Tuesday, July 16, 2019 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
ബീന സെബാസ്റ്റിയന്‍
Thursday 25 Jan 2018 08.53 PM

പത്മപുരസ്കാര നിറവില്‍ ക്രിസോസ്റ്റം തിരുമേനി; ചിരിയും ചിന്തയുമായി വലിയ മെ​ത്രാപൊലീത്ത

''തെറ്റുകള്‍ സമ്മതിക്കുകയും മറ്റുള്ളവരുടെ അവകാശങ്ങള്‍ ലംഘിക്കാതിരിക്കുകയും ചെയ്താല്‍ ഈ ലോകം പകുതി സ്വര്‍ഗമാകും''. ഏപ്രില്‍ 27ന് ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത 100-ാം വയസിലേക്ക് പ്രവേശിക്കുന്നു.

mar crisostam

മാര്‍ത്തോമാ സഭയുടെ വലിയ മെത്രാപൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി പുരസ്കാര നിറവില്‍. 69-ാമത് റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച പത്മ പുരസ്കാര പ്രഖ്യാപനത്തില്‍ ക്രിസോസ്റ്റം തിരുമേനിയെ പത്മഭൂഷന്‍ പുരസ്കാരത്തിനായി തെരഞ്ഞെടുത്തു. തന്റെ നൂറാം ജന്മദിനം ആഘോഷിച്ച വേളയില്‍ തിരുമേനി മംഗളം ഓണ്‍ലൈനിന് നല്‍കിയ അഭിമുഖം.

ക്രിസോസ്റ്റം എന്ന വാക്കിന്റെ അര്‍ത്ഥം 'സ്വര്‍ണ നാവ്'. നാവില്‍ പൊന്നുവിളയുന്ന സംസാരം കൊണ്ട് എല്ലാവരേയും വശത്താക്കിയ ഒരാളുണ്ട്. മാര്‍തോമ സഭയിലെ വലിയ മെത്രാപ്പോലീത്തയായ ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി. കേരള സഭയിലെ ആദ്യ ക്രിസോസ്റ്റം ആയ വലിയ തിരുമേനി 'മംഗളം ഓണ്‍ലൈന്' അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന്.

? ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത എന്ന ദീര്‍ഘമുള്ള പേര് സ്വീകരിക്കാന്‍ കാരണം? മറ്റേതെങ്കിലും തിരുമേനിമാര്‍ക്ക് ഇത്തരം വലിയ പേരുകള്‍ ഉണ്ടായിരുന്നോ?

- മുന്‍പ് ഉണ്ടായിരുന്ന തിരുമേനിമാര്‍ക്കും വലിയ പേരുകള്‍ ഉണ്ടായിരുന്നു. ഡല്‍ഹിയില്‍ ഒരു മലയാളി സ്‌കൂളില്‍ ഒരു ചടങ്ങിന് പോയി. മന്ത്രി മനേക ഗാന്ധിയും അവിടെ വന്നിട്ടുണ്ടായിരുന്നു. അന്ന് ഞങ്ങള്‍ രണ്ടു പേരും ഓരോ മരം നട്ടു. മരത്തിനു മുന്നില്‍ മനേക എന്നും ക്രിസോസ്റ്റം എന്നും എഴുതി. അപ്പോള്‍ മനേക ഗാന്ധി പറഞ്ഞു, ബിഷപ്പ് ക്രിസോസ്റ്റം എന്ന് എഴുതണമെന്ന്. കാരണം, മരത്തിന്റെ പേര് ക്രിസോസ്റ്റമെന്ന് തെറ്റിദ്ധരിച്ചാലോ? ക്രിസോസ്റ്റം എന്ന പേര് ഇന്ത്യയില്‍ അത്ര പോപ്പുലര്‍ ആയിരുന്നില്ല.

മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ആയിരുന്ന യൂഹാനോന്‍ മാര്‍ത്തോമ്മയും മറ്റ് മെത്രാപ്പോലീത്തമാരും ചേര്‍ന്നാണ് ഈ പേര് നല്‍കിയത്. എനിക്ക് പ്രത്യേകിച്ച് പേരുകളൊന്നും ആഗ്രഹമുണ്ടായിരിന്നില്ല. അതിനു പ്രത്യേക യോഗ്യതയൊന്നും ഉള്ള ആളല്ല ഞാന്‍. നന്നായി വര്‍ത്തമാനം പറയും. നല്ല നാക്ക് ഉണ്ടല്ലോ. നാക്കുപയോഗിക്കുന്നവനാണെന്ന് അന്ന് തിരുമേനിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് ക്രിസോസ്റ്റം എന്ന് സ്വീകരിക്കാന്‍ തീരുമാനിച്ചു. ക്രിസോസ്റ്റം എന്ന് വിളിക്കാന്‍ വലിയ താല്‍പര്യമുണ്ടായിരുന്നില്ല. കാരണം 'സ്വര്‍ണനാവ്' എന്നു പറഞ്ഞാല്‍ ചലിക്കാന്‍ പറ്റാത്ത നാവാണ്. സ്വര്‍ണം കൊണ്ടുണ്ടാക്കിയ നാവിന് അനക്കാന്‍ പറ്റുമോ? നാവ് ഉപയോഗിക്കാന്‍ അറിയാത്തവന്‍ എന്നു വേണം പറയാന്‍.

mar crisostam

? സഭയിലെ ആരാധാനക്രമത്തില്‍ മാറ്റം വേണം, കുര്‍ബാന സമയം ചുരുക്കണം എന്നെക്കെ വാദങ്ങള്‍ ഉയരുന്നു. അതില്‍ കാര്യമുണ്ടോ?

- സമയം കൂടിയ കുര്‍ബാനയും കുറഞ്ഞതും വേണമെന്നാണ് എന്റെ അഭിപ്രായം. അതൊക്കെ ഓരോ ആളുകളുടെ താല്‍പര്യമാണ്. സഭയില്‍ ഭരണകര്‍ത്താക്കള്‍ക്കും ലോകം മുഴുവനും വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ കുര്‍ബാനയുടെ സമയം നീണ്ടുപോകുന്നത് സ്വഭാവികമാണ്.

?അന്നത്തെയും ഇന്നത്തെയും വിശ്വാസികളുടെ സ്വഭാവത്തില്‍ മാറ്റമുണ്ടോ?

-പണ്ടൊക്കെ സഭയില്‍ ശുശ്രൂഷകള്‍ക്കാണ് പ്രാധാന്യം നല്‍കിയിരുന്നത്. ഇന്ന് സമ്പാദ്യത്തിനാണ് പ്രധാന്യം. കുറച്ചുകാലം മുന്‍പ് നടന്ന ഒരു സംഭവം ഓര്‍മ്മ വരുന്നു. ഞങ്ങളുടെ നാട്ടില്‍ ഒരിടത്ത് ഒരു അമ്മ മരിച്ചു. അറിഞ്ഞവര്‍ അറിഞ്ഞവര്‍ ആ വീട്ടിലേക്ക് ഓടിവന്നു. ബന്ധുക്കളും സുഹൃത്തുകളും അക്കൂട്ടത്തിലുണ്ട്. പക്ഷേ പ്രാര്‍ത്ഥിക്കാന്‍ അറിയാവുന്നവര്‍ അവരില്‍ ചുരുക്കമായിരുന്നു. ആ അമ്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഒരു വൈദികന്‍ എത്തുന്നത് വരെ കാത്തിരിക്കേണ്ടിവന്നു അവര്‍ക്ക്. പ്രാര്‍ത്ഥനാശീലം കുറഞ്ഞതാണ് ഇതിനു കാരണം. കുടുംബ പ്രാര്‍ത്ഥനയുടെ വലിയ അനുഗ്രഹമാണ് പഴയ തലമുറയ്ക്കുണ്ടായിരുന്നത്. വെളുപ്പിനെ എഴുന്നേറ്റ് പ്രാര്‍ത്ഥിക്കുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്. പാട്ട് കേട്ടാലുടന്‍ മക്കളെല്ലാം എഴുന്നേല്‍ക്കണം. ഇല്ലെങ്കില്‍ അടി തന്ന് എഴുന്നേല്‍പ്പിക്കും. കാലം മാറി. അത് ബന്ധങ്ങളിലും വിശ്വാസത്തിലും പ്രതിഫലിച്ചു. ഇന്നു പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും സമൂഹത്തിലുള്ള പരസ്പര കരുതുലും കുറഞ്ഞു.

കൂദാശകള്‍ കുറുക്കുവഴിയിലൂടെ സ്വീകരിക്കാന്‍ കഴിയുമോ എന്ന് ചിന്തിക്കുന്നവരുമുണ്ട്. ഇന്റര്‍നെറ്റിലൂടെയും ടെലിവിഷനിലൂടെയും ശുശ്രൂഷയും കുര്‍ബാനയുമൊക്കെ കാണുന്ന പ്രവണത തുടങ്ങിയതോടെ മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വരുന്നുണ്ട്. പണ്ടൊക്കെ പള്ളിയില്‍ പോകുന്നുതുകൊണ്ട് എല്ലാവരുമായും നല്ല ബന്ധമുണ്ടായിരുന്നു.

ചിലര്‍ക്ക് പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ ആത്മവിശ്വാസം കുറവാണ്. പ്രാര്‍ത്ഥനയുടെ ഫലത്തില്‍ അവര്‍ക്ക് ഉറപ്പില്ല. അടിയുറച്ച വിശ്വാസമില്ല. ദൈവത്തിന്റെ സഹായം വേണം. എന്നാല്‍ തന്നെക്കൊണ്ട് കഴിയുകയുമില്ലെന്നറിയാം. ഇങ്ങനെയുള്ളവരാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രാര്‍ത്ഥനകള്‍ അയക്കുന്നത്. ഈ പ്രാര്‍ത്ഥന ലൈക്ക് ചെയ്താല്‍, ഷെയര്‍ ചെയ്താല്‍ ഫലമുണ്ടാകുമെന്ന് അവര്‍ പറയുന്നൂ. ദൈവം സഹായിക്കും എന്ന് ഉറച്ചബോധ്യമുണ്ടെങ്കില്‍ ഈ രീതികള്‍ ആരും പിന്തുടരില്ല.

? പേരുകളില്‍ 'ഭാരതവത്കരണം' എന്ന പ്രവണത കൂടിവരുന്നു.

-ഏതു പേരിടണമെന്ന് ആരെയും നിര്‍ബന്ധിക്കാനാവില്ല. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ? ക്രിസ്ത്യാനിക്ക് ഇന്ന പേര് വേണമെന്ന് നിര്‍ബന്ധമില്ല. പേര് കൊണ്ട് വര്‍ഗമുണ്ടാക്കരുത് എന്നു മാത്രമാണ് എനിക്ക് പറയാനുള്ളത്. ഓരോ പേരിനും ഓരോ പ്രത്യേകതകളുണ്ട്. രാജാവിനും പുരോഹിതനും ഒരേ പേര് ശരിയാണോ? ഓരോ ദൗത്യം ചെയ്യുന്നവര്‍ക്ക് അതനുസരിച്ചുള്ള പേരല്ലേ ഉചിതം.

mar crisostam

? സഭയില്‍ വനിത പൗരോഹിത്യത്തെ അനുകൂലിക്കുന്നുണ്ടോ?

-സ്ത്രീകളെ അച്ചന്മാരാക്കുന്നതിനോട് വിരോധവുമില്ല. എന്നാല്‍ അച്ചനാക്കാന്‍ വേണ്ടി ചാവാന്‍ ഞാന്‍ തയ്യാറുമല്ല. ഇതെകുറിച്ച് ഒരു കഥ ചെറുപ്പക്കാര്‍ പറയുന്നുണ്ട്. 'ഒരിക്കല്‍ ഒരു വനിതയെ അച്ചനാക്കി. അവര് കല്യാണമൊക്കെ കഴിച്ച് ഗര്‍ഭിണിയായി. ഒരു കല്യാണത്തിന്റെ സമയത്ത് അവര്‍ക്ക് പ്രസവവേദനയായി. കല്യാണച്ചടങ്ങ് പകുതിയില്‍ ഉപേക്ഷിച്ച് അവരേയുംകൊണ്ട് ആശുപത്രിയിലേക്ക് പോയി. വനിതാ അച്ചന്‍ പ്രസവിക്കുകയും ചെയ്തു. കല്യാണപെണ്ണിനും ചെറുക്കനും കെട്ടാനും പറ്റിയില്ല'. ഇതായിരിക്കും സംഭവിക്കുക എന്നാണ് കഥ.

മക്കളുടെ സംരക്ഷണമാണ് അമ്മമാരുടെ ഏറ്റവും വലിയ കടമ. മാതാപിതാക്കള്‍ ഐ.എ.എസുകാരായിരിക്കും. എന്നാല്‍ മക്കളെ നോക്കുന്നത് നാലാം ക്ലാസ് പോലും പഠിക്കാത്ത ജോലിക്കാരായിരിക്കും. അമ്മമാര്‍ മറ്റുള്ളവരുടെ മക്കളെ നഴ്‌സറിയില്‍ പോയി പഠിപ്പിക്കും. സ്വന്തം മക്കളെ വേലക്കാരും നോക്കും അതാണ് സ്ഥിതി. 'ഹൗ ടു ലിവ്' അതാണ് അമ്മമാര്‍ പഠിപ്പിക്കേണ്ടത്. എന്റെ അമ്മയ്ക്ക് വലിയ വിദ്യാഭ്യാസമുണ്ടായിരുന്നില്ല. എന്നാല്‍ എന്റെ അമ്മയായിരുന്നു എനിക്ക് എല്ലാം. എന്റെ അഭിപ്രായത്തില്‍ മക്കള്‍ക്ക് കൂടുതല്‍ ഇഷ്ടം അമ്മയോടാണ്. പരീക്ഷാക്കാലത്ത് വെളുപ്പിനെ നാലു മണിക്ക് അമ്മ ഞങ്ങളെ വിളിച്ചുണര്‍ത്തുമായിരുന്നു. ഇടയ്ക്കിടെ വന്ന് ഞങ്ങള്‍ പഠിക്കുന്നുണ്ടോയെന്ന് നോക്കും. അതുകൊണ്ട് തോല്‍ക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചാല്‍ പോലും അന്നത് നടക്കില്ലായിരുന്നു. 17 വയസ്സുവരെ മാത്രമേ അമ്മയുടെ സ്‌നേഹവാത്സല്യം അനുഭവിക്കാന്‍ എനിക്ക് കഴിഞ്ഞുള്ളൂ. അതിനാല്‍ ആ നല്ല സ്വഭാവത്തെ പൂര്‍ണ്ണമായും പഠിക്കാനും എനിക്ക് കഴിഞ്ഞില്ല.

ഒരു കാര്യം ഞാന്‍ ഉറപ്പിച്ച് പറയുന്നു. സ്ത്രീകള്‍ക്ക് ഒരു ദൗത്യമുണ്ട്. കുഞ്ഞുങ്ങളെ വളര്‍ത്തല്‍. ജീവിക്കാന്‍ പഠിപ്പിക്കേണ്ടത് അമ്മയാണ്. അക്ഷരം പഠിക്കാന്‍ ഇന്നത്തെ കാലത്ത് നഴ്‌സറി സ്‌കൂളില്‍ പോയാലും മതി.

? തിരുമേനി എപ്പോഴും ഒരേ നിറത്തിലുള്ള ഡ്രസ്സും കുരിശുമാലയുമാണല്ലോ ധരിക്കുന്നത്. അതെന്താ അങ്ങനെ?

-ഡ്രസ്സും മാലയുമൊക്കെ ഓരോരുത്തര് തരുന്നതാണ്. ബിഷപ്പായപ്പോള്‍ സഭ പൊന്നുമാല തന്നു. എന്നാല്‍ അത് എന്റെ കയ്യിലിരുന്നാല്‍ കള്ളന്‍ കൊണ്ടുപോകും. എനിക്ക് സൂക്ഷിക്കാന്‍ കഴിയില്ല. അതുകൊണ്ട് തിരിച്ചുകൊടുത്തു. നിറമുള്ള മാലകള്‍ ഒരുപാടുണ്ട്. പണ്ടൊക്കെ ഓരോരുത്തര് വന്ന് ചോദിക്കുമ്പോള്‍ പഴയത് നോക്കി കൊടുക്കും. എന്നാല്‍ അവര്‍ നല്ലത് തരുമ്പോള്‍ ഞാന്‍ പഴയതുകൊടുക്കുന്നത് ശരിയാണോ എന്ന് പിന്നീട് ചിന്തിച്ചുതുടങ്ങി. അതുകൊണ്ട് ഡ്രൈവറോട് പറഞ്ഞിട്ടുണ്ട്. ആരെങ്കിലും മാല ചോദിച്ചാല്‍ നല്ലത് തന്നെ നോക്കി എടുക്കാന്‍ അനുവദിക്കണമെന്ന്. അവര് നല്ലതുതന്നെ നോക്കി എടുത്തോളും.

? കേരളത്തിലെ ബിഷപ്പുമാരില്‍ അങ്ങ് മാത്രമാണ് കുപ്പായത്തിനടിയില്‍ മുണ്ടു ധരിക്കുന്നത്. പ്രത്യേകിച്ച് എന്തെങ്കിലും കാരണം ഇതിലുണ്ടോ?

-ഞാന്‍ മുണ്ടുടുക്കാന്‍ പഠിച്ച ആളാണ്. ഈ രാജ്യത്തെ പൗരനാണ്. വിദേശത്തുള്ളവരുടെ വേഷം അതേപടി അനുകരിക്കേണ്ടതുണ്ടോ? പക്ഷേ, കുറച്ചുകാലം ഞാന്‍ പാന്റ്‌സ് ധരിച്ചിട്ടുണ്ട്.

? കാലത്തിനനുസൃതമായ പരിഷ്‌കരണം സഭയില്‍ അനിവാര്യമല്ലേ? വലിയ പള്ളികളും മറ്റും നിര്‍മ്മിച്ച് ആഢംബരമല്ലെ കാണിക്കുന്നത്?

-സഭയുടെ വളര്‍ച്ച മനുഷ്യന്റെ രൂപാന്തരീകരണമാണ്. അല്ലാതെ വലിയ കെട്ടിടങ്ങളും മറ്റും നിര്‍മ്മിക്കുന്നതല്ല. കുര്‍ബാനയും മറ്റു ഭക്തകാര്യങ്ങളിലും ഇപ്പോള്‍ ജനങ്ങള്‍ക്ക് വലിയ താല്‍പര്യം ഇല്ലാതെ പോയി. പണ്ടൊക്കെ വളരെ അകലെനിന്ന് വന്ന് മുഴുവന്‍ കുര്‍ബാനയും കൂടി കഞ്ഞിയും കുടിച്ചാണ് വിശ്വാസികള്‍ മടങ്ങിപ്പോയിരുന്നത്. എന്നാല്‍ ഇന്ന് ഓടിവന്ന് 'ആമേന്‍' പറഞ്ഞിട്ട് കാറില്‍ കയറിപ്പോകുന്നതാണ് രീതി.

? സമൂഹത്തില്‍ അന്ധവിശ്വാസങ്ങള്‍ കൂടിവരുന്നു?

