Sunday, July 21, 2019 Last Updated 9 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Jan 2018 04.07 PM

സൗഹൃദത്തിന്റെ സംഗീതം

uploads/news/2018/01/186190/Weeklydeepakdeva230118.jpg
* ദീപക് ദേവും സഗീറും കുടുംബസമേതം

ചെറുപ്പം മുതല്‍ ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെങ്കിലും ആ വാക്കിന് ഞാന്‍ കൊടുക്കുന്ന അര്‍ത്ഥം പൂര്‍ണമായും ഒത്തൊരാള്‍ കടന്നുവന്നത് ചെന്നൈ ജീവിതത്തിനിടയിലാണ്. കൃത്യമായി പറഞ്ഞാല്‍ 1999 ല്‍.

ദുബൈയില്‍ നിന്ന് സ്‌കൂളിംഗ് കഴിഞ്ഞ് തേവര കോളേജിലെ പഠനത്തിന് ശേഷമാണ് സംഗീതത്തില്‍ എന്തെങ്കിലും ആകണമെന്ന ആഗ്രഹത്തോടെ ചാന്‍സ് അന്വേഷിച്ച് ചെന്നൈയ്ക്ക് വെച്ചുപിടിച്ചത്.

ഒരു മലയാളിയെപ്പോലും പരിചയമില്ലാതെ ഒറ്റപ്പെട്ടിരിക്കുന്ന സമയത്ത് നിയോഗം പോലെ ആയിരുന്നു ആ കൂടിക്കാഴ്ച. പാട്ടുകാരന്‍ കൂടിയായ റിയാസ് എന്ന സുഹൃത്ത് ഒരു ഷോയില്‍ പങ്കെടുത്തപ്പോള്‍ ചെന്നൈയിലുള്ള സഗീറിന് കൊടുക്കാനെന്നു പറഞ്ഞ് ഒരു പാര്‍സല്‍ ഏല്‍പ്പിച്ചതാണ് തുടക്കം.

ആ പൊതി കൈമാറാന്‍ വേണ്ടിയാണ് ലൈഫ് സ്‌റ്റൈല്‍ ഷോപ്പിംഗ് മോളില്‍ അന്ന് ഞാന്‍ ചെന്നത്. മലയാളിയായ ഒരാളെ കാണാന്‍ കൊതിച്ച എനിക്ക് സഗീറിനോടൊന്ന് സംസാരിച്ചപ്പോള്‍ തന്നെ എന്തെന്നില്ലാത്ത ആശ്വാസം തോന്നി.

ഞങ്ങളുടെ സംഭാഷണം, മുന്‍പേ പരിചയമുള്ളവരുടേതുപോലെ ആയിരുന്നു എന്നതാണ് രസം. ഒഴിവുസമയങ്ങളില്‍ വീണ്ടും കണ്ടും സംസാരിച്ചുമൊക്കെ പെട്ടെന്നുതന്നെ ഞങ്ങള്‍ നല്ല ഫ്രണ്ട്‌സായി മാറി.

ചെന്നൈയില്‍ തന്നെ പഠിച്ചുവളര്‍ന്നൊരാളാണ് സഗീറെന്ന് കുറച്ചുനാളുകള്‍ക്ക് ശേഷമാണ് ഞാന്‍ അറിഞ്ഞത്. വാപ്പയുടെ ബിസിനസുമായി ബന്ധപ്പെട്ട് കുടുംബത്തോടൊപ്പം അവിടെ സ്ഥിരതാമസമാക്കിയതുകൊണ്ട് ആ നഗരത്തിന്റെ മുക്കും മൂലയും അവന് അറിയാമായിരുന്നു.

എന്നെ ഒപ്പം കൂട്ടി, ഒരു ടൂറിസ്റ്റ് ഗൈഡിനെപ്പോലെ ഓരോ സ്ഥലങ്ങളും പരിചയപ്പെടുത്തിയതോടൊപ്പം പ്രാധാന്യം മനസിലാക്കി തന്നതും സഗീറാണ്. എനിക്കന്ന് കാറില്ല. അവനോടൊപ്പമുള്ള യാത്രകളിലൂടെയാണ് ഞാന്‍ കാറിലിരുന്ന് പാട്ട് കേള്‍ക്കുമ്പോള്‍ ഉള്ള സുഖം അനുഭവിച്ചറിഞ്ഞത്.

അതുവരെ കേട്ടുശീലിക്കാത്ത പല ജോണറുകളിലെ പാട്ട് കേള്‍ക്കാനും ആസ്വദിക്കാനും അവസരം കിട്ടിയതും അങ്ങനുള്ള യാത്രകള്‍ക്കിടയിലാണ്.

സൗണ്ട് എഞ്ചിനീയറിങ്ങിന്റെ ആദ്യാക്ഷരങ്ങള്‍ ഞാന്‍ പഠിച്ചതുപോലും സഗീറില്‍ നിന്നാണ്. അത്രയും നാള്‍ വെറുതെ പാട്ടുകള്‍ കേള്‍ക്കുമെന്നതില്‍ കവിഞ്ഞ് സംഗീതത്തിന്റെ ക്വാളിറ്റിയെക്കുറിച്ചോ ക്ലാരിറ്റിയെക്കുറിച്ചോ ചിന്തിച്ചിട്ടുകൂടി ഇല്ലായിരുന്നു.

ഉള്‍വലിഞ്ഞ എന്റെ പ്രകൃതം മാറ്റണമെന്നുപദേശിച്ചതും ജീവിതത്തെ കുറച്ചുകൂടി ലൈറ്റ് ആയി സമീപിച്ച് പരമാവധി അടിച്ചുപൊളിക്കണമെന്നു പറഞ്ഞതുമൊക്കെ വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ സൈഡിലും ഉപകാരപ്പെട്ടിട്ടുണ്ട്. മിക്ക സംഗീതോപകരണങ്ങളും വായിക്കാനറിയാവുന്ന ജീനിയസ് കൂടി അവനിലുണ്ട്.

പാട്ട് ആസ്വദിക്കാനും വിലയിരുത്താനും അപാര സെന്‍സാണ്. ഒരേ ജോലി അല്ലാതിരിക്കുകയും എന്നാല്‍ നമ്മുടെ ജോലിയുടെ സ്വഭാവം അറിയുകയും വ്യക്തമായ അഭിപ്രായം പറയാന്‍ കഴിയുന്നതുമായ സുഹൃത്തിനെ കിട്ടാന്‍ എല്ലാവര്‍ക്കും ആഗ്രഹം കാണും. ആ അര്‍ത്ഥത്തില്‍ ഞാന്‍ ഭാഗ്യവാനാണ്.

ക്രോണിക് ബാച്ചിലറിലൂടെ സിനിമയിലേക്ക് എനിക്കൊരു എന്‍ട്രി കിട്ടിയപ്പോള്‍ എന്റെ കുടുംബം സന്തോഷിച്ചതുപോലെ തന്നെ സന്തോഷിച്ചൊരാള്‍ സഗീറാണ്.

ഒരു പാട്ടിന്റെ പൂര്‍ണരൂപം എത്താതെ ഞാന്‍ അവനെ കേള്‍പ്പിക്കില്ല. ഭംഗിവാക്ക് എന്നനിലയില്‍ നന്നായിട്ടുണ്ടല്ലോ എന്നുപറയാന്‍ അവനറിയില്ലെന്ന് എനിക്കറിയാം.

എന്റെ നൂറുശതമാനം എത്തിയെന്ന് സ്വയം തൃപ്തി വരുമ്പോഴാണ് കോമ്പോസിഷനെ കുറിച്ച് അഭിപ്രായം ചോദിക്കുക. ഒരു കായികതാരത്തിന്റെ കഴിവ് മനസ്സിലാക്കി അവരില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം ഉണ്ടാകുംവരെ 'പോരാ പോരാ' എന്നുപറഞ്ഞുകൊണ്ടേയിരിക്കുന്ന കോച്ചിനെപ്പോലെയാണെന്റെ കുട്ടുകാരന്‍.

ബാച്ചിലര്‍ ലൈഫില്‍ തുടങ്ങിയ സൗഹൃദം അതിനേക്കാള്‍ തീവ്രതയോടെ തുടരുന്നത് എന്റെ ഭാര്യ സ്മിതയും സഗീറിന്റെ ഭാര്യ സിനിയും നല്ല ഫ്രണ്ട്‌സ് ആയതുകൊണ്ടുകൂടിയാണ്.

ഞങ്ങളുടെ മക്കള്‍ തമ്മിലും ആ സൗഹൃദം തുടരുന്നതാണ് മറ്റൊരു സന്തോഷം. ഞാനും സ്മിതയും തമ്മിലൊരു ചെറിയ പിണക്കമുണ്ടായാല്‍ സോള്‍വ് ചെയ്യാന്‍ ആദ്യം ഓടിയെത്തുന്നത് സഗീറും സിനിയുമാണ്. തിരിച്ചും അങ്ങനെ തന്നെ.

ഉറുമിയിലെ ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ നില്‍ക്കുന്ന സമയത്താണ് 'അഴകടല്‍ അലയാണ് നീ' എന്ന ഗാനം വിവാദത്തില്‍പ്പെട്ടത്. ആ സന്ദര്‍ഭമാണെനിക്ക് ആരാധനയും സൗഹൃദവും തമ്മിലുള്ള വ്യതാസം പഠിപ്പിച്ചുതന്നത്.

നല്ല വാക്കുകള്‍ പറഞ്ഞും അഭിനന്ദനത്തില്‍ മൂടിയും എന്നെ തലയില്‍ എടുത്തുവച്ചവര്‍ ഒരു നിമിഷം ഒന്ന് ആലോചിക്കുകകൂടി ചെയ്യാതെ വലിച്ചെറിഞ്ഞതുപോലെയാണ് തോന്നിയത്.

ഉയര്‍ച്ചയിലും താഴ്ചയിലും ഒരുപോലെ കൂടെ നില്‍ക്കുന്നതെപ്പോഴും സ്ഥാനമാനങ്ങളൊക്കെ വരും മുന്‍പ് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് തന്നെ ആയിരിക്കുമെന്നെനിക്ക് ബോധ്യപ്പെട്ടു.

സഗീര്‍ അന്നെന്നെ ആശ്വസിപ്പിച്ച വാക്കുകള്‍ ഇപ്പോഴും ഓര്‍മയിലുണ്ട്: ''ഒന്നുമില്ലാതിരുന്നിടത്ത് നിന്ന് നമ്മള്‍ ഇതുവരെ എത്തിയില്ലേടാ...

അവിടേക്ക് എത്താനുള്ള വഴി പഠിച്ചെടുക്കാനല്ലേ പാടുള്ളു, വഴി അറിയാവുന്ന നിനക്ക് ഇനിയും നടന്നെത്താമല്ലോ? മാജിക്കിലൂടെ ഒരു നിമിഷംകൊണ്ട് ഉണ്ടായതല്ലല്ലോ ഒന്നും, കഷ്ടപ്പെട്ട് നേടിയെടുക്കുന്നതൊന്നും ഒരു വിവാദത്തിന്റെ പേരിലും ഇല്ലാതാകില്ല.

നീ ധൈര്യമായിരിക്ക്, ഞാനില്ലേ?'' ആത്മസുഹൃത്തിനുമാത്രം പകരാന്‍ കഴിയുന്ന ഊര്‍ജ്ജമായിരുന്നു ആ വാക്കുകളില്‍. പ്രതിസന്ധികളെ അതിജീവിച്ച് പുതിയ പാട്ടുകള്‍ ചെയ്ത് അത് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നതു കാണുമ്പോള്‍ സഗീര്‍ പറഞ്ഞ വാക്കുകളാണ് മനസ്സില്‍ മുഴങ്ങുന്നത്.

മീട്ടു റഹ്മത്ത് കലാം

Ads by Google
Tuesday 23 Jan 2018 04.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW