Monday, July 22, 2019 Last Updated 2 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 26 Jan 2018 01.02 PM

ഫെല്ലിനിയുടെ 'തീവണ്ടി'

uploads/news/2018/01/187017/CiniLOcTTheevandi260118d.jpg

തീവണ്ടി എന്ന പേരുകേട്ടാല്‍ എന്താണ് ഓരോരുത്തരുടെയും മനസിലേക്ക് ഓടിയെത്തുക? ഇത് ഒരു സിനിമയുടെ പേരാണ്. നവാഗതനായ ഫെല്ലിനിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളസിനിമയില്‍ നിരവധി മികച്ചതും പുതുമയാര്‍ന്നതുമായ ചിത്രങ്ങള്‍ നിര്‍മ്മിച്ച ആഗസ്റ്റ് സിനിമയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇതിന്റെ ചിത്രീകരണം കോഴിക്കോട്ടെ പയ്യോളി എന്ന ഗ്രാമത്തില്‍ പുരോഗമിക്കുന്നു.

പയ്യോളി എന്ന ഗ്രാമം ഏറെ മനോഹരമാണ്. കോഴിക്കോട് - കണ്ണൂര്‍ ദേശീയപാതയില്‍ കൊയിലാണ്ടി കഴിഞ്ഞ് പത്തു കിലോമീറ്ററോളം സഞ്ചരിച്ചാണ് ഈ നാട്ടിലെത്തുന്നത്.

പുഴയും കൃഷിയിടങ്ങളും തൊങ്ങിന്‍തോപ്പുമെല്ലാം നിറഞ്ഞ ഒരു ഗ്രാമം. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രത്തിന് മലബാര്‍ ഭാഗത്ത് ലഭിക്കാവുന്ന ഒരു പ്രദേശംതന്നെയാണ്.

uploads/news/2018/01/187017/CiniLOcTTheevandi260118.jpg

പയ്യോളി ടൗണില്‍നിന്നും അഞ്ചാറു കിലോമീറ്ററോളം ദൂരം സഞ്ചിച്ചെത്തുന്ന പുരാതനമായ ഒരു തറവാട്ടിലായിരുന്നു അന്നത്തെ ചിത്രീകരണം. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, നീനാ കുറുപ്പ്, ഈ ചിത്രത്തിലെ നായികയായ സംയുക്താ മേനോന്‍ എന്നിവര്‍ ഇവിടെയുണ്ട്. ഇവരൊന്നിച്ചും അല്ലാതെയുമൊക്കെയുള്ള രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്.

ടൊവിനോ തോമസാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചെറിയ വേഷങ്ങളിലൂടെ ഏറെ കഠിന പ്രയത്‌നത്തിലൂടെ ഈ നിലയിലെത്തിയ ഒരു നടനാണ് ടൊവിനോ.

സിനിമയിലേക്കുള്ള കടന്നുവരവില്‍ ഏറെ സ്വപ്നങ്ങള്‍ ടൊവിനോയ്ക്കുണ്ടായിരുന്നു. അതൊക്കെ ഇപ്പോള്‍ പൂവണിയുന്ന സാഹചര്യത്തിലെത്തിയിരിക്കുന്നു. അതിന്റെ സന്തോഷവും ആത്മസംതൃപ്തിയും ടൊവിനോയുടെ മുഖത്തുമുണ്ട്.

സംയുക്താ മേനോന്‍ ഇതിനു മുമ്പ ഒരു മലയാള ചിത്രത്തിലും ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ചു. ഒരു മെയിന്‍ സ്ട്രീം സിനിമയിലൂടെ ആദ്യമായി മുന്‍നിര ചിത്രത്തിലെ നായികയാവുകയാണ് സംയുക്താ മേനോന്‍. പാലക്കാട്ടെ ചിറ്റൂരാണ് സ്വദേശം. ഒരു ഗ്രാമീണ പെണ്‍കുട്ടിക്ക് ഏറെ ഇണങ്ങും വിധത്തിലുള്ള രൂപവും വേഷവിധാനവും. ദേവി എന്നാണ് കഥാപാത്രത്തിന്റെ പേര്. നാട്ടിലെ വില്ലേജ് ഓഫീസിലെ റവന്യൂ ഓഫീസറാണ്.

uploads/news/2018/01/187017/CiniLOcTTheevandi260118b.jpg

വെറുതെ വന്നുപോകുന്ന ഒരു സ്ത്രീകഥാപാത്രമല്ല, മറിച്ച് ഇത്തിരി കാര്യമായി ചെയ്യാനുള്ള കഥാപാത്രം തന്നെയാണ് ഇതിലെ ദേവി. പുള്ളിനാട് എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഈ നാട്ടിലെ ഒരു ചെറുപ്പക്കാരന്റെ കഥയാണ്, തികഞ്ഞ രാഷ്ട്രീയ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത്.

ബിനീഷ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ടൊവിനോയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭാരതീയ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് (ബി.എസ്.സി.എസ്.) എന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണ്.

