Sunday, November 18, 2018 Last Updated 10 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 22 Jan 2018 03.03 PM

ശിശുപരിപാലനം ആയുര്‍വേദത്തില്‍

''നവജാത ശിശു പരിചര്യയും അതോടൊപ്പം നവജാത ശിശുക്കള്‍ക്ക് ഉണ്ടാകുന്ന രോഗങ്ങളെ കുറിച്ചും അതിനുള്ള ചികിത്സയെക്കുറിച്ചും ആയുര്‍വേദത്തില്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു''
uploads/news/2018/01/185872/ayurvedakidscre220118t.jpg

കുഞ്ഞ് ജനിച്ച ദിവസം മുതല്‍ ആദ്യത്തെ 4 ആഴ്ച (28 ദിവസങ്ങള്‍) വരെയാണ് നവജാതശിശു എന്ന് അറിയപ്പെടുന്നത്. വളരെ ശ്രദ്ധ കൊടുത്ത് പരിചരിക്കേണ്ട ഒരു കാലഘട്ടമാണ് ഇത്.

നവജാത ശിശു പരിചര്യയും അതോടൊപ്പം നവജാത ശിശുക്കള്‍ക്ക് ഉണ്ടാകുന്ന രോഗങ്ങളെ കുറിച്ചും അതിനുള്ള ചികിത്സയെക്കുറിച്ചും ആയുര്‍വേദത്തില്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

മുലയൂട്ടല്‍ വൈകരുത്


പ്രസവശേഷം അരമണിക്കൂറിനുള്ളില്‍ തന്നെ മുലയൂട്ടല്‍ ആരംഭിക്കേണ്ടതാണ്. പ്രസവം സിസേറിയന്‍ ആണെങ്കില്‍ പ്രസവം കഴിഞ്ഞ് 4 മുതല്‍ 6 മണിക്കൂറിനുള്ളില്‍ തന്നെ മുലയൂട്ടല്‍ തുടങ്ങാവുന്നതാണ്. ഇന്തുപ്പ് പൊടിച്ച് വെണ്ണ ചേര്‍ത്ത് കുഞ്ഞിന്റെ ശിരസൊഴികെയുള്ള ഭാഗങ്ങളില്‍ പുരട്ടി പ്രസവശേഷം കുഞ്ഞിന്റെ ശരീരത്തില്‍ ഉണ്ടാകുന്ന സ്രവങ്ങളെ തുടച്ച് വൃത്തിയാക്കാവുന്നതാണ്.

കുഞ്ഞിനെ കുളിപ്പിക്കാം


കുഞ്ഞ് ആരോഗ്യവാനാണെങ്കില്‍ ജനിച്ച് കഴിഞ്ഞ് അടുത്ത ദിവസങ്ങളില്‍ തന്നെ കുഞ്ഞിനെ കുളിപ്പിക്കാവുന്നതാണ്. കുഞ്ഞിന്റെ ശരീരഭാരം, കുഞ്ഞിന്റെ ആരോഗ്യസ്ഥിതി, മാസം തികയാതെയുള്ള ജനനം, ഇവയ്ക്കനുസരിച്ച് കുളി ചിലപ്പോള്‍ നീട്ടിവയ്‌ക്കേണ്ടിയും വന്നേക്കാം. കുളിപ്പിക്കുന്നതിന് മുന്‍പായി കുഞ്ഞിന്റെ ശരീരത്തില്‍ എണ്ണ പുരട്ടാവുന്നതാണ്.

ഇതിന് ബലാതൈലം വളരെ അനുയോജ്യമാണ്. ബലാതൈലം ശരീരത്തില്‍ പുരട്ടി കുളിപ്പിക്കുന്നത് മൂലം പ്രസവശേഷം കുഞ്ഞിന് ഉണ്ടായ ശരീരക്ഷീണം കുറയുകയും രക്തസഞ്ചാരം കൂട്ടി കുഞ്ഞിന്റെ ശരീരത്തിന് ഉന്മേഷം പകരുകയും ചെയ്യുന്നു. ശിശുസ്വസ്ഥനും, ആരോഗ്യവാനും ആണെങ്കില്‍ നിത്യവും എണ്ണ തേച്ച് കുളിപ്പിക്കാവുന്നതാണ്. അതുപോലെ വെന്തവെളിെച്ചണ്ണയും കുഞ്ഞിനെ കുളിപ്പിക്കുവാന്‍ ഏറ്റവും അനുയോജ്യമാണ്.

സാധാരണയായി നാട്ടിന്‍ പുറങ്ങളില്‍ കുഞ്ഞിനെ കുളിപ്പിക്കുന്നത് ഈ വെന്ത വെളിച്ചെണ്ണകൊണ്ടാണ്. ഉണങ്ങിയ നാളികേരം ചിരകി എടുത്തശേഷം അതിന്റെ പാല്‍ നന്നായി പിഴിഞ്ഞ് എടുക്കുക. ഈ തേങ്ങാപാല്‍ ചെറിയ ചൂടില്‍ കാച്ചിയെടുത്താല്‍ ഇതില്‍ നിന്നും വെളിച്ചെണ്ണ തെളിഞ്ഞ് വരുന്നതാണ്.

ചന്ദനം, നാല്പാമരപ്പട്ട, അകില്‍, മുതലായ സുഗന്ധദ്രവ്യങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ കഷായത്തില്‍ കുഞ്ഞിനെ നിത്യവും കുളിപ്പിക്കുക. വെള്ളി, സ്വര്‍ണ്ണം തുടങ്ങിയ ലോഹങ്ങള്‍കൊണ്ട് ഉണ്ടാക്കിയ ദണ്ഡ് തീയില്‍ പഴിപ്പിച്ച് അത് ഈ കുളിപ്പിക്കുന്നതിനുള്ള കഷായജലത്തില്‍ മുക്കിവെള്ളത്തെ അല്പമായി ചൂട് പിടിപ്പിച്ച് ആ ചെറിയ ചൂടോടുകൂടിയുള്ള കഷായം കൊണ്ട് കുഞ്ഞിനെ കുളിപ്പിക്കാമെന്നാണ് ആയുര്‍വേദത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

സാധാരണയായി നാട്ടിന്‍ പുറങ്ങളില്‍ സുലഭമായിട്ടുള്ള പേരാലിന്‍ ഇല, തെച്ചിയില, ത്രിഫല, കറുക, കുറുന്തോട്ടി വേര് ഇവയിട്ട വെന്തവെള്ളവും ചെറുചൂടോടുകൂടി കുളിപ്പിക്കുവാന്‍ അനുയോജ്യമാണ്.

ശിശുവിന്റെ കിടക്കയും വസ്ത്രവും


കുഞ്ഞിന്റെ കിടക്ക, ഇരിപ്പിടം, വിരിപ്പ്, വസ്ത്രം മുതലായവ മൃദുവും, ലഘുവും, ശുദ്ധവും, സുഗന്ധമുള്ളതും ആയിരിക്കണം. മരമഞ്ഞള്‍ത്തൊലി, കറുക, വേപ്പില ഇവയെല്ലാം കൂടി ഉണക്കിചേര്‍ത്ത മിശ്രിതമോ, അല്ലെങ്കില്‍ ഗുല്‍ഗുലു, ചെഞ്ചല്ല്യം തുടങ്ങിയ ഔഷധങ്ങള്‍ വെവ്വേറെ എടുത്തോ കുഞ്ഞ് കിടക്കുന്ന മുറിയും പരിസരവും കിടക്കയും മറ്റും നെയ്യ് കൂട്ടി പുകയേല്പിക്കാവുന്നതാണ്.

ഇത് കുഞ്ഞ് കിടക്കുന്ന പരിസരത്തെ അണു വിമുക്തമാക്കാന്‍ സഹായിക്കുന്നു. ഒരു ചെറിയ കഷ്ണം വയമ്പ് നിത്യേന ധരിക്കുന്നത് ശിശുവിന്റെ ആയുസും ധാരണാ ശക്തിയും വര്‍ധിപ്പിക്കുകയും, കുഞ്ഞിന് എല്ലായ്‌പ്പോഴും സ്വസ്ഥത ഉണ്ടാവുകയും ചെയ്യുന്നു.

അഞ്ജനം (കണ്‍മഷി)


സാധാരണയായി വിപണിയില്‍ കിട്ടുന്ന കണ്‍മഷിയാണ് കുഞ്ഞിന്റെ കണ്ണെഴുതുന്നതിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ആയുര്‍വേദ രീതിയില്‍ തയാറാക്കുന്ന കണ്‍മഷി വളരെ ഗുണപ്രദമാണ്. അത് തയാറാക്കുന്നത് ഇപ്രകാരമാണ്. ഒരു കോട്ടണ്‍ തുണി എടുത്ത് പൂവാംകുറുന്നില നീരില്‍ ഈ തുണി ഏഴ് പ്രാവശ്യം മുക്കിയുണക്കി എടുക്കുക.

അതില്‍ തെച്ചിപ്പൂവ്, പുളിഞരമ്പ്, ത്രിഫല എന്നിവ സമം കൂട്ടി പൊടിച്ച് ഈ തുണിയില്‍ വിതറി തിരിച്ചു തിരിയാക്കി നെയ്യില്‍ നനച്ചു കത്തിച്ച് മഷി എടുത്ത് ദിവസവും കണ്ണില്‍ എഴുതുക. കണ്ണില്‍ പീളയടിയാതിരിക്കാന്‍ ഇത് സഹായിക്കുന്നു. നിത്യേന കണ്ണെഴുതുന്നതിലൂടെ നീണ്ട് വിടര്‍ന്ന മിഴികളായി തീരുകയും, മിഴികള്‍ക്ക് കുളിര്‍മ്മയും, തെളിച്ചവും ലഭിക്കുകയും ചെയ്യുന്നു. ഇതിനെ മഷിത്തിരി എന്ന് പറയുന്നു.

uploads/news/2018/01/185872/ayurvedakidscre220118a.jpg

ഉരമരുന്ന് കൊടുക്കേണ്ട വിധം


കേരളത്തില്‍ ഉടനീളം അനുവര്‍ത്തിച്ച് വരുന്ന ഒരു പരമ്പരാഗതമായ ഔഷധപ്രയോഗമാണ് ഉരമരുന്ന്. ഇത് കേരളത്തിന്റെ ഓരോ ഭാഗങ്ങളിലും വൈദ്യന്‍മാര്‍ യുക്തിക്കനുസരിച്ച് വിവിധ ഔഷധങ്ങള്‍ ചേര്‍ത്ത് മുലപ്പാലില്‍ അരച്ച് കൊടുക്കാന്‍ പറയുന്നു. ഉരമരുന്ന് കുഞ്ഞ് ജനിച്ച് 28 - ാം ദിവസം മുതല്‍ 90 ദിവസം വരെ ആഴ്ചയില്‍ രണ്ട് പ്രാവശ്യം കൃത്യമായ ഇടവേളകളില്‍ കൊടുക്കാവുന്നതാണ്.

ഇത് വിധിപ്രകാരം കൊടുക്കുന്നതിലൂടെ കുഞ്ഞിന് ദഹന ശക്തി ഉണ്ടാകുകയും രോഗപ്രതിരോധശേഷി വര്‍ധിക്കുകയും ചെയ്യുന്നു. കടുക്ക, വയമ്പ്, മഞ്ഞള്‍, ഗ്രാമ്പു, ജാതിക്ക, കായം, വെളുത്തുള്ളി, മായാഫലം, ചന്ദനം, ഇരട്ടിമധുരം, ഇടംപിരിവലംപിരി, ചിറ്റരത്ത, തിപ്പലി, ഞെരിഞ്ഞില്‍ ഇവയൊക്കെയാണ് ഉരമരുന്നായി ഉപയോഗിക്കുന്ന ഔഷധ കൂട്ടുകള്‍.

ഇത് മാത്രയനുസരിച്ച് കൊടുക്കുന്നത് വഴി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിക്കുകയും ചുമ, ശ്വാസതടസം, അതിസാരം, ദഹനമില്ലായ്മ തുടങ്ങിയ രോഗങ്ങളെ തടയുകയും ചെയ്യുന്നു. ഇതിലുള്ള വയമ്പ് ധാരണാശക്തിയും, ഓര്‍മശക്തിയും കൂട്ടുന്നു.