-വിശ്വാസമില്ലാത്തവര്‍ സഭയെ നയിക്കുമ്പോഴാണ് അന്ധവിശ്വാസങ്ങള്‍ കൂടുന്നത്. ദൈവത്തില്‍ അടിയുറച്ച വിശ്വാസം കുറഞ്ഞുവരുന്നതാണ് പ്രശ്‌നം. വിശ്വാസമില്ലാത്തവര്‍ക്കും ജിവിതന്നെ നയിക്കാന്‍ എന്തെങ്കിലും വേണ്ടേ. അപ്പോള്‍ അന്ധവിശ്വാസം കടന്നുവരും. ചരിത്രത്തെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയില്ല. വര്‍ഷങ്ങള്‍ മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കും. വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രധാനം.

mar crisostam

? സമൂഹത്തില്‍ അസഹിഷ്ണുത കൂടുതലാണെന്ന് തോന്നുന്നുണ്ടോ?

-ശരിയാണ്. മറ്റുള്ളവരെ കുറിച്ച് നല്ലത് പറയാന്‍ ഇന്നു പലര്‍ക്കും ഇഷ്ടമല്ല. അസൂയ പെരുകുകയാണ്. സഭയിലും അതുണ്ട്. പിതാക്കന്മാര്‍ തമ്മില്‍ അകലം ഉണ്ടാകുന്നു. എന്നോട് അകലം കാണിക്കുന്നത് എനിക്ക് പ്രശ്‌നമല്ല. ഓരോരുത്തരേയും എനിക്ക് അറിയാം. അവരുടെ നിലപാടുകളും.

? ഫ്രാന്‍സിസ് മാര്‍പാപ്പയൊക്കെ ട്വിറ്റര്‍ പോലെയുള്ള നവമാധ്യമങ്ങളിലൂടെ വിശ്വാസികളോട് സംസാരിക്കുന്നു?

-നവമാധ്യമങ്ങളോട് താല്‍പര്യമില്ല. ഞാന്‍ വിശ്വാസിക്കുന്നപോലെ മറ്റുള്ളവര്‍ വിശ്വസിക്കണമെന്നും ചെയ്യണമെന്നും എനിക്ക് താല്‍പര്യവുമില്ല. ദൈവത്തെ കുറിച്ചുള്ള എന്റെ മറ്റുള്ളവര്‍ക്ക് ഉണ്ടാകണമെന്നില്ലല്ലോ. ദൈവത്തെ അറിയുകയാണ് മുഖ്യം. മാര്‍പാപ്പയുമായി സെല്‍ഫി എടുക്കുന്നതൊന്നും തെറ്റല്ല. വിശ്വാസികളുമായി അകല്‍ച്ചയുടെ ആവശ്യമില്ലല്ലോ.

? മറ്റു സഭകളുമായുള്ള ബന്ധം

- നിങ്ങള്‍ക്ക് ഒറ്റയ്ക്ക് ജീവിക്കാം. എന്നാല്‍ എനിക്ക് മറ്റുള്ളവരുടെ സഹായമുണ്ടെങ്കിലേ ജീവിക്കാന്‍ കഴിയൂ. അതുകൊണ്ട് മറ്റുള്ളവരുമായി ചേര്‍ന്നുപോകാനാണ് ഞാന്‍ താല്‍പര്യപ്പെടുന്നത്.

ഒരു വൈദികനാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. സാഹചര്യങ്ങളാണ് എന്നെ വൈദികനാക്കിയത്. 'പട്ടക്കാരനാകാമോ?' എന്ന യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ ചോദ്യം സന്തോഷത്തോടെയാണ് സ്വീകരിച്ചത്. മനുഷ്യരുടെ ആവശ്യവും സഭയുടെ വിളിയും ദൈവാത്മാവിന്റെ പ്രേരണയും മൂലമാണ് പട്ടത്വത്തിലേക്ക് പ്രവേശിച്ചത്. എനിക്ക് ബിഷപ്പാകാന്‍ വലിയ താല്‍പര്യമില്ലായിരുന്നു. പിണക്കവുമില്ലായിരുന്നു. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാനുള്ള ആഗ്രഹം അറിയിച്ച് സഭാധികൃതര്‍ക്ക് കത്തുമെഴുതിയിരുന്നു. എന്നാല്‍, സഭാനേതൃത്വം അതനുവദിച്ചില്ല.

? ഒരു ക്രിസ്തുവേ ഉള്ളൂ. പക്ഷേ പല സഭകള്‍ ക്രിസ്തുവിന്റെ പേരിലുണ്ട്. അതെന്താ?

-സഭകളുടെ എണ്ണം കൂടുന്നതില്‍ സന്തോഷമേയുള്ളൂ. ഒരാള്‍ക്ക് അഞ്ചു മക്കളുള്ളതല്ലേ ഒന്നും ഇല്ലാതിരിക്കുന്നതിനേക്കാള്‍ നല്ലത്. സഭകളില്‍ വ്യത്യസ്തതകള്‍ വേണം. ഒരു മാവിന്റെ രണ്ട് ഇലകള്‍ ഒരുപോലെയാണ്. എന്നാല്‍ പ്ലാവിന്റെ ഇലയും മാവിന്റെ ഇലയും വ്യത്യസ്തമാണ്. സ്‌കൂളുകളില്‍ യൂണിഫോം ഉണ്ട്. അതുകൊണ്ടുള്ള പ്രയോജനം ആരെങ്കിലും ഒറ്റപ്പെട്ടുപോയാല്‍ അത് ഈ സ്‌കൂളിലെ കുട്ടിയാണെന്ന് തിരിച്ചറിയാന്‍ കഴിയും എന്നു മാത്രമേയുള്ളൂ. വ്യത്യസ്ത വേണം എന്നു കരുതി സഭയില്‍ ഭിന്നതകള്‍ വരാന്‍ പാടില്ല. വ്യത്യസ്തതകള്‍ അംഗീകരിക്കണം. വ്യത്യസ്തതയാണ് സഭകള്‍ നല്‍കുന്നത്. പരസ്പരം മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ സഭകള്‍ തമ്മിലുള്ള തര്‍ക്കം ഒഴിയും. വ്യത്യസ്തയുടെ പേരില്‍ സഭയില്‍ ഭിന്നത പാടില്ലെന്നും അദ്ദേഹം പറയുന്നു.

സഭകള്‍ തമ്മില്‍ ഐക്യം ഉണ്ട്. എന്റെ അമ്മ വെളുത്തതാണ്. ഞാന്‍ കറുത്തവനാണ്. എന്നാല്‍ വെളുത്ത മകനേക്കാള്‍ അമ്മയ്ക്ക് സ്‌നേഹം കൂടുതല്‍ കറുത്തവനായ എന്നോടായിരുന്നുവെന്നും ക്രിസോസ്റ്റം പറയുന്നു. ഓരോ അമ്മയ്ക്കും മക്കള്‍ തന്നെക്കാള്‍ വലിയവരാകണമെന്നാണ് ആഗ്രഹം. അതുപോലെ തന്നെയാണ് സഭയും.

യേശു തന്റെ പ്രസംഗം കേള്‍ക്കാന്‍ വന്ന ആരേയും തള്ളിക്കളഞ്ഞില്ല. അതുപോലെയാണ് സഭയും. എല്ലാ സഭാ മക്കളും തനിക്ക് സ്വീകര്യരാണ്. ഞാന്‍ ഏക ദൈവവിശ്വാസിയാണ്. എന്നെ സൃഷ്ടിച്ച ദൈവം തന്നെയാണ് അവരേയും സൃഷ്ടിച്ചിരിക്കുന്നതെന്ന് വിശ്വസിക്കുന്നു.

mar crisostam

? ഫ്രാന്‍സിസ് മാര്‍പാപ്പ സഭ പണ്ടുകാലങ്ങളില്‍ ചെയ്ത തെറ്റുകള്‍ക്ക് മാപ്പപേക്ഷ നടത്തിയിട്ടുണ്ടല്ലോ?

-മാപ്പുചോദിക്കാന്‍ ക്രിസ്ത്യാനി ആകണമെന്നില്ല. ക്രിസ്ത്യാനി ആയാല്‍ നിശ്ചയമായും മാപ്പുചോദിക്കണം. തെറ്റ് തെറ്റാണെന്ന് സമ്മതിക്കണം. അതിനെ ന്യായീകരിക്കരുത്. ഞാനും മാപ്പ് ചോദിച്ചിട്ടുണ്ട്. ഒരു സംഭവം പറയാം. വളരെക്കാലം മുന്‍പ് കോലഞ്ചേരി സെന്റ് തോമസ് കോളജിലെ ഒരു അധ്യാപകനുമായി ഒരു കേസുണ്ടായി. അന്ന് ഞാനായിരുന്നു കോളജ് മാനേജര്‍. അധ്യാപകന്‍ കേസ് കൊടുത്തു. ആ കേസ് തള്ളിക്കളയിക്കാമെന്ന് എന്റെ വക്കീല്‍ പറഞ്ഞു. ഞാന്‍ അയാളോട് ചെയ്തത് പരിപൂര്‍ണ്ണമായും ശരിയല്ല എന്ന് എനിക്ക് തോന്നി. ഞാന്‍ അയാളെ വിളിച്ച് മാപ്പുപറഞ്ഞു. കേസ് കൊടുക്കേണ്ടിവന്നതില്‍ ഖേദമുണ്ടെന്ന് അയാളും പറഞ്ഞു. ''തെറ്റുകള്‍ സമ്മതിക്കുകയും മറ്റുള്ളവരുടെ അവകാശങ്ങള്‍ ലംഘിക്കാതിരിക്കുകയും ചെയ്താല്‍ ഈ ലോകം പകുതി സ്വര്‍ഗമാകും''.

? നാട്ടില്‍ അസഹിഷ്ണുത വര്‍ധിക്കുന്നുണ്ടോ?

-ഉണ്ട്. ആരെങ്കിലും ഒരാളെ കുറിച്ച് മറ്റൊരാളോട് നന്മ പറയുന്നുണ്ടോ. അപ്പോള്‍ കേട്ടയാള്‍ക്ക് അസഹിഷ്ണുത ഉണ്ടാകും. സ്വാഭാവികമാണ്. സഭയിലും അങ്ങനെ തന്നെയാണ്. ലോകം മുഴുവനും ഇതുണ്ട്. ബിഷപ്പുമാര്‍ തമ്മിലും അസഹിഷ്ണുതയുണ്ട്. എന്നോട് ആര്‍ക്കെങ്കിലും അസഹിഷ്ണുതയുണ്ട് എന്ന് തോന്നുന്നില്ല. കാരണം എനിക്ക്് അത്ര കഴിവൊന്നുമില്ല. അതുകൊണ്ട് വിഷമവുമില്ല.

?രാജ്യങ്ങള്‍ വരെ അകല്‍ച്ചയുടെ പക്കലാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പരാമര്‍ശങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്

-അയാള്‍ക്ക് എന്താ പറയാന്‍ കഴിയാത്തത്. അമേരിക്കയില്‍ ഇന്ത്യക്കാരും മറ്റുരാജ്യക്കാരും ചെന്ന് അവിടെയുള്ളവരേക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്നു. മറ്റു രാജ്യക്കാര്‍ വന്നില്ലായിരുന്നുവെങ്കില്‍ അതുംകൂടി ഞങ്ങള്‍ക്കു ലഭിക്കുമല്ലോ എന്നതാണ് ചിന്ത.

? തിരുമേനിക്ക് എങ്ങനെയാണ് സാധാരണക്കാരുടെ ഭാഷയില്‍ തമാശ രൂപേണ സംസാരിക്കാന്‍ കഴിയുന്നത്

-സാധാരണക്കാര്‍ക്ക് മനസ്സിലാകണമെങ്കില്‍ അവരുടെ ഭാഷയില്‍ പറയണം. അവര്‍ക്ക് വലിയ വേദാന്തങ്ങളൊന്നും അറിയില്ല. തമാശ പറയുമ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അവനവനേക്കുറിച്ച് മറ്റുള്ളവരുടെ മുന്നില്‍ തമാശ പറയാതിരുന്നാല്‍ എല്ലാവര്‍ക്കും സന്തോഷം.യേശുക്രിസ്തു ഉപമകളിലൂടെയാണ് ജനങ്ങളോട് സംസാരിച്ചത്. ഞാന്‍ സാധാരണക്കാരുടെ അടുത്താണ് ശുശ്രൂഷ തുടങ്ങിയത്. വര്‍ക്ക് വലിയ വേദാന്തമൊന്നും മനസ്സിലാകില്ല. അച്ചന്‍ വലിയ വേദാന്തം പറഞ്ഞാല്‍ പ്രാര്‍ത്ഥന കഴിഞ്ഞ് ആളുകള്‍ മറന്നുപോകും. ലളിതമായി, കഥകളിലൂടെ പറഞ്ഞാല്‍ അത് മനസ്സില്‍ നിന്ന് മായുകയുമില്ല.