ജീവിതത്തെ അലസമായി കാണുന്ന ഒരു വ്യക്തികൂടിയാണ്. വലിയ ഉത്തരവാദിത്വങ്ങളുമില്ല... ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാറുമില്ല. ഒന്നിലും പൂര്‍ണ്ണമായ സഹകരണമില്ല. എന്നാല്‍ ഇതിലെല്ലാം ഉണ്ടുതാനും. ഒരു പൊങ്ങുതടിപോലെ ഒഴുകി നടക്കുന്ന സ്വഭാവം. പാര്‍ട്ടിപ്രവര്‍ത്തനമാണ് ആകെയൊരു നേരമ്പോക്ക്.

പാര്‍ട്ടി പ്രവര്‍ത്തകരായ ഏതാനും പേരുമായി ബിനീഷ് എപ്പോഴും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. അതില്‍ പ്രധാനികളാണ് മധുവേട്ടന്‍ എന്ന് എല്ലാവരുംവിളിക്കുന്ന മധു, ബിജിത്ത്, പാര്‍ട്ടി പ്രവര്‍ത്തക വിശാലാക്ഷി, ലോക്കല്‍ എം.എല്‍.എ. ബാലചന്ദ്രന്‍.

uploads/news/2018/01/187017/CiniLOcTTheevandi260118a.jpg

വ്യക്തിജീവിതത്തില്‍ ബിനീഷിന് ഒരു പ്രണയവുമുണ്ട്. മധുവേട്ടന്റെ മകള്‍ ദേവിയാണ് പെണ്‍കുട്ടി. അറിഞ്ഞോ, അറിയാതെയോ ഒരു പ്രശ്‌നത്തില്‍ ഇവര്‍ ചെന്നു പെടുന്നിടത്താണ് കഥയ്ക്ക് പുതിയൊരു തലം കൈവരുന്നത്.

ലളിതമായ ശൈലിയിലൂടെ ഒരു ഗ്രാമത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ് എന്നിവരാണ് മധുവേട്ടന്‍, ബിജിത്ത് എന്നിവരെ അവതരിപ്പിക്കുന്നത്.

സുരഭി വിശാലാക്ഷിയെയും സ്ഥലം എം.എല്‍.എ.യെ ഷമ്മി തിലകനും അവതരിപ്പിക്കുന്നു. സുധീഷ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാജേഷ് ശര്‍മ്മ, വിനു, ജാഫര്‍ ഇടുക്കി, മുസ്തഫ എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളായ അനുപിള്ള, മിഥുന്‍, നളിനി, അനീഷ് ഗോപാലന്‍ എന്നിവരും പ്രധാന താരങ്ങളാണ്.

വിനി വിശ്വലാലും ഫെല്ലിനിയും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്. ഹരിനാരായണനും എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനും ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. സംഗീതം- കൈലാസ് മേനോന്‍.

uploads/news/2018/01/187017/CiniLOcTTheevandi260118c.jpg

ഗൗതം ശങ്കര്‍ ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം- സുഭാഷ് കരുണ്‍, മേക്കപ്പ്- മനോജ് അങ്കമാലി, കോസ്റ്റിയൂം ഡിസൈന്‍- സ്‌റ്റെഫി സേവ്യര്‍, അസോ. ഡയറക്ടര്‍- പ്രവീണ്‍ പ്രഭാകര്‍, സഹസംവിധാനം- രാകേഷ്, ഗോവിന്ദ്, വിഷ്ണു, വേണു, അഖില്‍, ദീപു, സൈജു, നവനീത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്- അനില്‍ ജി. നമ്പ്യാര്‍, വിനോദ് കെ. കൈമള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- മിഥുന്‍ എബ്രഹാം, നിശ്ചല ഛായാഗ്രഹണം- രാഹുല്‍. ഓഗസ്റ്റ് സിനിമ ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

ഫെല്ലിനി


ഒരു പ്രമുഖ ഇറ്റാലിയന്‍ സംവിധായകന്റെ പേരാണിത്. സിനിമയോടുള്ള സ്‌നേഹംകൊണ്ട് ഫെല്ലിനിയുടെ വാപ്പ, ഡോ. നാസര്‍ മകന് ഇട്ട പേരാണിത്. കലാസാഹിത്യ രംഗങ്ങളിലും പുരോഗമന പ്രസ്ഥാനങ്ങളിലുമെല്ലാം ഏറെ മുന്‍നിരയിലായിരുന്ന നാസര്‍. തന്റെ പിന്‍ഗാമിക്ക് വിശ്വവിഖ്യാതനായ സംവിധായകന്റെ പേരു നല്‍കിക്കൊണ്ട് സിനിമയോടുള്ള തന്റെ കൂറ് പ്രഖ്യാപിച്ചിരിക്കുകയാണ് ഡോ. നാസര്‍. മലേഷ്യയില്‍ ബി.ടെക് പൂര്‍ത്തിയാക്കിയ ഫെല്ലിനി ശ്യാമപ്രസാദ്, ശ്രീനാഥ് രാജേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

-വാഴൂര്‍ ജോസ്

Ads by Google
Ads by Google
Loading...
TRENDING NOW