വെണ്ണ നല്‍കേണ്ട വിധം


ആറു മാസം മുതല്‍ മറ്റു പോഷക ആഹാരങ്ങള്‍ കുഞ്ഞിന് കൊടുത്തു തുടങ്ങുന്നതിനോടൊപ്പം തന്നെ നെയ്യ്, വെണ്ണ തുടങ്ങിയവ കുഞ്ഞിന് കൊടുക്കുന്ന കഞ്ഞിയിലോ കുറുക്കിലോ, ചേര്‍ത്ത് കൊടുക്കാവുന്നതാണ്. ഇതില്‍ വെണ്ണ ഏറ്റവും രുചികരവും പോഷകപ്രദവും ആയ ഒന്നാണ്. ശരീരം മെലിഞ്ഞിരിക്കുന്ന കുട്ടികള്‍ക്ക് വെണ്ണ ഈ രീതിയില്‍ തയ്യാറാക്കി കൊടുക്കാവുന്നതാണ്.

ഒരു ചെറുനാരങ്ങാ എടുത്ത് അതിന്റെ മൂന്നിരട്ടി വെണ്ണ ആ ചെറുനാരങ്ങയില്‍ പൊതിഞ്ഞ് പുലര്‍ച്ചയ്ക്ക് വെള്ളത്തില്‍ ഇട്ട് വയ്ക്കുക. ഓരോ ദിവസവും അതിലെ വെള്ളം മാറ്റുക. പിന്നീട് പുതിയ വെള്ളത്തില്‍ ഇട്ട് വയ്ക്കുക. ഇങ്ങനെ പതിനഞ്ച് ദിവസം കഴിഞ്ഞാല്‍ ഒരു സ്പൂണ്‍ വെണ്ണ എടുത്ത് കല്‍ക്കണ്ടം പൊടിച്ച് ചേര്‍ത്തോ അല്ലെങ്കില്‍ വെണ്ണ മാത്രമായോ നിത്യവും രാവിലെ കുഞ്ഞിന് കൊടുക്കുക. ഇത് നിത്യേന സേവിച്ചാല്‍ ദഹനശക്തി വര്‍ധിക്കുകയും, രുചിയും, ശരീര സ്‌നിദ്ധതയും പുഷ്ടിയും ഉണ്ടാകുകയും ചെയ്യും.

കുഞ്ഞിനുള്ള പോഷകാഹാരം


ആദ്യത്തെ ആറ്മാസം മുലപ്പാല്‍ മാത്രം നല്‍കാന്‍ പറയുന്നെങ്കിലും ആറ് മാസം മുതല്‍ക്ക് തന്നെ പരിപോഷക ആഹാരങ്ങളും കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. അതിനാല്‍ മുലപ്പാലിനൊടൊപ്പം പഴച്ചാറുകളും, ധാന്യങ്ങള്‍ പൊടിച്ചുള്ള കുറുക്കുകളും മറ്റും കൊടുത്തു തുടങ്ങാവുന്നതാണ്. ആയുര്‍വേദ വിധി പ്രകാരം തയാറാക്കിയതും കുഞ്ഞുങ്ങള്‍ക്ക് വീട്ടില്‍ തന്നെ പാകം ചെയ്ത് കൊടുക്കാവുന്നതുമായ ഏതാനും പോഷകഹാരങ്ങള്‍ ഇവിടെ വിവരിക്കുന്നു.

1. ശ്രീരത്‌ന മോദകം-


ഈന്തപ്പഴം 100ഗ്രാം, കദളിപ്പഴം 100 ഗ്രാം, ചെറുപയര്‍ 100 ഗ്രാം, കല്‍ക്കണ്ടം 700 ഗ്രാം, ഇലിപ്പപൂവ് ( കഴുകി ഉണക്കിയത്) 100 ഗ്രാം, കറുകപ്പട്ട - 6 ഗ്രാം, പച്ചില (ഇലവങ്ഗം), തിപ്പലി എന്നിവ 2 ഗ്രാം വീതം, ഏലയ്ക്ക 2 ഗ്രാം, തേന്‍ 20 മി.ല്ലി. ഈന്തപ്പഴം കുരു കളഞ്ഞ് കദളിപ്പഴവും ചേര്‍ത്ത് ആവിയില്‍ പാകം ചെയ്‌തെടുക്കുക. ശേഷം ഇത് അരച്ച് നെയ്യില്‍ വരട്ടി എടുത്ത് മാറ്റി വയ്ക്കുക.

കല്‍ക്കണ്ടം പാവുകാച്ചി എടുക്കുക. അതിലേയ്ക്ക് വരട്ടിയത് ചേര്‍ത്തിളക്കുക. ഒരു നൂല്‍ പാകമാകുമ്പോള്‍ അതിലേയ്ക്ക് ഏലയ്ക്കാ ഒഴിച്ചുള്ള പൊടികള്‍ ചേര്‍ത്തിളക്കി ഒന്നുകൂടി പാകമാക്കി തീ അണയ്ക്കുക. ശേഷം ഏലയ്ക്കാ പൊടിച്ച് ചേര്‍ക്കുക. ആറിയതിന് ശേഷം തേന്‍ ചേര്‍ത്തിളക്കി വയ്ക്കുക. അത് വീണ്ടും ഒന്നുകൂടി പൊടിച്ച് കുട്ടികള്‍ക്ക് കുറുക്കായി ഉപയോഗിക്കാവുന്നതാണ്.

2. സിതാകാശ്മര്യാദിവടകം -


പഞ്ചസാര അരകിലോ, കുമിഴിന്‍ വേര് 300 ഗ്രാം, ഇരട്ടി മധുരം 200 ഗ്രാം, കുമിഴിന്‍ വേരും ഇരട്ടിമധുരവും നന്നായി കഴുകി ഉണക്കി പൊടിച്ചെടുക്കുക. പഞ്ചസാര പാവുകാച്ചി നൂല്‍ പാകമാകുമ്പോള്‍ പൊടികള്‍ ചേര്‍ത്തിളക്കി പാകം ചെയ്ത് പൊടിച്ച് സൂക്ഷിക്കുക. അത് പാലില്‍ ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുക്കാം. ശരീരപുഷ്ടി ഉണ്ടാകാന്‍ വളരെ നല്ലതാണ്.

3. മലരിഞ്ചി -


മലര്‍ (നെല്ല് പൊരി) അരകിലോ, കല്‍ക്കണ്ടം അരകിലോ, ഇഞ്ചി 50 ഗ്രാം, നെയ്യ് 50 മി.ല്ലി. ഇഞ്ചി വൃത്തിയാക്കി ചെറുതായി കൊത്തി അരിഞ്ഞ് നെയ്യില്‍ മൂപ്പിച്ചെടുക്കുക. ഇത് പൊടിച്ചെടുക്കുക. കല്‍ക്കണ്ടം പാവു കാച്ചി രണ്ട് നൂല്‍പാകമാകുമ്പോള്‍ പൊടിച്ച മലരും ഇഞ്ചിയും കൂടി ചേര്‍ത്ത് ഇളക്കി പാകം ചെയ്‌തെടുക്കുക. ഇത് അരുചിയെ മാറ്റുന്നു. ദഹനശക്തിയെ വര്‍ദ്ധിപ്പിക്കുന്നു. ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് ഇടയ്ക്കിടെ കഴിക്കുന്നത് വളരെ ഫലപ്രധമാണ്. ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്ന ചിട്ടയായ പരിപാലനത്തിലൂടെ കുഞ്ഞിന്റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ കഴിയുന്നു.

ഡോ. സോഹിനി.എസ്.
അസിസ്റ്റന്റ് പ്രൊഫസര്‍
ബാലചികിത്സാ വിഭാഗം
ഗവണ്‍മെന്റ് ആയൂര്‍വേദ കോളജ് ഹോസ്പിറ്റല്‍
ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍,
പൂജപ്പുര , തിരുവനന്തപുരം

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW