എന്നെ കാണാന്‍ വരുന്നവര്‍ക്കെല്ലാം ഏതാണ്ട് ഒരേ ഭാവമാണ്. വാശിയുടെ അല്ലെങ്കില്‍ നിരാശയുടെ അതുമല്ലെങ്കില്‍ വിരഹത്തിന്റെ... പക്ഷേ ഇതൊന്നുമല്ലായിരുന്നു ശ്രീനിയുടെ മുഖത്ത് ഞാന്‍ കണ്ടത്.
സ്നേഹവും ദയയും നിരാശയും വിരഹവും എല്ലാം കൂടിക്കലര്‍ന്ന ഭാവമായിരുന്നു അയാളുടേത്. ഞാന്‍ ചോദിക്കാതെ തന്നെ അയാള്‍ വന്ന കാര്യം വ്യക്തമാക്കി.
''എന്റെ പേര് ശ്രീനി, ഞാനൊരു എന്‍ജിനീയറാണ്. ഡല്‍ഹിയിലായിരുന്നു ജോലി. ഇപ്പോള്‍ നാട്ടിലാണ്. അച്ഛന് എന്‍ജിനീയര്‍ ആകണമെന്നായിരുന്നു ആഗ്രഹം. പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് മുത്തച്ഛന് കിടപ്പിലായതോടെ മൂത്തമകനായ അച്ഛന് കുടുംബത്തിന്റെ പ്രാരബ്ധം ഏറ്റെടുക്കേണ്ടി വന്നു.
രോഗിയായ അച്ഛനെയും അമ്മയെയും സംരക്ഷിക്കുന്നതിനോടൊപ്പം സഹോദരങ്ങളെ പഠിപ്പിക്കാനും വിവാഹം കഴിപ്പിച്ചയയ്ക്കാനും അദ്ദേഹം മറന്നില്ല. ഉത്തരവാദിത്വങ്ങളും ചുമതലകളും എല്ലാം ചെയ്തു തീര്‍ത്ത് അച്ഛന് വിവാഹം കഴിച്ചപ്പോള്‍ പ്രായമേറെയായി.
എന്റെ എല്ലാക്കാര്യങ്ങളും തീരുമാനിക്കുന്നത് അച്ഛനും അമ്മയും ചേര്‍ന്നായിരുന്നു. എനിക്കും അതായിരുന്നു ഇഷ്ടം. എന്നെ എന്‍ജിനീയറാക്കണം എന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു.
പ്രായത്തെപ്പോലും വകവയ്ക്കാതെയാണ് അച്ഛന് എന്നെ പഠിപ്പിച്ചത്. പഠനശേഷം എനിക്ക് ഡല്‍ഹിയില്‍ ജോലി ലഭിച്ചു. അവിടെ ചെന്ന് ആറുമാസം കഴിഞ്ഞപ്പോള്‍ അച്ഛനെയും അമ്മയെയും കൊണ്ടുപോയി.
ഡല്‍ഹി യില്‍ വച്ചാണ് ഞാന്‍ ഹേമയെ വിവാഹം കഴിച്ചത്. അതോടെയായിരുന്നു വീട്ടില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. ജന്മം കൊണ്ട് മലയാളിയാണെങ്കിലും ഹേമയ്ക്ക് മോഡേണ്‍ ചിന്താഗതിയായിരുന്നു.
പ്രായമായ എന്റെ അച്ഛനും അമ്മയ്ക്കും അവള് ഒരു വിലയും കല്പിച്ചില്ല. അതിനെ തുടര്‍ന്ന് ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി. പ്രായത്തിന്റെ എടുത്തുചാട്ടവും പണത്തിന്റെ അഹങ്കാരവും കാരണം ആരോടും ഒന്നും പറയാതെ ഒരു ദിവസം അവള് വീടുവിട്ടിറങ്ങി.
സ്വന്തം ഇഷ്ടപ്രകാരം പോയതുകൊണ്ട് ഞാനും തിരികെ വിളിച്ചില്ല. സ്ത്രീധനത്തിന്റെ പേരില്‍ അച്ഛനും അമ്മയും ഹേമയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു എന്ന് അവള് കേസ് രജിസ്റ്റര്‍ ചെയ്തു.