?തമാശക്കഥകളെ എങ്ങനെ ആസ്വദിക്കുന്നു

-തമാശ ഇഷ്ടമല്ലാത്തവര്‍ ആരുണ്ട്? അവനവനെ കുറിച്ചുള്ള തമാശ ആകരുതന്നെയുള്ളൂ എല്ലാവര്‍ക്കും. മറ്റു പത്രങ്ങളെ കുറിച്ച് ഞാന്‍ നല്ലത് പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ? ഞാന്‍ പറഞ്ഞത് നുണയാണെങ്കിലും അനുകൂല വാചകങ്ങളാണെങ്കില്‍ അത് അവരെ സുഖിപ്പിക്കും. മംഗളത്തെ പുകഴ്ത്തിയാല്‍ മംഗളം പ്രവര്‍ത്തകര്‍ക്ക് ഇഷ്ടപ്പെടും. മറ്റു ചിലര്‍ വിമര്‍ശിച്ചെന്നിരിക്കും. തമാശയിലൂടെ പറഞ്ഞാല്‍ ആ പ്രശ്‌നം ഉണ്ടാകുന്നില്ല.

? ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച വ്യക്തി ഏതാണ്

-സ്‌കൂളില്‍ പഠിച്ച കാലത്തെ സഹപാഠികളെയാണ് ഓര്‍മ്മ വരുന്നത്.

?രോഗത്തെ ചിരിയോടെ നേരിടാനുള്ള പ്രേരണയെന്താണ്-രോഗങ്ങളെ ദുഃഖത്തോടെ കാണുന്നില്ല. എല്ലാവര്‍ക്കും ദുഃഖമുണ്ട്. കാന്‍സര്‍ വന്നപ്പോള്‍ 'ജോയ് ഓഫ് കാന്‍സര്‍' എന്ന പുസ്തകം വായിച്ചു. കരഞ്ഞുകൊണ്ടിരുന്നാല്‍ രോഗം കുറയില്ല. വര്‍ധിക്കുകയേയുള്ളൂ. എനിക്ക് മനുഷ്യരിലും ദൈവത്തിലും വിശ്വാസമുണ്ട്.

?സുവിശേഷ വേലയ്ക്കിടെ തിരുമേനി നാട്ടുകാരില്‍ നിന്നും പഠിച്ചതെന്താണ്

-മറ്റുള്ളവര്‍ എന്നെ ഒത്തിരി പഠിപ്പിച്ചു. കാര്‍വറിലെ മുക്കുവര്‍ക്കൊക്കൊപ്പം പല തവണ മീന്‍പിടിക്കാന്‍ പോയിട്ടുണ്ട്. ഒരു ദിവസം അവര്‍ക്കൊപ്പം സഞ്ചരിച്ചപ്പോള്‍ അയലയുടെ വലിയ കൂട്ടം കണ്ടു. മത്സ്യക്കൂട്ടത്തിനിടയിലൂടെ വള്ളം തുഴാന്‍ ഞാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, മത്സ്യത്തൊഴിലാളികള്‍ അത് സമ്മതിച്ചില്ല. മത്സ്യങ്ങളെ ബഹുമാനിക്കാന്‍ മറക്കരുതെന്നായിരുന്നു അവരുടെ നിലപാട്. അത് എന്നെ ആശ്ചര്യപ്പെടുത്തി.

?പഠിച്ച പ്രധാന പാഠമെന്താണ്

-കണക്ക് പഠിച്ചു, ഇംഗ്ലീഷ് പഠിച്ചു... (പൊട്ടിച്ചിരി)

? നാടകവും സിനിമയും ഇഷ്ടമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.

--കൊച്ചിലെ നാടകത്തിന് പോകുമായിരുന്നു. എന്നാല്‍ അമ്മയ്ക്ക് അത് ഇഷ്ടമല്ലെന്ന് മനസ്സിലായതോടെ നിര്‍ത്തി. ഉറങ്ങിക്കിടക്കുമ്പോള്‍ അമ്മ ഇടയ്ക്കിടെ വന്ന് നോക്കുമായിരുന്നു ഞാന്‍ നാടകത്തിന് പോയോ എന്ന്. സിനിമ ചുരുക്കം ചിലതെ കണ്ടിട്ടുള്ളൂ. അച്ചന്‍ പട്ടം ലഭിച്ചതില്‍ പിന്നെ സിനിമ കണ്ടിട്ടില്ല. അക്കാലത്ത് അച്ചന്‍ സിനിമയ്ക്ക് പോയെന്നറിഞ്ഞാല്‍ പട്ടം തന്നെ പോകും. എന്നാല്‍ സിനിമയിലുള്ളവരുമായി എല്ലാം നല്ല ബന്ധമാണ്. ആറന്മുള പൊന്നമ്മ എന്റെ കൂടെ പഠിച്ചതാണ്. മമ്മൂട്ടിയുമായും നല്ല ബന്ധമാണ്.

?ഇഷ്ടഭക്ഷണം

-അങ്ങനെയൊന്നില്ല. കിട്ടുന്നത് കഴിക്കും. ഒരിക്കല്‍ ഒരു ക്യാംപില്‍ പോയപ്പോള്‍ ആദിവാസികളുടെ കൂടെ അവരുടെ കുടിലില്‍ പോയി ഭക്ഷണം കഴിച്ചു. തിരിച്ച് ക്യാംപില്‍ വന്നപ്പോള്‍ ഗുജറാത്തിയായ ഒരു പാചകക്കാരിയുണ്ടായിരുന്നു. അവര്‍ ചോദിച്ചു എന്താണ് കഴിച്ചതെന്ന്. പാമ്പിനെയാണെന്ന് മറുപടി നല്‍കി. അതുകേട്ടതും അവര്‍ എഴുന്നേറ്റ് പോയി. പിന്നെ അവര്‍ എന്റെ അടുത്ത് വന്നിട്ടുമില്ല.

? തിരുമേനിക്ക് പല പേരുകള്‍ ഉണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

-ധര്‍മ്മിഷ്ഠന്‍ എന്നായിരുന്നു പിതാവ് ഇട്ട പേര്. ഫിലിപ്പ് മാമ്മന്‍ എന്നാണ് മാമോദീസ പേര്. ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയെന്ന് സ്ഥാനപ്പേരും. ഇതില്‍ ഏത് പേരാണെന്ന് ഇഷ്ടമെന്ന് ചോദിച്ചാല്‍ പറയാന്‍ വിഷമമാകും. ധര്‍മ്മിഷ്ഠന്‍ എന്ന പേരാണ് ഇഷ്ടമെന്ന് പറഞ്ഞാല്‍ പത്രക്കാര്‍ അങ്ങനെയെഴുതും. പത്രക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് കണ്ണിറുക്കി ചിരിച്ചുകൊണ്ട് തിരുമേനി പറഞ്ഞു.

ഇളയ സഹോദരി സൂസമ്മ എന്നെ 'അമ്പട്ടന്‍' എന്നാണ് വിളിച്ചിരുന്നത്. അതും ഇഷ്ടമാണ്. അവരിപ്പോള്‍ മകളുടെ കൂടെ വെല്ലൂരിലാണ്. ഇടയ്ക്ക് അവിടെ പോകാറുണ്ടെന്നും തിരുമേനി പറഞ്ഞു. പിന്നെും പല പേരുകളുമുണ്ട്. അതൊന്നുംപുറത്തുപറയുന്നില്ല. അംഗീകരിക്കപ്പെട്ട പേരുകളാണ് പുറത്തുപറയുന്നത്.

mar crisostam

? ആളുകള്‍ക്ക് പഴയ പോലെ വിശ്വാസമുണ്ടോ

-പ്രാര്‍ത്ഥിക്കുന്നവരെല്ലാം വിശ്വാസികളല്ല. കിട്ടിയാല്‍ കിട്ടട്ടെ എന്നരീതിയിലാണ് പ്രാര്‍ത്ഥന.

? തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയക്കാര് പറയും പാവപ്പെട്ടവരുടെ ഉന്നമനമാണ് ലക്ഷ്യമെന്ന്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ആരെയും കാണുന്നില്ല. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം പിന്നിടുമ്പോഴും പാവപ്പെട്ടവന്‍ അങ്ങനെ തന്നെയാണല്ലേ

-പാവപ്പെട്ടവരുടെ ക്ഷേമം അവര് ഉദ്ദേശിച്ചിട്ടില്ല. പക്ഷേ പറഞ്ഞില്ലെങ്കില്‍ വോട്ട് കിട്ടുമോ. അവര്‍ക്ക് വേണ്ടത് വോട്ടാണ്. രാഷ്ട്രീയം ഒരു ജോലിയല്ലേ. പരീക്ഷയ്ക്ക് പോകുമ്പോള്‍ തോല്‍ക്കുമെന്ന് അമ്മയോട് പറയാന്‍ പറ്റുമോ മാര്‍ക്ക് കൂട്ടിനോക്കുമ്പോള്‍ ജയിക്കില്ലെന്ന് അറിയാം. എന്നാലും ജയിക്കുമെന്നേ ഞാന്‍ അമ്മയോട് പറഞ്ഞിട്ടുള്ളൂ. അതുപോലെ രാഷ്ട്രീയക്കാര്‍ക്ക് വോട്ടു മാത്രം മതി. ഈ പത്രക്കാര് വാര്‍ത്ത കൊടുക്കുന്നത് നാട്ടുകാരെ ന്യൂസ് അറിയിക്കാനാണോ അവര്‍ക്ക് പണം കിട്ടാനാണോ? എന്ന മറുചോദ്യവും തിരുമേനി എന്റെ നേരെ എറിഞ്ഞു.

?ഇഷ്ടമുള്ള രാഷ്ട്രീയ നേതാവുണ്ടോ

-കല്യാണം കഴിക്കാന്‍ പറ്റാത്തയാള്‍ ഒരുത്തിയെ ഇഷ്ടപ്പെടുന്നത് ശരിയാണോ? (പൊട്ടിച്ചിരി ഉയര്‍ത്തുന്ന മറു ചോദ്യം അദ്ദേഹം ഉന്നയിച്ചു) കഴിക്കുന്നയാളെ ഇഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഞാന്‍ കല്യാണം കഴിക്കാത്തതുകൊണ്ട് ഇഷ്ടപ്പെട്ട് നടക്കാറില്ല. എന്നാല്‍ തോമസ് ഐസക്കിനെ ഇഷ്ടമാണെന്നും തിരുമേനി പിന്നീട് പറഞ്ഞു.

? നരേന്ദ്ര മോഡിയുമായി നല്ല ബന്ധമാണല്ലോ. നോട്ട് നിരോധനത്തില്‍ മോഡിക്ക് കത്തയച്ചുവെന്ന് കേട്ടു


-നോട്ട് നിരോധനത്തില്‍ അഭിനന്ദിച്ചുകൊണ്ട് കത്തെഴുതിയിരുന്നു. കള്ളപ്പണം തടയാന്‍ കഴിയുമെങ്കില്‍ നല്ലകാര്യമാണ്. മോഡിയെ കാണാന്‍ ഒരിക്കല്‍ പോയി. ഞാന്‍ ചെന്നയുടന്‍ അദ്ദേഹം ഇറങ്ങിവന്ന് എന്നെ കയറിപ്പിടിച്ചു. എന്നെ തൊടാന്‍ എന്റെ ഡ്രൈവറെ അനുവദിച്ചുപോലുമില്ല. പടം വന്നപ്പോള്‍ 'മോഡിയുടെ പിടിയിലായി' ഞാന്‍.

പ്രസിഡന്റിനെ കാണാനും പോയിരുന്നു. അദ്ദേഹത്തിന് പൊക്കം കുറവാണ്. അതുകൊണ്ട് ഞാന്‍ കുനിഞ്ഞുനിന്നു. അപ്പോള്‍ അദ്ദേഹവും കുനിഞ്ഞു. പടം വന്നപ്പോള്‍ ഞാന്‍ പൊങ്ങിയും അദ്ദേഹം താഴ്ന്നുമിരുന്നു. അങ്ങനെ രാഷ്ട്രപതിയേക്കാള്‍ 'ഉയര'ത്തിലായി ഞാന്‍.

? ഉമ്മന്‍ ചാണ്ടിയേയും പിണറായി വിജയനേയും എങ്ങനെ വിലയിരുത്തുന്നു.

-അങ്ങനെ ആരോടും വലിയ ബന്ധമില്ല. പിണറായി വിജയന്‍ ഒരിക്കല്‍ കാണാന്‍ വന്നിരുന്നു. ഉമ്മന്‍ ചാണ്ടി നല്ല മനുഷ്യനാണ്. പക്ഷേ കൂട്ടുകെട്ട് കൊള്ളില്ല. പാര്‍ട്ടിയെ തന്നെക്കാള്‍ അധികമായി അയാള്‍ സ്‌നേഹിക്കുന്നു. സാധാരണക്കാരെ വളര്‍ത്താന്‍ ആര്‍ക്കും താല്‍പര്യമില്ലെന്നതാണ് സത്യം.

?അമൃതാനന്ദമയിയും ശ്രീശ്രീ രവിശങ്കറുമായി നല്ല ബന്ധമാണല്ലോ

-അങ്ങനെ ആരുമായും പ്രത്യേക ബന്ധമില്ല. അവര്‍ പരിപാടിക്ക് വിളിച്ചപ്പോള്‍ പോയി എന്നേയുള്ളൂ.

? ക്രിസ്തുവിന്റെ പ്രബോധനങ്ങളും കമ്മ്യുണിസ്റ്റ് ചിന്തകളും തമ്മില്‍ സാമ്യതകള്‍ തോന്നുന്നു. ഈശ്വരനില്ലെന്ന് വിശ്വസിക്കുന്ന അവര്‍ മരിച്ചാല്‍ സ്വര്‍ഗത്തില്‍ പോകുമോ

-ഞാന്‍ ഇതുവരെ ആരേയും സ്വര്‍ഗത്തിലേക്ക് അയച്ചിട്ടില്ല. അതുകൊണ്ട് ആരെങ്കിലും പോകുമോ ഇല്ലയോ എന്ന് എനിക്കറിയാന്‍ പാടില്ല. ഞാനും പോകുമെന്ന് വിശ്വസിച്ചുകൊണ്ടിരിക്കുകയാണ്.

mar crisostam

?വരും തലമുറയ്ക്ക് നല്‍കാനുള്ള സന്ദേശം എന്താണ്

-എല്ലാ മനുഷ്യരും മനുഷ്യരായി ജീവിക്കണം. എല്ലാ സഹജീവികളെയും സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. പ്രോത്സാഹനം പ്രസംഗത്തിലൂടെ മാത്രമല്ല വേണ്ടത്. എല്ലാവര്‍ക്കും അടിസ്ഥാന സൗകര്യം ലഭ്യമാക്കണം. എല്ലാരരേയും ഒരുപോലെ കാണണം. എല്ലാവരുടേയും രീതി ഒരുപോലെയായിരിക്കണം എന്ന് ഞാന്‍ കരുതുന്നില്ല. കാരണം, എന്റെ കയ്യില്‍ രണ്ടായിരം രൂപ കിട്ടിയാല്‍ അത് വിനിയോഗിക്കാന്‍ എനിക്കറിയില്ല. എന്റെ അമ്മയുടെ കയ്യില്‍ കൊടുത്താല്‍ അത് നന്നായി വിനിയോഗിക്കും. എന്റെ പരിമിതികള്‍ എനിക്കറിയാം. സ്വന്തം പരിമിതി മനസ്സിലാക്കി ജീവിച്ചാല്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ നമുക്ക് കഴിയും.

അഭിമുഖം പൂര്‍ത്തിയായപ്പോള്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വൈദികന്‍ തിരുമേനിയെ കാണാനെത്തി. വൈദികനെ കണ്ടതോടെ അദ്ദേഹം ചോദിച്ചു,''നിങ്ങളും യാക്കോബായക്കാരുമായി ഇങ്ങനെ തര്‍ക്കം തുടരണോ? കത്തോലിക്കാ സഭയിലെ പോലെ റീത്തുകളാകാന്‍ പാടില്ലേ.? സമാധാനം ആഗ്രഹിക്കുന്നതുകൊണ്ടാണ് താനിങ്ങനെ പറഞ്ഞത്. കാതോലിക്കാ ബാവാ തിരുമേനി (പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍) കാര്യങ്ങള്‍ മനസ്സിലാക്കുന്ന ആളാണ്. നിങ്ങളൊക്കെ അദ്ദേഹത്തോട് സംസാരിച്ചാല്‍ മതിയെന്നും അദ്ദേഹത്തെ സമാധാനിപ്പിച്ചു.

ചുങ്കത്ത് മീനച്ചിലാറിന്റെ തീരത്തുള്ള ഒരു വീട്ടിലായിരുന്നു തിരുമേനി 'മംഗളം ഓണ്‍ലൈന്‍' സംഘത്തിനൊപ്പം സമയം ചെലവഴിച്ചത്. അവിടെ നിന്നും ഇറങ്ങാന്‍ തുടങ്ങവേ തിരുമേനിയുടെ അനുഗ്രഹം തേടി ഒരാള്‍ എത്തി. വീട്ടുകാര്യങ്ങളും മറ്റും ചോദിച്ച് അറിയുന്നതിനിടെ അവരോട് ചോദിച്ചു. 'ഭര്‍ത്താവിന് എന്താണ് ജോലി?

എസ്.ഐ ആയിരുന്നു. ഇപ്പോള്‍ വിരമിച്ചു-അവര്‍ മറുപടി നല്‍കി. ഉടനെത്തി നര്‍മ്മത്തില്‍ കലര്‍ന്ന തിരുമേനിയുടെ മറുപടി. മുന്‍പ് നാട്ടുകാര്‍ക്കിട്ട് ഇടിച്ചു. ഇപ്പോള്‍ വീട്ടില്‍ കുഞ്ഞിനാണോ ഇടികൊള്ളുന്നത്.?

നര്‍മ്മത്തിന്റെ നറുമലരും ഇടയ്ക്ക് പൊട്ടിച്ചിരികളും സമ്മാനിച്ച അഭിമുഖം മണിക്കൂറുകള്‍ നീണ്ടുപോയത് അറിഞ്ഞില്ല. ഇടയ്ക്ക് അല്പം കുശലാന്വേഷണവും വീട്ടുകാര്യങ്ങളും ചോദിച്ചറിഞ്ഞു. ഇനി നില്‍ക്കാന്‍ സമയമില്ല. ഉടന്‍ പാലായിലെത്തണം. മണിക്കൂറുകള്‍ ഞങ്ങള്‍ക്കൊപ്പം ചെലവഴിച്ച് ഭക്ഷണം കഴിച്ച് യാതൊരു ക്ഷീണവും കൂടാതെ അദ്ദേഹം യാത്ര പറഞ്ഞിറങ്ങി. വാഹനത്തില്‍ കയറിയശേഷം വീണ്ടും അനുഗ്രഹിച്ചു. 100 വയസ്സുള്ള ആ 'ധര്‍മ്മിഷ്ഠന്റെ' പ്രയാണത്തെ അത്ഭുതത്തോടെ നോക്കി നില്‍ക്കാനെ ഞങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ.

Ads by Google
ബീന സെബാസ്റ്റിയന്‍
Thursday 25 Jan 2018 08.53 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW