തിരുവനന്തപുരം: വിഭാഗീയത രൂക്ഷമായതോടെ ജില്ലാ സമ്മേളനങ്ങളില്‍ പ്രതിനിധികളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനാകാതെ സി.പി.ഐ സംസ്ഥാന നേതൃത്വം കുഴയുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരെയും രൂക്ഷമായാണ് മറുവിഭാഗം ആക്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കാനത്തിന്റെ നോമിനികളായി മന്ത്രിസഭയിലെത്തിയവര്ക്ക് നേരെ സമ്മേളനങ്ങളില്‍ പ്രതിനിധികള്‍ കടുത്തഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.
കെ.ഇ ഇസ്മയില്‍-സി.ദിവാകരന് അച്ചുതണ്ട് ശക്തമായതോടെയാണ് കാനത്തിന്റെ നേതൃത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ സമ്മേളനങ്ങളില്‍ പ്രതിനിധികള്‍ വിമര്‍ശനം അഴിച്ചു വിടുന്നത്. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്, ഭക്ഷ്യമന്ത്രി പി.തിലോത്തമന്, വനംമന്ത്രി കെ.രാജു, കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ എന്നിവരുടെ വീഴ്ചകള്‍ എണ്ണിയെണ്ണി പറഞ്ഞാണ് പ്രതിനിധികള്‍ സംസാരിക്കുന്നത്.
ഓഖി ദുരന്തമേഖലയില്‍ സമയത്ത് സന്ദര്‍ശിക്കാന്‍ മന്ത്രി ഇ.ചന്ദ്രശേഖരന് ശ്രമിക്കാഞ്ഞത് ഗുരുതരമായ വീഴ്ചയാണെന്നാണ് പ്രതിനിധികള്‍ കുറ്റപ്പെടുത്തിയത്. മുഖ്യമന്ത്രിയാണ് വകുപ്പ് ഭരിക്കുന്നത്. പ്രതിപക്ഷാത്തിയരുന്നപ്പോള് പാര്‍ട്ടിയിലെ ഗര്‍ജിക്കുന്ന സിംഹമായിരുന്ന മന്ത്രി വി.എസ് സുനില്‍കുമാര്‍ കാറ്റഴിച്ചുവിട്ട ബലൂണ്‍ പോലെയാണെന്നും വനം വകുപ്പില്‍ മന്ത്രിക്ക് റോളില്ലെന്നും ഉദ്യോസ്ഥ ഭരണമാണ് വകുപ്പില്‍ നടക്കുന്നതെന്നുമുള്ള രൂക്ഷവിമര്‍ശനങ്ങളാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്.പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനെയുംതിരുവനന്തപുരത്തെ പ്രതിനിധികള്‍ വിമര്‍ശിച്ചു.മന്ത്രി തിലോത്തമന് അഴിമതിരഹിതനാണെങ്കിലും അമ്പേ പരാജയമാണെന്നാണ് എല്ലാവരുടെയും വിലയിരുത്തല്‍.
വിഭാഗീയത മറനീക്കി പുറത്തുവന്നതോടെ സമ്മേളനങ്ങളില്‍ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുള്ളതിനാലും സി.പി.എമ്മിന്റെ വലിയേട്ടന് രീതിയെ അംഗീകരിച്ചു കൊടുക്കാത്തതിനാലും കാനത്തിന് സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണയുണ്ട്. എന്നാല്‍ മന്ത്രിമാരുടെ നിറം മങ്ങിയ പ്രകടനം കാനത്തെ പ്രതിരോധത്തില്‍ ആഴ്ത്തുന്നുമുണ്ട്. മന്ത്രിമാരുടെ പ്രവര്‍ത്തന വൈകല്യം ഉള്‍പ്പെടെയുള്ളവ ചുണ്ടിക്കാണിച്ച് കേന്ദ്രനേതൃത്വത്തെ സമീപിക്കാനുള്ള നീക്കത്തിലാണ് മറുപക്ഷം. സി.ദിവാകരനു വ്യക്തമായ സ്വാധീനമുള്ള തെക്കന്‍ മേഖലകളില്‍ മാത്രമേ നേതൃത്വത്തിനും മന്ത്രിമാര്‍ക്കുമെതിരായി വിമര്‍ശനം ഉയരുന്നുള്ളൂവെന്നാണ് ഔദ്യോഗികപക്ഷം ചൂണ്ടിക്കാണിക്കുന്നത്.