മൂന്നുവര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റം. അവളുടെ പരാതിയെ തുടര്‍ന്ന് പ്രായമായ അച്ഛനും അമ്മയും കോടതി കയറേണ്ടി വന്നു. കോടതി മുറിയില്‍ നിസ്സഹായതയോടെയുളള അവരുടെ നില്പ് എന്നെ വല്ലാതെ വേദനിപ്പിച്ചു. ആ നിമിഷം ഞാന്‍ മനസ്സില്‍ തീരുമാനിച്ചു ഹേമ ഇനി എന്റെ ജീവിതത്തില്‍ വേണ്ട.
കേസ് നടത്തിപ്പിനിടെ അവളുടെ മാതാപിതാക്കള്‍ എന്നെ സമീപിച്ചു. മുറിഞ്ഞുപോയ ദാമ്പത്യം തുടരാമെങ്കില്‍ കേസ് പിന്‍വലിക്കാമെന്ന് അവര്‍ പറഞ്ഞു. പക്ഷേ ഞാനതിന് തയ്യാറായില്ല. കോടതിയിലും നിയമത്തിലും എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. എത്രകാലം വേണ്ടി വന്നാലും സത്യം തെളിയുമെന്ന് തന്നെ ഞാന്‍ വിശ്വസിച്ചു.
അതുമല്ലെങ്കില്‍ ജയിലില്‍ കിടക്കേണ്ടി വന്നാലും മാതാപിതാക്കള്‍ക്കെതിരെ കേസ് കൊടുത്ത ഹേമയെ സ്വീകരിക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല.
വിധി എന്താണെങ്കിലും അത് സ്വീകരിക്കാന്‍ മാതാപിതാക്കളും മനസ്സ് കൊണ്ട് തയ്യാറായി. നീണ്ടനാളത്തെ നിയമയുദ്ധത്തിനൊടുവില്‍ സത്യം ബോധ്യമായ കോടതി അച്ഛനെയും അമ്മയെയും വെറുതെ വിട്ടു.
ഇത്രയും ക്രൂരമായി പെരുമാറിയിട്ടും ഞാന്‍ അവളെ സ്വീകരിക്കണമെന്നാണ് എന്റെ അച്ഛനും അമ്മയും പറഞ്ഞത്. പക്ഷേ എനിക്കതിന് കഴിയില്ല. ആദ്യമായിട്ടാണ് അവരുടെ വാക്കുകള്‍ ധിക്കരിക്കുന്നത്. പക്ഷേ അതിലെനിക്ക് കുറ്റബോധമില്ല.
ഒരു തെറ്റും ചെയ്യാതെ സ്വന്തം മകളെപ്പോലെ സ്നേഹിച്ച എന്റെ മാതാപിതാക്കളെ അവള് കോടതി മുറി കയറ്റി. അങ്ങനെയുളള അവളുമായി ഇനി ഒന്നിച്ചൊരു ജീവിതം ഞാന്‍ ആഗ്രഹിക്കുന്നില്ല.
അതുകൊണ്ട് എത്രയും പെട്ടെന്ന് തന്നെ അവളുമായുളള ഡിവോഴ്സിന് വേണ്ട കാര്യങ്ങള്‍ സാര്‍ ചെയ്തുതരണം'' എന്ന് ആ ചെറുപ്പക്കാരന് എന്നോട് ആവശ്യപ്പെട്ടു.
ശ്രീനിയുടെ ആവശ്യപ്രകാരം ബന്ധം പിരിയാനുളള നിയമനടപടികള്‍ സ്വീകരിച്ചു. ഒരു മ്യൂച്വല്‍ ഡിവോഴ്സിന് ഹേമയും വീട്ടുകാരും തയ്യാറാകാഞ്ഞതു കൊണ്ട് വിവാഹബന്ധം പിരിയാന്‍ കാലതാമസമുണ്ടായി.