കലാം

Ads by Google
Friday 26 Jan 2018 01.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW